Thursday, September 17, 2020

ഗുരുവന്ദനം

 കുഞ്ഞിളം കൈപ്പിടിച്ചെന്നെയന്നാദ്യമായ്,

പള്ളിക്കൂടപടിവാതിൽ കടത്തിയോർ,
ആദ്യക്ഷരങ്ങൾ വറുതായിലാക്കുവാൻ,
കുഞ്ഞിളം കൈകൾക്കു തങ്ങായി നിന്നവർ.

സൗരയൂഥപഥത്തിലെ വിസ്മയം,
എൻ്റെയുള്ളിൽ പതിപ്പിച്ചു തന്നവർ,
വാട്ടമോടെയിരിക്കുന്ന നേരത്ത്,
കോട്ടമെന്തെന്ന് ചോദിച്ചറിഞ്ഞവർ.

ഏറ്റുചൊല്ലുവാൻ മാധുര്യമൂറുന്ന
പാട്ടു പാടി തന്നവരെത്ര പേർ,
വട്ടു പിടിച്ച് കളിച്ചു നടന്നപ്പോൾ,
വട്ടമിട്ടു പദേശം പകർന്നവർ.

ഒട്ടുമനുസരിക്കാതെ വരും നേരം
കട്ടയായിട്ടനിഷ്ടം പറഞ്ഞവർ,
നല്ലതു ചെയ്കിൽ നന്മ വരുമെന്ന്
ഉണ്മയോടെ ചെയ്തു കാണിച്ചവർ.

പിന്തുടർന്നു തുടരെ തുടരെ ഞാൻ,
എന്തുമാത്രം വളർന്നെന്നളന്നവർ,
എന്തു ചെയ്യുകിൽ എൻ്റെ കഴിവുകൾ,
സന്തതം വളരുമെന്നു ചിന്തിച്ചവർ.

എന്തു ഗുരുത്വമില്ലായ്മ കാണിക്കിലും,
ബന്ധുവായിട്ടൻപോടെ തിരുത്തിയോർ,
ആകാശമോളം ഉയരെ വളരുവാൻ,
ആശ കാണിച്ചു മോഹിപ്പിച്ചവരെത്രപേർ.

ദുർജ്ജന സംഘ മോടു കലരാതെ
മജ്ജനം ചെയ്തു കാത്തു രക്ഷിച്ചവർ
ചിന്തയിൽ പോലും നിരൂപിച്ചമാത്രയിൽ
ഹന്ത! വേഗമെൻ ചാരത്തു കാണുവോർ.

അത്ര കണ്ടെൻ മനസ്സിൽ ഇടമാക്കി,
എത്ര പേരിവർ എണ്ണ മെനിക്കില്ല,
ചിത്ര മെത്രയും സംപൂജ്യരാമവർ,
അത്ര മാത്രമെനിക്കിന്നു നിശ്ചയം !!!


No comments:

Post a Comment