Thursday, August 6, 2020

ബോതം ഔട്ട്

ഇംഗ്ലണ്ടിൻ്റെ പഴയ കാല ഓൾ റൗണ്ടർ ഇയാൻ ബോത മിനെ ബ്രിട്ടീഷ് പ്രഭു സഭയിൽ അംഗമാക്കിയ വാർത്ത പത്രത്തിൽ വായിച്ചപ്പോഴാണ് പഴയ കാലത്തെ രസകരമായ ഒരു കുറിപ്പ് ഓർമ്മ വന്നത്.

ബെൻസൻ & ഹെഡ്ജൈസ് ലോക സീരീസിലെ ഇന്ത്യയുടെ ഇംഗ്ലണ്ടുമായുള്ള കളി നടക്കുകയാണ്. പ്രീഡിഗ്രി സയൻസ് ഗ്രൂപ്പിൽ വിദ്യാർത്ഥിയാണ് ലെ - ക്രിക്കറ്റ് പ്രാന്തൻ. ക്ലാസ്സിലെ ഹാജർ നിർബന്ധമാണ് ഇല്ലെങ്കിൽ പരീക്ഷയെഴുതാൻ അനുവദിക്കില്ല.

ഇന്ത്യ ഉയർത്തിയ 250 റൺസ് ലക്ഷ്യം പതിയെ പിന്തുടരുകയാണ് ഇംഗ്ലണ്ട്. കൃഷ്ണൻ മാഷുടെ ഓർഗാനിക് കെമിസ്ട്രി ക്ലാസ്സാണ്. പത്തെഴുപതു പേരുള്ള ക്ലാസ്സിൽ പിൻനിരയിൽ എന്തു സംഭവിച്ചാലും ആരും ഒന്നും അറിയില്ല. 

പ്രാന്തൻ പതുക്കെ തൻ്റെ പോക്കറ്റ് റേഡിയോ ഓൺ ചെയ്തു. ക്രിക്കറ്റ് കമൻററി ചെവിയോട് ചേർത്ത് പിടിച്ച് സശ്രദ്ധം കേട്ടു.ഇംഗ്ലണ്ട് മുന്നേറുകയാണ്. പ്രാന്തൻ അസ്വസ്ഥനാണ്.കൃഷ്ണൻ മാഷുടെ ചലനങ്ങൾ വീക്ഷിച്ച് സിഗ്നൽ കൈമാറാൻ "അരപ്രാന്തൻ " അടുത്തുണ്ട്.അതുകൊണ്ട് പ്രാന്തൻ കളിയിൽ ലയിച്ചങ്ങനെ കേൾക്കുകയാണ്.

പെട്ടെന്നാണ് ഇയാൻ ബോതം ഔട്ടായത്. ഇത് കേട്ടതും പ്രാന്തൻ നിയന്ത്രണം വിട്ട് ഉച്ചത്തിൽ അലറി വിളിച്ചു. " ബോതം ഔട്ട് " .

കൃഷ്ണൻ മാഷ് ക്ലാസ്സ് നിർത്തി ക്ലാസ്സുമുഴവനും ഞെട്ടിത്തരിച്ചു.

പ്രാന്തന് സ്ഥലകാലബോധം തെളിഞ്ഞു ഇനി രക്ഷയില്ല. അറ്റകൈക്ക് ബോധം കെട്ട പോലെ അരപ്രാന്തൻ്റെ മടിയിലേക്ക് ചെരിഞ്ഞു.ഇയാൻ ബോതത്തെ പരിചയമില്ലാത്ത കൃഷ്ണൻ മാഷ് വിചാരിച്ചു.ബോധം നഷ്ടപ്പെടുമ്പോൾ പ്രാന്തൻ "ബോധം ഔട്ടായി " എന്ന് വിളിച്ചു പറഞ്ഞതായിരിക്കാമെന്ന്. 

ബോധം നശിക്കാൻ പോകുന്ന ഒരാൾ അത് വിളിച്ച് പറയുമോ എന്ന് കൃഷ്ണൻ മാഷ് ചിന്തിച്ചില്ല. കെമിസ്ട്രി ലാബിൽ നിന്ന് കൊണ്ടുവന്ന വെള്ളം തളിച്ചപ്പോൾ പ്രാന്തൻ കണ്ണു തുറന്നു.

ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ലെന്നും ക്യാൻറീനിൽ ചെന്ന് വല്ലതും കഴിച്ചിട്ട് വരാമെന്നും പറഞ്ഞ് പുസ്തകത്തിൻ്റെ ഇടയിൽ പോക്കറ്റ് റേഡിയോ ഒളിപ്പിച്ച് പ്രാന്തൻ ക്ലാസ്സിന് പുറത്തേക്കിറങ്ങി. പുറകെ അരപ്രാന്തനും.

കോളേജിന് പുറത്തുള്ള കുഞ്ഞു മാവിൻ്റടിയിലെത്തി റേഡിയോ ഓൺ ചെയ്തപ്പോൾ ഇംഗ്ലണ്ടിൻ്റെ രണ്ട് വിക്കറ്റുകൂടി വീണിരുന്നു.

അപ്പോഴും കൃഷ്ണൻ മാഷ് കുട്ടികളെ ഉപദേശിച്ചു കൊണ്ടേയിരുന്നു. " ഓർഗാനിക് കെമിസ്ട്രി ഈസ് ഹൈലി വോളറ്റയിൽ."

No comments:

Post a Comment