Saturday, August 15, 2020

സ്വാതന്ത്ര്യം തന്നെ അമൃതം


മുള്ളേരിയ ഗജാനന എ.എൽ.പി സ്കൂളിൽ ആദ്യ ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ ദിനത്തെ അടുത്തറിയുന്നത്.

കൊടിയുയർത്തലും മുട്ടായിക്കുമൊപ്പം അസി.ഹെഡ്മാസ്റ്റർ ശ്രീ ദാമോദര ബല്ലാൾമാഷിൻ്റെ ആവേശം വിതറുന്ന ബോലോ ഭാരത് മാതാ കീ ജയ് വിളികളും ആയിരുന്നു ആദ്യത്തെ ഓർമ്മ. ജയ് വിളിക്കുമ്പോൾ ദാമോദരൻ മാഷുടെ കൈകൾ വിറയ്ക്കുകയും ശബ്ദം ഉച്ചസ്ഥായിയിലാകുകയും ചെയ്യും. ആവേശം അൽപ്പം കൂടി പോകുന്നില്ലേ എന്ന് അന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. സഹ അദ്ധ്യാപകരും കുട്ടികളും ഒട്ടും ഗൗരവം വിടാതെ തന്നെ അതേറ്റുപറയുമായിരുന്നു. ജയ് വിളിയുടെ ഏതാനം മിനുട്ടുകൾ സ്കൂൾ അസംബ്ലി ശരിക്കും പ്രകമ്പനം കൊള്ളുമായിരുന്നു. 

അന്ന് ആവേശം എന്തുകൊണ്ടെന്നും ഇന്ന് അത്രയും ആവേശമില്ലാത്തതെന്തേ എന്നും ഇന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടില്ല. ദാമോദരൻ മാഷ് നാം നേടിയിട്ടുള്ള സ്വാതന്ത്യത്തിൻ്റെ വില മനസ്സിലാക്കിയിരുന്നു എന്നതാണ് ലളിതമായ സത്യം. സ്വാതന്ത്ര്യപൂർവ്വ വിദേശ വാഴ്ചയും സ്വാതന്ത്രാനന്തര ജനാധിപത്യ ഭാരതവും തമ്മിലുള്ള വ്യത്യാസം ആ കാലഘട്ടത്തിലുള്ളവരുടെ നേർകാഴ്ചയായിരുന്നു.അതു കൊണ്ട് അവർക്കതിൻ്റെ വിലയറിയാം.

ഇന്ന് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളും, ആരോപണ പ്രത്യാരോപണങ്ങളും ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമല്ല. ജനാധിപത്യമെന്ന ആശയം അധികാരത്തിലെത്തുന്നതിനുള്ള വഴി മാത്രമായി മാറിയിരിക്കുന്നു. 

ഞാനുൾപടെയുള്ളവർ പിറന്നു വീണിരിക്കുന്നത് സ്വാതന്ത്ര്യത്തിൻ്റെയും അവകാശങ്ങളുടെയും ലോകത്താണ്. എന്തും നേടാം എന്തും ചെയ്യാം എന്തും പറയാമെന്ന പുത്തൻ സാഹചര്യങ്ങളിൽ സ്വാതന്ത്ര്യമെന്ന പദം എന്തിനുമുള്ള സ്വാതന്ത്ര്യമായി മാറി പോയിട്ടുണ്ട്.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് ഉത്തരവാദിത്വ പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ജനാധിപത്യ മര്യാദകൾ മറന്നു പോകുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്.

അതിന് നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യസമര സേനാനികളുടെ നിസ്വാർത്ഥമായ സമരചരിത്രം കലർപ്പില്ലാതെ പുതിയ തലമുറയ്ക്ക് പകർന്നു കിട്ടുമാറാകണം.

No comments:

Post a Comment