1982 ലെ ഇംഗ്ലണ്ട് പര്യടനം അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള ഒരു റിഹേഴ്സൽ ആയിരുന്നു. ഇന്ത്യ നാട്ടിൽ പരമ്പര വിജയം നേടിയ ആത്മവിശ്വാസത്തിലായിരുന്നു. ഇംഗ്ലണ്ടിൻ്റെ ഒരു വിഭാഗം കളിക്കാർ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയതിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു. ബോയ്കോട്ട്, ഗ്രഹാം ഗൂച്ച്, ഫ്ലച്ചർ, എംബുറി എന്നീ പ്രമുഖർ ഈ നിരയിൽ പെടുന്നു. എന്നാലും ഇംഗ്ലീഷ് മണ്ണിൽ അവരെ തോൽപ്പിക്കാൻ പറ്റുമെന്ന വിശ്വാസം ആർക്കുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും രണ്ട് ഏകദിനങ്ങളിലും പരാജയം ഏറ്റ് വാങ്ങിയ സ്ഥിതിയ്ക്ക് .
ലോഡ്സ് ആയിരുന്നു ആദ്യ ടെസ്റ്റ് വേദി. കളി ആരംഭിച്ച് ഒരു മണിക്കൂറിനകം ഇംഗ്ലണ്ടിൻ്റെ 3 വിക്കറ്റുകൾ വീഴ്ത്തി കപിൽ ദേവ് ഒരു കടന്നാക്രമണം നടത്തി.അദ്ദേഹത്തിന് പക്ഷെ വേണ്ടത്ര പിന്തുണ മറ്റു ബൗളർമാരിൽ നിന്ന് കിട്ടിയില്ല. ഡെറക് റാണ്ടലി ൻ്റെയും ഇയാൻ ബോതമിൻ്റെയും മികവിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 433 റൺസെടുത്തു.കപിൽ 5 വിക്കറ്റ് നേടി.കപിലിന് പിന്തുണയായുണ്ടയത് മദൻലാൽ, ദിലീപ് ദോഷി, രവി ശാസ്ത്രി എന്നിവയായിരുന്നു. ഇംഗ്ലീഷ് കണ്ടീഷനിൽ ഇത് തീരെ പര്യാപ്തമായിരുന്നില്ല.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ദയനീയമായി തകർന്നടിഞ്ഞു. ഒടുവിൽ ഒരറ്റം കാത്ത ഗവാസ്കറിന് പിന്തുണയായി കപിൽ എത്തി സ്കോർ നൂറ്കടത്തി.ഗവാസ്കർ 48 ഉം കപിൽ 41 ഉം റൺസെടുത്തു.128 ന് ഇന്ത്യ പുറത്തായി.
ഫോളോഓൺ ചെയ്ത ഇന്ത്യയ്ക്ക് ഗവാസ്കറെ തുടക്കത്തിൽ തന്നെ നഷ്ടപെട്ടു.മൂന്നാം ദിവസം തന്നെ കളി അവസാനിക്കുമെന്ന അവസരത്തിലാണ് ലോഡ്സിൻ്റെ രാജകുമാരൻ വെംഗ സാർക്കർ എഴുന്നള്ളുന്നത്.ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കുമെന്ന ഘട്ടത്തിൽ 157 റൺസെടുത്ത വെംഗ് സർക്കാർ പുറത്തായതോടെ തുടരെ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ഇനിയും 50 റൺസ് അകലെ ഇന്ത്യ 8 ( 275-8) വിക്കറ്റ് നഷ്ടപ്പെടുത്തി നിൽക്കുകയാണ്.
കളി ഏതു നിമിഷവും അവസാനിച്ചേക്കുമെന്ന സന്ദർഭം.പക്ഷെ ഒരു പ്രശ്നം മാത്രം കപിൽ എന്ന പോരാളി ക്രീസിലുണ്ട് കൂടെ മദൻ ലാലും ഇനി വരാനുള്ളത് ബാറ്റിംഗ് എന്തെന്നറിയാത്ത ദിലീപ് ദോഷി മാത്രം. പിന്നീടുള്ള ഒന്നര മണിക്കൂർ അവിടെ നടന്നത് വെടിക്കെട്ടായിരുന്നു. നിരാശയിലാണ്ടുപോയ ഇന്ത്യൻ ആരാധകരെ രോമാഞ്ചമണിയിച്ച ബാറ്റിംഗ്. അന്ന് കപിലിൻ്റെ ബാറ്റിൻ്റെ ചൂട് ഇംഗ്ലീഷ് ബൗളർമാരും കാണികളും തിരിച്ചറിഞ്ഞു. ബൗണ്ടറികളും സിക്സറുകളും യഥേഷ്ടം ഒഴുകി.ഇന്ത്യ ഇന്നിംഗ്സ് പരാജയം ഒഴിവാക്കിയതോടെ മദൻലാൽ മടങ്ങി.ദിലിപ് ദോഷിയെ ഒരറ്റത്ത് നിർത്തി കപിൽ അടി തുടർന്നു. കപിൽ അവസാനത്തെ ബാറ്റ്സ്മാനായി കപിൽ പുറത്താകുമ്പോൾ കപിലിൻ്റെ സ്കോർ 55 പന്തിൽ 89. ഇംഗ്ലണ്ടിന് ജയിക്കാൻ 66 റൺസ് വേണം.
കൂടുതൽ അപകടമില്ലാതെ കപിലിൻ്റെ കടന്നാക്രമണത്തിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തിൽ ഇംഗ്ലണ്ട് ആവശ്യമുള്ള റണ്ണെടുത്ത് മത്സരം വറുതായിലാക്കാമെന്ന വിചാരത്തിൽ ബാറ്റിംഗിനിറങ്ങി.
പക്ഷെ അവിടെയും പന്തുമായി കപിൽ എത്തി. ബാറ്റിംഗ് അവസാനിപ്പിച്ച അതേ വീര്യത്തിൽ അദ്ദേഹം പന്തെറിഞ്ഞു. കുക്ക്, ടെയ്ലർ, ടാവറെ എന്നിവർ എന്താണ് സംഭവിക്കുന്നതെന്നറിയുന്നതിനു മുമ്പ് പവലിയനിലെത്തി.ഇംഗ്ലണ്ട് 15 - 3 ഇനി ഇന്ത്യ ജയിച്ചേക്കുമോ എന്നു വരെ ഞാൻ വിശ്വസിച്ചു.
കളി അഞ്ചാം ദിവസത്തേക്ക് കടന്നു.എന്നാൽ ഇംഗ്ലണ്ട് കൂടുതൽ നഷ്ടമില്ലാതെ കന്നിക്കാരനായ അലൻ ലാമ്പിൻ്റെ സഹായത്തോടെ വിജയതീരത്തിലെത്തി. ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെട്ടു.
തോൽവിയേറ്റു വാങ്ങിയെങ്കിലും കപിലിന് മാൻ ഓഫ് ദ മാച്ച്.ഇന്ത്യയുടെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ കപിൽ ടെസ്റ്റ് മാച്ചിൻ്റെ പല ഘട്ടത്തിലും എതിർ ടീമിനെ ശരിക്കും വിറപ്പിച്ചു വിട്ടിരുന്നു.
അന്നൊക്കെ തോൽവി ഒരു സാധാരണ സംഭവമായിരുന്നെങ്കിലും കപിലിൻ്റെ വീറുറ്റ പ്രകടനങ്ങൾ ഞങ്ങൾക്ക് ആവേശമായിരുന്നു.
No comments:
Post a Comment