ചക്കമരത്തെ കണ്ടിട്ടുണ്ടോ
പ്ലാവെന്നതിനെ വിളിക്കും നമ്മൾ
ചക്കമുളഞ്ഞ് തൊട്ടിട്ടുണ്ടോ
അതെണ്ണപുരട്ടികളഞ്ഞിട്ടുണ്ടോ
ചക്ക ചുളകൾ തിന്നിട്ടുണ്ടോ
പച്ചയതെങ്കിലുമെന്തൊരു മധുരം
ചക്കപുഴുക്കു കഴിച്ചിട്ടുണ്ടോ
കഞ്ഞിയുമൊത്ത് കഴിച്ചീടാലോ
ചക്കത്തോരൻ കൂട്ടീട്ടുണ്ടോ
ഇഷ്ടംപോലെ കുഴച്ചുണ്ണാലോ
ചക്കേടപ്പം തിന്നിട്ടുണ്ടോ
വട്ടയിലപ്പൊതി എന്തൊരു കേമം
ചക്ക വറുത്ത് കൊറിച്ചിട്ടുണ്ടോ
മതിവരുവോളം തിന്നു രസിക്കാം
ചക്കപായസം മോന്തീട്ടുണ്ടോ
മാധുര്യത്തിന്നുറവയതല്ലോ
ചക്കവരട്ടി വച്ചിട്ടുണ്ടോ
നാളുകൾ ഭരണിയിൽ സൂക്ഷിച്ചീടാം
ചക്കപഴമതു തിന്നിട്ടുണ്ടോ
ഓർത്താൽവായിൽ കപ്പലുമോടും
ചക്കമടൽ കൂന കണ്ടിട്ടുണ്ടോ
പശുവിൻ കാടിയിലിട്ടുകൊടുക്കാം
ചക്കപപ്പടം കാച്ചീട്ടുണ്ടോ
ചായയ്ക്കൊരുകടി കെങ്കേമം
ചക്കയതാതലപൊക്കിവരുന്നു
പുത്തനൊരുജ്ജ്വല ഗാഥ രചിക്കാൻ
No comments:
Post a Comment