Sunday, April 8, 2018

വിചാരങ്ങൾ


കളിച്ചുവളർന്ന നാടുപേക്ഷിച്ച്
എവിടെയും പോകാനെനിക്ക് കഴിയില്ലെന്ന്
ഞാൻ വിചാരിച്ചു.

വർത്തമാന പത്രത്തിലെ
ഏതോ കോണിലെ വാർത്ത കേട്ടപ്പോഴാണ്
ഇങ്ങനെയുമൊരു സ്ഥലം
ഈ ഭൂമിയിലുണ്ടല്ലോ
എന്ന് ഞാനോർത്തത്.

കൂടപ്പിറപ്പുകളെ  ഒരിക്കലും
പിരിഞ്ഞിരിക്കാൻ
കഴിയില്ലെന്ന്
ഞാൻ വിചാരിച്ചിരുന്നു.

ഇന്നവളെ
വഴിയോരത്ത് ആയിരത്തിലൊരുവളായി കണ്ടപ്പോഴാണ്,
അതെൻറെയും രക്തമാണല്ലോ
എന്ന് ഞാൻ ഓർത്തുപോയത്.

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ
എനിക്ക് അവളെ
ഒരു നിമിഷം പോലും
പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നു തോന്നി.

തീവണ്ടിയിൽ
ഇന്നവൾ കുടുംബ സമേതം യാത്രചെയ്യുന്നത് കണ്ടപ്പോഴാണ്
വളരെ നാളുകൾ കൂടി
അങ്ങനെയുമൊരു കാലമുണ്ടായിരുന്നു എന്നോർത്തത്.

വെറുതെ കുറേ
വിചാരങ്ങൾ കൊണ്ടുനടന്നു.......

ഇനിയൊരു വിചാരം കൂടിയുണ്ട് ഞാനില്ലെങ്കിലൊന്നും നടക്കില്ല
എന്ന വിചാരം.
പക്ഷെ അത് തിരിച്ചറിയാൻ ഞാനുണ്ടാവില്ലല്ലോ....

No comments:

Post a Comment