Sunday, November 20, 2016

ശനിദശയിലും കണിയാരു പറഞ്ഞതനുസരിച്ച്
ശുക്രദശയ്ക്കായി  ഞാൻ കാത്തിരുന്നു.

കാറ്റിലുതിരുന്ന പാഴിലകളുടെ
മുന്നറിയിപ്പ് ഇലയനക്കങ്ങളുടെ
കലപിലയിൽ കേൾക്കാതെ പോയി.

പേമാരിയാടിതിമർത്ത്
വശംകെടുത്തിയപ്പോൾ
ആരോ പറഞ്ഞ
തെളിഞ്ഞ നീലാകാശത്തെയോർത്ത് ഞാൻ ആശ്വസിച്ചു.

നരച്ച മീശരോമങ്ങളെ
ബാലനരയെന്ന് കുറ്റപെടുത്തി
ഐബ്രോ പെൻസിൽ കൊണ്ട്
കറുപ്പിച്ചുകൊണ്ടേയിരുന്നു.

ഇന്നലെകളിൽ തെളിഞ്ഞു നിന്നവർ
മൺമറഞ്ഞപ്പോഴും അത് ലോക നീതിയെന്നന്യായം ആരോ കൽപിച്ചത്
എൻറെ ബധിര കർണ്ണങ്ങളിൽ തട്ടിതെറിച്ചു.

ഗജകേസരിയോഗമുണ്ടെന്ന്
അമ്മ പറഞ്ഞത് പരിഹാസങ്ങളേറ്റുവാങ്ങുമ്പോഴും
നിജമായി ഭവിക്കുമെന്ന് ഉറപ്പിച്ചു.

എൻറെ അച്ഛാദിൻ ഒരു ദിവസമുണ്ടാകുമെന്നും
എല്ലാമഹാൻമാരും മോശം
കാല ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും സ്വയം പഠിപ്പിച്ചു.

ഇഷ്ടൻമാർ ഇഷ്ടപ്പെടും വണ്ണം നല്ല ശീലങ്ങളാചരിച്ചാൽ
ഇഷ്ടത്തിനായി കഷ്ടപ്പെടേണ്ടിവരില്ലെന്ന്
തെറ്റായി ധരിച്ചു.

താപത്രയങ്ങൾ എനിക്ക് വന്ന് ഭവിക്കില്ലെന്നും അതിൻറെ  സൂചനകൾ
തോന്നലുകൾ മാത്രമാണെന്ന് കരുതിയിരുന്നു.

 ഇന്ന്...........
മൃത്യുവശഗതനായി ചൂറ്റുമെത്തിനോക്കവെ
ഒക്കെ......
എൻ........
തെറ്റിദ്ധാരണയെന്ന്
ബദ്ധപ്പെട്ട് സ്വയം ബോദ്ധ്യപ്പെടുത്തി.

No comments:

Post a Comment