Friday, November 11, 2016

ഒരു ഓഡിയെഫോർമ

ഞൊടിയിൽ നേരത്തെ
വന്നതാണന്നു ഞാൻ
പല ഗുമസ്ത പണികൾ
തീർപ്പാക്കുവാൻ.

വീട്, കക്കൂസ് , റോഡുകൾ
പിന്നെ വാളു പോൽ തൂങ്ങും
പീയാറെടുത്തുകൾ.

ആരുമില്ലൊരാൾ
മാത്രമകം പുറം ആകെയും
വെടിപ്പാക്കുകയാണാഫീസ്.

നേരമെട്ടായതൊള്ളൂ, മുറ്റത്തതാ നേർത്ത മഞ്ഞി-
ലിരിയ്ക്കുന്നൊരു കൂട്ടർ!

ദൂരയാത്ര കഴിഞ്ഞ പോലു
ണ്ടവ, രാറുപേരുമൊരുമി-
ച്ചിരിയ്ക്കുന്നു.

അച്ഛൻ, അമ്മ, മുത്തച്ഛൻ,
മുത്തശ്ശിയും മക്കൾ
രണ്ടു പേർ
സന്തുഷ്ടർ കാഴ്ചയിൽ.

ചോദ്യമേറെയെറിഞ്ഞു ഞാൻ
അടു, ത്താണു കോടതി,
മാറിക്കയറിയോ?

എന്തിനും ചിറി കോട്ടിയ പുഞ്ചിരി, എന്തിനേയോ
തിരയുന്ന മാതിരി !

നീളെ ജോലിയിൽ മുങ്ങി
നിവരവെ, നീട്ടി ഞാൻ വിളി -
ച്ചാരാഞ്ഞു പിന്നെയും
'സേവകൻ' പറഞ്ഞേല്പിച്ച -
താണു പോൽ, ഭാവമെന്തു
നിരാമയം, നിർമ്മലം!

ഏറെ വൈകാതെ പാഞ്ഞെത്തി കക്ഷത്തിൽ
'വീർത്ത' പുത്തൻ ഡയറിയു -
മായൊരാൾ.

സേവകൻ! എണിയ്ക്കുന്നവർ, കൂപ്പുകൈ , കൂടെ
വെറ്റില ചോപ്പിച്ച പുഞ്ചിരി !

ചെനിയൻ! കക്കൂസിൽ
ചെക്കിനു വന്നതാ-
ണിവരിട തെറ്റി പോകില്ലൊ
രേടത്തും.

നാടു താണ്ടി, 'പയസ്വിനി'യും
കടന്നൂടു പാതകൾ,
കാടുകൾ താണ്ടിയോർ.

ചെക്കു വാങ്ങുവാനിത്രയും
വൈകി, ഞാനുത്തരം
പറയേണ്ടതാണോർക്കണം.

നേർത്ത പുഞ്ചിരി നീട്ടി ആ
സേവകൻ, നിർത്തി നിർത്തി
പറഞ്ഞു തൻ സങ്കടം.

എനെറ 'ടാർജറ്റ് ' തീർക്കുവാൻ
ഞാനെത്ര , ചെന്നു കാലു
പിടിച്ചു ചെനിയന്റെ?

കാട്ടിൽ കാറ്റേറ്റു ചെയ്യുന്ന
'സംഗതി' , കൂട്ടിലിട്ടു
നടത്തുവാൻ വയ്യ പോൽ!

കല്ലു കൊത്തി, മരം വെട്ടി ഒറ്റയ്ക്ക്, പുല്ലു പോലയാൾ
തീർത്തതാണാ കക്കൂസ്.

കൂടെ ക്ലോസറ്റ്, പൈപ്പുകളൊക്കെയും
മോടിയുള്ളത്
വാങ്ങിക്കൊടുത്തു ഞാൻ!

ഒടുവിൽ ചെക്കു കൊടുത്തു ഞാൻ, കയ്യൊപ്പു
നൂറു തേച്ച വിരലിനാൽ
തന്നയാൾ.

പിറകെ സേവകൻ നിർത്താതെ ചൊല്ലുന്നു:
തുളു, മറാത്തിയോ?
എത്രയനർഗളം.

തൊഴുകൈ , ചോപ്പിച്ച
പുഞ്ചിരി പിന്നെയും
പടി കടന്നവർ, നോക്കി ഞാൻ നിന്നു പോയ്.

റിക്ഷയാക്കണം, 'നുള്ളിപ്പാടി '
യിൽ  'ട്രജറി ' യു -
ണ്ടവിടെ നിന്നു പണം വാങ്ങി പോകണം.

പിറകെ നിന്നു വിളിച്ചു പറഞ്ഞയാൾ,
മുറയിൽ തലയാട്ടുന്നുണ്ടു
പോകുവോർ .

ഇരു പതിറ്റാണ്ടിന്നിപ്പുറം
ചെനിയനും ഹൃദയ-
മുള്ളൊരാ സേവകനും
മുന്നിൽ ഇടിവു
തട്ടാതുണ്ടോർമ്മകൾ
' ആദ്യകിരണങ്ങൾ '
വായിച്ചതോർത്തു
പോകുന്നു ഞാൻ!
പത്മലോചനൻ എഴുതിയ കവിത........

No comments:

Post a Comment