Wednesday, October 12, 2016

ബസ്  വിടാറായപ്പോഴാണ് സുമുഖൻ ഓടിക്കയറിയത്.സന്ധ്യക്ക് ഇരുട്ട് പരന്നിരുന്നു.സ്ത്രീകളുടെ  പിൻസീറ്റ് മാത്രമേ ഒഴിവുള്ളൂ.രണ്ട് പുരുഷൻമാർ അതിലിരിക്കാതെ നിൽക്കുന്നുണ്ട്.സുമുഖന് അതിലിരിക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നില്ല.ഇരുന്നു എന്ന് മാത്രമല്ല.മടിച്ച് നിന്നിരുന്ന രണ്ടുപേരെയും കൂടി ക്ഷണിച്ചിരുത്തി.

''ഇര്ന്നോളീ സീറ്റ് പിന്നെ ഇരിക്കാ ള്ളതല്ലേ.''

വണ്ടി വിട്ടതോടെ സുമുഖൻ ഈ  വിഷയത്തിൽ തനിക്കുള്ള പരിജ്ഞാനം വെളിവാക്കിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി.

''മ്മട നാട്ടില് മാത്രേ ഇദൊക്കെ ഇള്ളൂ .മറ്റ് സംസ്ഥാനങ്ങള്ല് ആണും പെണ്ണ്വൊക്കെ ഒറ്റ സീറ്റിലിരിക്കും.ബ്ഡ മാത്രാ ഇദൊക്കെ.പുരുഷനും സ്ത്രീയും തുല്യാന്ന് പ്രസംഗിക്കും  പിന്ന ഇദൊലുള്ള ഓരോ റിസറേഷനും.''

കൂടെയിരിക്കുന്നവർ  തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.

സ്ത്രീകൾ കയറാനില്ലാത്ത ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും സുമുഖൻ പറയും
'' ഒന്ന്  കൈച്ചിലായി.....ഒന്നൂട കൈച്ചിലായി.''

ബസ്സിലെ തൂ മേരീ ജിംന്തഗീ ഹൈ...... എന്ന പാട്ടിനൊത്ത് മുന്നിലുള്ള കമ്പിയിൽ താളം പിടിച്ച് ആസ്വദിച്ച്  സുമുഖൻ യാത്ര തുടർന്നു.

പക്ഷെ സുമുഖനെയും കൂട്ടരെയും  ഞെട്ടിച്ചുകൊണ്ട് അതാ രണ്ട് തരുണീമണികൾ കയറിവരുന്നു.സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുന്നത് കണ്ട് അവർ ഒന്നുകൂടി  ladies എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ച് ഉറപ്പുവരുത്തി പുറകോട്ട് വന്ന് സീറ്റ് ആവശ്യപ്പെട്ടു.
മറ്റ് രണ്ട് യാത്രക്കാർ അസ്വസ്ഥരായെങ്കിലും സുമുഖൻ ധൈര്യം പകർന്നു.

''ഇദിമ്മാദിരി സൂക്കേഡുള്ളോരോ  വയസത്തിയോളാ.........ചെർപക്കരല്ലേ ? മ്മള പ്പെലെന്നെല്ലെ ?
 അബ്ഡ നിക്കട്ടെ.......''

പെണ്ണുങ്ങൾ വിടുന്ന ലക്ഷണമില്ല.അവർ അൽപം കുടി അടുത്തെത്തി.സഹായത്തിനായി മറ്റ് യാത്രക്കാരെ മാറി മാറി നോക്കുന്നുണ്ട്.അവർ അടുത്തതായി എന്തു നടക്കുമെന്നറിയാൻ കുതൂഹലത്തോടെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

സുമുഖൻ അടുത്ത നമ്പറിറക്കി.

''ങ്ങളിത് കാൺണില്ലേ ഈ ഇരിക്കണദ് പ്രായായ രാളല്ലേ''

''ഓലാഡ ഇര്ന്നോട്ടെ ഇങ്ങള് രണ്ടാളും എന്നേറ്റോളീ.''

തികച്ചും അപ്രതീക്ഷിതമായ ഈ മറുപടിയിൽ സുമുഖൻ ശരിക്കും ഞെട്ടി.

ഒരുനിമിഷം ആരും അനങ്ങുന്നില്ല.പെണ്ണുങ്ങൾ ഉഷാറാണ്.സീറ്റ് കിട്ടുക തന്നെ വേണമെന്ന ഭാവത്തിൽ നിൽക്കുകയാണ്.

സുമുഖൻറെ കൂടെ ഇരിക്കുന്നയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ പതുക്കെ എഴുന്നേറ്റതോടെ സുമുഖൻ പത്തി മടക്കി എഴുന്നേറ്റു.

''ങ്ങളിദെന്ത് പണിയാ കാട്ടിയേ.ങ്ങള് എയിന്നേറ്റോണ്ടല്ല എഡങ്ങേറായദ് ''

സുമുഖൻ കുറ്റപ്പെടുത്തി.മറുപടിയായി സോറി ട്ടോ എന്ന ഭാവത്തിൽ പുഞ്ചിരി തൂകി മറ്റയാൾ നിന്നു.

'' ങ്ങളദ് കണ്ടില്ലേനും''.തൊട്ടുപുറകിലെ ജനറൽ സീറ്റിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നതു കാണിച്ച് സുമുഖൻ പറഞ്ഞു.
''മ്മഡ സീറ്റിൽ ഓലിക്ക് ഇരിക്കാ.''

''ഓരോ നിയമങ്ങളിണ്ടാക്കും അദും വച്ച് മ്മഡഡ മക്കിട്ട് കേറാൻ കൊറേ സാനങ്ങളും.''

''രാത്രിയായല് ഓരോന്ന് എറങ്ങിക്കോളും.''

''അമ്മാരി സാനങ്ങള്.''

സുമുഖൻ തുടർന്നുകൊണ്ടേ ഇരുന്നു.ബസ്സിലുള്ള ഓരോരുത്തരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഡയലോഗുകൾ.ഓരോ ഡയലോഗിനു ശേഷവും ഇടവേളകളിലും ആസ്ത്രീ യെത്തന്നെ നോക്കുംപലപ്പോഴും നോട്ടം 14 സെക്കൻറ് അധികരിച്ചു.ചിലർ സുമുഖൻറെ ശ്രദ്ധയിൽ പെടാതെ മുഖം തിരിച്ച് നിന്നു.ഒന്നും പ്രതികരിച്ചില്ല.

കണ്ടക്ടർ എത്തിയപ്പോൾ സുമുഖൻ ആവലാതി പറഞ്ഞു.സ്ത്രീകൾക്കായി നീക്കിവച്ച സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ലെന്ന് പറയാൻ മിനക്കെടാതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ടക്ടർ ടിക്കറ്റ് മുറി തുടർന്നു.കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നത്തെ ശംബളം കൈപറ്റണം എന്നതിലുപരി അയാളീവിഷയത്തിൽ എന്തിനിടപെടണം..
സഹികെട്ട് പെണ്ണുങ്ങൾ മുൻവശത്തെ കമ്പിയിൽ തല ചായ്ച്ച് കിടന്നു.

സുമുഖൻ വളരെ   സ്മാർട്ടായികമ്പിയിൽ ചാരി നിൽക്കുകയാണ്.മുകളിൽ പിടിക്കാതെ ബസ്സ് ചെരിയുമ്പോൾ ശരീരം വളച്ചും ഒടിച്ചും ബാലൻസ് നിലനിർത്തി ബസ്സിലെ പാട്ടിനൊപ്പം വരികൾ മൂളി താൻ തോറ്റിട്ടില്ലെന്നും തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും സ്ഥാപിച്ചുകൊണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് കമൻറുകൾ പലതും ശബ്ദമമർത്തിയും അട്ടഹാസത്തിൻറെ അകമ്പടിയോടെയുമായിരുന്നു.

നിയമപരമായി തങ്ങൾക്കുവേണ്ടി നീക്കിവച്ച സീറ്റ് ആവശ്യപ്പെട്ട തെറ്റിന് തുറന്ന അവഹേളനം  സഹിച്ചുകൊണ്ട് പെണ്ണുങ്ങൾ മുന്നോട്ട് മുഖമമർത്തി  തല ചെരിച്ച് ഇരുന്നു.

ബസ്സിൽ ഉദിത്ത് നാരായണൻറെ മറ്റൊരു അടിപൊളി പാട്ട് തുടങ്ങി.ബസ്സ് ഇരുട്ടിനെ കീറിമുറിച്ച് യാത്ര തുടരുകയാണ്.നിയമങ്ങൾ ഉണ്ടാക്കുകയും അവ തങ്ങൾക്ക് അനുകൂലമായി നിർവ്വചിക്കുകയും ചെയ്ത് നേതാവ് ചമഞ്ഞ് നടക്കുന്ന സുമുഖൻമാരുടെയും സ്തുതിപാഠകരായ സഹയാത്രികരുടെയും നിയമം നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള നിസ്സംഗരായ ഉദ്യോഗസ്ഥവർഗ്ഗത്തിൻറെയും പ്രതികരണ ശേഷി യില്ലാത്ത സാധാരണക്കാരുടെയും അവകാശങ്ങൾക്ക് അർഹതയുണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്ന പഞ്ചപാവങ്ങളുമടങ്ങിയ ഒരു സ മൂഹത്തിൻറെ , പ്രതീകമായി ബസ്സ് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടേ ഇരുന്നു.

No comments:

Post a Comment