ഇന്ന് കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഓര്‍മ്മകള്‍ 23 വര്‍ഷം പുറകിലേയ്ക്ക് പോയി. കെ ടി മുഹമ്മദിന്‍റെ "മണി" എന്ന നാടകം ജില്ലാ കേരളോത്സവത്തില്‍ ഞങ്ങള്‍ ഇതേ വേദിയില്‍ വച്ചാണ് അവതരിപ്പിച്ചത്.ബ്ലോക്ക് തലത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ജില്ലാ തലത്തില്‍ അവതരിപ്പിക്കുന്നത് കാണാനായി നാട്ടില്‍ നിന്നും വളരെയധികം പേര്‍ എത്തിച്ചേര്‍ന്നിരുന്നു.നാടകം ആരംഭിച്ചു. തരക്കേടില്ലാതെ മുമ്പോട്ട് പോകുകയായിരുന്നു.ഏകാധിപതിയും മുന്‍കോപിയുമായ രാജാവ് അദ്ദേഹം ഇന്നുവരെ കേട്ടിട്ടുള്ളതിലും മനോഹരമായ മണിനാദം കേള്‍ക്കണമെന്ന വാശിയിലാണ്.നാട്ടിലെ ശില്‍പികളെല്ലാം തോറ്റു പിന്‍മാറിയപ്പോള്‍ രാജാവ് അട്ടഹസിച്ച് ചിരിക്കുന്നു.ചിരി ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ അതാ ഗോപുരവാതില്‍ക്കല്‍ ശില്‍പിപ്രമുഖന്‍ തന്‍റെ മകളായ മണിയുടെ ജീവന്‍ അഗ്നികുണ്ഡത്തില്‍ ഹോമിച്ച് കടഞ്ഞെടുത്ത മണിയുമായി എത്തുന്നു.എന്നാല്‍ കേള്‍ക്കട്ടെ മണിനാദമെന്നായി രാജാവ്.ഉദ്വേഗജനകമായ നിമിഷങ്ങള്‍..... (ഈ അവസരത്തില്‍ ശില്‍പിയ്ക്ക് തന്‍റെ കൈയ്യിലുള്ള കയര്‍ എറിഞ്ഞ് മണിയില്‍ കുടുക്കണംഇത് അല്‍പം റിസ്കുള്ള പരിപാടിയാണ്.ശില്‍പി എറിയുന്ന കയര്‍ സൈഡ് കര്‍ട്ടന്‍റെ മറവില്‍ നിന്ന് പിടിയ്ക്കേണ്ട ഡ്യൂട്ടി ആനന്ദനാണ്.കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ സ്റ്റേജിന് ആവശ്യത്തിലേറെ വീതിയുണ്ട് ഇത് സംവിധായകാനായ ഗോപാലേട്ടന്‍ മുന്‍കൂട്ടി ശില്‍പിയുടെ വേഷം ചെയ്യുന്ന ചന്ദ്രനോടും കയര്‍ പിടിയ്ക്കേണ്ട ആനന്ദനോടും സൂചിപ്പിച്ചിരുന്നു.ആവശ്യത്തിലേറെ ശ്രദ്ധിച്ചതു കൊണ്ടാകാം ശില്‍പി എറിഞ്ഞ കയര്‍ ആനന്ദന് പിടിക്കാന്‍ കഴിഞ്ഞില്ല.പിടിക്കാനുള്ള തത്രപ്പാടില്‍ ആനന്ദന്‍ സൈഡ് കര്‍ട്ടനില്‍ നിന്ന് വേദിയിലേയ്ക്ക്......മണിമുഴങ്ങുന്ന ഉദ്വേഗ ജനകമായ അന്തരീക്ഷം കലങ്ങിപ്പോയി സദസ്സില്‍ ചിരി ഉയര്‍ന്നു സര്‍വ്വ സൈന്യാധിപന്‍റെ വേഷം കെട്ടി സ്റ്റേജില്‍ നില്‍ക്കുന്ന ഞാനുള്‍പടെയുള്ല നടന്‍മാര്‍ പകച്ചു നില്‍ക്കുന്നു.ഗത്യന്തരമില്ലാതെ ദീപനിയന്ത്രണം നിര്‍വ്വഹിച്ചിരുന്ന ഗോപാലേട്ടന്‍ ലൈറ്റ് ഓഫ് ചെയ്തു.അല്‍പം ഫിറ്റായിരുന്ന അദ്ദേഹത്തിന്‍റെ വായില്‍നിന്നും വീണ തെറി ഞാന്‍ കേട്ടെങ്കിലും എന്താണെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല.ലൈറ്റ് തിരകെ വരുമ്പോഴേയ്ക്കും ആനന്ദന്‍ കയറുമെടുത്ത് തിരികെ കര്‍ട്ടന്‍റെ മറവിലേയ്ക്ക് എത്തിയിരുന്നു. സനിധനിസ..... എന്ന മനോഹരമായ ധ്വനിയില്‍ പ്രണവം പൊഴിയുന്ന മണിനാദം പിന്നരങ്ങില്‍ മുഴങ്ങിയെങ്കിലും ജില്ലാതലത്തില്‍ ഏഴാം സ്ഥാനവുമായി ഞങ്ങള്‍ക്ക് മടങ്ങേണ്ടിവന്നു.എങ്കിലും ഓര്‍ത്തു രസിക്കാന്‍ ഒരു നല്ല നാടകാനുഭവമായിരുന്നു അത്.
No comments:
Post a Comment