Saturday, June 22, 2013

മരിക്കാനയില്‍ നിന്ന് വന്ന കുട്ടി


അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നു.നാലാം ക്ലാസ്സ് വരെ തായത്തെ സ്കൂള്‍,അഞ്ചാം ക്ലാസ്സാകുമ്പോള്‍ സ്കൂള്‍,മാറണം.യു പി സ്കൂള്‍ കുറച്ച് ഉയര്‍ന്ന സ്ഥലത്തായതിനാല്‍,മീത്തലെ സ്കൂള്‍ എന്നറിയപ്പെടുന്നു.തായത്തെ സ്കൂളില്‍ നിന്ന് പാസായ എല്ലാ കുട്ടികളും ഉണ്ട്.അതില്‍ ഓമനയെ കാണാനില്ല.പിള്ള മാഷുടെ അടി പേടിച്ചാണെന്ന് പലരും പറഞ്ഞു.പെണ്‍കുട്ടികളില്‍,ഓമനയുടെ കുറവ് നികത്തിയിരിക്കുന്നത് മരിക്കാനയില്‍ നിന്ന് വന്ന ഒരു പെണ്‍കുട്ടിയാണ്.പേര് സെബ്യ(സെഫിയ).കൊച്ചു പാവട മുട്ടിനും പാദത്തിനും ഇടയില്‍ വരെ വരും.തലമുടി അലക്ഷ്യമായി കെട്ടിവച്ചിരിക്കും.ചെറിയ തുണി സഞ്ചിയിലാണ് പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നത്.സെബ്യ ഞങ്ങളെ ആരാധനയോടെ നോക്കി നില്‍ക്കും.ഞങ്ങളുടെ കളികള്‍,കണ്ട് ആസ്വദിച്ച് കുടുകുടെ ചിരിക്കും.മറ്റു പെണ്‍കുട്ടികള്,ആണ്‍ കുട്ടികളെ നോക്കുകയോ അവരോട് ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യില്ല.അത് തെറ്റാമെന്ന് കുട്ടികള്‍ കരുതിയിരുന്നു. ക്ലാസ്സില്‍ അദ്ധ്യപകര്‍ വന്നാല്‍,സെബ്യയ്ക്ക് പേടിയാണ്.പുസ്തകങ്ങള്‍ കൊണ്ടു വന്നിരിക്കില്ല.ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടാവില്ല.എഴുതാനും വായിക്കാനും പോലും സെബ്യയ്ക്ക് അറിയില്ല.അതുകൊണ്ട് തന്നെ സരോജിനി ടീച്ചറുടെ അരിശത്തിന്‍റെ സ്ഥിരം ഇരയായിരുന്നു സെബ്യ.സരോജിനി ടീച്ചര്‍ കറുത്ത് പൊക്കം കുറഞ്ഞ് വിവാഹ പ്രായമെത്തിയിട്ടും അവിവാഹിതയായി കഴിയുന്നു.സഹപ്രവര്‍ത്തകര്‍,അവരെ കട്ടന്‍കാപ്പി എന്ന് വിളിച്ചിരുന്നത് ഞാന്‍,എങ്ങനെയോ അറിഞ്ഞിരുന്നു.
മരിക്കാനയില്‍ നിന്ന് വന്ന സെബ്യയെ ടീച്ചര്‍ ശിക്ഷിക്കുമ്പോള്‍,മരിക്കാന്‍ വന്ന കുട്ടി എന്ന് പറഞ്ഞ് തല്ലുകയും നുള്ളുകയും ചെയ്തിരുന്നു.ഇത് കേട്ട് ക്ലാസ്സിലെ പലരും ചിരിക്കുമായിരുന്നു.കുട്ടികളും സെബ്യയെ മരിക്കാന്‍, വന്ന കുട്ടി എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു.അദ്ധ്യാപകരില്ലാത്ത സമയത്തുള്ള ഈ പരിഹാസം സെബ്യ പുഞ്ചിരിയോടെ സ്വീകരിച്ചിരുന്നു.പരിഹാസം സ്വീകാര്യമായതിനാല്‍ സഹപാഠികള്‍,അത് ആവര്‍ത്തിച്ചില്ല.എന്നാല്‍,സരോജിനി ടീച്ചര്‍ സെബ്യയെ തല്ലുമ്പോഴും ചീത്ത പറഞ്ഞപ്പോഴും മരിക്കാന്‍,വന്ന കുട്ടി എന്ന് പറയുമായിരുന്നു.ഒരു ദിവസം ശിക്ഷ സഹിക്കാതെ ആബ ടീച്ചറെ..(അരുത് ടീച്ചറെ)എന്ന് വിളിച്ച് സെബ്യ ഉച്ചത്തില്‍ കരയുന്നത് ഞാന്‍,ഓര്‍ക്കുന്നു.
അങ്ങനെ ക്ലാസ്സ് തുടങ്ങി അധികം ദിവസങ്ങളായില്ല.സെബ്യ തുടര്‍ച്ചയായി അഞ്ച് ദിവസം ക്ലാസ്സില്‍ വന്നില്ല.ഒരു ദിവസം ഞങ്ങള്‍ സ്കൂളിലെത്തിയപ്പോള്‍,കുട്ടികളെല്ലാം തിരിച്ച് വീട്ടില്‍ പോകുന്നു.സ്കൂളിന് അവധിയാണ്.അഞ്ചാം ക്ലാസ്സിലെ സെബ്യ മരിച്ചു.സെബ്യയ്ക്ക് എന്തോ മാരകമായ അസുഖമുണ്ടായിരുന്നു എന്നും അസുഖം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്ന സെബ്യ മരിച്ചു എന്ന് മാത്രം ആരോ പറഞ്ഞതായി ഓര്‍ക്കുന്നു.അന്ന് അതില്‍ കൂടുതല്‍,ചിന്തിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവ് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.
ഇന്ന് അതോര്‍ക്കുമ്പോള്‍,എവിയെയോ ഒരു വേദന അനുഭവപ്പെടുന്നു.ടീച്ചറുടെ ശിക്ഷ ഏറ്റു വാങ്ങുന്ന സെബ്യ.ഏതോ മാരക രോഗത്തിന് അടിമയായിരുന്നു.കുട്ടിയ്ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദീകരിക്കാന്‍ കഴിഞ്ഞിരിക്കില്ല.സ്കൂളില്‍ നിന്ന് എത്രയോ കിലോമീറ്ററുകള്‍ നടന്നാണ് കുട്ടി സ്കൂളില്‍,വന്നിരുന്നത്.വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നിരിക്കില്ല.ആ കുരുന്ന് ഹൃദയം ഈ ശിക്ഷയൊക്കെ ഏറ്റു വാങ്ങുമ്പോള്‍ എത്ര വേദനിച്ചിരിക്കും.ടീച്ചര്‍ അമിതമായ ആത്മാര്‍ത്ഥത കൊണ്ടാകാം കുട്ടിയെ ശിക്ഷിച്ചത്.അതല്ലെങ്കില്‍ ടീച്ചറുടെ പ്രത്യേക മാനസികാവസ്ഥയായിരിക്കാം.
ഒരു കുട്ടിയെ ,ഒരു വിദ്യാര്‍ത്ഥിയെ ഒരദ്ധ്യാപകന്‍,വിലയിരുത്തുമ്പോള്‍ ആ കുട്ടിയുടെ ഗാര്‍ഹിക അന്തരീക്ഷം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.കൂടാതെ രക്ഷാകര്‍ത്താക്കളുമായി ആശയവിനിമയം നടത്തുകയും വേണം.എന്നാല്‍ മാത്രമെ ഒരു കുട്ടിയുടെ യഥാര്‍ത്ഥ പ്രശ്നം വിശകലനം ചെയ്യാന്‍,കഴിയുകയുള്ളൂ.

സ്കൂളുകളില്‍ ഇത്തരം പീഡനങ്ങള്‍,നിശ്ശബ്ദം സഹിക്കുന്ന കുരുന്നുകള്‍ക്കായി ഞാന്‍,ഈ ലഘു വിവരണം സമര്‍പ്പിക്കുന്നു. 

No comments:

Post a Comment