Sunday, June 2, 2013

കിളി പോയി ....



പൂമുഖത്തെ അലങ്കാര വിളക്കില്,എന്തോ ഒരനക്കം.രണ്ട് കിളികള്‍ അങ്ങാടി കുരുവിയോളം വരും തലയില്‍ ഒരു കൊമ്പ് പോലെ.അത് തൂവല്‍ മാത്രമാണ് ചെവിയ്ക്ക് ഇരുവശവും മനോഹരമായ നിറഭേദങ്ങള്‍.എന്നെ കണ്ടതും കിളികള്‍,പറന്നകന്നു.
അല്‍പനേരം കഴിഞ്ഞ് വീണ്ടും എന്തോ അനക്കം കേട്ടു.പക്ഷികള്‍ വീണ്ടും വന്നിരിക്കുന്നു.എന്നെ കണ്ടതോടെ അവ വീണ്ടും പറന്നകന്നു.അല്‍പദൂരം ചെന്ന് തെല്ല് ആശങ്കയോടെ എന്നെ നോക്കുകയാണ്.ഞാന്‍ കൂടുതല്‍,ശ്രദ്ധിക്കുന്നത് കണ്ട് അവ ദൂരെ മറഞ്ഞു.
വീണ്ടും വിളക്കിന് സമീപം കിളിയെ കണ്ടപ്പോള്‍,ഞാന്‍ ക്യാമറയുമായി വന്നു.അത് എന്‍റെ സ്വാര്‍ത്ഥതയാണ്.എന്‍റെ വീട്ടില്‍ വന്ന കിളിയുടെ മനോഹാരിതയെ എന്‍റെ ക്യാമറയില്‍,ഒപ്പിയെടുക്കുന്നതിനും മറ്റുള്ളവര്‍ക്ക് അത് കാണിച്ച് കൊടുക്കുന്നതിനും.പക്ഷെ കിളി പബ്ളിസിറ്റി ആഗ്രഹിക്കാത്ത സെലിബ്രിറ്റിയെപോലെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.വിളക്കിന് താഴെ നിലത്ത് ഏതാനം നാരുകള്‍ വീണ് കിടക്കുന്നു.കിളികള്‍ കൂട് കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.നാരുകള്‍ ഇഴചേര്‍ക്കുമ്പോള്‍,അബദ്ധത്തില്‍ വീണതാകാം അല്ലെങ്കില്‍,ഉപയോഗശൂന്യമായ നാരുകളാവാം.രണ്ടാമത്തേതാകാനേ തരമുള്ളൂ.
പെണ്‍കിളിയ്ക്ക് മുട്ടയിടാനുള്ള സമയമായിരിക്കാം.അത് തിരിച്ചറിഞ്ഞ് കൂടുകൂട്ടാന്‍ അനുയോജ്യവും സുരക്ഷിതവുമായ സ്ഥലം അവ കണ്ടെത്തിയിരിക്കുന്നു.അതിജീവനത്തിന്‍റെ ആ ലളിതമായ ശ്രമം എന്നെ അതിശയപ്പെടുത്തി.മരത്തിന്‍റെ ശാഖകളിലോ പ്രകൃതിയുടെ സ്വാഭാവികമായ മടിത്തട്ടിലോ അവയ്ക്ക് കൂടുകൂട്ടാന്‍ സൌകര്യം കിട്ടിയില്ലെന്നുണ്ടോ.കുരുവിയൊഴിച്ച് മറ്റ് പക്ഷികള്‍ മനുഷ്യവാസത്തിന് സമീപം കൂട് കൂട്ടുന്നത് എന്‍റെ ശ്രദ്ധയില്‍,ഇതുവരെയും പെട്ടിട്ടില്ല.ഏതായാലും എന്‍റെ പൂമുഖം തന്നെ അതിന് കിളികള്‍, തിരഞ്ഞെടുത്തത് എന്നെ സന്തോഷിപ്പിച്ചു.
അങ്ങനെ കൂട് തയ്യാറായി പെണ്‍കിളി കൂട്ടിലിരിക്കുന്നത് കണ്ടപ്പോള്‍,മനസ്സിലായി മുട്ട ഇട്ട് കഴിഞ്ഞിരിക്കുന്നു.ഞങ്ങളുടെ ഓരോ ചലനങ്ങളും അതീവ ശ്രദ്ധയോടെയാണ് കിളികള്‍ വീക്ഷിക്കുന്നത്.ആകണ്ണുകളില്‍ ഒരു വിശ്വാസക്കുറവ് പ്രതിഫലിക്കുന്നുണ്ടായിരുന്നു.തങ്ങളുടെ ജീവിതത്തിലെ അതീവ ശ്രദ്ധയും മഹത്തരവുമായ ഒരു പ്രക്രിയയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുത്തെങ്കിലും കിളികള്‍,വീട്ടുകാരുമായി ഇണങ്ങിയില്ല.അടുത്തെത്തുമ്പോള്‍,ഭയപ്പാടോടെ പറന്നകന്നു.ഞങ്ങള്‍ നല്‍കിയ ഭക്ഷണ ശകലങ്ങള്‍,ഒന്ന് മണത്തു നോക്കിയതുപോലുമില്ല.ആണ്‍കിളി ഇടയ്ക്കിടെ എന്തൊക്കയോ തീറ്റ കൊണ്ടുവരുന്നുണ്ട്.
ഏതാനം ദിവസങ്ങള്‍ക്കകം പുതു ജീവന്‍റെ ശബ്ദങ്ങള്‍ കൂട്ടല്‍,നിന്ന് കേള്‍ക്കാറായി.സന്തോഷം കൊണ്ടാകാം കിളികലുടെ ശബ്ദം കൊണ്ട് പൂമുഖം മുഖരിതമായി.ആ സന്തോഷത്തില്‍ ഞങ്ങളെയും പങ്കാളികളാക്കണമെന്ന് അവയ്ക്ക് തോന്നിയിരിക്കണം.വീട്ടിനകത്തും പൂജാമുറിയിലും കിളികള്‍ പറന്നു നടന്നു.ഇപ്പോള്‍ ഞാനടുത്ത് ചെന്നാലും അവയ്ക്ക് ഭയമില്ലാതായി.എന്‍റെ അടുത്തുവന്നിരിക്കാനും ക്യാമറയ്ക്ക് പോസ് ചെയ്യാനും അവയ്ക്ക് മടിയില്ലാതായി.
ഒരു ദിവസം ശബ്ദം കേള്‍്ക്കാതായപ്പോള്‍, ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞും കിളികളും സ്ഥലം വിട്ടിരിക്കുന്നു.ഒരു നിമിഷം എനിയ്ക്ക് തെല്ല് വിഷമം തോന്നി.
അവ പ്രകൃതിയുടെ ഭാഗമാണ്.അവ ആകാശത്തിന്‍റെ നീലിമയിലും വൃക്ഷ ലതാദികളുടെ ഹരിതാഭയിലും സ്വച്ഛന്ദം പാറിപറന്ന് നടക്കേണ്ടവരാണ്.അവിടെ ഞാനും എന്‍റെ വീടും ഒന്നുമല്ല.നന്മയുടെ  ഹൃദയവാതില്‍ തുറന്നിടുക.നന്മയെ തിരിച്ചറിയുന്നവര്‍ നിശ്ചയമായും അതിലൂടെ കടന്നുവരും.നമ്മുടെ ഹൃദയത്തില്‍,ചേക്കേറും.അതിന് വേണ്ടി ആകെ വേണ്ടത് സഹജീവികളോട് സ്നേഹത്തോടെയും സാഹോദര്യത്തോടെയും സമീപിക്കുക.അവരുടെ സുഖദുഖങ്ങളില്‍ ഭാഗവാക്കാകുക.സുഗതകുമാരിയമ്മയുടെ വരികള്‍ ഓര്‍ക്കുന്നു.

അണുജീവിയിലും സഹോദരപ്രണയം ത്വല്‍കൃപയാലെ തോന്നുമാറാകണം.

No comments:

Post a Comment