Sunday, April 8, 2018

വിചാരങ്ങൾ


കളിച്ചുവളർന്ന നാടുപേക്ഷിച്ച്
എവിടെയും പോകാനെനിക്ക് കഴിയില്ലെന്ന്
ഞാൻ വിചാരിച്ചു.

വർത്തമാന പത്രത്തിലെ
ഏതോ കോണിലെ വാർത്ത കേട്ടപ്പോഴാണ്
ഇങ്ങനെയുമൊരു സ്ഥലം
ഈ ഭൂമിയിലുണ്ടല്ലോ
എന്ന് ഞാനോർത്തത്.

കൂടപ്പിറപ്പുകളെ  ഒരിക്കലും
പിരിഞ്ഞിരിക്കാൻ
കഴിയില്ലെന്ന്
ഞാൻ വിചാരിച്ചിരുന്നു.

ഇന്നവളെ
വഴിയോരത്ത് ആയിരത്തിലൊരുവളായി കണ്ടപ്പോഴാണ്,
അതെൻറെയും രക്തമാണല്ലോ
എന്ന് ഞാൻ ഓർത്തുപോയത്.

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ
എനിക്ക് അവളെ
ഒരു നിമിഷം പോലും
പിരിഞ്ഞിരിക്കാൻ കഴിയില്ലെന്നു തോന്നി.

തീവണ്ടിയിൽ
ഇന്നവൾ കുടുംബ സമേതം യാത്രചെയ്യുന്നത് കണ്ടപ്പോഴാണ്
വളരെ നാളുകൾ കൂടി
അങ്ങനെയുമൊരു കാലമുണ്ടായിരുന്നു എന്നോർത്തത്.

വെറുതെ കുറേ
വിചാരങ്ങൾ കൊണ്ടുനടന്നു.......

ഇനിയൊരു വിചാരം കൂടിയുണ്ട് ഞാനില്ലെങ്കിലൊന്നും നടക്കില്ല
എന്ന വിചാരം.
പക്ഷെ അത് തിരിച്ചറിയാൻ ഞാനുണ്ടാവില്ലല്ലോ....

ജല ചിന്തകൾ


അത്രകണ്ടാസ്വദിച്ച്
ഒരുനീരുമിറക്കിയിട്ടില്ല
ഞാനന്നാ കുടം ചെരിച്ചെൻ 
കൈകുമ്പിളിൽ കൊണ്ട
അമൃത ജല മാധുര്യം

ചെപ്പു കുടം
കിണറ്റിലെ വെള്ളത്തിൽ മുങ്ങിയലയടിക്കുന്ന 
ആ മുഗ്ദ്ധ നാദം ഇന്നും
തുള്ളിതുളുമ്പുന്നെന്നന്തരംഗം

മഴയ്ക്കു  ശേഷം
അർഘ്യജലം വീഴ്തി,
ജീവനുള്ള  ഇലകൾ
മരിച്ച ഇലകൾക്ക് ചെയ്യുന്ന
ഉദകക്രിയ
എത്ര പാവനമതെത്രപരിശുദ്ധം

ഭൂമിയുടെ
ഉള്ളം നിറഞ്ഞപോൽ 
പള്ളം നിറഞ്ഞ്
ശാന്തമായ് ഉറങ്ങിക്കിടക്കുന്ന
കാഴ്ച എത്ര നയനാനന്ദകരം.

ജീവജലം ചുരത്തുന്ന
സംരംഗങ്ങൾ
അനന്യമായ മാതൃസ്നേഹത്തിൻ
മൂർത്തീമദ്ഭാവമായ് കാണുന്നു.

പുതുമഴയിൽ
ആടിത്തിമർക്കുന്ന പൈതങ്ങൾക്ക്
അതിലേറെയാനന്ദദായകമായ
കളികൾ വേറെയുണ്ടോ

പോര്



പോര് .....
വീരന്മാർക്ക് ചേർന്നതാണ്.
പോരാടുന്നവരെ താങ്ങാനുമുണ്ടാകും ഒരായിരം പേർ
പല്ലും നഖവും നാവും
പോരാത്തതിന്
കത്തിയും,കൊടുവാളുമാകാം.
എതിരാളി  നിലം പരിശാകുന്നതോടെ അനുയായികളുടെ
തോളിലേറി നിർവൃതിയടയാം.
പ്രകീർത്തനങ്ങൾ കേട്ട്
പുളകിത ഗാത്രനാകാം
ഒടുവിലൊരുദിനം വരും
ചോരവാർന്ന്
തലപൊക്കനാകാതെ
വിജയാരവങ്ങൾക്കിടയിൽ.
അന്നൊരുപക്ഷെ
പോരിൻറെ നിരർത്ഥകത തിരിച്ചറിയാനാകുമോ എന്തോ !!!

ചക്കപുരാണം



ചക്കമരത്തെ കണ്ടിട്ടുണ്ടോ
പ്ലാവെന്നതിനെ വിളിക്കും നമ്മൾ

ചക്കമുളഞ്ഞ് തൊട്ടിട്ടുണ്ടോ
അതെണ്ണപുരട്ടികളഞ്ഞിട്ടുണ്ടോ

ചക്ക ചുളകൾ തിന്നിട്ടുണ്ടോ
പച്ചയതെങ്കിലുമെന്തൊരു മധുരം

ചക്കപുഴുക്കു കഴിച്ചിട്ടുണ്ടോ
കഞ്ഞിയുമൊത്ത് കഴിച്ചീടാലോ

ചക്കത്തോരൻ കൂട്ടീട്ടുണ്ടോ
ഇഷ്ടംപോലെ കുഴച്ചുണ്ണാലോ

ചക്കേടപ്പം തിന്നിട്ടുണ്ടോ
വട്ടയിലപ്പൊതി എന്തൊരു കേമം

ചക്ക വറുത്ത് കൊറിച്ചിട്ടുണ്ടോ
മതിവരുവോളം തിന്നു രസിക്കാം

ചക്കപായസം മോന്തീട്ടുണ്ടോ
മാധുര്യത്തിന്നുറവയതല്ലോ

ചക്കവരട്ടി വച്ചിട്ടുണ്ടോ
നാളുകൾ ഭരണിയിൽ സൂക്ഷിച്ചീടാം

ചക്കപഴമതു തിന്നിട്ടുണ്ടോ
ഓർത്താൽവായിൽ കപ്പലുമോടും

ചക്കമടൽ കൂന കണ്ടിട്ടുണ്ടോ
പശുവിൻ കാടിയിലിട്ടുകൊടുക്കാം

ചക്കപപ്പടം കാച്ചീട്ടുണ്ടോ
ചായയ്ക്കൊരുകടി കെങ്കേമം

ചക്കയതാതലപൊക്കിവരുന്നു
പുത്തനൊരുജ്ജ്വല ഗാഥ രചിക്കാൻ