Wednesday, February 20, 2013

ഫേസ് ബുക്കിലെ പെണ്‍കുട്ടി.

തിരക്കൊഴിഞ്ഞ നേരം വെറുതെ ഫേസ് ബുക്കിലൂടെ കടന്നു പോയപ്പോള്‍,മനസ്സില്‍ കുടുങ്ങിക്കിടന്ന ഒരു പേരില്‍,കണ്ണ് തടഞ്ഞുനിന്നു.ബ്രായ്ക്കറ്റില്‍ മറ്റൊരു പേരും കൂടി.പ്രൊഫൈല്‍ ഫോട്ടോയില്‍,ക്ലിക്ക് ചെയ്തപ്പോള്‍ ആളെ തിരിച്ചറിഞ്ഞു.പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം കണ്ട ആ മുഖത്തോടൊപ്പം എന്‍റെ അരുമ ശിഷ്യയുടെ ഓര്‍മ്മകളും എന്നിലേയ്ക്ക് കടന്നു വന്നു.
കാസറഗോഡ് ചിന്മയാ മിഷന്‍ സ്കൂളില്‍,അദ്ധ്യാപകനായി ജോലി ചെയ്തു വരുന്ന കാലം.ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരുന്നെങ്കിലും ഞാന്‍,എവിടെയും എത്തിയില്ല എന്ന നിരാശ ക്രമേണ എന്നിലേയ്ക്ക് കടന്നു വരുന്ന കാലം.ഇന്‍റര്‍വ്യു കഴിഞ്ഞ് നിയമനം ലഭിച്ച് സ്കൂളില്‍ ചേര്‍ന്നപ്പോഴാണ് മനസ്സിലായത് എന്നെ ഒന്നും രണ്ടും ക്ലാസ്സില്‍ പഠിപ്പിക്കാനാണ് നിയോഗിച്ചിരിക്കുന്നത്.ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കാനുള്ള അറിവ് എനിക്ക് ഇല്ലാതെ പോയോ ? അതോ ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിക്കാനുള്ള പ്രത്യേക കഴിവ് എന്നില്‍,അധികൃതര്‍ കണ്ടെത്തിയോ ? തുച്ഛമായ ശംബളവും കൂടിയായപ്പോള്‍ ഞാന്‍ ആകെ നിരാശനായി.കിട്ടിയ ജോലി ഉപേക്ഷിക്കണ്ടല്ലോ എന്നു കരുതി ഞാന്‍,വെല്ലുവിളി ഏറ്റെടുക്കാന്‍തന്നെ തീരുമാനിച്ചു.അല്ലാ.......... ഞാന്‍ വിഷയത്തല്‍ നിന്ന് വ്യതിചലിച്ച് പോകുകയാണോ.ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു കുട്ടി എന്നോട് എന്തെന്നില്ലാത്ത അടുപ്പം കാണിക്കുന്നു.മുഖം കണ്ടാല്‍ ള്‍, എന്ന് ഉച്ചരിച്ച് നിര്‍ത്തിയതുപോലെ തോന്നും.കുട്ടി എന്നെ വിളിക്കുന്നത് അംഗിള്‍ എന്നാണ്.സാമാന്യം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു.ബാത്ത് റൂമില്‍ പോകുന്നതിനും ഇതര ആവശ്യങ്ങള്‍ക്കും എന്നെ അംഗിള്‍ എന്ന് സംബോധന ചെയ്താണ് കുട്ടി സംസാരിക്കുന്നത്.പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അത് സ്കൂളിലെ ക്ലാരടീച്ചറുടെ മകളാണ്.ക്ലാസ്സില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു മിടുക്കിയായി മോണിക്ക എന്ന ആ കുട്ടി തുടര്‍ന്നു.ഇടയ്ക്ക് ക്ലാരടീച്ചര്‍ എന്നോട് മോളുടെ വികൃതിത്തരങ്ങളെ പറ്റി പറയുകയും നല്ല അടി കൊടുക്കണമെന്നുമൊക്കെ പറയുമായിരിന്നു.ക്ലാര ടീച്ചര്‍ എല്ലാ അദ്ധ്യാപകരുമായി നല്ല സൌഹൃദം സ്ഥാപിച്ചിരുന്നു.ടീച്ചറുടെ ഊഷ്മളമായ പെരുമാറ്റം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.സ്കൂളില്‍ ഞങ്ങള്‍ പരസ്പരം സംബോധന ചെയ്തിരുന്നത് ഹരി ഓം എന്നായിരുന്നു.ഒരു തവണ ക്ലാര ടീച്ചര്‍ ആരോടോ ഹായ് ഹരി ഓം എന്ന് സംബോധന ചെയ്തത് സ്കൂള്‍ അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയില്‍,പെട്ടത് സ്റ്റാഫ് മീറ്റിംഗില്‍ പ്രത്യേക പരാമര്‍ശത്തിന് ഇടയാക്കുകയുണ്ടായി.ഇത് ആവര്‍ത്തികരുതെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. പിന്നീട് ടീച്ചറെ കാണുമ്പോള്‍ ഞങ്ങള്‍,ആരും കേള്‍ക്കാതെ ഹായ് ഹരി ഓം,ഹലോ ഹരി ഓം എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു.ടീച്ചറുടേത് ഒരു പ്രേമ വിവാഹമായിരുന്നു.ഭര്‍ത്താവ് ഒരു ഹാര്‍ട്ട് പേഷ്യന്‍റാണ്.ഇത് അറിഞ്ഞു കൊണ്ടു തന്നെയാണ് ടീച്ചര്‍,വിവാഹത്തിന് തയ്യാറായത്.സ്കൂളില്‍ ടീച്ചറെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ സഹായിക്കാന്‍,  സംസ്ഥാന സര്‍ക്കാര്‍,ജീവനക്കാരനായ ഭര്‍ത്താവ് സ്കൂളില്‍ വരുമായിരുന്നു.അവരുടെ ആ മാതൃകാപരമായ ബന്ധം ഞങ്ങള്‍ അങ്ങനെ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പുറത്തു വരുന്നത്.ക്ലാര ടീച്ചര്‍ക്ക് ..............ക്യാന്‍സര്‍,
കീമോ തെറാപ്പി ചെയ്യാനായി ടീച്ചര്‍ അവധിയിലാണ്.എന്നാല്‍ മോണിക്ക സ്ഥിരമായി സ്കൂളില്‍,വരുന്നുണ്ട് അവള്‍ക്ക് വീട്ടില്‍,ഒരു കുറവും ഉണ്ടാകുന്നില്ല.ഹോം വര്‍ക്ക് കൃത്യമായി ചെയ്യുന്നുണ്ട്.നന്നായി ഡ്രസ്സ് ചെയ്ത് വരുന്നുണ്ട്.ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ടീച്ചറെ കാണാന്‍,വനിതാ ടീച്ചര്‍മാര്‍,വീട്ടില്‍ പോയി ആദ്യ ദിവസം ഞാന്‍ പോയില്ല കാരണമെന്താണെന്ന് ഓര്‍മ്മയില്ല.പിറ്റെദിവസം ക്ലാസ്സ് റൂമില്‍,ടീച്ചര്‍മാര്‍,കൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയാണ്....ക്ലാര ടീച്ചറെ കാണാന്‍ വീട്ടിലെത്തിയ ടീച്ചര്‍മാര്‍,മോണിക്കയോട് ചോദിക്കുകയുണ്ടായി ഭാവിയില്‍വളര്‍ന്ന് ആരായിത്തീരണമെന്ന്.അതിന് കിട്ടിയ ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു.മോണിക്ക പറഞ്ഞ ഉത്തരം എനിക്ക് വലുതായാല്‍ സുരേഷ് സാറാകണമെന്നാണ്.ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു എന്ന ഒരു അപകര്‍ഷതാ ബോധത്തോടെയാണെങ്കിലും ചെയ്യുന്ന ജോലിയില്‍,പരമാവധി ആത്മാര്‍ത്ഥത കാണിക്കണമെന്ന് വിചാരിച്ച് കുട്ടികളോടൊത്ത് എല്ലാം മറന്ന് അവരോടൊപ്പം നിന്ന് അവരോളം താണ്,കുരങ്ങനായും മുയലായും അവര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളായി അവരെ രസിപ്പിച്ച് ജോലി ചെയ്ത എനിക്ക് അതൊരു വലിയ ബഹുമതിയായി തോന്നി.അടുത്ത ദിവസം ടീച്ചറെ കാണാന്‍,മറ്റു പുരുഷ അദ്ധ്യാപകരോടൊപ്പം ഞാനും പോയി.ക്ലാരടീച്ചര്‍ തിരിച്ചറിയാന്‍,കഴിയാത്ത വിധം മാറിയിരിക്കുന്നു.ശോഷിച്ച് മുടികള്‍ കൊഴിഞ്ഞ് ടീച്ചര്‍ വല്ലാതായിരിക്കുന്നു.തലേ ദിവസത്തെ റിപ്പോര്‍ട്ട് ടീച്ചര്‍,എല്ലാവരോടും നല്ല ആത്മ വിശ്വസത്തോടെ സംസാരിക്കുന്നു എന്നായിരുന്നു.എന്നെ കണ്ടതോടെ ടീച്ചര്‍ പെട്ടെന്ന് ഒന്ന് വിതുമ്പി.കണ്ണീരൊഴുകാന്‍ തുടങ്ങി.എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.പിന്നീട് ടീച്ചറുടെ രോഗത്തിന്‍റെ പുരോഗതി ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്നു.നില മെച്ചപ്പെടുന്നതായി സൂചന ലഭിക്കുകയും ചെയ്തു .എന്നാല്‍ ഒരു ദിവസം അനിവാര്യമായത് സംഭവിച്ചു.രാവിലെ സ്കൂളിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.സ്കൂളിന് അവധി പ്രഖ്യാപിച്ചു.ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍,ടീച്ചറുടെ ഭര്‍ത്താവാണ് ഞങ്ങളെ അതിശയിപ്പിച്ചത്.അദ്ദേഹം എല്ലാം മുന്‍കൂട്ടി കണ്ടതുപോലെ സന്ദര്‍ശകരോട് നിര്‍വികരനായി കാര്യങ്ങള്‍,വിശദീകരിക്കുന്നു. അപ്പോഴാണ് ഒരു തൂണിന്‍റെ മറയത്ത് എന്നെ നോക്കി നാണത്തില്‍ കലര്‍ന്ന ചിരിയോടെ മോണിക്ക നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.തന്‍റെ പ്രിയപ്പെട്ട സാര്‍ വീട്ടില്‍,വന്നതിന്‍റെ സന്തോഷവും നാണവും ഒക്കെയാണ് അവള്‍ക്ക്.തനിക്ക് സംഭവിച്ചിരിക്കുന്ന കനത്ത നഷ്ടം മനസ്സിലാക്കാനുള്ള പ്രായം ആ കുഞ്ഞിനായിരുന്നില്ല.ആ രംഗം എന്‍റെ മനസ്സില്‍,ഇന്നും മായാതെ കിടക്കുകയാണ്.എനിക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞത് അടുത്ത് ചെന്ന് കുട്ടിയുടെ പുറത്ത് ഒന്ന് തലോടുക എന്നത് മാത്രമാണ്.
പിന്നീട് അതേ വര്‍ഷം ഞാന്‍,സര്‍ക്കാര്‍,ജോലി കിട്ടി സ്കൂള്‍ വിടുകയുണ്ടായി.നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി ആ പെണ്‍കുട്ടിയെ ഫേസ് ബുക്കിലൂടെ കണ്ടപ്പോള്‍,ആശയ വിനിമയം നടത്തിയില്ലെങ്കിലും അവള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം വിദേശത്താണെന്നും ഉദ്യോഗസ്ഥയാണെന്നും സന്തോഷവതിയാണെന്നും മനസ്സിലാക്കി.എന്‍റെ ഫ്രണ്ട് റിക്വസ്റ്റ് വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കുകയും ചെയ്തു.ഇത് എന്‍റെ അദ്ധ്യപകന്‍, എന്നനിലയില്‍ ജോലി ചെയ്ത ചുരുങ്ങിയ കാലയളവിലെ മറക്കാനാവാത്ത ഒരു ഏടാണ്.കുറച്ചു ദിവസമായി മനസ്സില്‍, കിടന്ന് കളിച്ചിരുന്ന ഈ വിഷയം രേഖപ്പെടുത്തുകയാണ്.
നല്ല അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍,ഉണ്ടാകട്ടെ,നല്ല മാതൃകാദ്ധ്യാപകര്‍,അദ്ധ്യാപന രംഗത്തേയ്ക്ക് കടന്നു വരട്ടെ എന്നൊക്കെ ഞാന്‍, ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്.

No comments:

Post a Comment