Monday, December 31, 2012

തലസ്ഥാന വിശേഷം


ഒരു പെണ്‍കുട്ടിയുടെ ജീവനുവേണ്ടി ഒരു രാജ്യം മുഴുവന്,പ്രാര്‍ത്ഥിക്കുന്നു.സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍,ഇത്രയും പൈശാചികമായ ഒരു സംഭവം നടക്കേണ്ടതായിവന്നു.ഇതിലും ക്രൂരമായ എത്രയെത്ര സംഭവങ്ങള്‍ ലിംഗ ഭേദം എന്ന വിഷയത്തില്‍ ചരിത്രത്തില്‍,ഉണ്ടായിട്ടുണ്ട്.എത്രയെത്ര ഭ്രൂണഹത്യകള്‍,സ്ത്രീ പീഡനങ്ങള്‍,ബലവിവാഹങ്ങള്‍,സ്ത്രീധന മരണങ്ങള്‍,സാമൂഹ്യ നീതി നിഷേധങ്ങള്‍.പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്ത ,ആലോചിയ്ക്കാന്‍ പോലും കഴിയാത്ത എത്രയെത്ര ക്രൂരതകള്‍,.പെണ്‍കുട്ടിയുടെ മരണത്തിലൂടെ ഒരു സമൂഹം തന്നെ ലജ്ജിച്ച് തല താഴ്തിയിരിക്കുകയാണ്.താലിബാന്‍ സ്ത്രീ വിദ്യാഭ്യാസത്തിന് ഏല്‍പിച്ച ഉപരോധത്തിനെതിരെ പ്രതികരിച്ച മലാല എന്ന പെണ്‍കുട്ടിയുടെ ദുരനുഭവം ലോക ശ്രദ്ധ ആകര്‍ഷിച്ചപ്പോഴും നാം നമ്മുടെ നാട്ടിലെ സാംസ്കാരിക മേല്‍കോയ്മയെ ഓര്‍ത്ത് ഊറ്റം കൊള്ളുകയാണ്.കഴിഞ്ഞ പത്തിരുപത് ദിവസത്തെ മാത്രം പത്രതാളുകള്‍ മറിച്ചു നോക്കിയാല്‍,നാം എത്തിച്ചേര്‍ന്നിരിക്കുന്ന സാംസ്കാരിക തമോഗര്‍ത്തത്തിന്‍റെ ആഴം നമുക്ക് അളക്കാന്‍ കഴിയും.എന്തു കൊണ്ട് ഇന്ത്യയില്‍ എന്തു കൊണ്ട് കേരളത്തില്‍.ഒന്നുകില്‍ നമ്മുടെ മഹത്തായ പാരമ്പര്യം നാം ഉള്‍കൊണ്ടിട്ടില്ല,അല്ലെങ്കില്‍ പുരുഷമേധാനിത്വം എന്ന തത്വം ശക്തിപ്രപിച്ചുകൊണ്ടിരിക്കുന്നു.സ്ത്രീയും പുരുഷനും ഒന്നിച്ചാല്‍ മാത്രമെ മനുഷ്യന് നിലനില്‍പുള്ളൂ എന്ന ലളിതമായ സമവാക്യം ഗ്രഹിച്ചാല്‍,മാത്രം മതി എന്തുകൊണ്ട് സ്ത്രീയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍ണമെന്ന വാദം സ്വീകാര്യമാകാന്‍.ചില സമൂഹങ്ങളിലും വ്യക്തികളിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികളെക്കാളേറെ സ്വീകാര്യമായിട്ടുണ്ട്.ഇതിന് കാരണം പെണ്‍കുട്ടികളുടെ മാതാപിതാക്കളോടും കുടുംബത്തിനോടുമുള്ള സ്നേഹോഷ്മളമായ സമീപനം തന്നെ അവരെ ആണ്‍കുട്ടികളില്‍,നിന്നും വ്യത്യസ്തരാക്കുന്നു.എന്നിരിക്കിലും ആണ്‍പെണ്‍,അനുപാതത്തില്‍ വരുന്ന വിടവ് വര്‍ദ്ധിച്ചുവരുന്നുണ്ട്.ഇത് ഭാരതീയ സംസ്കാരപ്രകാരമുള്ള വിവാഹ ബന്ധത്തിന് അധികം താമസിക്കാതെ തന്നെ പ്രതിബന്ധമാകുന്നതാണ്.ഇപ്പോള്‍തന്നെ പല ബ്രാഹ്മണ സമുദായത്തിലും വിവാഹ പ്രായമെത്തിയ ആണുങ്ങള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാത്ത സാഹചര്യമുണ്ടാകുന്നു.പണ്ട് സ്ത്രീകള്‍ക്ക സമൂഹ്യ നീതി മാത്രമെ നിഷേധിച്ചിരുന്നുള്ളൂ.പക്ഷെ ഇന്ന് അതിന് വിപരീദമായി ജീവിക്കാനും സ്വതന്ത്ര വിഹാരത്തിനുമുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു.സ്ത്രീയെ ഒരു ഭോഗവസ്തുവായി ചിത്രീകരിക്കുന്നതിലെ വാണിജ്യ തന്ത്രങ്ങളും ഈ തന്ത്രങ്ങളുടെ മായാലോകത്തില്‍ വീണുപോകുന്ന സ്ത്രീകളും അവിടെ പുരുഷന്‍റെ ഭോഗ തൃഷ്ണയ്ക്കു തന്നെയാണ് ഇരയാകുന്നത്.ഈ സ്ഥിതി തുടര്‍ന്നാല്‍, പരസ്പരം ശത്രു പക്ഷത്ത് പ്രതിഷ്ഠിക്കുന്ന രണ്ട് വ്യത്യസ്ഥ ജന്തു വര്‍ഗ്ഗമായി സ്ത്രീയും പുരുഷനും മാറുമോ എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു.ഈ സ്ഥിതി വിശേഷത്തിന് പെട്ടെന്നൊരു മാറ്റം ആരും തന്നെ പ്രതീക്ഷിക്കേണ്ട.അമ്മമാരും പെണ്‍കുട്ടികളും സ്വയം ജാഗ്രത പുലര്‍ത്തുക.നാം ജീവിക്കുന്നത് വന്യ ജീവികള്‍ അധിവസിക്കുന്ന ഘോര വനത്തിലാണെന്നും ഏതു സമയത്തും വന്യ മൃഗങ്ങളില്‍ നിന്നുമുള്ള ആക്രമണത്തിന് നാം വിധേയരായേക്കാമെന്നുമുള്ള പ്രജ്ഞ  അവരിലുണ്ടായിരിക്കട്ടെ.ആരോഗ്യ പൂര്‍ണ്ണമായ ആണ്‍പെണ്‍,സൌഹൃദത്തിനിടയിലും സ്വയം മതി മറക്കാതിരിക്കുക.ഈ പ്രതിസന്ധിയെ നമുക്ക് ഓരോരുത്തര്‍ക്കും വിവേക പൂര്‍ണ്ണമായി സമീപിക്കാം.കുറ്റവാളികളെ കഴിവതും വേഗം മാതൃകാപരമായി ശിക്ഷിക്കനും കഴിയട്ടെ.

No comments:

Post a Comment