Tuesday, December 4, 2012

നാടകം തിരിച്ചുവരുന്നു......

കലാകരന്‍മാരെ പരിചയപ്പെടുത്തുന്ന സംവിധായകന്‍


പയ്യന്നൂരിലെ പ്രൊഫഷണല്‍ നാടകോല്‍സവവും തുടര്‍ന്ന് അരങ്ങേറിയ മഴപ്പാട്ട് എന്ന അമച്വര്‍ നാടക മത്സരവും അതേ തുടര്‍ന്ന് നടന്ന ചര്‍ച്ചകളും വിരല്‍, ചൂണ്ടുന്നത് തീര്‍ച്ചയായും നാടകത്തിന്‍റെ ഒരു ഗംഭീര തിരിച്ചുവരവിലേയ്ക്കാണ്.ആധുനിക കാലഘട്ടത്തിലെ ദൃശ്യ ശ്രവ്യമാദ്ധ്യമങ്ങളുടെ അപ്രമാദിത്തം താത്കാലികമായി ജനമനസ്സുകളെ നാടകം പോലുള്ള സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍,കഴിവുള്ള കലാരൂപങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു.ഗംഭീരവും പ്രൌഢവുമായ പയ്യന്നൂരിലെ കലാസ്വാദകരുടെ സാന്നിദ്ധ്യം വളരെ ആശാവഹമാണ്.കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ വളരെയധികം നാടകങ്ങള്‍ കാണാനുള്ള അവസരമുണ്ടായി.അതില്‍ എന്നെ അദ്ഭുതപ്പെടുത്തിയത് പ്രേക്ഷകരാണ്.ആസ്വാദനം-നാടകത്തിലെ വളരെ നിര്‍ണ്ണായകമായിട്ടുള്ള ഘടകം പ്രേക്ഷകര്‍,തന്നെയാണ്.നാടകത്തെ ഉയര്‍ത്തികൊണ്ടുവരുന്നതിന് നല്ല പ്രേക്ഷകരെ വാര്‍ത്തെടുക്കേണ്ടതുണ്ട്.കലാകാരന്‍മാരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തെയും തിരിച്ചറിഞ്ഞ് അത് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു കൂട്ടം പ്രേക്ഷകരെയാണ് നമുക്കാവശ്യം.തീര്‍ച്ചയായും ആ പ്രേക്ഷകമനസ്സുകളില്‍,ഈ കലാകാരന്‍മാര്‍,നന്മയുടെ വിത്ത് പാകുമെന്നും അത് മുന്‍കാലങ്ങളിലേതുപോലെ കാലികമായ സാമൂഹിക പരിഷ്കരണത്തിനുള്ള വഴിയൊരുക്കുമെന്നും ഉറപ്പാണ്.
പ്രൊഫഷണല്‍ നാടക മത്സരത്തില്‍,അവതരിപ്പിച്ച ഹരിശ്ചന്ദ്ര എന്ന നാടകം ഇന്ത്യയില്‍ കലാകാരന്‍മാര്‍,ഉണ്ടായതു മുതല്‍ അവതരിപ്പിക്കപ്പെട്ട കഥയാണെങ്കിലും സമൂഹത്തിലെ അഴിമതിയും സ്വാര്‍ത്ഥപരതയ്ക്കുമെതിരെ പ്രേക്ഷകരുടെ ശ്രദ്ധ താത്കാലികമായെങ്കിലും ക്ഷണിക്കാന്‍,സംവിധായകനു കഴിഞ്ഞിട്ടുണ്ട്.എന്തിനാണവളെയിങ്ങനെ മോഹിപ്പിച്ചത് എന്ന നാടകം സമൂഹത്തില്‍ മദ്യമേല്‍പ്പിക്കുന്ന ദൂഷിത ഫലങ്ങളെപററി  ഓര്‍മ്മിപ്പിക്കുന്നു.സ്നേഹ വീടാണെങ്കില്‍ തീവ്രവാദവും അക്രമത്തിനുമെതിരെ സമൂഹമനസ്സാക്ഷി തൊട്ടുണര്‍ത്തുന്നു.
ചെഗുവേര,കേളു എന്നീ നാടങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന മഞ്ജുളന്‍ സംവിധാനം ചെയ്ത മഴപാട്ട് ഒരു കൂട്ടം അമേച്വര്‍,കലാകാരന്‍മാര്‍,അതിമനോഹരമായി അവതരിപ്പിച്ചു.കാന്തനും കാന്തയും എന്ന ദമ്പദികളുടെ കഥപറയുന്ന ലളിതമായ കഥ നാടോടിപ്പാട്ടിന്‍റെ സഹായത്തോടെ അതിമനോഹരമായ ഒരു ദൃശ്യാവിഷ്കാരമായി മാറിയിരിക്കുന്നു.കുഴിമടിയനായ കാന്തനെ നേര്‍വഴികാട്ടി കര്‍മ്മോത്സുകനും ഊര്‍ജ്ജസ്വലനുമാക്കി മാറ്റുന്ന കഥ.കാന്ത പറഞ്ഞതനുസരിച്ച് ഊരു ചുറ്റുന്ന മടിയനായ കാന്തന് കള്ളന് കഞ്ഞിവയ്ക്കാന്‍ കഴിയില്ല.വെളിച്ചപാടില്‍നിന്ന് വെളിച്ചവും കിട്ടിയില്ല.മന്ത്രവാദിയ്ക്ക് കോഴി കൊടുത്തിട്ട് ഒരു പ്രയോജനവും ലഭിച്ചില്ല.നാടോടികളുടെ അടുത്തും പാവത്തിന് ആശ്വാസം കിട്ടുന്നില്ല.ഒടുവില്‍ അന്വേഷിച്ച് നടന്ന സ്ഥലത്തെത്തി അമ്മയുടെ അനുഗ്രഹം വാങ്ങി.അദ്ദേഹം യഥാര്‍ത്ഥത്തില്‍,തന്‍റെ ഭാര്യയുടെ അടുത്ത് തന്നെ എത്തിച്ചേരുന്നു.കാന്തന്‍ ജീവിതമെന്താണെന്ന് തിരിച്ചറിയുന്നു.ഉത്തരവിദിത്വം അദ്ദേഹത്തെ കര്‍മ്മോത്സുകനാക്കുന്നു.അവസാനം സന്തോഷത്തിന്‍റെ നന്മയുടെ മഴ പെയ്തിറങ്ങുന്നതോടെ നാടകം ശുഭപര്യവസായിയാകുന്നു.
നല്ല നാടകങ്ങള്‍ ഇനിയും നാടകാസ്വാദകരിലേയ്ക്ക് പെയ്തിറങ്ങട്ടെ....... 

No comments:

Post a Comment