സാർ...
അൽപ്പം മയ'ക്കത്തിലായിരുന്ന ഞാൻ കണ്ണു തുറന്ന് നോക്കി.
പിടി കിട്ടുന്നില്ല.ഒന്നുകൂടി തെളിച്ചു നോക്കി.
എൻ്റെ മുഖത്ത് വിരിഞ്ഞ നിസ്സഹായതയുടെ ചെറുപുഞ്ചിരിയിൽ നിന്നും ആൾ കാര്യം മനസ്സിലാക്കി.
സാർ ഞാൻ കുഞ്ഞിരാമൻ....
കണ്ണും കാതും തലച്ചോറും തമ്മിൽ ബന്ധിപ്പിക്കുന്ന സൂക്ഷ്മ നാഡികൾ ഒരു ഞെട്ടലോടെ എന്നെ ഓർമ്മപ്പെടുത്തി.ഞാൻ സ്ഥിരം കാണുകയും സംസാരിക്കുകയും ചെയ്യുന്ന കുഞ്ഞിരാമൻ്റെ മാസ്കില്ലാത്ത മുഖം എനിക്ക് തിരിച്ചറിയാൻ കഴിയാത്തതാണ് കാര്യം.
കൊറോണാ കാലത്ത് പരിചയപ്പെട്ട കുഞ്ഞിരാമൻ സർക്കാർ ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങളെ ശിരസാവഹിച്ച് വളരെ കൃത്യമായി മാസ്ക് ധരിക്കുന്ന ഒരു ഉത്തമ പൗരനാണ്. എൻ്റെ മനസ്സിൽ പതിഞ്ഞിട്ടുള്ള കുഞ്ഞിരാമൻ്റെ ചിത്രത്തിൽ മാസ്കും ഒരഭിവാജ്യ ഘടകമായിരുന്നു.
മാസ്ക് നിർബന്ധമല്ലെന്ന നിർദ്ദേശം വന്നതോടെ കുഞ്ഞിരാമൻ അതൊഴിവാക്കി.അത്രയും കാലം മാസ്ക് മറച്ചിരുന്ന കുഞ്ഞിരാമൻ്റെ മുഖത്തിൻ്റെ അംശം കുഞ്ഞിരാമന് വേറിട്ട പരിവേഷമാണ് നൽകുന്നത്.
ഇത് കുഞ്ഞിരാമൻ്റെ മാത്രം വിഷയമല്ല. മൂക്ക്, താടി, ചുണ്ട്, പല്ല്, ചിരി മുതലായുടെ സൗന്ദര്യവും സൗന്ദര്യമില്ലായ്മയും ഇരുപത്തഞ്ച് രൂപയുടെ മാസ്ക് വയ്ക്കുന്നതിലൂടെ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല.
ഇതൊരൊറ്റ പെട്ട സംഭവമായി എനിക് തോന്നിയിട്ടില്ല.
അവിവാഹിതനായ സദാനന്ദൻ വക്കീലിനും ഇതേ പറ്റുപറ്റി. അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥയെ കണ്ട് മോഹിക്കുകയും എന്നോട് വിശദ വിവരങ്ങൾ അന്വേഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു.സദാനന്ദൻ്റെ മനസ്സ് കീഴടക്കിയ സുന്ദരിയെ തേടി ഞാനെത്തിയത് എൻ്റെ ഓഫീസിന് സമീപത്തുള്ള ഓഫീസിലാണ്. ആളെ കണ്ടപ്പോൾ സദാനന്ദനെ കുറ്റം പറയാൻ കഴിഞ്ഞില്ല. ചഞ്ചലാക്ഷിയെന്ന പേര് അന്വർത്ഥമാക്കും വിധം നല്ല മനോഹരമായ കണ്ണുകളുള്ള സ്ത്രീ. കൂടുതലൊന്നും അന്വേഷിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ സദാനന്ദനെ അറിയിച്ചപ്പോൾ ആ കണ്ണുകൾ തന്നെയാണ് സദാനന്ദനെ ആകർഷിച്ചതെന്ന് ഞാൻ മനസ്സിലാക്കി. കൂടുതൽ കാര്യങ്ങൾ ഏതു വിധേനയും ചോദിച്ചറിയാമെന്ന് ഞാൻ ഉറപ്പു നൽകി.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സദാനന്ദൻ തൻ്റെ ക്ഷണികമായ പ്രണയം തകർന്ന കാര്യം എന്നെ അറിയിച്ചു.പരവശ വിവശനായ സദാനന്ദൻ ചഞ്ചലാക്ഷിയെ പിന്തുടർന്നെത്തിയത് റെയിൽവെ സ്റ്റേഷനിലെ റ്റീ സ്റ്റാളിൽ. അവിടെ മാസ്ക് ഊരിയെടുത്ത് ചായ കുടിച്ചു കൊണ്ടിരുന്ന ചഞ്ചലാക്ഷിയുടെ മുഖം ഒരു വലിയ ഞെട്ടലോടെയാണ് സദാനന്ദൻ കണ്ടത്. തന്നെക്കാൾ പത്ത് വയസ്സെങ്കിലും കുടുതൽ വയസ്സുള്ള സ്ത്രീയോട് തനിക്ക് പ്രണയം തോന്നിയതിൽ സദാനന്ദൻ കുറ്റം പറഞ്ഞത് മാസ്കിനെയാണ്.
രോഗ പ്രതിരോധത്തിൻ്റെ മറയിൽ ഇങ്ങനെ എന്തൊക്കെ കുസൃതികളാണ് ഈ മാസക് ഒപ്പിക്കുന്നത്.
പിന്നെ എന്നും ഷേവ് ചെയ്യേണ്ട, മീശ രോമങ്ങളിലെ വെള്ളി വരകൾ കറുപ്പിക്കേണ്ട, ഇഷ്ടമില്ലാതെ ആരെയും ചിരിച്ച് കാണിക്കേണ്ട. കാഴ്ചക്കാരൻ്റെ ഭാവനയ്ക്കൊത്ത് നമ്മുടെ മുഖം അവരുടെ മനസ്സിൽ തെളിഞ്ഞു കൊള്ളും.
ഈയിടെ സഹയാത്രികനായി വന്ന ജലീൽ അപരിചിതത്വം ഭാവിച്ചത് എന്നെ വിഷമിപ്പിച്ചുവെങ്കിലും എന്നെ പരിചയപ്പെടുത്താൻ ഞാൻ പോക്കറ്റിലുണ്ടായിരുന്ന മാസ്ക് പുറത്തെടുക്കുകയും ധരിച്ച് കാണിക്കുകയും ചെയ്തതോടെ ജലീൽ എന്നെ തിരിച്ചറിഞ്ഞത് മറ്റൊരു തമാശ.
ഇതൊക്കെയാണെങ്കിലും ജാഗ്രത ഒഴിവാക്കേണ്ട.സാമൂഹിക അകലവും മാസ്കുമൊന്നും ഒഴിവാക്കേണ്ട. കരുതലോടെ നീങ്ങാം. ദുരിതങ്ങൾക്കൊപ്പം ആശ്വാസത്തിന് ചില തമാശകൾ കാലം നമുക്കായി കാത്തു വച്ചിട്ടുണ്ടാകാം...
No comments:
Post a Comment