ഇന്ന് ലോക റേഡിയോ ദിനം.
അദ്ഭുത വേഗത്തിൽ മാറികൊണ്ടിരിക്കുന്ന നമ്മുടെ ജീവിത സാഹചര്യത്തിൽ നാടും വീടും പഴമയും മറക്കാതെ നന്മയുടെ നറു തേൻ തുള്ളികൾ നമുക്കായ് സൂക്ഷിച്ചു കൊണ്ട് റേഡിയോ ഇന്നും സംപ്രേക്ഷണം തുടരുന്നു.പഴഞ്ചൻ മാദ്ധ്യമമാണെന്ന ആക്ഷേപം നിലനികെ തന്നെ ഒന്നിനും സമയം കിട്ടാതെ ഒടിനടക്കുന്ന മനുഷ്യർക്ക് ഏറ്റവും ചുരുങ്ങിയ ചിലവിൽ വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന റേഡിയോയിലേയ്ക്കുള്ള മടക്കയാത്ര ആസന്നമാണ്.പ്രത്യേകിച്ച് ശ്രദ്ധ കൊടുക്കാതെ തന്നെ നമ്മുടെ ബോധമണ്ഡലത്തിൽ ഗാനമായും വാർത്തയായും ഗൗരവമേറിയ ചർച്ചയായും ശബ്ദ വീചികൾ നമ്മേ തേടിയെത്തും.വീട്ടു ജോലിക്കിടയിലും മറ്റു കാര്യങ്ങൾക്കിടയിലും റേഡിയോ തൻറെ കർത്തവ്യം നിർവഹിക്കുന്നു.ആകാശവാണി തുറക്കുന്ന സംഗീതം ആരിലാണ് ഗൃഹാതുരമായ ഓർമയുണർത്താത്തത്.
സുഭാഷിതം കേട്ട് ഒരു നല്ല ദിവസത്തിൻറെ തുടക്കം,സംക്ഷിപ്തമായ വാർത്ത ഇംഗ്ലീഷിൽ,നാനാ ജാതി മതസ്ഥരുടെ ഭക്തിഗാനങ്ങൾ,നാട്ടു വാർത്ത,തീവണ്ടി സമയം, പ്രാദേശിക വാർത്ത,സംസ്കൃത ,വാർത്ത,കവിതാലാപനം,അതാത് ദിവസം പ്രസക്തമായ ഡോക്യുമെൻറ റികൾ,ഡൽഹി വാർത്ത,ചലചിത്രഗാനങ്ങൾ,വിവിധ കലാരൂപങ്ങൾ , യുവവാണി,ഹിന്ദി പാഠം,സംഗീത പാഠം,കച്ചേരി,ചർച്ചകൾ,റേഡിയോ നാടകങ്ങൾ,കമൻററികൾ,കഥാപ്രസംഗം,ഡോക്ടറോടു ചോദിക്കാം,നിങ്ങളാവശ്യപെട്ട ഗാനങ്ങൾ,എഴുത്തു പെട്ടി അങ്ങനെ പോകുന്നു പരിപാടികൾ.ഇതൊക്കെ മറ്റൊരു പ്രവൃത്തിയിൽ ഏർപെട്ടിരിക്കെ പരോക്ഷമായി നമുക്ക് ആസ്വദിക്കാൻ കഴിയുന്നു.നല്ല അവതരണത്തിലൂടെ ആസ്വാദകൻറെ ,ഭാവനയുണരുന്നു.മനുഷ്യൻറെ സ്ഥലകാലങ്ങൾക്കും സന്മാർഗികതയ്ക്കും ഒരുവിലയും കൽപിക്കാതെ സംപ്രേഷണം ചെയ്യുന്ന ടി വി സീരിയലുകൾക്ക് മേൽ റേഡിയോ അധിപത്യം പുലർത്തേണ്ടത് കാലത്തിൻറെ ആ വശ്യമാണ്.എഫ് എം റേഡിയോകൾ സാർവത്രികമായതോടെ ഇന്ന് നിലവാരമുള്ള ഡിജിറ്റൽ ശബ്ദം റേഡിയോയിലൂടെ ലഭ്യമാണ്. പ്രഭാതഭേരി കേട്ട് വീട്ട് ജോലി ചെയ്യുന്ന വീട്ടമ്മയും, വാർത്തകൾ കേട്ട് ലോക പരിചയവും ഭാഷാ പരിചയവും നേടുന്ന യുവതലമുറയും,കുടുംബ സദസുകളിൽ പിന്നണി പാടുന്ന ഗാന വീചികളും.ആകാശവാണി പരിപാടികൾ കേൾകുന്ന സൗഹൃദ സായാഹ്നങ്ങളും രാവേറുന്നതുവരെ വിരസതയും ആയാസവും ഒഴിവാക്കാൻ നാടകവും സംഗീതവും ആസ്വദിക്കുന്നവരും തിരികെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
No comments:
Post a Comment