Saturday, May 31, 2014

നല്ല കുട്ടി.


ലോക പുകയില വിരുദ്ധ ദിനം  31-പുകവലിച്ച് ലഹരിയുടെ ഉന്മാദത്തിന്‍റെ തീരങ്ങളിലെത്താന്‍ കൊതിക്കുന്ന മനുഷ്യര്‍. മനുഷ്യന്‍റെ അദ്ഭുതപ്പെടുത്തുന്ന ഓരോ കണ്ടു പിടിത്തങ്ങള്‍ .ബീഡി സിഗരറ്റ്...ഹുക്ക....പുക വലിച്ചെടുത്ത് പുറത്തുവിടുമ്പോഴുള്ള അ വാച്യമായ അനുഭൂതി.
മൂക്കിലൂടെ പുകവിട്ട്,വായിലൂടെ മേഘശഘലങ്ങള്‍ പോലെ അന്തരീക്ഷത്തിലേയ്ക്ക് നീന്തിതുടിക്കുന്ന പുക, തള്ള വിരലിനും ചൂണ്ടു വിരലും കൊണ്ട് പിടിച്ച് തീയുള്ള അറ്റം കൈപത്തികൊണ്ട് മറച്ച് രഹസ്യമായി വലിച്ച് താനൊരു സാധാരക്കാരനല്ല എന്ന് അടിവരയിടുന്നവര്‍.പൊതു സ്ഥലത്ത് അഭിമാനത്തോടെ, ചൂണ്ടുവിരലിനും നടുവിരലിനും ഇടയില്‍,വച്ച് തെല്ല് അഹങ്കാരത്തോടെ വലിക്കുന്നവര്‍,പൊതു സ്ഥലത്ത് മറ്റുള്ളവരുടെ മുഖത്തേയ്ക്ക് പുക ഊതിവിടുന്ന ഊച്ചാളികള്‍.കുട്ടികളെ വിവിധ രീതിയില്‍ പുകവിട്ട് അദ്ഭുതപ്പെടുത്തുന്നവര്‍.ഭക്ഷണത്തിനു ശേഷം വലിയ്ക്കുന്നവര്‍ ഭക്ഷണത്തിനു മുമ്പ് വലിക്കേണ്ടവര്‍ ഉറങ്ങാന്‍, വലിക്കുന്നവര്‍ ഉണര്‍ന്ന ഉടന്‍ വലിക്കുന്നവര്‍,കക്കുസില്‍,പോകാന്‍ വലിക്കുന്നവര്‍,കുരച്ച് കുരച്ച് ചാകാറായെങ്കിലും വാശിയോടെ വലിക്കുന്നവര്‍ അങ്ങനെ പുകവലിയുടെ കാഴ്ചകള്‍ പലവിധം.
എന്താണ് യഥാര്‍ത്ഥത്തില്‍, ഈ വലി.വലിയ്ക്കുന്നതു കൊണ്ട് വലിയ്ക്കുന്നയാള്‍ക്ക് എന്താണ് ലഭിക്കുന്നത്.ഭൂമിയില്‍ ഏറ്റവും ബുദ്ധിമാനായ ജന്തു മനുഷ്യനാണ്.എന്നാല്‍ തന്‍റെ ജീവനും സുരക്ഷയ്ക്കും ഹാനികരമാകുന്ന കാര്യങ്ങളിലേയ്ക്ക് എത്തിപെടാനുള്ള  ത്വരതന്നെയാണ് അവ‍ന്‍റെ പ്രത്യേകത. അവന്‍,പുതിയ പുതിയ തലങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ്.മദ്യപാനം,പുകവലി,അമിതമായ ഭക്ഷണം,എണ്ണയില്‍, വറുത്ത ഭക്ഷണം,വിഷലിപ്തമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍,മധു,ഇതര ലഹരി പദാര്‍ത്ഥങ്ങള്‍,-ഇവയില്‍ നിന്ന് ലഭിക്കുന്ന താത്കാലിക സുഖത്തിനായി അവന്‍ തന്‍റെ ജീവന്‍, തന്നെ പണയപ്പെടുത്തുന്നു.
പറഞ്ഞുവരുമ്പോള്‍ ഞാനും ഒരു പുകവലിക്കാരനായിരുന്നു.എന്തിനാണ് ഞാന്‍ ഒരു പുകവലിക്കാരനായത്.പിന്നീടെന്തിനാണ് ഞാനത് ഒഴിവാക്കായത്.അതില്‍ യാതൊരു സുഖവും ലഭിക്കുന്നില്ല എന്ന തിരിച്ചറിവു തന്നെയാണ് എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചത്.എനിയ്ക്ക് ഉന്മേഷം പകരുവാനോ സന്തോഷം പകരുവാനോ അത് ഉപകരിച്ചില്ല.പകരം ചാരവും പുകയും ഭൂമിയ്ക്ക് സമ്മാനിച്ചു.
കോളേജില്‍, പഠിക്കുന്ന കാലം,നാട്ടിലെ ടീമിനുവേണ്ടിയും കോളേജ് ടീമിനുവേണ്ടിയും സജീവമായി ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന കാലം.സാമാന്യം തരക്കേടില്ലാത്ത കളിക്കാരനായിരുന്നു.എന്നാല്‍ കോളേജിലും നാട്ടിലും നല്ല കുട്ടി എന്ന ഒരു പരാമര്‍ശം എന്നെകുറിച്ചുണ്ടായിരുന്നു.ഇത് എന്നെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.ആരും എന്നോട് ഒരു തമാശ പോലും പറയില്ല.പലരും രസകരമായ കാര്യങ്ങള്‍ പരസ്പരം ചെവിയില്‍, പറഞ്ഞ് ചിരിക്കുന്നു.എന്‍റെ ക്ലാസ്സ് മേറ്റ് പുരുഷന്‍മാര്‍, എല്ലവരും വലിക്കുമായിരുന്നു. കോളേജിലെ സഹക്രിക്കറ്റ് കളിക്കാര്‍ നന്നായി മദ്യപിക്കും.തലശ്ശേരിയില്‍,ഇന്‍റര്‍,കോളേജിയറ്റ് മത്സരത്തിന് തലേന്ന് എല്ലാവരും മദ്യപിക്കും.പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന പ്രദീപന്‍,പോലും മദ്യപിച്ച് വഷളത്തരം പറഞ്ഞ് കൈയ്യടി നേടി.അവരൊക്കെ ആസ്വദിക്കുന്നു.എന്നാലെന്താ നന്നായി പഠിക്കുന്നു,നന്നായി കളിക്കുന്നു,പെണ്‍കുട്ടികളോട് സല്ലപിക്കുന്നു.എന്നെ ഏറെ വിഷമിപ്പിച്ചത് ക്ലാസ്സിലെ സുന്ദരിയായ സുനന്ദ ഷാജിയോടുതമാശ രൂപത്തില്‍  എന്നെ വഴിതെറ്റികരുതെന്ന് പറഞ്ഞ് ചിരിച്ചതാണ്.ഒരു പ്രത്യേക രീതിയിലാണ് പെണ്‍കുട്ടികള്‍, പോലും എന്നെ കണ്ടിരുന്നത് ഞാന്‍ പാവമാണുപോലും.ഒറ്റപെടുന്നതായി എനിയ്ക്ക് തോന്നി.അങ്ങനെ എന്തെങ്കിലുമൊക്കെ ശീല(ദു) എനിയ്ക്കും വേണമെന്ന് തോന്നിതുടങ്ങി.അങ്ങനെ സ്പെഷ്യല്‍ ക്ലാസ്സുള്ള ഒരു ദിവസം കൈവെള്ളയുടെ സുരക്ഷിത വലയത്തില്‍,കത്തിച്ച സിഗരറ്റുമായി ഞാന്‍ ആരംഭിച്ചു.ചുമയ്ക്കാതിരിക്കാന്‍ ശ്രമിച്ചു.ഞാന്‍ വലിക്കുന്നത് കണ്ട് കൂട്ടുകാര്‍ എനിയ്ക്ക് നേരത്തെ വലിയ്ക്കുന്ന ശീലമുണ്ടെന്നും ഞാന്‍,കേമനാണെന്ന് അഭിപ്രായപെട്ടത് എനിയ്ക്ക് സന്തോഷം പകര്‍ന്നു.പെണ്‍കുട്ടികള്‍, എന്‍റെ ശീലം കണ്ടുപിടിയ്ക്കണമെന്ന് ഞാനാഗ്രഹിച്ചു.എല്ലാവരുമൊത്ത് വലിയ്ക്കുന്ന ആ അവസരത്തിനായി ഞാന്‍ കാത്തിരുന്നു.ദിവസവും ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം ഒരു വലി ശീലമായി.കൂട്ടുകാരുടെ ഇടയില്‍ അംഗീകാരമെന്നതിലുപരി യാതൊരു സന്തോഷവും എനിയ്ക്ക് ലഭിക്കുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കളോട് ഞാന്‍ പറഞ്ഞെങ്കിലും എനിയ്ക്ക് വലിയ്ക്കാനറിയാത്തതു കൊണ്ടാണെന്ന് അവര്‍ വിലയിരുത്തി.എന്‍റെ വലി നാട്ടിലുമെത്തി ഓരോ ആഴ്ചയിലും ഓരോ പ്രദേശത്തായി നടക്കുന്ന ടൂര്‍ണ്ണമെന്‍റുകളില്‍, ഓരോ വിജയത്തിനുശേഷവും ഒരു സിഗററ്റ്,പരാജയപ്പെട്ടാല്‍ വിഷമമകറ്റാന്‍ ഒരു സിഗരറ്റ്.എനിയ്ക്ക് യാതൊരു സംതൃപ്തിയും ലഭിച്ചിരുന്നില്ലെങ്കിലും മറ്റുള്ളവരെ കാണിക്കാന്‍ ഞാന്‍,വലി തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതു കണ്ടെത്തിയ ഞാന്‍ നല്ല കുട്ടിയാണെന്ന് നേരത്തെ അഭിപ്രായപ്പെട്ട പലരും എന്നെ ഉപദേശിച്ചു.ഒരു പ്രതികാരം ചെയ്ത തൃപ്തിയോടെ സിനിമയിലെ നായകനെ പോലെ ഞാനവരെ നോക്കി പുഞ്ചിരിച്ചു.നല്ല കുട്ടി എന്ന ചീത്തപേര് ഒഴിവാക്കാനുള്ള എന്‍റെ ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.ഇതിനിടയില്‍ ചില വളിച്ച തമാശകളും ഞാന്‍ പഠിച്ചു വച്ചിരുന്നു.
അവസാനം 1992 മെയ് 31 ലെ മാതൃഭൂമി ദിന പത്രത്തിലെ ഫീച്ചര്‍ വായിച്ചതോടെ ഞാന്‍, വലി നിര്‍ത്താന്‍ തീരുമാനിച്ചു.അന്നാണ് ഞാന്‍, അവസാനമായി പുകവലിച്ചത്.ചിന്മയ മിഷന്‍ സ്കൂളില്‍, ജോലി കിട്ടി ആദ്യ സ്റ്റാഫ് മീറ്റിംഗിനു ശേഷം,ഒരു ചായ അകത്താക്കി സഹ അദ്ധ്യാപകരുടെ മുമ്പില്‍ മോശമാകാതിരിക്കാന്‍ ഒരു വലി.അന്നത്തെ പത്രത്തില്‍ ഞാനെന്താണ് വായിച്ചതെന്ന് എനിയ്ക്ക് ഓര്‍മ്മയില്ലെങ്കിലും എന്‍റെ മനസ്സിലെ തെറ്റായ ധാരണകള്‍, നീക്കാന്‍ അതുപകരിച്ചു.

ഭൂമിയിലെ ജീവിതം എത്രകണ്ട് ദുഷ്കരമാണെങ്കിലും അതിനെ ആനന്ദപൂര്‍ണ്ണമാക്കാനുള്ള എല്ലാ വിഭവങ്ങളും ഈ ഭൂമിയിലുണ്ട്.അതിനെ കണ്ടെത്തി ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നതിന് ശ്രമിക്കാതെ സ്വയം നശിപ്പിക്കാനുള്ള പ്രവണതകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍, മനുഷ്ര്‍ക്ക് കഴിയട്ടെ എന്ന് ഈ ലോക പുലയില വിരുദ്ധദിനത്തില്‍, ഞാന്‍ ആഗ്രഹിക്കുകയാണ്.

No comments:

Post a Comment