Wednesday, October 9, 2013

കുട്ടികളുടെ അരങ്ങൊരുക്കം


നാടകത്തെ ഏറെ ഇഷ്ടപ്പെടുന്ന എനിയ്ക്ക് പഞ്ചായത്ത് നടപ്പിലാക്കിയ അരങ്ങൊരുക്കം എന്ന കുട്ടികളുടെ നാടക പരിശീലന കളരി നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെട്ടതില്‍,അതിയായ സന്തോഷം ഉണ്ട്.മൂന്നു ദിവസങ്ങളിലായി പുതിയയ കണ്ടം സര്‍ക്കാര്‍, യു പി സ്കൂളില്‍ വച്ച് നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത അമ്പതോളം കുട്ടികളുടെ ക്യാമ്പിലെ സജീവ പങ്കാളിത്തവും താത്പര്യവും കണ്ടപ്പോള്‍, ഇന്ന് നമ്മുടെ കുട്ടികള്‍ക്ക്,ഇത്തരം ആസ്വാദനങ്ങള്‍ എത്രത്തോളം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തോന്നിപ്പോയി.നാടകങ്ങള്‍ കണ്ടിട്ടു പോലുമില്ലാത്തകുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു.ടി വി യിലും സിനിമയിലും റിയാലിറ്റി ഷോയിലും മറ്റും പല കാര്യങ്ങളും കുട്ടികള്‍ കാണുന്നുണ്ടെങ്കിലും ഒന്നിച്ച് ചേര്‍ന്ന കളിയും തമാശയുമായി അഭിനയത്തിന്‍റെ ബാലപാഠങ്ങള്‍,വളരെ സന്തോഷത്തോടെയാണ് അവര്‍ സ്വായത്തമാക്കിയത്.ക്യാമ്പിന്‍റെ അവസാനം കുട്ടികള്‍ അവതരിപ്പിച്ച നാടകങ്ങള്‍,ക്യാമ്പ് എത്രത്തോളം ഫലവത്തായിരുന്നു എന്ന് കാണിച്ചു തന്നു.അസാമാന്യ മികവോടെയാണ് കുട്ടികള്‍ ചുരുങ്ങിയ കാലം കൊണ്ട് നാല് മികച്ച നാടകങ്ങള്‍, സ്വയം രൂപപ്പെടുത്തിയെടുത്തത്.ക്യാമ്പിന് നേതൃത്യം കൊടുത്ത ക്യാമ്പ് ഡയറക്ടര്‍ പ്രകാശന്‍ കരിവെള്ളൂര്‍,ക്യാമ്പിന് ശേഷം അതിയായ സംതൃപ്തി പ്രകടിപ്പിച്ചു.ക്യാമ്പിന് തുടര്‍ച്ച  ഉണ്ടായിരിക്കണമെന്നും കുട്ടികള്ക്ക് തുടര്‍,പരിശീലനം നല്കിപയാല്‍,അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.അദ്ദേഹത്തിന്‍റെ സഹായികളായി ക്യാമ്പില്‍ പങ്കെടുത്ത രാജേഷ് കീഴത്തൂര്‍,പ്രകാശന്‍ കടമ്പൂര്‍,എന്നിവര്‍ ഡയറക്ടറുടെ അഭിപ്രായത്തോട്  യോജിച്ചു.പുതിയ കണ്ടം സ്കൂളിലെ പ്രധാനാദ്ധ്യപകന്‍ ശ്രീ വിജയന്‍, വളരെ ആത്മാര്ത്ഥതയോടെ പദ്ധതിയുടെ നിര്‍വ്വഹണം നടത്തി.വാര്‍ഷിക പദ്ധതിയില്‍,കുട്ടികള്‍ക്കായി ഈ പ്രൊജക്ട് ഉള്‍പെടുത്താനുള്ള എന്‍റെ നിര്‍ദ്ദേശം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ ടീച്ചര്‍,വൈസ് പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണന്‍ എന്നിവര്‍,പൂര്ണ്ണര മനസ്സോടെയാണ് സ്വീകരിച്ചത്.

അജാനൂരിന്റെ് നാടക സംസ്കാരം തിരകെ പിടിക്കാനുള്ള ശ്രമമെന്നോ അടുത്തു വരാനിരിക്കുന്ന സ്കൂള്‍ യുവജനോത്സവത്തിലെ വിജയമോ ഒന്നും ഞങ്ങള്‍, അവകാശപ്പെടുന്നില്ല.ഇത് പഞ്ചായത്തിലെ സര്‍ക്കാര്‍, സ്കൂളില്‍,പഠിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍,ഉണര്‍ത്തുവാനുള്ള ഒരു എളിയ ശ്രമം മാത്രം.

ക്യാമ്പിന് ശേഷം പരിഞ്ഞുപോകുന്നതിന് മുമ്പ് ഓരോ കുട്ടികളും മനസ്സാ ആഗ്രഹിച്ചിട്ടുണ്ടാകണം ഇനിയും ഇത്തരം ക്യാമ്പുകള്‍ ഉണ്ടാകണേ എന്ന്.

ക്യാമ്പിന്‍റെ തുടര്‍ച്ചയായി         ഒരു ക്യാമ്പും കൂടി ഈ വര്‍ഷം  തന്നെ സംഘടിപ്പിക്കുവാന്‍ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം            തന്നെ കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍, സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.

Sunday, October 6, 2013


സംഗീതാര്‍ച്ചന


പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവാരാത്രി സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.നാദമയിയായ ദേവിയ്ക്ക് സംഗീതാര്‍ച്ചന ക്ഷേത്രങ്ങളില്‍,സര്‍വ്വ സാധാരണമാണ്.സാധാരണയായി കര്‍ണ്ണാടക സംഗീതാര്‍ച്ചനയാണ് നടത്തിവരുന്നത്.എന്നാല്‍ ക്ഷേത്രാങ്കണത്തിലരങ്ങേറിയ ആദ്യ രണ്ട് ദിവസത്തെ പരിപാടികള്‍,വ്യത്യസ്ഥത പുലര്‍ത്തിയതു കൊണ്ടു തന്നെ ശ്രദ്ധേയമായി.
സോപാന സംഗീത വിദഗ്ദ്ധനായ ഞരളത്ത് ഹരിഗോവിന്ദന്‍, ഇടയ്ക്കയുടെയും മിഴാവിന്‍റെയും മേളങ്ങളോടെ അവതരിപ്പിച്ച കൂട്ടുകൊട്ടിപാട്ട് ശ്രദ്ധേയമായി.ദാസ്യ ഭക്തിയുടെ പ്രതിരൂപമായ സോപാന സംഗീതാലാപനത്തിലും ശൈലിയിലും വ്യത്യസ്ഥത പുലര്‍ത്തി.കവിതയും നാടന്‍പാട്ടും സിനിമാ ഗാനങ്ങളും ശ്രീ ഹരിഗോവിന്ദന്‍, ആലപിച്ചു.കാനനവാസനായ ശാസ്തവിനെ സ്മരിച്ചു കൊണ്ട് കാടില്ലാതാകുന്ന അവസ്ഥ സുഗതകുമാരിയുടെ കവിതയിലൂടെ അവതരിപ്പിക്കപ്പെട്ടു.അനശ്വര പ്രണയ കാവ്യമായ ഗീതാ ഗോവിന്ദത്തിന്‍റെ ആലാപനത്തിലൂടെ മഴയില്‍ കുതിര്‍ന്ന സായാഹ്നമായിട്ടും പരിപാടി കാണാനെത്തിയ സദസ്സിന് സന്തോഷം പകര്‍ന്നു.പരിപാടിയിലുടനീളം നന്മയുടെ പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍,ഗായകന്‍ മറന്നില്ല.മഴയെ ശപിക്കാതെ മഴയുടെ സംഗീതത്തിലും താളത്തിലും ആനന്ദം കണ്ടെത്താന്‍,  അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.ക്ഷേത്രത്തില്‍ നടയടച്ച് വിഗ്രഹ പൂജ നടത്തുന്ന അവസരത്തില്‍,വിഗ്രഹത്തെ മനസ്സില്‍,കണ്ട് ലയിച്ച് പാടുന്ന സോപാന സംഗീതം പാടുന്നവരുടെ എണ്ണം ഇന്ന് വിരലിലെണ്ണാവുന്നതുമാത്രമാണ്.
ഇടയ്ക്ക എന്ന 64 പൂച്ചെണ്ടുകള്‍, കെട്ടിത്തൂക്കിയ  വാദ്യത്തിന്‍റെ പൂര്‍ണ്ണ വിവരണം അദ്ദേഹം നല്‍കി.കാട്ടാറിന്‍രെയും കാട്ടരുവികളുടെയും സംഗീതാത്മകമായ കളകള നാദം കേട്ട് വളര്‍ന്ന മരത്തില്‍, നിന്ന് ഉണ്ടാക്കുന്ന ഈ ചെണ്ടയുടെ നിര്‍മ്മാണം ശാസ്ത്രയുക്തമാണ്.ഒറ്റ കൈ കൊണ്ട് കലാകരന്‍ കാണിക്കുന്ന ധ്വനി വിസ്മയം അദ്ഭുതാവഹമാണ്.മറ്റെ കൈ കൊണ്ട് ഇടയ്ക്കയുടെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിച്ചുകൊണ്ട് ഉണ്ടാക്കുന്ന ധ്വനി തരംഗങ്ങള്‍,വര്‍ഷങ്ങളുടെ ധ്യാനത്തിന്‍റെയും ഉപാസനയുടെയും ഫലമാണ്.അഞ്ചോളം ധ്വനി മുഖങ്ങളില്‍ കൊട്ടി ഉണ്ടാക്കുന്ന പാശ്ചാത്യ ഡ്രം ബീറ്റിനെക്കാളും ഒറ്റ ധ്വനി മുഖത്തു നിന്ന് ഇടയ്ക്കയിലൂടെ ഉണ്ടാകുന്ന താളലയങ്ങള്‍ എന്തുകൊണ്ടും അദ്ഭുതാവഹവും വിസ്മയ പൂര്‍ണ്ണവുമാണ്.ശ്രീധരന്‍ പെരിങ്ങോട് ഇടയ്ക്ക വായിച്ചു.
മിഴാവ് എന്ന വാദ്യോപകരണത്തിന്‍റെ അനന്ത സാദ്ധ്യതകളും പ്രേക്ഷകര്‍ക്ക് അനുഭവ വേദ്യമായി.കുടത്തിന്‍റെ വായില്‍,തോല്‍കെട്ടി കൂത്തംബലങ്ങളില്‍,ഉപയോഗിച്ചുവരുന്ന മിഴാവ് ഉണ്ടാക്കികഴിഞ്ഞാല്‍,ഉപനയനാദിക്രിയകള്‍ ചെയ്ത് കൂത്തംബലത്തില്‍,പ്രതിഷ്ഠിക്കുകയും കാലഹരണപെട്ടതിനുശേഷം അതിന്‍റെ മരണാന്തര ക്രിയകളും ചെയ്തിരുന്നുവത്രെ.കലാമണ്ഡലം ശ്രീ രതീഷ് ദാസ് വളരെ നന്നായി മിഴാവ് കൈകാര്യം ചെയ്തു.
ഇടയ്ക്കയും മിഴാവും  കര്‍ണ്ണാടക സംഗീതത്തിന് തബലയ്ക്കും മൃദംഗത്തിനും പകരമായി ഉപയോഗിക്കാവുന്നതാണെന്നും ശ്രീ ഹരിഗോവിന്ദന്‍ കൂട്ടി ചേര്‍ത്തു.
പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍,കഴിഞ്ഞ ആറു മാസങ്ങളായി കൊമ്പ് വായിക്കുന്നതിന് പരിശീലനം നേടിവന്നിരുന്നവരുടെ അരങ്ങേറ്റമായിരുന്നു രണ്ടാം ദിവസം.ആറുമാസങ്ങളായി പരിസരവാസികള്‍ക്ക് പഠന പ്രക്രിയയുടെ ഭാഗമായി അരോചകമായ ശബ്ദം  നീരസത്തിനിടയാക്കിയിട്ടുണ്ടാകാമെങ്കിലും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ കൊമ്പ് വാദ്യം ഏവര്‍ക്കും ഹൃദ്യമായി.കാലഹരണപെട്ടുകൊണ്ടിരിക്കുന്ന ഇത്തരം കലകളെ നിലനിര്‍ത്തുന്നതിന് ഒരു കൂട്ടം സാംസ്കാരിക പ്രവര്‍ത്തകര്‍,നടത്തിയിട്ടുള്ള ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്.ഏതായാലും ജീവനോപാധിയായി തിരഞ്ഞെടുത്ത തൊഴിലയിരിക്കില്ല ഇത്.ഇത്തരം എളിയ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ പല കലാരൂപങ്ങളും കാലഹരണപ്പെട്ടു പോകും.ഉദ്ഘാടന ചടങ്ങില്‍ ഒരു പ്രാസംഗികന്‍,സൂചിപ്പിച്ചതു പോലെ ക്ഷേത്രകലകള്‍ക്ക് സര്‍ക്കാര്‍, പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഉത്സവ കലാകരന്‍മാരെയും നാം പരിഗണിക്കേണ്ടതുണ്ട്.
തുടര്‍ന്ന് മട്ടന്നൂര്‍,പത്മ ശ്രീ ശങ്കരന്‍, കുട്ടി മാരാറുടെ നേതൃത്വത്തില്‍, നടന്ന ചെണ്ടമേളം അതിഗംഭിരമായി.കൊട്ടിന്‍റെ ലഹരി അന്തരീക്ഷത്തിലും പ്രേക്ഷകരിലും എത്തിക്കുന്ന ഈ അസുരവാദ്യമായ ചെണ്ട കൊട്ടുമ്പോഴും കലാകരന്‍മാരുടെ മുഖത്ത് ഒരു അസാമാന്യമായ ശാന്തതയാണ് കാണുന്നത്.അവരില്‍ പലരുടെ മുഖത്തും ഒരു നിസ്സംഗ ഭാവമാണ്.പലരും ഇതിനിടയിലും കുടുംബത്തിലെ പ്രാരാബ്ധങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ടാകാം.എങ്കിലും കൂട്ടത്തിലെ നേതാവില്‍നിന്ന്  താളത്തിന്‍റെ കാലം മാറുന്ന ഒരു സൂചന കിട്ടിയാല്‍ മതി വീണ്ടും പ്രജ്ഞ വീണ്ടെടുത്ത് താളത്തിന്‍റെ ഗതിയ്ക്കനുസരിച്ച് നീങ്ങും.

സംഗീതോത്സവത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍, വ്യത്യസ്ഥങ്ങളായ കലാകരന്‍മാരെയും ശൈലിയുമാണ് നമ്മെ കാത്തിരിക്കുന്നത് 

Saturday, October 5, 2013

ദയാ ഹരജി



പ്രിയപ്പെട്ടവരെ...........,

.......ജീവിക്കാന്‍ ഞങ്ങള്‍ക്ക് മോഹമില്ല....എന്നാല്‍ ഇപ്പോള്‍ മാന്യമായി മരിക്കാന്‍ ഒരു മോഹം തോന്നുന്നു...അതുകൊണ്ട് ചോദിക്യാ......ഞങ്ങളെ കൊല്ലാക്കൊല ചെയ്യാതിരിക്കാന്‍ പറ്റ്വോ..............
ഇല്ല അല്ലേ........സാരല്ല.....

ഹൃദയപൂര്‍വ്വം



പാതവക്കിലൂടെ നടന്നു നീങ്ങുമ്പോള്‍ അങ്ങകലെ പടിഞ്ഞാറെ കവലയില്‍, നിന്ന് ഹൃദയകുമാരി നടന്നു വരുന്നു.അയാളുടെ ഹൃദയം ഒന്നു പിടഞ്ഞു.അടുത്തെത്തിയപ്പോള്‍,അയാള്‍ ഹൃദ്യമായി പുഞ്ചിരിച്ചു.ഹൃദയ കുമാരി പ്രതികരിച്ചില്ല.അന്നു രാത്രി അയാള്‍ തന്‍റെ         ആദ്യ പ്രണയ ലേഖനത്തിന് തുടക്കം കുറിച്ചു.എന്‍റെ ഹൃദയേശ്വരീ......സായാഹ്നത്തില്‍ കടലോരത്ത് അവര്‍ ഹൃയം തുറന്നു.ഇരു ഹൃദയങ്ങളും ഒന്നായി.അയാളുടെ ഹൃദയം തുളുമ്പി.ഹൃദയേശ്വരി സന്തോഷിച്ചു.ഇത്രയും ഹൃദയാലുവായ ഒരാളെ എനിക്ക് സ്വന്തമായി കിട്ടിയല്ലോ.അവള്‍ തന്‍റെ    ഹൃദയം തൊട്ട് സത്യം ചെയ്തു.ഇയാളുമായി ഞാനെന്‍റെ         ഹൃദയം പങ്കു വയ്ക്കും.അയാള്‍ തന്‍റെ         കല്യാണത്തിന് എല്ലാവരെയും ഹാര്‍ദികമായി സ്വാഗതം ചെയ്തു.ബന്ധുക്കളും സുഹൃത്തുക്കളും വലിയ മാത്രയില്‍ എത്തിച്ചേര്‍ന്ന് അയാളെ ഹൃദയം നിറഞ്ഞ ആശംസകള്‍, കൊണ്ട് പൊതിഞ്ഞു.
ഹൃദയ കുമാരി എരിവും പുളിയും,എണ്ണയില്‍ വറുത്തതുമായ രുചിയുള്ള ഭക്ഷണം ഉണ്ടാക്കി അയാള്‍ക്ക്  നല്‍കി ഹൃദയം കവര്‍ന്നു  കൊണ്ടേയിരുന്നു.ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം അയാള്‍ കുഴഞ്ഞു വീണു.ഹൃദയ ഭേദകമായ ആ കാഴ്ച കണ്ട് ഹൃദയ കുമാരി സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഹൃദയാലുക്കളായ സുഹൃത്തുക്കള്‍ അയാളെ ഹൃദയാലയത്തിലെത്തിച്ചു. ഡോക്ടര്‍ പറഞ്ഞു ഹൃദയാഘാതമാണ്.ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു .ബ്ലോക്കുകള്‍ ഒഴിവാക്കാന്‍,ഒരു ഹൃദയ ശസ്ത്രക്രിയ വേണം.ആയാള്‍ ശസ്ത്രക്രിയയ്ക്കു ശേഷം പൂര്ണ്ണാരോഗ്യവാനായി.ഡോക്ടര്‍ ഓര്മ്മി്പ്പിച്ചു. ജീവിതത്തിലെ എല്ലാമെല്ലാമാണ് ഹൃദയം.നമുക്ക് വേണ്ടി അനു നിമിഷം പ്രവര്‍ത്തി ച്ചുകൊണ്ടേയിരിക്കുന്ന ഹൃദയത്തിന് അഹിതമായിട്ടുള്ലതൊന്നും നാം ചെയ്യാന്‍ പാടില്ല.നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല ചിന്തകള്‍.
അവര്‍ പരസ്പരം നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന പാഠം ഹൃദിസ്ഥമാക്കിക്കൊണ്ട് അവര്‍ ആശുപത്രി വിട്ടു.