Thursday, July 25, 2013

തുരീയം സംഗീതോത്സവത്തിന് പകിട്ടേകി ഹരിപ്രസാദ് ചൌരസ്യ

പയ്യന്നൂരില്‍  ഹരിപ്രസാദ് ചൌരസ്യയുടെ പുല്ലാങ്കുഴല്‍, വാദനത്തിലൂടെ സംഗീതാസ്വാദകര്‍ ഒരിക്കല്‍ക്കൂടി ആസ്വാദനത്തിന്‍റെ ഉയര്‍ന്നതലത്തിലെത്തിച്ചേര്‍ന്നു.വാര്‍ദ്ധക്യം കുട്ടിത്തത്തിന്‍റെ തിരിച്ചുവരവാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പിഞ്ചുബാലകന്‍,പിച്ചവച്ച് വരുന്നതുപോലുള്ള നടത്തവും നിഷ്കളങ്കമായ മുഖവുമായി ബാംസുരിയുടെ ചക്രവര്‍ത്തി വൈവിദ്ധ്യങ്ങളായ രാഗങ്ങള്‍,മുളന്തണ്ടിലൂടെ പ്രേക്ഷകരിലെത്തിച്ചു.കര്‍ക്കടകമാണെങ്കിലും മഴ വിട്ടൊഴിഞ്ഞ സായാഹ്നത്തില്‍ മല്‍ഹാര്‍,രാഗം ആലപിക്കുന്നതിനു മുന്നോടിയായി മഴ വരുമോ എന്ന് പരീക്ഷിയ്ക്കാമെന്ന് ചൌരസ്യ പ്രേക്ഷകരോട് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍,അത്ര പ്രതീക്ഷിച്ചുകാണില്ല.വാദനത്തിന്‍റെ ഉച്ഛസ്ഥായിയില്‍,മഴ തകര്‍ത്ത് പെയ്തത് വെറും യാദൃശ്ചികമെന്ന് ഒരു പ്രേക്ഷകന്‍ പോലും അഭിപ്രായപ്പെടുമെന്ന് എനിയ്ക്ക് തോന്നുന്നില്ല. വാചസ്പദി,ഹംസദ്ധ്വനി എന്നീ രാഗങ്ങള്‍ക്കു പുറമെ വൈഷ്ണവ് ജന...,രാം ലഘന ധന് ...,ഓം ജയ് ജഗദീശ് ഹരേ എന്നീ പ്രചലിതമായ ഭജന്‍സ് ചൌരസ്യ വായിച്ചപ്പോള്‍,പ്രേക്ഷകര്‍ക്ക് അത് ഒരു നവ്യമായ അനുഭൂതിയായി.പരിപാടിയുടെ അതിഥിയായെത്തിയ ചിന്മയ റീജനല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടതുപോലെ സംഗീതം ആദ്ധ്യാത്മികതയുടെ വഴിയാണ്.അത് മനുഷ്യന് നല്‍കുന്നത് വിഷയ സുഖം പോലുള്ള താത്കാലിക സുഖമല്ല മറിച്ച് സ്ഥായിയായ സന്തോഷമാണ്.പരിപാടി കഴിഞ്ഞ് ലഡുവും നുണഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ മഴ ഹാളിന് പുറത്ത് ഇനിയും പെയ്തൊഴിഞ്ഞിട്ടുണ്ടായിരുന്നില്ല.പ്രകൃതി പോലും ആ സംഗീതത്തിന് മുന്നില്‍ സന്തോഷം കൊണ്ട് മതിമറന്നതുപോലെ....

No comments:

Post a Comment