Friday, March 1, 2013

എ ആര്‍ ആര്‍ മുള്ളേരിയ


മുള്ളേരിയയുടെ വികസന ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ശ്രീ എ രത്നാകര്‍ റാവു ഓര്‍മ്മയായി.മുള്ളേരിയ എന്ന കുഗ്രാമത്തിലേയ്ക്ക് കച്ചവട ആവശ്യത്തിലേയ്ക്കായി അര നൂറ്റാണ്ടു മുമ്പ് വന്നെത്തിയ ഒരു ഗൌഡ സാരസ്വത ബ്രാഹ്മണന്‍- എ ആര്‍ ആര്‍, ഇന്നത്തെ മുള്ളേരിയയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍, നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി.പല ചരക്ക് വ്യാപാരത്തില്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.ക്ഷേത്ര സംരക്ഷണ സമിതികള്‍,സ്കൂള്‍ ഭരണ സമിതി,വ്യാപാരി വ്യവസായി ഏകോപന സമിതി.ഭജനാ മന്ദിരങ്ങള്‍,പഞ്ചായത്ത് ഭരണ സമിതി,കലാ സാംസ്കാരിക സംഘടനകള്‍ എന്നിവയില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുകയും തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രസംഗത്തിന് തന്‍റേതായ ശൈലി ആവിഷ്കരിച്ച അദ്ദേഹത്തിന്‍റെ പ്രസംഗം വളരെ സരസമായിരുന്നു.കന്നട, മലയാളം തുളു എന്നീ ഭാഷകള്‍, അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത മലയാള പ്രസംഗങ്ങള്‍,കേട്ടിട്ടുള്ളവര്‍ അത് തീര്‍ച്ചയായും ഓര്‍മ്മയില്‍, സൂക്ഷിക്കുന്നുണ്ടാകും.വ്യാപാര രംഗത്ത് അദ്ദേഹം അഗ്ര ഗണ്യനായിരുന്നു.ആരേയും വശീകരിക്കാന്‍ കഴിയുന്ന സംസാര രീതി.വശ്യമായ പൊട്ടിച്ചിരി,ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞു കൊണ്ടുള്ള പെരുമാറ്റം.കടയില്‍ പ്രവേശിക്കുന്ന വ്യക്തി ഏതു വിഭാഗത്തില്‍പെടുന്നയാളാണെങ്കിലും കടയില്‍, എത്രതന്നെ തിരക്കാണെങ്കിലും അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെടും.ഉപഭോക്താവിനെ പരമാവധി തൃപ്തിപെടുത്തി പറഞ്ഞയയ്ക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് ശ്ലാഘനീയം തന്നെ.രമേശാ...സുരേശനികെ ഒംദു കിലോ ഒള്ളെ അക്കി കൊഡു.”(രമേശാ...സുരേഷിന് ഒരു കിലോ നല്ല അരി കൊടുക്ക്...) എന്ന് ഉച്ചത്തില്, വിളിച്ച് പറയുന്ന രത്നാകര്‍ റാവുവിന്‍റെ മുഖം മുള്ളേരിയയുടെ തന്നെ മുഖമായിരുന്നു.എം ബി എ വിദ്യര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കാവുന്ന അദ്ദേഹത്തിന്‍റെ വ്യാപാര മികവ് അദ്ദേഹത്തെ ആ രംഗത്ത് ഉന്നതങ്ങളില്‍ എത്തിച്ചു.ഭജനാ സംഘങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഭജകരുടെ ഇടയിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പില്‍ക്കാലത്ത് രോഗ ഗ്രസ്ഥനായ അദ്ദേഹം കുറച്ചു കാലമായി ഉള്‍വലിഞ്ഞ നിലയിലായിരുന്നു.ഇന്ന് അദ്ദേഹത്തിന്‍റെ മക്കള്‍,മുള്ളേരിയയിലെ പ്രമുഖ വ്യാപാരികളായിരിക്കുന്നു.നാലു കുട്ടികളും എന്‍റെ ബാല്യ കാല സുഹൃത്തുക്കളായിരുന്നു.ആ സൌഹൃദം ഇന്നും നിലനിര്‍ത്തി പോരുന്നു.കണ്ടുമുട്ടുമ്പോഴൊക്കെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിയുകയും വളരെയധികം സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന രത്നാകര്‍ റാവുവിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍,മനസ്സില്‍ മിന്നിമറഞ്ഞ ചില ഓര്‍മ്മകള്‍,ഇവിടെ കുറിക്കുകയാണ്. 

No comments:

Post a Comment