Sunday, December 29, 2013

ഞങ്ങളുടെ രഘുനാഥന്‍ സാര്‍

പി എം രഘുനാഥന്‍
ഏ.....ഏ...ഏ......................രഘുനാഥന്‍ സാര്‍ നീട്ടി വിളിക്കുകയാണ്. തൊണ്ണൂറുകളിലെ കാസറഗോഡ് അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണറുടെ ഓഫീസാണ് രംഗം.ഞങ്ങള്‍ ആറ് ക്ലാര്‍ക്കുമാര്‍ ശ്വാസം പിടിച്ച് ഇരിക്കുകയാണ്.ഈ വിളിയുടെ ഒടുവില്‍ ഞങ്ങളില്‍ ഒരാളുടെ പേര് വരും.അയാള്‍ക്ക് കോളാണ്.അറവു ശാലയിലെ അറവുമാടുകളെപോലെ ഞങ്ങള്‍ കാതോര്‍ക്കുകയാണ്.ആരുടെ പേരായിരിക്കും വിളിക്കുക.
പത്മന്‍,ഷാജി,രാജു എന്നിവരോടൊപ്പം
രഘു നാഥന്‍ സാര്‍, കണിശക്കാരനാണ്.ഫയലുകള്‍ ശരിയായ രീതിയില്‍ തന്നെ സമര്‍പ്പിക്കണം.മാന്യുവല്‍ ഓഫ് ഓഫീസ് പ്രൊസീജറിന്‍റെ ശക്തനായ വക്താവ്.ഫയലുകളിലെ നോട്ട് ഫയല്‍,നോട്ട് ഫയലിന്‍റെ മാര്‍ജിന്‍റെ വീതി.പേജ് നമ്പര്‍,നമ്പര്‍ എഴുതിയ പേനയുടെ മഷി.ഫയല്‍, ടാഗ് ചെയ്ത കൃത്യത,ഫയലിന്‍റെ വൃത്തി വെടിപ്പ്,നോട്ട് ഫയലിന്‍റെ ഉള്ളടക്കം,ഫയല്‍ പാഡിന്‍റെ കെട്ട്,കരട് കത്തിന്‍റെ ഉള്ളടക്കം.ഈ വക കാര്യങ്ങളില്‍ സാറില്‍, നിന്ന് യാതൊരു ദാക്ഷിണ്യവും പ്രതീകിഷിക്കണ്ട.തെറ്റ് വരുത്തിയാല്‍ അത് തിരുത്തിയിട്ടേ അദ്ദേഹം അടങ്ങൂ.അതും തെറ്റ് ചെയ്തയാള്‍ തന്നെ തിരുത്തണം.ശാസിക്കും ,വിറപ്പിക്കും,ഭീഷണിപെടുത്തും,അറ്റകൈയ്ക്ക് ഫയലില്‍ കൊറി എഴുതും,കാരണം കാണിക്കല്‍ നോട്ടീസ് പോലും തന്നെന്നിരിക്കും.കാര്യങ്ങള്‍ നടക്കാന്‍ ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറാണ്.ജില്ലാ കലക്ടറുടെ വിശ്വസ്ഥനായതിനാല്‍, അദ്ദേഹത്തെ ശരിക്കും ഭയന്നേ ഒക്കൂ.എങ്കിലും ജില്ലാ ഓഫീസറായ അദ്ദേഹത്തിന് സ്വന്തം ഓഫീസിലെ ജീവനക്കാരോട് തെല്ലൊരു മയമുണ്ടായിരുന്നു.പക്ഷെ ബ്ലോക്ക് ഓഫീസിലെയും മറ്റു ഫീല്‍ഡ്തല ഉദ്യോഗസ്ഥരോടും അദ്ദേഹം വളരെ കര്‍ക്കശമായി പെരുമാറിയിരുന്നു.
ഏ......ഏ....ഏ..........................ഫയല്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍,എന്തെങ്കിലും പ്രശ്നം തോന്നി വിളിക്കാന്‍ തുടങ്ങിയിരിക്കുയാണ്.നീട്ടി വിളിക്കുന്നതിനിടയില്‍ അദ്ദേഹം ഓര്‍ത്തെടുക്കയാണ് ആരെയാണ് വിളിക്കേണ്ടതെന്ന്.
ഏ...ഏ...ഏ.............................ഞങ്ങളൊക്കെ പരസ്പരം നോക്കുകയാണ്.ആര്‍ക്കായിരിക്കും നറുക്ക് വീഴുക.
.................ഷാജി
ഷാജി ഒരു ഞെട്ടലോടെ എഴുന്നേറ്റു.ഞങ്ങള്‍ക്കൊക്കെ ആശ്വാസമായി.എല്ലാവരും ഷാജിയെ നോക്കി കുലുങ്ങിച്ചിരിച്ചു.ഷാജി ക്യാബിനിലേയ്ക്ക് തെല്ല് ആശങ്കയോടെ കടന്നു ചെന്നു.
ഷാജി... ആ... ഡി ടി പി സിയില്‍ നിന്ന് ഇന്നലെ വന്ന തപാല്‍, ഫയലില്‍ കാണുന്നില്ലല്ലോ.
അതുണ്ട് സാര്‍...ഷാജി ശാന്തനായി മറുപടി പറഞ്ഞു.
അതെ അത് എടുക്ക്......
ഷാജി തിരികെ സീറ്റിലേയ്ക്ക് ഓടിയെത്തി.പുറകെ സാറും എത്തി.
വെപ്രാളത്തില്‍ തലേന്ന് വന്ന ഡി ടി പി സിയില്‍, നിന്നുള്ള തപാല്‍ കാണുന്നില്ല.
നിങ്ങളത്....(തിരച്ചില്‍ തുടരുന്നു.)
കലക്ടറ് 11.00 മണിയ്ക്ക് സമയം തന്നിട്ടുള്ളതാണേ....(സാര്‍ വിടുന്നില്ല )
അതിവിടെയുണ്ടായിരുന്നു സാര്‍......,ഷാജി വീണ്ടും പരതുകയാണ്.
എന്നിട്ടതെവിടെ.....സാറിന്‍റെ ഒച്ച ഉയര്‍ന്നു.ആകെപ്പാടെ ജഗപൊഗ
പരിഭ്രാന്തി പരന്ന അന്തരീക്ഷം
എനിയ്ക്കിയാളെ വേണ്ട..ഞാനിയാളെ ജില്ലാ പഞ്ചായത്തിലേയ്ക്ക് അയയ്ക്കാന്‍ പോകുകയാണ്.ഒരു കാര്യം ശരിയ്ക്ക് ചെയ്യില്ല.സാറ് അക്ഷമനായി.
കിട്ടി സാര്‍.....ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍, തലേ ദിവസം കിട്ടിയ തപാല്‍ മടക്കി വച്ചിരിക്കുന്നു.
ഇതാ.... ഫയലില്‍ വച്ച് നോട്ടെഴുതി വേഗം തരൂ....സാര്‍ തല്‍ക്കാലം പിന്‍വാങ്ങി.
സീറ്റിലെത്തി സാര്‍ തുടര്‍ന്നു.അതായോ...വേഗം വേണം...
റെഡിയവുന്നു സാര്‍ ഷാജി ഉച്ചത്തില്‍,വിളിച്ചു പറയുന്നു.
അതെയത് എഡ്ക്ക്......
ഷാജിയെ സഹായിക്കാന്‍ മറ്റു ക്ലാര്‍ക്കുമാരും ജൂനിയര്‍, സൂപ്രണ്ടും എത്തുന്നു.ഫയലില്‍ തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി സൂപ്രണ്ട് ഫയലുമായി വീണ്ടും ക്യാബിനിലേയ്ക്ക്.
സൂപ്രണ്ടിനും അത്യാവശ്യം കിട്ടി....
ഫയലുമായി സാര്‍ കലക്ടറെ കാണാന്‍,പോകുന്നതോടെ രംഗം തണുക്കും.പിന്നീട് ഞങ്ങള്‍ ഈ സംഭവം പറഞ്ഞ് ചിരിക്കും.ജോലിതിരക്കൊന്നും ഇല്ലാത്ത ഓഫീസായതിനാല്‍,ഞങ്ങള്‍ സമപ്രായക്കാരായ ക്ലാര്‍ക്കുമാര്‍,ഇത്തരം സംഭവങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു.ഇന്ന് ഷാജിയാണെങ്കില്‍ അടുത്ത ദിവസം പത്മനോ ഞാനോ,രാജുവോ പ്രേമനോ ആയിരിക്കും.എല്ലാ ദിവസവും ഇത്തരം രംഗങ്ങള്‍, ഉണ്ടാകുമെങ്കിലും സംഭവത്തിനുശേഷം ഞങ്ങളത്  ശരിക്കും ആസ്വദിക്കുമായിരുന്നു.
ചൂടന്‍ രംഗങ്ങള്‍ക്ക് ശേഷം സാര്‍ ഞങ്ങളെ സമാധാനിപ്പിക്കാന്‍ മാജിക്കിന്‍റെ പൊടിക്കൈകളുമായി തിരികെ എത്തും.ഈ പൊടിക്കൈകള്‍ കാണിച്ചതിനുശേഷം സാര്‍ പൊട്ടിച്ചിരിക്കും.നേരത്തെ നടന്ന സംഭവങ്ങള്‍ ഞങ്ങളുടെ മനസ്സിലുണ്ടെന്നിരിക്കെ ഇത് ആരും ആസ്വദിക്കാറില്ല.ഇങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി സാര്‍ പല തമാശകളും പറഞ്ഞിരുന്നു.ഞങ്ങളെ മാജിക്ക് ഷോയ്ക്ക് സാറിന്‍റെ അസിസ്റ്റന്‍റ് ആക്കാമെന്നു വരെ പറഞ്ഞിരുന്നു. 
ഞങ്ങളില്‍ വില്ലന്, പ്രേമനായിരുന്നു.പ്രേമന് ചെറിയ സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്നു.ചിട്ടയായി ജോലി ചെയ്തിട്ടും ശീലമില്ല.നന്നായി ചൂടാകുകയും ചെയ്യും. അതുകൊണ്ട് തന്നെ അപ്രധാന വിഷയങ്ങള്‍, മാത്രമേ പ്രേമന് നല്‍കിയിരുന്നുള്ളൂ.ഒരു ദിവസം പ്രേമനും കുടുങ്ങി.
മൂന്നാം നിലയിലായിരുന്ന ഞങ്ങളുടെ ഓഫീസില്‍, ഉച്ചയ്ക്ക് ശേഷം നല്ല കാറ്റാണ്.കാറ്റില്‍ പ്രേമന്‍റെ സീറ്റില്‍, നിന്ന് ഒരത്യാവശ്യ പേപ്പര്‍ പറന്നു പോയി.ഫയല്‍ സമര്‍പ്പിച്ചപ്പോള്‍,പേപ്പര്‍ ഇല്ല എന്ന കാര്യം സാറിന് ബോദ്ധ്യപെട്ടു.അത്ര പ്രധാനപ്പെട്ട പേപ്പറല്ലെങ്കിലും ഇന്നത്തെ പ്രയോഗം പ്രേമനോടാകട്ടെ എന്ന് സാര്‍ തീരുമാനിച്ച് കാണണം.പേപ്പറിനായി സാര്‍ വാശി പിടിച്ചു.പേപ്പര്‍ നഷ്ടപ്പെട്ട കാര്യം പ്രേമനും ബോദ്ധ്യമായി.കലക്ടറോട് പറഞ്ഞ് ഇമ്മീഡിയറ്റ് സസ്പെന്‍ഷന്‍ വരെ ശുപാര്‍ശ ചെയ്യുമെന്ന ഘട്ടത്തിലെത്തി.പ്രേമന്‍ എന്തു ചെയ്യണമെന്നറിയാതെ സീറ്റില്‍ ഇരിക്കുകയാണ്.പരതി നോക്കിയിട്ട് കാര്യമില്ലെന്ന് പ്രേമനറിയാം അതിനാല്‍ അങ്ങനെയൊരു ശ്രമവും കാണുന്നില്ല.ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍,നിന്ന് പ്രേമന്‍ തപാല്‍,ഒപ്പിട്ടെടുത്തിട്ടുണ്ട്.സാര്‍ ക്യാബിനില്‍ നിന്ന് വിളിച്ച് പറയുന്നുണ്ട്.
പ്രേമാ........കിട്ടിയോ...അതെവിടെ...അതെടുക്ക്....വേഗം....രംഗം കൊഴുക്കുന്നു.പ്രേമന്‍ കസേരയില്‍,ചാരി ഇരിക്കുകായാണ്.ഞങ്ങള്‍ക്കും ആശങ്കയായി.ഇന്നെന്തെങ്കിലും സംഭവിക്കും.
പെട്ടെന്ന് പ്രേമന്‍ എഴന്നേറ്റ് സാറിന്‍റെ ക്യാബിനിലെത്തി.
പേപ്പര്‍ ഫയലില്‍ത്തന്നെയുണ്ട് സാര്‍,
എന്നട്ടതെവിടെ....
ഞാനെടുത്ത് തരാം സാര്‍....
പ്രേമന്‍ ഫയല്‍ കെട്ടുമായി തിരികെ സീറ്റിലെത്തി.വളരെ ശാന്തനായി ഫയലില്‍ എന്തോ ചെയ്യുകയാണ്.
കിട്ടിയോ ...പ്രേമാ ...അതെടുക്ക് സാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പ്രേമന്‍ വീണ്ടും സാറിന്‍റെ ക്യാബിനിലെത്തി.പെട്ടെന്ന് ക്യാബിന്‍റെ വാതില്‍,അടഞ്ഞു.മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം പ്രേമന്‍.വാതില്‍ തുറന്ന് തിരികെ സീറ്റിലെത്തി.വളരെ ശാന്തനാണ്.സാറും ഒന്നും പറയുന്നത് കേള്‍ക്കുന്നില്ല.പേപ്പര്‍ കിട്ടികാണുമോ.പ്രേമനും ഒന്നും പറയുന്നില്ല.ഞങ്ങളെ കണ്ണിറുക്കി കാണിക്കുക മാത്രം ചെയ്യുന്നു.ഏതായാലും പ്രശ്നം പരിഹരിച്ചിരിക്കുന്നു.പക്ഷെ എങ്ങനെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത് എന്ന് അറിയുന്നില്ല.
അന്ന് വൈകീട്ട് സാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി ഓഫീസ് ജീപ്പില്‍,സ്റ്റേഷനിലേയ്ക്ക് പോയി എന്ന് ഉറപ്പായപ്പോള്‍ ഞങ്ങള്‍, പ്രേമനു ചുറ്റും കൂടി.പ്രേമന്‍ നടന്ന സംഭവം ഇങ്ങനെ വിവരിച്ചു.
ഞാന്‍ ഫയല്‍,സാറിന്‍റെ കൈയ്യില്‍, നിന്ന് തിരികെ വാങ്ങി.ഭാഗ്യത്തിന് ഫയലില്‍ പേജ് നംപര്‍ ഇട്ടിരുന്നില്ല.ഞാന്‍ നംപര്‍, ഇടാന്‍ തുടങ്ങി.നഷ്ടപ്പെട്ട് പേപ്പറിന്‍റെ നംപര്‍,ഒഴിവാക്കിയാണ് നംപര്‍ ഇട്ടത്.എന്നിട്ട് സാറിനോട് ഇങ്ങനെ പറഞഞു.നോക്ക് സാര്‍,പേപ്പര്‍ ഫയലില്‍ തന്നെയുണ്ടായിരുന്നു.സാര്‍ എന്നെ ചതിയ്ക്കാന്‍,വേണ്ടി മനപൂര്‍വ്വം അത് ഫയലില്‍,നിന്ന് എടുത്ത് മാറ്റിയാതാണ്.ഇത് കണ്ടാലറിഞ്ഞുകൂടെ പേജ് നംപര്‍ 43,44 എന്നിവ കാണുന്നില്ല.ഇത് ഞാന്‍ സംഘടനാ തലത്തില്‍, അറിയിക്കാന്‍ പോകുകയാണ്.”.
ഇത്രയുമായപ്പോള്‍ രഘുനാഥന്‍, സാറിന് അപകടം മണത്തു.പിന്നീട് ആ ഫയലിന് എന്തു സംഭവിച്ചു എന്ന് ഓര്‍മ്മയില്ല.അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞതിന്ന്‍ പ്രേമന്‍,അപ്പോള്‍ തന്നെ ഞങ്ങളെ എല്ലാവരെയും ക്യാന്‍റീനില്‍,കൊണ്ടുപോയി ചായയും ഗോളിബജയും വാങ്ങിത്തന്നു.
പിന്നീട് ഞങ്ങളോരോരുത്തരും ഓരോ ഓഫീസികളിലായി.സാര്‍ സേവന നിവൃത്തനുമായി.ഇന്നും പല വേദകളിലും ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍,ഈ തമാശകള്‍ ഒന്ന് അയവിറക്കിയതിനു ശേഷം മാത്രമെ ഞങ്ങള്‍,കാര്യത്തിലേയ്ക്ക് കടക്കാറുള്ളൂ.

എന്നിരിക്കിലും ആ ചെറിയ മനുഷ്യനെ അങ്ങേയറ്റം ആദരവോടുകൂടി മാത്രമെ ഞങ്ങളിന്നും കാണുന്നുള്ളു.ഓഫീസ് മേധാവിയുടെ  തസ്തികയിലിക്കുന്ന ഞങ്ങള്‍ക്ക് ഇന്ന് ബോദ്ധ്യമുണ്ട് ജീവനക്കാരെ മാനേജ് ചെയ്യുന്നത് എത്ര ബുദ്ധിമാട്ടാണെന്നും അതിന് എന്തെല്ലാം വെല്ലുവിളികളെ അതിജീവിക്കേണ്ടി വരും എന്നുള്ളത്.അന്ന് സാറിന്‍റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന അനുഭവ പാഠങ്ങള്‍,ഇന്ന് ഓഫീസ് കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു മുതല് കൂട്ടാണ്.

Monday, December 23, 2013

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

1989
A U P SCHOOL MULLERIA -1981


G H S KARADKA BRANCH AT MULLERIA IX STD-1983
1986

VANI ARTS COLLEGE-1992
OFFICE OF ADC (Gl) KASARAGOD 1999

Saturday, December 7, 2013

അണ്ങ്ങ് ഏലിയാസ് പ്രേതം

സുകുമാരന്‍ പ്രൈമറി ക്ലാസ്സുകളില്‍, എന്‍റെ അടുത്ത സുഹൃത്തായിരുന്നു.പേരുപോലെത്തന്നെ സൌകുമാര്യമുള്ള മുഖം.ഏഴു മക്കളുള്ല അച്ഛനുമമ്മയ്ക്കും എട്ടാമനായി പിറന്ന സുകുമാരന്‍ ജനിച്ച് അധികം കഴിയുന്നതിനുമുമ്പു തന്നെ എളേപ്പനായി(ചെറിയച്ഛന്‍).തന്‍റെ മൂത്ത         സഹോദരന്‍റെ     മകള്‍, ശാന്തയെയും കൂട്ടി സുകുമാരന്‍, സ്കൂളില്‍, വരും.ശാന്തയെ സ്കൂളില്‍ ചേര്‍ത്തിരുന്നില്ല എന്നാലും എളേപ്പനോടൊപ്പം സന്തോഷപൂര്‍വ്വം ശാന്ത എന്ന കുസൃതി കുടുക്ക ക്ലാസ്സില്‍, വരുമായിരുന്നു. സൂകുമാരന് അധികം സുഹൃത്തുക്കളാരും ഇല്ലായിരുന്നു.തന്‍റെ സഹോദരങ്ങളെ അപേക്ഷിച്ച് നല്ല വെളുത്ത കുട്ടപ്പനായിരുന്നു സുകുമാരന്‍.നല്ല വടിവൊത്ത അക്ഷരത്തോടെ എഴുതുമെങ്കിലും സുകു,പഠനത്തില്‍ വലിയ നിലവാരം പുലര്‍ത്തിയിരുന്നില്ല.കഠിനമായ കളികളില്‍ ഏര്‍പ്പെടാനും സാഹസികമായ കാര്യങ്ങള്‍ ചെയ്യാനും,കെല്‍പി  ല്ലാത്തതിനാലാകാം അതേ ഗണത്തില്‍,പെട്ട എന്നെ സുകുമാരന്‍ സുഹൃത്തായി തിരഞ്ഞെടുത്തത്. 
സുകുമാരന്‍റെ പ്രധാന ശീലം മരണത്തെ പറ്റി സംസാരിക്കുക എന്നാതായിരുന്നു.അല്ലെങ്കില്‍ തന്നെ പേടിത്തൊണ്ടനായ എന്നെ സുകുമാരന്‍റെ കഥകള്‍, വല്ലാതെ പേടിപ്പെടുത്തിക്കൊണ്ടിരുന്നു.ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയില്‍,പോകണമെങ്കില്‍ പരസഹായം വേണ്ടിയിരുന്ന എന്‍റെ  അവസ്ഥ സുകുമാരന്‍,കൂടുതല്‍ വഷളാക്കി.മരണവും മരണാനന്തരം അണ്ങ്ങ് (പ്രേതം) ആയി മാറുന്ന കാര്യവും സുകുമാരന്‍റെ ഇഷ്ട വിഷയങ്ങളാണ്.

 ഒരു ദിവസം സുകുമരന്‍ ക്ലാസ്സില്‍, വന്ന് വലിയ ഭാവ വ്യത്യാസമൊന്നുമില്ലാതെ എന്നോട് പറഞ്ഞു

 ഇന്ന് എന്‍റെ അമ്മ ചത്തു.... 

ഞാന്‍ അത് ശരിയായിരിക്കാമെന്ന് വിചാരിക്കുകയും അതിന്‍റെ ഭീകരതയൊക്കെ മനസ്സില്‍കണ്ട് അങ്ങനെയിരിക്കുമ്പോഴാണ് പിന്‍ബഞ്ചില്‍,നിന്നും സുകുമാരന്‍ വീണ്ടും വിളിക്കുന്നു.അവന്‍ പുറത്തേയ്ക്ക് വിരല്‍ ചുണ്ടി തലയില്‍,പാത്രവും പാത്രത്തില്‍ അലക്കാനുള്ള തുണിയുമായി നടന്നു നീങ്ങുന്ന തന്‍റെ അമ്മയെ കാണിച്ചു തന്നു.

 അപ്പോ സുകു അല്ലെ പറഞ്ഞത് രാവിലെ അമ്മ ചത്തൂന്ന്... അതെന്‍റെ അമ്മയല്ല അമ്മേരമ്മ...ഇത്രയും പറഞ്ഞ് സുകു ബെഞ്ചില്‍ പോയിരുന്നു.

 മറ്റൊരു ദിവസം രാവിലെ സുകുമാരന്‍ ഓടിവന്ന് എന്നോടു പറഞ്ഞു. രാവിലെ ശാന്തേരമ്മ ചത്തു. സുകുവിന്‍റെ കൂടെ നടന്ന് കുസൃതി കാണിക്കുന്ന ശാന്തയെ ഞാന്‍,വിഷമത്തോടെ നോക്കി.കുറച്ചു കഴിഞ്ഞപ്പോള്‍ തോട്ടിലേയ്ക്ക് തുണിയലക്കാന്‍,പോകുന്ന ശാന്തേടെ അമ്മയെ സുകു കാണിച്ചു തന്നു.അതോടൊപ്പം രാവിലെ പറഞ്ഞ കാര്യം ശാന്തേടെ അമ്മേടെ അമ്മയെ കുറിച്ചാണെന്നും സുകുമാരന്‍ തിരുത്തി.

ഗംഗാധരന്‍റെ മുതുകത്ത് കണ്ട് മൂന്ന് ഉരഞ്ഞവരകള്‍.അണ്ങ്ങ് മാന്തിയതാണെന്ന് സുകുമാരന്‍ വിധിയെഴുതി.

ഇത്തരം മരണത്തിന്‍റെ നേമ്പോക്കുകളും അണ്ങ്ങിന്‍റെ (പ്രേതം) കഥകളുമായി സുകുമാരന്‍ എന്നെ കുഴപ്പത്തിലാക്കിക്കൊണ്ടിരുന്നു. ഞങ്ങള്‍ മീത്തലെ സ്കൂളിലെത്തി (യു പി സ്കൂള്‍ )

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം വാര്‍ത്ത പരന്നു.

സുകുമാരന്‍ മരിച്ചു.ജ്യേഷ്ഠന്റെ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍,കളിക്കുകയായിരുന്ന സുകുമരന്‍റെ സാന്നിദ്ധ്യം അറിയാതെ ലോറി പുറകോട്ടെടുത്തപ്പോള്‍ വീടിന്‍റെ മേല്‍ക്കീരയില്‍,തട്ടിയായിരുന്നു സുകുവിന്‍റെ അന്ത്യം.ഇത് സുകുമാരന്‍റെ മറ്റൊരു കഥയായിരിക്കുമെന്ന് മാത്രമെ ചെറിയ കുട്ടിയായ എനിയ്ക്ക് അപ്പോള്‍,തോന്നിയുള്ളൂ. ഞാന്‍ കൂടുതല്‍, ഭയപ്പെടുമെന്ന് തോന്നിയിട്ടായിരിക്കാം എന്നെ സുകുവിന്‍റെ   വീട്ടിലേയ്ക്ക് ബോഡി കാണിക്കാന്‍ കൊണ്ടു പോയിരുന്നില്ല.മരണവാര്‍ത്തയെ പറ്റി പറഞ്ഞപ്പോള്‍ സുകുമാരനെ കാണാന്‍,സുരേഷ് പോയില്ലായോ എന്ന് ഗ്രേസി ടീച്ചര്‍ ചോദിച്ചു.എന്‍റെയും സുകുമാരന്‍റെയും ഇരിപ്പ് വശം വച്ചാണ് ഗ്രേസിടീച്ചര്‍ ഇങ്ങനെ ചോദിച്ചത്.അടുത്ത പ്രവൃത്തി ദിവസം സ്കൂളിന് അവധിയായപ്പോഴും സുകുമാരന്‍രെ അസാന്നിദ്ധ്യവും എന്നെ യാഥാര്ത്ഥ്യ ത്തിലേയ്ക്ക് നയിച്ചു.യാഥാര്‍ത്ഥ്യത്തോടടത്തുപ്പോള്‍, എനിയ്ക്ക് ഭയം തോന്നിത്തുടങ്ങി.മരിച്ച സുകുമാരന്‍ അണ്ങ്ങായി വരുമോ എന്നായി എന്‍റെ ഭയം. എന്‍റെ അടുത്ത സുഹൃത്തായതിനാല്‍, എന്തായാലുംസുകുമാരന്‍റെ അണ്ങ്ങ് എന്നെ സമീപിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി.ഭയം എന്നില്‍ പൂര്‍വ്വാധികം ശക്തിപ്പെട്ടു.പകലുപോലും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാന്‍ എനിയ്ക്ക് കഴിയാതെയായി. 

ഒരു ദിവസം സന്ധ്യയ്ക്ക് കുറച്ച് തക്കാളിയും പച്ചമുളകും വാങ്ങാന്‍ എന്നെ നിര്ബനന്ധിച്ച് അമ്മ പറഞ്ഞയച്ചു.തിരകെ വീട്ടിലെത്താറായപ്പോള്‍ നേരം ഇരുട്ടിയിരുന്നു.തെരുവ് വിളക്കൊന്നും ഇല്ലാത്ത കാലമാണ്.വീടിനടുത്തെത്താറായപ്പോള്‍ അതാ എന്‍റെ എതിര്‍ദിശയില്‍,ഒരു വെളുത്ത രൂപം വരുന്നു.എന്‍റെ കൈയ്യും കാലും വിറയ്ക്കാന്‍,തുടങ്ങി.പേടികൊണ്ട് ഞാന്‍ വേലിയ്ക്കരികിലേയ്ക്ക് ചേര്‍ന്ന് നടന്നു.

എന്‍റെ അങ്കലാപ്പ് കണ്ട് അണ്ങ്ങ് ചോദിച്ചു. എന്ത്യേന...(എന്താണ്) 

അതെ.... അതേ ശബ്ദം ഇത് സുകുമാരന്‍റെ അണ്ങ്ങ് തന്നെ. ഞാന്‍ വലിയ വായില്‍, നിലവിളിച്ചു.

 അബ്ബേ................... 

കൈയ്യിലെ തക്കാളിയും പച്ചമുളകും അതിനെ ബന്ധിച്ച ചാക്കു നൂലും കടന്ന് പുറത്ത് തെറിച്ചു.ഞാന്‍ വേലിയോട് ചേര്‍ന്ന് ഇരിക്കുകയാണ്. ശബ്ദം കേട്ട് അണ്ങ്ങിനോടൊപ്പം അടുത്തുള്ല കുറച്ചു പേര്‍ ഓടിക്കൂടി.കണ്ട് പേടിച്ചതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.ഒരാളുടെ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് അണ്ങ്ങിന്‍റെ മുഖത്ത് പതിഞ്ഞപ്പോഴാണ് മനസ്സിലായത് അത് തൊട്ടടുത്ത വീട്ടിലെ ലീലാമ്മയാണെന്ന്.

വീട്ടിലെത്തി വയറു നിറയെ വെള്ളം കുടിച്ച് അത്താഴം കൂടി കഴിക്കാതെ ഞാന്‍ കണ്ണ് ഇറുക്കിയടച്ച് കിടന്നുറങ്ങി. പിന്നെയും കുറെ കാലം ഭയം എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍,പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ആവര്‍ഷം സ്കൂളില്‍ നടന്ന രണ്ടാമത്തെ സഹപാഠിയുടെ മരണമായിരുന്നു അത്. 

കുസൃതി വിട്ട് മാറാത്ത സുകുമരന്റെത വിയോഗം ആ കുടുംബത്തെ വല്ലാതെ തളര്‍ത്തി .ആഴ്ചകളോളം ആരും തന്നെ വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങിയില്ല.ദുഖം ഘനീഭവിച്ച മുഖവുമയി ഞങ്ങളുടെ വീട്ടിനുമുന്നിലൂടെ നടന്നു നീങ്ങുന്ന സുകുമാരന്‍റെ സഹോദരങ്ങളുടെ മുഖം ഇന്നും എന്‍റെ ഓര്‍മ്മ യിലുണ്ട്.

Friday, November 15, 2013

പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം


പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ആരാധനാ മഹോത്സവം ആരംഭിച്ചു.തമിഴ് നാട്ടിലെ പഴനിയും കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യ ക്ഷേത്രവും പോലെ കേരളത്തിന്‍റെ സ്വന്തം ക്ഷേത്രം.പതിനെട്ടു പുരാണങ്ങളില്‍പെട്ട ബ്രഹ്മാണ്ഡ പുരാണത്തില്‍,പരശുരാമനാല്‍ സ്ഥാപി്കപ്പെട്ട ഈ ക്ഷേത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഈ ക്ഷേത്രത്തിന്‍റെ മഹിമാതിശയത്തിന് നിദര്‍ശനമാണ്.പ്രാചീന കാലത്ത് വളരെ വൈഭവത്തോടെ നിലകൊണ്ട ക്ഷേത്രം പടയോട്ടക്കാലത്ത് നാശോന്മുഖമാകുകയും പിന്നീട് പുനരുദ്ധാരണത്തിലൂടെ ഇന്നത്തെ അവസ്ഥയില്‍,എത്തിച്ചേര്‍ന്നിട്ടുള്ളതുമാകുന്നു.
ആണ്ടു തോറും വൃശ്ചിക സംക്രമദിനത്തിന്‍റെ കുളിര്‍കാറ്റോടെ ആരംഭിക്കുന്ന ആരാധന മഹോത്സവം വൃശ്ചികം 14 ന് സമാപിക്കുന്നു.തുടര്‍ന്ന് സ്കന്ദ ഷഷ്ടിയും, ധനുവിലെ എഴുന്നള്ളത്ത് ഉത്സവവും,പിന്നെ നിറ,പുത്തരി,ഉത്സവങ്ങളും ഓണം വിഷു നാഗാരാധന,ഭക്തജനങ്ങള്‍ കാത്തിരുന്ന് കഴിപ്പിക്കുന്ന ചുററു വിളക്ക്,അപ്പം കൂഴം.
നിത്യവും രാവിലെ പയ്യന്നൂര്‍ പെരുമാളിന് മുമ്പില്‍,നെയ്യമൃത് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് ശീലമാക്കിയ പരിസരവാസികള്‍.പരശുരാമന് നെയ്വിളക്ക് കഴിപ്പിച്ച് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഭക്തജനങ്ങല്‍.ഇവരുടെ സാന്നിദ്ധ്യം തന്നെയാണ് ക്ഷേത്രത്തിന്‍റെ ഐശ്വര്യം.പരശുരാമന്‍,ഗണപതി ശാസ്താവ്,ഭൂതത്താര്‍,നാഗപ്രതിഷ്ഠയും ഭക്തര്‍ക്ക് നിര്‍വൃതിയേകുന്നു.
ക്ഷത്രീയാന്തകനായ പരശുരാമ സ്വാമിയുടെ സാന്നിദ്ധ്യം കൊണ്ട് ഇവിടെ രാജകീയമായ ഒരു ആചരണവുമില്ല.ക്ഷേത്രത്തില്‍ ഒരു ഭരണാധികാരിക്കും ആ നിലയിലുള്ല പരിഗണന ഇല്ല.പെരുമാളിന്‍റെ മുന്നില്‍,എല്ലാവരും തുല്യര്‍.ഉത്സവ കാലത്ത് ആനയും അമ്പാരിയും ഇല്ല.മുഖ്യപുരോഹിതന്‍ തന്‍റെ നെഞ്ചോട് ചേര്‍ത്ത് സ്വാമിയെ   ശ്രീകോവിലില്‍ നിന്ന് പുറത്ത് കൊണ്ടുവരികയും തന്‍റെ ശിരസ്സില്‍, എഴുന്നള്ളിക്കുകയും ചെയ്യുന്നു.
മഹത്തായ ആദ്ധ്യത്മികവും സാംസ്കാരികവുമായ ഒരു ചൈതന്യമാണ് ഈക്ഷേത്രം പയ്യന്നൂരിന് പകര്‍ന്ന് നല്‍കിയിട്ടുള്ളത്.കേരളത്തിന്‍റെ ഒരു പ്രമുഖ സാംസ്കാരിക കേന്ദ്രമായി പയ്യന്നൂര്‍,മാറിയതിനു കാരണം മറ്റൊന്നുമല്ല.
അടുത്തുള്ല സോമേശ്വരി ക്ഷേത്രത്തില്‍ നിന്ന് അമ്മ മകനെ കാണാനായി വരുന്ന എഴുന്നള്ലത്ത് ഭക്തി സാന്ദ്രവും വികാര നിര്‍ഭരവുമാണ്.എഴുന്നള്ളത്ത് കഴിഞ്ഞ് തിരികെ പോകാന്‍,വിമുഖതകാണിക്കുന്ന ദേവിയുടെ തിടമ്പ് നൃത്തം കണ്ടു തന്നെ ആസ്വദിക്കേണ്ടതാണ്.
ഇനിയുള്ള ദിവസങ്ങള്‍ ഭക്തിയുടെയും ക്ഷേത്രകലകളുടെടേയും ചന്തവാണിഭത്തിന്‍റെയും ദിനങ്ങളാണ്.
മഞ്ജു വാര്യരുടെ നൃത്തം,പാണ്ടിമേളം,കഥകളി,ഓട്ടം തുള്ളല്‍ നാടകം ചാക്യാര്‍,കൂത്ത് അങ്ങനെ പയ്യന്നൂരിന് ആഘോഷക്കാലം.

ഏവര്‍ക്കും മഹാദേവ ഗ്രാമത്തിലേയ്ക്ക് സ്വാഗതം.

സച്ചിന്‍ ദൈവമല്ല


വിധി കര്‍ത്താവിന്‍റെ വിരല്‍, ഉയര്‍ന്നിരിക്കുന്നു.സച്ചിന്‍ ഔട്ട്...... കാണികളില്‍, നിരാശ പടര്‍ത്തി സച്ചിന്‍, അതാ കൂടാരത്തിലേയ്ക്കുള്ള മടക്ക യാത്ര ആരംഭിച്ചിരിക്കുന്നു.ഹെല്‍മെറ്റ് ഊരിയെടുത്ത് വിയര്‍പ്പ് റിസ്റ്റ് ബാന്‍റിലും,ഷര്‍ട്ടിലും തുടച്ച് ,ഗ്ലൌസ് ഊരി ഹെല്‍മെറ്റിലിട്ട്,ബാറ്റ് കൊണ്ട് പാഡില്‍ പതുക്കെ അടിച്ച് ആദരവോടെ വഴിമാറി നില്‍ക്കുന്ന എതിര്‍,ടീമംഗങ്ങളുടെ ഇടയിലൂടെ.....ഒരു നിമിഷത്തിലെ ഞെട്ടലില്‍ നിന്ന് മുക്തരായ കാണികള്‍ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുന്നു. തന്‍റെ ബാറ്റ് പൊക്കി സച്ചിന്‍,അഭിവാദ്യം സ്വീകരിക്കുന്നു.തന്‍റെ നാലു പാടും വട്ടം കറങ്ങി അഭിവാദ്യം സ്വീകരിച്ച് സച്ചിന്‍ കൂടാരത്തിന്‍റെ പടവുകള്‍, കയറിതുടങ്ങി.ഇനിയൊരിക്കലും താന്‍ ടീം ഇന്ത്യയ്ക്കു വേണ്ടി പാഡണിയുകയില്ല എന്ന കാര്യം സച്ചിന്‍റെ മനസ്സിലൂടെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വേദന സച്ചിന് താങ്ങാന്‍,കഴിയട്ടെ.....
നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പിച്ചതെങ്കിലും ഇത്രയും മാന്യമായ യാത്രയയപ്പിന് വേദിയൊരുക്കിയ ബി സി സി ഐ അഭിനന്ദന മര്‍ഹിക്കുന്നു.
ക്രിക്കറ്റില്‍ എല്ലാം നേടിയെന്ന് പറയുമ്പോഴും എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സച്ചിന് പലതും നേടാന്‍, കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു.രണ്ടു ലോകകപ്പുകള്‍ തന്‍റെ ഉശിരന്‍, പ്രകടനത്തിലൂടെ രാജ്യത്തിന് നേടിക്കൊടുക്കാന്‍,യുവരാജിനായി.ദുഷ്കരമായ പിച്ചുകളില്‍ അദ്ഭുതകരമായി ബാറ്റേന്തി ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ളവരായിരുന്നു ലക്ഷമണ്‍,ദ്രാവിഡ് എന്നിവര്‍,തീ പാറുന്ന പന്തുകള്‍ ഹെല്‍മെറ്റില്ലാത്ത കാലത്ത് നേരിട്ട ഗവാസ്കര്‍, തന്‍റെ കാലത്തെ മികച്ച ഓള്‍റൌണ്ടാറായി ഇന്ത്യന്‍ പോരാട്ടത്തിന് ഉശിര് പകര്‍ന്ന കപില്‍,ദേവ്.1983 ലെ ലോകകപ്പ് വിജയത്തില്‍ സെമിയിലും ഫൈനലിലും മാന്‍, ഓഫ് ദ മാച്ചായി വിജയത്തില്‍, നിര്‍ണ്ണായക പങ്കു വഹിച്ച മൊഹിന്ദര്‍, അമര്‍നാഥ്.നായകനെന്ന നിലയില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ടീമിനെ നയിക്കുന്ന ധോണി.കൂറ്റന്‍ സ്കോര്‍, പിന്തുടരുമ്പോള്‍ ടീമിനെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കുന്ന കോലി.സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്വപ്നങ്ങളില്‍ സാക്ഷാത്കരിക്കാതെ പോയ പ്രകടനങ്ങളായിരിക്കണം മേല്‍ വിവരിച്ചത്.എന്നിരിക്കിലും ഈ കളിക്കാരില്‍, നിന്നും എത്രയോ ഉയരത്തിലാണ് സച്ചിന്‍റെ സ്ഥാനം.
താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍, സത്യസന്ധമായി കടുത്ത ഇച്ഛാ ശക്തിയോടെ കഠിന പ്രയത്നത്തിലൂടെയും സാധനയിലൂടെയും സച്ചിന്‍ ഉയരങ്ങള്‍ എത്തിപിടിച്ചു.ഒരിക്കലും തകര്‍ക്കപ്പെടാന്‍.സാദ്ധ്യതയില്ലാത്ത റിക്കര്‍ഡുകള്‍,സ്ഥാപിച്ചു.കളങ്കമില്ലാത്ത ഊഷ്മളമായ പെരുമാറ്റം, ഉയര്‍ന്ന സാംസ്കാരിക പെരുമയുള്ള ഒരു രാജ്യത്തിന്‍റെ പ്രതിനിധിയാണ് താനെന്ന ഉത്തമ ബോദ്ധ്യത്തോടെയുള്ള ആചരണം.മൈതാനത്ത് എതിര്‍ ടീമിനെതിരെ ആക്രോശിക്കുന്ന സച്ചിനെ ഇന്നുവരെയും കണ്ടിട്ടില്ല.ഗ്രൌണ്ടില്‍ സച്ചിന്‍,തുപ്പുന്നത് ഇന്നേവരെ കണ്ടിട്ടില്ല.അമ്പയറോട് കയര്‍ക്കുന്നതു പോയിട്ട് മുഖത്ത് ഒരു നീരസം പോലും പ്രകടിപ്പിക്കാതെ കളം വിടുന്ന സച്ചിന്‍.
പ്രതിഭാധനരായവര്‍ തന്‍റെ പ്രതിഭ സ്വാര്‍ത്ഥതയ്ക്കും സുഖലോലുപതയ്ക്കുമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ കളത്തിനകത്തും പുറത്തും നൂറു ശതമാനം മാന്യത പുലര്‍ത്തി കളം വിടുന്ന സച്ചിന്‍.
ഇതാ നമ്മുടെ കുട്ടികള്‍ക്ക് മാതൃകയാക്കാന്‍, ഒരു വ്യക്തിത്വം. കൃഷ്ണനെ മകനായി കിട്ടണെ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന സ്ത്രീകള്‍, സച്ചിനെപോലൊരു കുട്ടിയെ മകനായി കിട്ടണെ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാകാം.
മനോഹരമായ കവര്‍ ഡ്രൈവുകള്‍,പന്തിന്‍റെ വഴിയില്‍,ബാറ്റിനെ ലംബമായി പിടിച്ച് സ്ടെയിറ്റ് ഡ്രൈവ്,പിന്‍കാലിലൂന്നിയുള്ള സ്ക്വയര്‍, ഡ്രൈവ്,കാല്‍പാദങ്ങളുടെ ദ്രുത ചലനങ്ങളിലൂടെ വിക്കറ്റിനെ ലക്ഷ്യമാക്കി വരുന്ന പന്തിനെ ഫ്ലിക്ക് ചെയ്ത് വാര കടത്തുന്നു.ഒരു പക്ഷെ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍, നിറഞ്ഞുനിന്നത് സച്ചിന്‍റെ നിഷ്കളങ്കമായ മുഖമായിരിക്കണം..
തന്‍റെ നൂറാം സെഞ്ചുറി ക്രിക്കറ്റിന്‍റെ മെക്കയായ ലോഡ്സില്‍ നേടുന്നതിന് മാസങ്ങള്‍ക്ക് മുമ്പെ മൈതാനത്തിന് സമീപം താമസമാക്കിയ ടെണ്ടുല്‍ക്കര്‍ക്ക് പക്ഷെ അത് സാധിച്ചില്ല.സെഞ്ചുറിക്ക് അരികില്‍ വരെ ഉജ്വലമായി ബാറ്റ് വീശുന്ന സച്ചിന്‍ സെഞ്ചുറിയോട് അടുക്കുമ്പോള്‍, പതറുന്നു.വാല്‍ഷ് ,മഗ്രാത്ത്,അക്തര്‍ എന്നീ ബൌളര്‍മാര്‍ക്കെതിരെ പരുങ്ങുന്ന സച്ചിന്‍ ,ടൂര്‍ണ്ണമെന്‍റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് നിര്‍ണ്ണായക മത്സരത്തില്‍, പരാജയപ്പെട്ട് ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന സച്ചിന്‍.നായകനെന്ന നിലയില്‍ ടീമിനെ സ്വാധീനിക്കാന്‍ കഴിയാത്ത സച്ചിന്‍.അതെ സച്ചിന്‍ ഒരു സാധാരണ മനുഷ്യന്‍,മാത്രം.എന്നാല്‍ ഈ പിരിമിതകളെയെല്ലാം അതിജീവിക്കുന്നതാണ് സച്ചിന്‍റെ കളിയോടുള്ല സമീപനം.എന്തെല്ലാം വെല്ലുവിളികളാണ് അദ്ദേഹം നേരിട്ടത്.ബാറ്റ്സ്മാന്‍മാരുടെ ക്ഷാമമുള്ള ഒരു ടീമില്‍,അംഗമാകുകയും വളരെ നേരത്തെ തന്നെ ടീമിന്‍റെ അവിഭാജ്യ ഘടകമായി,കോഴ വിവാദം,ടെന്നിസ് എല്‍ബോ,നടുവേദന.ഓരോ ഘട്ടത്തിലും തിരിച്ചു വരില്ലെന്ന് വിചാരിച്ചെങ്കിലും സച്ചിന്‍,ശക്തമായി തിരിച്ചു വന്നു.വെല്ലുവിളികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സച്ചിന്‍റെ മറുപടി ക്രിക്കറ്റാണ്.അതൊരു ഉപാസനയാണ് നല്ല മനസ്സുകളുടെ പ്രാര്‍ത്ഥനയാണ്.
ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് സച്ചിന്‍,ഒരു സാധാരണ മനുഷ്യനാണെന്നാണ്.അദ്ദേഹം മഹത്വത്തെ വരിച്ചതാണ്.പ്രതിഭ ജന്മ സിദ്ധമായിരിക്കാം എന്നാല്‍,അദ്ദേഹം കൈവരിച്ച ദൈവികമായ അവസ്ഥ അത് ആര്‍ജ്ജിതം മാത്രമാണ്.
കളിയില്ലാത്ത ജീവിതം സച്ചിന് താങ്ങാനാകുമോ.ഇനിയുള്ല ഏതാനം ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്.ഈ സമ്മര്‍ദ്ദം അതി ജീവിക്കുവാന്‍, സച്ചിനെ സഹായിക്കാന്‍,ഏറ്റവും അനുയോജ്യായായ വ്യക്തി ഭാര്യ അഞ്ജലി തന്നെയാണ്.

അഞ്ജലീ...ഞങ്ങള്‍...സച്ചിന്‍റെ ആരാധകര്‍, ഞങ്ങളുടെ പ്രിയപ്പെട്ട സച്ചിനെ ഇതാ നിങ്ങളെ ഏല്‍പിക്കുന്നു.ഞങ്ങളുടെ സച്ചിനെ കാത്തുകൊള്ളുക.

Wednesday, October 9, 2013

കുട്ടികളുടെ അരങ്ങൊരുക്കം


നാടകത്തെ ഏറെ ഇഷ്ടപ്പെടുന്ന എനിയ്ക്ക് പഞ്ചായത്ത് നടപ്പിലാക്കിയ അരങ്ങൊരുക്കം എന്ന കുട്ടികളുടെ നാടക പരിശീലന കളരി നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെട്ടതില്‍,അതിയായ സന്തോഷം ഉണ്ട്.മൂന്നു ദിവസങ്ങളിലായി പുതിയയ കണ്ടം സര്‍ക്കാര്‍, യു പി സ്കൂളില്‍ വച്ച് നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത അമ്പതോളം കുട്ടികളുടെ ക്യാമ്പിലെ സജീവ പങ്കാളിത്തവും താത്പര്യവും കണ്ടപ്പോള്‍, ഇന്ന് നമ്മുടെ കുട്ടികള്‍ക്ക്,ഇത്തരം ആസ്വാദനങ്ങള്‍ എത്രത്തോളം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തോന്നിപ്പോയി.നാടകങ്ങള്‍ കണ്ടിട്ടു പോലുമില്ലാത്തകുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു.ടി വി യിലും സിനിമയിലും റിയാലിറ്റി ഷോയിലും മറ്റും പല കാര്യങ്ങളും കുട്ടികള്‍ കാണുന്നുണ്ടെങ്കിലും ഒന്നിച്ച് ചേര്‍ന്ന കളിയും തമാശയുമായി അഭിനയത്തിന്‍റെ ബാലപാഠങ്ങള്‍,വളരെ സന്തോഷത്തോടെയാണ് അവര്‍ സ്വായത്തമാക്കിയത്.ക്യാമ്പിന്‍റെ അവസാനം കുട്ടികള്‍ അവതരിപ്പിച്ച നാടകങ്ങള്‍,ക്യാമ്പ് എത്രത്തോളം ഫലവത്തായിരുന്നു എന്ന് കാണിച്ചു തന്നു.അസാമാന്യ മികവോടെയാണ് കുട്ടികള്‍ ചുരുങ്ങിയ കാലം കൊണ്ട് നാല് മികച്ച നാടകങ്ങള്‍, സ്വയം രൂപപ്പെടുത്തിയെടുത്തത്.ക്യാമ്പിന് നേതൃത്യം കൊടുത്ത ക്യാമ്പ് ഡയറക്ടര്‍ പ്രകാശന്‍ കരിവെള്ളൂര്‍,ക്യാമ്പിന് ശേഷം അതിയായ സംതൃപ്തി പ്രകടിപ്പിച്ചു.ക്യാമ്പിന് തുടര്‍ച്ച  ഉണ്ടായിരിക്കണമെന്നും കുട്ടികള്ക്ക് തുടര്‍,പരിശീലനം നല്കിപയാല്‍,അദ്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.അദ്ദേഹത്തിന്‍റെ സഹായികളായി ക്യാമ്പില്‍ പങ്കെടുത്ത രാജേഷ് കീഴത്തൂര്‍,പ്രകാശന്‍ കടമ്പൂര്‍,എന്നിവര്‍ ഡയറക്ടറുടെ അഭിപ്രായത്തോട്  യോജിച്ചു.പുതിയ കണ്ടം സ്കൂളിലെ പ്രധാനാദ്ധ്യപകന്‍ ശ്രീ വിജയന്‍, വളരെ ആത്മാര്ത്ഥതയോടെ പദ്ധതിയുടെ നിര്‍വ്വഹണം നടത്തി.വാര്‍ഷിക പദ്ധതിയില്‍,കുട്ടികള്‍ക്കായി ഈ പ്രൊജക്ട് ഉള്‍പെടുത്താനുള്ള എന്‍റെ നിര്‍ദ്ദേശം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ ടീച്ചര്‍,വൈസ് പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണന്‍ എന്നിവര്‍,പൂര്ണ്ണര മനസ്സോടെയാണ് സ്വീകരിച്ചത്.

അജാനൂരിന്റെ് നാടക സംസ്കാരം തിരകെ പിടിക്കാനുള്ള ശ്രമമെന്നോ അടുത്തു വരാനിരിക്കുന്ന സ്കൂള്‍ യുവജനോത്സവത്തിലെ വിജയമോ ഒന്നും ഞങ്ങള്‍, അവകാശപ്പെടുന്നില്ല.ഇത് പഞ്ചായത്തിലെ സര്‍ക്കാര്‍, സ്കൂളില്‍,പഠിക്കുന്ന കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍,ഉണര്‍ത്തുവാനുള്ള ഒരു എളിയ ശ്രമം മാത്രം.

ക്യാമ്പിന് ശേഷം പരിഞ്ഞുപോകുന്നതിന് മുമ്പ് ഓരോ കുട്ടികളും മനസ്സാ ആഗ്രഹിച്ചിട്ടുണ്ടാകണം ഇനിയും ഇത്തരം ക്യാമ്പുകള്‍ ഉണ്ടാകണേ എന്ന്.

ക്യാമ്പിന്‍റെ തുടര്‍ച്ചയായി         ഒരു ക്യാമ്പും കൂടി ഈ വര്‍ഷം  തന്നെ സംഘടിപ്പിക്കുവാന്‍ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. ഈ വര്‍ഷം            തന്നെ കുട്ടികളുടെ ഫിലിം ഫെസ്റ്റിവല്‍, സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.

Sunday, October 6, 2013


സംഗീതാര്‍ച്ചന


പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നവാരാത്രി സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.നാദമയിയായ ദേവിയ്ക്ക് സംഗീതാര്‍ച്ചന ക്ഷേത്രങ്ങളില്‍,സര്‍വ്വ സാധാരണമാണ്.സാധാരണയായി കര്‍ണ്ണാടക സംഗീതാര്‍ച്ചനയാണ് നടത്തിവരുന്നത്.എന്നാല്‍ ക്ഷേത്രാങ്കണത്തിലരങ്ങേറിയ ആദ്യ രണ്ട് ദിവസത്തെ പരിപാടികള്‍,വ്യത്യസ്ഥത പുലര്‍ത്തിയതു കൊണ്ടു തന്നെ ശ്രദ്ധേയമായി.
സോപാന സംഗീത വിദഗ്ദ്ധനായ ഞരളത്ത് ഹരിഗോവിന്ദന്‍, ഇടയ്ക്കയുടെയും മിഴാവിന്‍റെയും മേളങ്ങളോടെ അവതരിപ്പിച്ച കൂട്ടുകൊട്ടിപാട്ട് ശ്രദ്ധേയമായി.ദാസ്യ ഭക്തിയുടെ പ്രതിരൂപമായ സോപാന സംഗീതാലാപനത്തിലും ശൈലിയിലും വ്യത്യസ്ഥത പുലര്‍ത്തി.കവിതയും നാടന്‍പാട്ടും സിനിമാ ഗാനങ്ങളും ശ്രീ ഹരിഗോവിന്ദന്‍, ആലപിച്ചു.കാനനവാസനായ ശാസ്തവിനെ സ്മരിച്ചു കൊണ്ട് കാടില്ലാതാകുന്ന അവസ്ഥ സുഗതകുമാരിയുടെ കവിതയിലൂടെ അവതരിപ്പിക്കപ്പെട്ടു.അനശ്വര പ്രണയ കാവ്യമായ ഗീതാ ഗോവിന്ദത്തിന്‍റെ ആലാപനത്തിലൂടെ മഴയില്‍ കുതിര്‍ന്ന സായാഹ്നമായിട്ടും പരിപാടി കാണാനെത്തിയ സദസ്സിന് സന്തോഷം പകര്‍ന്നു.പരിപാടിയിലുടനീളം നന്മയുടെ പാഠങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍,ഗായകന്‍ മറന്നില്ല.മഴയെ ശപിക്കാതെ മഴയുടെ സംഗീതത്തിലും താളത്തിലും ആനന്ദം കണ്ടെത്താന്‍,  അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.ക്ഷേത്രത്തില്‍ നടയടച്ച് വിഗ്രഹ പൂജ നടത്തുന്ന അവസരത്തില്‍,വിഗ്രഹത്തെ മനസ്സില്‍,കണ്ട് ലയിച്ച് പാടുന്ന സോപാന സംഗീതം പാടുന്നവരുടെ എണ്ണം ഇന്ന് വിരലിലെണ്ണാവുന്നതുമാത്രമാണ്.
ഇടയ്ക്ക എന്ന 64 പൂച്ചെണ്ടുകള്‍, കെട്ടിത്തൂക്കിയ  വാദ്യത്തിന്‍റെ പൂര്‍ണ്ണ വിവരണം അദ്ദേഹം നല്‍കി.കാട്ടാറിന്‍രെയും കാട്ടരുവികളുടെയും സംഗീതാത്മകമായ കളകള നാദം കേട്ട് വളര്‍ന്ന മരത്തില്‍, നിന്ന് ഉണ്ടാക്കുന്ന ഈ ചെണ്ടയുടെ നിര്‍മ്മാണം ശാസ്ത്രയുക്തമാണ്.ഒറ്റ കൈ കൊണ്ട് കലാകരന്‍ കാണിക്കുന്ന ധ്വനി വിസ്മയം അദ്ഭുതാവഹമാണ്.മറ്റെ കൈ കൊണ്ട് ഇടയ്ക്കയുടെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിച്ചുകൊണ്ട് ഉണ്ടാക്കുന്ന ധ്വനി തരംഗങ്ങള്‍,വര്‍ഷങ്ങളുടെ ധ്യാനത്തിന്‍റെയും ഉപാസനയുടെയും ഫലമാണ്.അഞ്ചോളം ധ്വനി മുഖങ്ങളില്‍ കൊട്ടി ഉണ്ടാക്കുന്ന പാശ്ചാത്യ ഡ്രം ബീറ്റിനെക്കാളും ഒറ്റ ധ്വനി മുഖത്തു നിന്ന് ഇടയ്ക്കയിലൂടെ ഉണ്ടാകുന്ന താളലയങ്ങള്‍ എന്തുകൊണ്ടും അദ്ഭുതാവഹവും വിസ്മയ പൂര്‍ണ്ണവുമാണ്.ശ്രീധരന്‍ പെരിങ്ങോട് ഇടയ്ക്ക വായിച്ചു.
മിഴാവ് എന്ന വാദ്യോപകരണത്തിന്‍റെ അനന്ത സാദ്ധ്യതകളും പ്രേക്ഷകര്‍ക്ക് അനുഭവ വേദ്യമായി.കുടത്തിന്‍റെ വായില്‍,തോല്‍കെട്ടി കൂത്തംബലങ്ങളില്‍,ഉപയോഗിച്ചുവരുന്ന മിഴാവ് ഉണ്ടാക്കികഴിഞ്ഞാല്‍,ഉപനയനാദിക്രിയകള്‍ ചെയ്ത് കൂത്തംബലത്തില്‍,പ്രതിഷ്ഠിക്കുകയും കാലഹരണപെട്ടതിനുശേഷം അതിന്‍റെ മരണാന്തര ക്രിയകളും ചെയ്തിരുന്നുവത്രെ.കലാമണ്ഡലം ശ്രീ രതീഷ് ദാസ് വളരെ നന്നായി മിഴാവ് കൈകാര്യം ചെയ്തു.
ഇടയ്ക്കയും മിഴാവും  കര്‍ണ്ണാടക സംഗീതത്തിന് തബലയ്ക്കും മൃദംഗത്തിനും പകരമായി ഉപയോഗിക്കാവുന്നതാണെന്നും ശ്രീ ഹരിഗോവിന്ദന്‍ കൂട്ടി ചേര്‍ത്തു.
പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍,കഴിഞ്ഞ ആറു മാസങ്ങളായി കൊമ്പ് വായിക്കുന്നതിന് പരിശീലനം നേടിവന്നിരുന്നവരുടെ അരങ്ങേറ്റമായിരുന്നു രണ്ടാം ദിവസം.ആറുമാസങ്ങളായി പരിസരവാസികള്‍ക്ക് പഠന പ്രക്രിയയുടെ ഭാഗമായി അരോചകമായ ശബ്ദം  നീരസത്തിനിടയാക്കിയിട്ടുണ്ടാകാമെങ്കിലും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ കൊമ്പ് വാദ്യം ഏവര്‍ക്കും ഹൃദ്യമായി.കാലഹരണപെട്ടുകൊണ്ടിരിക്കുന്ന ഇത്തരം കലകളെ നിലനിര്‍ത്തുന്നതിന് ഒരു കൂട്ടം സാംസ്കാരിക പ്രവര്‍ത്തകര്‍,നടത്തിയിട്ടുള്ള ശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്.ഏതായാലും ജീവനോപാധിയായി തിരഞ്ഞെടുത്ത തൊഴിലയിരിക്കില്ല ഇത്.ഇത്തരം എളിയ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ പല കലാരൂപങ്ങളും കാലഹരണപ്പെട്ടു പോകും.ഉദ്ഘാടന ചടങ്ങില്‍ ഒരു പ്രാസംഗികന്‍,സൂചിപ്പിച്ചതു പോലെ ക്ഷേത്രകലകള്‍ക്ക് സര്‍ക്കാര്‍, പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഉത്സവ കലാകരന്‍മാരെയും നാം പരിഗണിക്കേണ്ടതുണ്ട്.
തുടര്‍ന്ന് മട്ടന്നൂര്‍,പത്മ ശ്രീ ശങ്കരന്‍, കുട്ടി മാരാറുടെ നേതൃത്വത്തില്‍, നടന്ന ചെണ്ടമേളം അതിഗംഭിരമായി.കൊട്ടിന്‍റെ ലഹരി അന്തരീക്ഷത്തിലും പ്രേക്ഷകരിലും എത്തിക്കുന്ന ഈ അസുരവാദ്യമായ ചെണ്ട കൊട്ടുമ്പോഴും കലാകരന്‍മാരുടെ മുഖത്ത് ഒരു അസാമാന്യമായ ശാന്തതയാണ് കാണുന്നത്.അവരില്‍ പലരുടെ മുഖത്തും ഒരു നിസ്സംഗ ഭാവമാണ്.പലരും ഇതിനിടയിലും കുടുംബത്തിലെ പ്രാരാബ്ധങ്ങളെ പറ്റി ഓര്‍ക്കുന്നുണ്ടാകാം.എങ്കിലും കൂട്ടത്തിലെ നേതാവില്‍നിന്ന്  താളത്തിന്‍റെ കാലം മാറുന്ന ഒരു സൂചന കിട്ടിയാല്‍ മതി വീണ്ടും പ്രജ്ഞ വീണ്ടെടുത്ത് താളത്തിന്‍റെ ഗതിയ്ക്കനുസരിച്ച് നീങ്ങും.

സംഗീതോത്സവത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍, വ്യത്യസ്ഥങ്ങളായ കലാകരന്‍മാരെയും ശൈലിയുമാണ് നമ്മെ കാത്തിരിക്കുന്നത് 

Saturday, October 5, 2013

ദയാ ഹരജി



പ്രിയപ്പെട്ടവരെ...........,

.......ജീവിക്കാന്‍ ഞങ്ങള്‍ക്ക് മോഹമില്ല....എന്നാല്‍ ഇപ്പോള്‍ മാന്യമായി മരിക്കാന്‍ ഒരു മോഹം തോന്നുന്നു...അതുകൊണ്ട് ചോദിക്യാ......ഞങ്ങളെ കൊല്ലാക്കൊല ചെയ്യാതിരിക്കാന്‍ പറ്റ്വോ..............
ഇല്ല അല്ലേ........സാരല്ല.....

ഹൃദയപൂര്‍വ്വം



പാതവക്കിലൂടെ നടന്നു നീങ്ങുമ്പോള്‍ അങ്ങകലെ പടിഞ്ഞാറെ കവലയില്‍, നിന്ന് ഹൃദയകുമാരി നടന്നു വരുന്നു.അയാളുടെ ഹൃദയം ഒന്നു പിടഞ്ഞു.അടുത്തെത്തിയപ്പോള്‍,അയാള്‍ ഹൃദ്യമായി പുഞ്ചിരിച്ചു.ഹൃദയ കുമാരി പ്രതികരിച്ചില്ല.അന്നു രാത്രി അയാള്‍ തന്‍റെ         ആദ്യ പ്രണയ ലേഖനത്തിന് തുടക്കം കുറിച്ചു.എന്‍റെ ഹൃദയേശ്വരീ......സായാഹ്നത്തില്‍ കടലോരത്ത് അവര്‍ ഹൃയം തുറന്നു.ഇരു ഹൃദയങ്ങളും ഒന്നായി.അയാളുടെ ഹൃദയം തുളുമ്പി.ഹൃദയേശ്വരി സന്തോഷിച്ചു.ഇത്രയും ഹൃദയാലുവായ ഒരാളെ എനിക്ക് സ്വന്തമായി കിട്ടിയല്ലോ.അവള്‍ തന്‍റെ    ഹൃദയം തൊട്ട് സത്യം ചെയ്തു.ഇയാളുമായി ഞാനെന്‍റെ         ഹൃദയം പങ്കു വയ്ക്കും.അയാള്‍ തന്‍റെ         കല്യാണത്തിന് എല്ലാവരെയും ഹാര്‍ദികമായി സ്വാഗതം ചെയ്തു.ബന്ധുക്കളും സുഹൃത്തുക്കളും വലിയ മാത്രയില്‍ എത്തിച്ചേര്‍ന്ന് അയാളെ ഹൃദയം നിറഞ്ഞ ആശംസകള്‍, കൊണ്ട് പൊതിഞ്ഞു.
ഹൃദയ കുമാരി എരിവും പുളിയും,എണ്ണയില്‍ വറുത്തതുമായ രുചിയുള്ള ഭക്ഷണം ഉണ്ടാക്കി അയാള്‍ക്ക്  നല്‍കി ഹൃദയം കവര്‍ന്നു  കൊണ്ടേയിരുന്നു.ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം അയാള്‍ കുഴഞ്ഞു വീണു.ഹൃദയ ഭേദകമായ ആ കാഴ്ച കണ്ട് ഹൃദയ കുമാരി സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഹൃദയാലുക്കളായ സുഹൃത്തുക്കള്‍ അയാളെ ഹൃദയാലയത്തിലെത്തിച്ചു. ഡോക്ടര്‍ പറഞ്ഞു ഹൃദയാഘാതമാണ്.ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു .ബ്ലോക്കുകള്‍ ഒഴിവാക്കാന്‍,ഒരു ഹൃദയ ശസ്ത്രക്രിയ വേണം.ആയാള്‍ ശസ്ത്രക്രിയയ്ക്കു ശേഷം പൂര്ണ്ണാരോഗ്യവാനായി.ഡോക്ടര്‍ ഓര്മ്മി്പ്പിച്ചു. ജീവിതത്തിലെ എല്ലാമെല്ലാമാണ് ഹൃദയം.നമുക്ക് വേണ്ടി അനു നിമിഷം പ്രവര്‍ത്തി ച്ചുകൊണ്ടേയിരിക്കുന്ന ഹൃദയത്തിന് അഹിതമായിട്ടുള്ലതൊന്നും നാം ചെയ്യാന്‍ പാടില്ല.നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല ചിന്തകള്‍.
അവര്‍ പരസ്പരം നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന പാഠം ഹൃദിസ്ഥമാക്കിക്കൊണ്ട് അവര്‍ ആശുപത്രി വിട്ടു.



Sunday, September 15, 2013

തിരുവോണാശംസകള്‍..............



വീണ്ടും ഓണം.എന്തൊരു ഊര്‍ജ്ജമാണ് ഈ മഹോത്സവം ജനങ്ങളിലേയ്ക്ക് പകരുന്നത്.ആബാലവൃദ്ധം ജനങ്ങള്‍  ഉത്സവതിമര്‍പ്പിലാണ്.കാണം വിറ്റും ഓണം  ഉണ്ണണം എന്ന് കേട്ടത് എത്ര ശരിയാണ്.ഓണം ഒരു പ്രതീക്ഷയാണ്.ഒരു സങ്കല്‍പമാണ്.സ്വപ്ന തുല്യമായ ഒരു നാട് എല്ലാവരും ഇഷ്ടപ്പെടുന്ന പ്രജാതത്പരനായ രാജാവ്.പക്ഷെ അദ്ദേഹത്തിന് നിലനില്‍പുണ്ടായില്ല. അടിച്ചമര്‍ത്തപ്പെട്ടു.എല്ലാ നന്മകളും പരീക്ഷിക്കപ്പെടും.എന്നാലും ജനങ്ങള്‍,എത്ര സന്തോഷത്തോടെയാണ് ആ കാലഘട്ടത്തെ ഓര്‍ക്കുന്നത്.അദ്ദേഹത്തെ എല്ലാ വര്‍ഷവും സ്വീകരിക്കുന്നത് .മഹാബലിയുടെ കഥ കേവലം അസുരന്‍മാരും ദേവന്‍മാരും തമ്മിലുള്ള സ്പര്‍ദ്ധയും,വരേണ്യവര്‍ഗ്ഗവും പീഡിതരും തമ്മിലുള്ള സംഘര്‍ഷവും മാത്രമല്ല,എന്തെല്ലാം തിരിച്ചടികളേറ്റാലും അടിച്ചമര്‍ത്തപ്പെട്ടാലും നന്മയ്ക്കുള്ല സ്ഥാനം ജനഹൃദയങ്ങളില്‍ നിന്ന് അകന്നിട്ടില്ല അകലുകയില്ല എന്നതാണ് ഓണത്തിന്‍റെ മഹത്തായ സന്ദേശം.



Saturday, September 14, 2013

രാമായനം


കര്‍ട്ടന്‍, ഉയരുമ്പോള്‍ രംഗത്തേയ്ക്ക് ഓഫീസില്‍, പോകാന്‍ തിടുക്കത്തില്‍, തയ്യാറെടുക്കുന്ന ഹരികൃഷ്ണന്‍.ഹരികൃഷ്ണന്‍ ഷൂസിന്‍റെ ലെയ്സ് കെട്ടുകയും ,കണ്ണാടിയില്‍ നോക്കുകയും ചെയ്യുന്നു.അകത്തേയ്ക്ക് നോക്കി ഭാര്യയോട്

ഹരികൃഷ്ണന്‍- ലക്ഷ്മീ ആ പെട്ടിയിങ്ങോട്ടെടുത്തേ..വേഗം വേണം ഇന്ന് ഓഡിറ്റുള്ളതാ..കുറച്ച് വേഗം ബാങ്കിലെത്തണം

ലക്ഷ്മി-ഇതായിപോയി നല്ല കൂത്ത്.കാലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറായതല്ലേ.ഹരിയേട്ടന്‍ നൃത്തം ചവിട്ടി നടന്നിട്ടല്ലേ

ഹരി-ഓ ശരി എന്‍റെ തൂവാലയെവിടെ

ലക്ഷ്മി-ഇതാ ഹരിയേട്ടാ തൂവാല ഞാന്‍ ഷര്‍ട്ടിന്‍റെ കൂടെ വച്ചിരുന്നതല്ലേ അതവിടെ വച്ച് മറന്നു.ഈ ഹരിയേട്ടന്‍റെ ഒരു കാര്യം.

ഹരി-(എന്തോ ഓര്‍ത്തു കൊണ്ട്) ഓ ഞാന്‍,ഫയലെടുക്കാന്‍ മറന്നു.(അകത്തേയ്ക്ക് ധൃതിവച്ച് ഓടുന്നു)

കോളിംഗ് ബെല്‍ അടിയ്ക്കുന്നു.

അകത്തുനിന്ന് ഹരി- ലക്ഷ്മീ അതാരാന്ന് നോക്കിക്കേ

ലക്ഷ്മി- നോക്കി തിരിച്ച് വരുന്നു.ആംഗ്യത്തിലൂടെ ഏതോ ഒരലവലാതി കയറിവന്നിട്ടുണ്ട് എന്ന് കാണിക്കുന്നു.

(രാമന്‍ ഹരിയുടെ സഹപാഠിയാണ്.ക്ഷീണിതനും അവശനുമാണ്.മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമാണ് വേഷം.കൈയ്യില്‍ ഒരു കെട്ടുണ്ട്.)

ഹരി ചെന്ന് നോക്കി രാമനെ അകത്തേയ്ക്ക് ക്ഷണിച്ചുവരുത്തുന്നു.

ഹരി-ഇതാര് രാമനോ..എത്രനാളായി നമ്മള്‍ കണ്ടിട്ട്.എനിയ്ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലായില്ല.

മുറിയാസകലം നോക്കുന്നു.

രാമന്‍-- ബാങ്കിലേയ്ക്ക് ഇറങ്ങിയതാണല്ലേ.സാര്‍ ഇറങ്ങിയോ എന്ന് സംശയമുണ്ടായിരുന്നു.(എന്തോ പറയാനുള്ള വ്യഗ്രത,ചമ്മല്‍)

ഹരി-സാറോ ഏത് സാറ് രാമന്‍,  എന്നെ ഹരീ എന്ന് വിളിച്ചാ മതി എന്താ
എന്താ പരിപാടി രാമാ...

രാമന്‍-പരിപാടിയെന്ത് ...കൂലിപണിക്ക് പോന്ന് ..കുഞ്ഞിക്ക് സുഗഇല്ലാത്തേനോണ്ട് നാല് ദിസായി പണിക്ക് പോവാണ്ട്.

ഹരി-ഞാന്‍ കഴിഞ്ഞയാഴ്ചയാണ് ഇവിടുത്തെ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറിവന്നത് .നേരത്തെ എറണാകുളത്തായിരുന്നു.

രാമന്‍-കയിഞ്ഞദിവസം ഗംഗാരന്‍ കണ്ടപ്പൊ പറഞ്ഞിറ്റ് ഞാനറിഞ്ഞെ.ഇതാ കൊര്‍ച്ച് നെല്ലിക്കയിണ്ട്.(നെല്ലിക്കയുടെ ബാഗ് ഹരിയെ ഏല്‍പിക്കുന്നു.)

ഹരി-(ബാഗ് ഏറ്റുവാങ്ങിക്കൊണ്ട്) ലക്ഷ്മീ ഇതാ എന്‍റെ ക്ലാസ്മേറ്റ് രാമന്‍

ലക്ഷ്മി കടന്നു വരുന്നു.ചിരിച്ചെന്ന് വരുത്തി.-ഹരിയേട്ടന് ബാങ്കില്‍ പോകാന്‍...( തിരികെ പോകാന്‍ തുടങ്ങുന്നു.)

രാമന്‍ നമുക്കായി നെല്ലിക്ക കൊണ്ടുവന്നിരിക്കുന്നു.

ലക്ഷ്മി ഒന്നും പറയാതെ അകത്തേയ്ക്ക് പോകുന്നു.

രാമന്‍-ഉപ്പിലിട്ടിറ്റ് ബച്ചാല് എടക്ക് തിന്നാ .അച്ചാറും ഇന്‍ഡാക്കാ.

ഹരി-നന്നായി രാമ.എനിയ്ക്ക് ബാങ്കില്‍ പോകാന്‍,....

രാമന്‍-ആട്ട് ഞാന് ബന്നത് പറയാ.എന്‍റെ കുഞ്ഞി ആസ്പത്രീലിണ്ട്.സ്വാസം മുട്ട്.ഇപ്പോ കൊണ ആയി.ഡിസ്ചാര്‍ജ് ആക്കാനി ഒരായിരം ഉര്‍പ്യ ബേണാര്‍ന്നു.നിന്നോട് എങ്ങനെ ചോയ്ക്ക്ന്നേന്ന് ബിജാരിച്ചോണ്ടിണ്ടായി.ബേറെ നിവൃത്തീല്ല.

ഹരി തന്‍റെ പേഴ്സില്‍,നിന്ന് ആയിരം രൂപയെടുത്ത് കൊടുക്കുന്നു.

രാമന്‍- ഞാന് അഡ്ത്ത തിങ്കളായച്ച് തിരിച്ച് തരാ.ഞാന് ആസ്പത്രീല് ഓള നിര്‍ത്തീറ്റ് ബന്നത് .എന്നാല് ഞാന് പോട്ടാ.....ബുദ്ധിമുട്ടായ

ഹരി-ഏയ് ഇല്ല രാമ.അത് സാരല്ലാ.വേഗം പോയിക്കോളൂ.നമുക്ക് പിന്നെ ഒര് ദിവസം വിശദമായി സംസാരിക്കാം.

(രാമന്‍ പോയികഴിഞ്ഞ് ഹരി നെല്ലിക്കയുടെ കെട്ട് നോക്കുന്നു.(പിന്നരങ്ങില്‍ കുചേലവൃത്തത്തിലെ ഈരടികള്‍,പെട്ടെന്ന് ലക്ഷ്മി വരുന്നു.)

ലക്ഷ്മി-എന്താ ഹരിയേട്ടാ ഇന്ന് ബാങ്കിലൊന്നും പോകണ്ടെ.ഒരു സുഹൃത്തും സഹപാഠിയും.

ഹരി-ലക്ഷ്മീ......ഈ രാമന്‍, എന്‍റെ സഹപാഠി മാത്രമായിരുന്നില്ല.ക്ലാസ്സിലെ ഏറ്റവും മിടുക്കനായി വിദ്യാര്‍ത്ഥിയായിരുന്നു.ലൂസായ കാക്കി നിക്കറും,ഇറക്കം കുറഞ്ഞ ഷര്‍ട്ടും.വൃത്തിയായി ചീകിയ തലമുടിയുമുള്ള രാമന്‍.

(ഹരിയുടെ ഓര്‍മ്മ വര്‍ഷങ്ങള്‍,പുറകോട്ട്)
രാഗം 2
ക്ലാസ്സ് റൂം.രാമന്‍റെ കീശയിലെ നെല്ലിക്ക എല്ലാവര്‍ക്കും കൊടുക്കുന്നു.കുട്ടികളുടെ വായില്‍ നെല്ലിക്കയാണ്.പരസ്പരം സംസാരിക്കുകയും കലപില കൂട്ടുകയും ചെയ്യുന്നു.അദ്ധ്യാപകന്‍ കടന്നു വരുന്നു.)

ഗു...ഡ്മോ...ണിംഗ്... സാ.......ര്‍....

അദ്ധ്യാപകന്‍-എന്താടോ ഒരുഷാറില്ലാത്തത്.നല്ല ഉഷാറായിട്ട് ഒരു ഗുഡ്മോണിംഗ് പറഞ്ഞേ.
ഗുഡ്മോണിംഗ് സാര്‍

അദ്ധ്യാപകന്‍-പോരാ....

ഗുഡ്മോണിംഗ് സാര്‍...

അദ്ധ്യാപകന്‍-
അബ്ദുള്ള,ബാലകൃഷ്ണന്‍,ഗംഗാധരന്‍,ഹരികൃഷ്ണന്‍,കുഞ്ഞിരാമന്‍,ജാനകി,രുക്മിണി,രജനി...

ഇന്നെല്ലാരുമുണ്ടല്ലോ.ആ ഇന്നലെ നമ്മളെവിടെയാ നിര്‍ത്തിയത്.

കുട്ടികള്‍-ശുചിത്വം

അദ്ധ്യാപകന്‍-ഏതൊക്കെ തരത്തിലുള്ള ശുചിത്വമുണ്ട്

കുട്ടികള്‍ ഓരോരുത്തരായി-വ്യക്തി ശുചിത്വം പരിസര ശുചിത്വം....സമൂഹ ശുചിത്വം

അദ്ധ്യാപകന്‍-ആ അത് പോട്ടെ ഇന്ന് കുളിക്കാതെ ക്ലാസ്സില്‍ വന്നവരാരെങ്കിലുമുണ്ടോ.

കുട്ടികള്‍ ആരും മിണ്ടുന്നില്ല

അദ്ധ്യാപകന്‍-എല്ലാവരും രാവിലെ കുളിച്ചതല്ലെ ..

കുട്ടികള്‍ -അതെ സാര്‍

അദ്ധ്യാപകന്‍-നിങ്ങളെത്ര തവണ പല്ല് തേക്കും

കുട്ടകള്‍-രാവിലെ

അദ്ധ്യാപകന്‍-പോരാ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ല് തേക്കണം മനസ്സിലായോ.ഇല്ലെങ്കില്‍

കുട്ടികള്‍--പല്ല് നൊമ്പലണ്ടാവും

അദ്ധ്യാപകന്‍-അതെ ..പല്ല് കേട് വരും ...വേദനിയ്ക്കും...പല്ല് പറിക്കേണ്ടിവരും ...വയസ്സാകുന്നതിനുമുമ്പ് അപ്പൂപ്പനാകും ....അപ്പൂപ്പനാരാ

കുട്ടികള്‍-തൊണ്ടന്‍....കൂട്ടച്ചിരി

അദ്ധ്യാപകന്‍-അതേ വേഗം തൊണ്ടനാകും..ആട്ടെ നിങ്ങളെന്തു കൊണ്ടാ പല്ല് തേക്കുക

കുട്ടികള്‍ ഓരോരുത്തരായി-കോള്‍ഗേറ്റ്,ബിനാക്ക,മിസ്വാക്ക്,ഡാബര്‍

രാമന്‍- ഉമിക്കരി (കൂട്ടച്ചിരി)

അദ്ധ്യാപകന്‍-ചിരിക്കണ്ട.

അദ്ധ്യാപകന്‍-ഞങ്ങളുടെ കുട്ടിക്കാലത്ത് ഈ ടൂത്ത് പേസ്റ്റുകളൊന്നും ഇല്ല.ഞങ്ങളൊക്കെ ഉമിക്കരിയും മാവിലയും ഒക്കെ ഉപയോഗിച്ചാണ് പല്ല് തേച്ചുകൊണ്ടിരുന്നത്.ഇതാ എന്‍റെ പല്ല് കണ്ടില്ലേ.(ചിരിച്ച് കാണിക്കുന്നു.)

അദ്ധ്യാപകന്‍-നിങ്ങളുടെ പല്ല് കാണട്ടെ

എല്ലവരും പല്ല് കാണിക്കുന്നു.ചിലര്‍ പല്ല് കൈകൊണ്ട് മറച്ച് പിടിച്ചിരിക്കുന്നു.

അദ്ധ്യാപകന്‍-ഫസ്റ്റ് ആരാണെന്ന് പറയട്ടെ...ഉമിക്കരികൊണ്ട് പല്ല് തേക്കുന്ന നമ്മുടെ രാമന്‍....

എല്ലവരും കൈയ്യടിക്കുന്നു.
അദ്ധ്യാപകന്‍-നമ്മുടെ രാമന്‍ പഠനത്തില്‍,മാത്രമല്ല ശുചിത്വത്തിന്‍റെ കാര്യത്തിലായും മിടുക്കനാണ്.

ബെല്‍ ടിം ടിം ടിം....

ബെല്‍ കേട്ട രാമന്‍ വാണം വിട്ടതുപോലെ ഒരുമൂലയില്‍,ചെന്നിരിക്കുന്നു.ഉച്ചയ്ക്ക് ഉപ്പുമാവിന്‍റെ നാലാം ബെല്ലാണെന്ന് തെറ്റിദ്ധരിച്ചാണ്.കുഞ്ഞിരാമന്‍ ഓടിച്ചെന്നിരുന്നത്.

അദ്ധ്യാപകന്‍-എന്താ രാമാ ഇത്.മൂന്നാം പിരീഡല്ലേ കഴിഞ്ഞിട്ടുള്ളൂ.(ചിരിച്ചുകൊണ്ട്)നാലാം പിരീഡ് കഴിഞ്ഞാലല്ലെ ഉപ്പുമാവ് വിളമ്പൂ).

രാമന്‍ ഇളിഭ്യനായി തിരികെ സീറ്റിലേയ്ക്ക്.

അദ്ധ്യപകന്‍ പോകുന്നു.കുട്ടികള്‍ രാമന്‍റെ ചുറ്റും കൂടി കളിയാക്കുന്നു.ചെറേലെ 
കുഞ്ഞിരാമാ...ചെറേലെ കുഞ്ഞിരാമാ....ഉപ്പുമാ കൊതിയന്‍,ചെറേലെ രാമ..കുഞ്ഞിരാമാ കുഞ്ഞിരാമാ...ആടിക്കളിക്കെടാ കുഞ്ഞിരാമാ....മല്‍കുത്തം മറിയെടാ കുഞ്ഞിരാമാ....കമണകുത്തം മറിയെടാ കുഞ്ഞിരാമാ...ഉപ്പുമാ തിന്നെടാ നല്ല രാമാ...ഉപ്പുമാ തിന്നെടാ ചെറേലെ രാമാ.(രാമന്‍ താളത്തില്‍,കളിക്കുന്നു.ബഹളം കേട്ട് അദ്ധ്യപകന്‍റെ ശബ്ദം)

യാര്‍ദദ് സ്വറ.....(കന്നട അദ്ധ്യാപകാനാണ്.)

കുട്ടികള്‍ ഓടിപ്പോകുന്നു.രംഗത്ത് രാമനും ഹരിയും മാത്രം

രാവിലെ കുള്ത്തത് കുഡ്ചീന്‍റെ അയിനോണ്ട് പൈച്ചിറ്റ് ചാവ്ന്ന്.ബെല്ല്  കേട്ടപ്പ ഞാന്‍ ബിജാരിച്ച് ഉച്ചേത്ത ബെല്ല്ന്ന്.അയിനോണ്ട് പാഞ്ഞ് പോയിറ്റ് ഇരിന്നെ.

ഹരി-(ഹരിയ്ക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല)- എന്നാലും ആയില്ലെ എനി അരമണിക്കൂറല്ലെ അതിപ്പ ആവും.

രാമന്‍ ബാഗില്‍,നിന്ന് നെല്ലിക്കയുടെ ഒരു കൂടെടുത്ത് ഹരിയ്ക്ക് കൊടുക്കുന്നു.

രാമന്‍-ഇത് ബീട്ലേക്കെട്ത്തോ...അച്ചാറിഡാ....

രാമന്‍-ഇക്കുറി എല്ലാറ്റിലും നീയല്ലെ ഫസ്റ്റ്.ഇന്ന് കണക്കിന്‍റെ പരീക്ഷ പേപ്പറ് കിട്ടും അയില് 
ഞാന്‍,നിന്നെ തോപ്പിക്കും തീര്‍ച്ച.

ഹരി- സാമൂഹ്യത്തിനും മലയാളത്തിനും,സയന്‍സിനും ഞാനല്ലെ പസ്റ്റ്

രാമന്‍-നോക്കാ കണക്കിനെന്തായാലും ഞാ നിന്ന തോപ്പിക്കും.

കണക്ക് പരീക്ഷ പേപ്പറുമായി കണക്ക് മാസ്റ്റര്‍ വരുന്നു.പേപ്പര്‍ കൊടുക്കുന്നു.

അദ്ധ്യാപകന്‍ മാര്‍ക്ക് വായിക്കുന്നു. ഹരി 45,രാമന്‍ 49...

അദ്ധ്യാപകന്‍-വെരിഗുഡ്...നിങ്ങള് ഇവരെ കണ്ട് പഠിക്ക് ഹരിയും രാമനും നിങ്ങള്‍ക്കൊക്കെ 

ഏതുസമയത്തും കളിക്കാനുള്ള ചിന്തയേ ഉള്ളൂ.

ബെല്‍ ടിം,ടിം,ടിം,ടിം...എല്ലാവരും ഉപ്പുമാവിനിരിക്കുന്നു.കഴിച്ച് പോകുന്നു.

(രാമന്‍റെ വീട്ടിലേയ്ക്കുള്ള യാത്ര.വളപ്പില്‍ പുല്ലരിയുന്ന അമ്മ. രാമന്‍ മാങ്ങയ്ക്ക് കല്ലെറിയുന്നു.അമ്മയുടെ നിര്‍ദ്ദേശമനുസരിച്ച് പുല്ലരിയുന്നു.പുല്ല് കെട്ടി തലയില്‍ വച്ച് യാത്രയാകുന്നു.വീട്ടിലെത്തി കഞ്ഞികുടിയ്ക്കുന്നു.വിളക്ക് കത്തിച്ച് വച്ച് പഠിക്കുന്നു.അമ്മ പാത്രം കഴുകുന്നു.പായ വിരിച്ച് കിടക്കുന്നു.രാമന്‍ പഠനം തുടരുന്നു.വിളക്കണച്ച് കിടക്കുന്നു.എല്ലാം സംഗീതത്തിന്‍റെ അകമ്പടിയോടെ).

രംഗം-3

ഹരിയുടെ വീട് ഹരിയുടെ ജന്മദിനമാണ്.ക്ലാസ്സിലെ സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്.അമ്മ വിളക്ക് വയ്ക്കുന്നു.ഇലയില്‍ സദ്യ വിളമ്പുന്നു.എല്ലാവരും നോക്കി നില്‍ക്കുന്നു.

ഹരിയുടെ അമ്മ- എല്ലാവരുമുണ്ടല്ലോ.എല്ലാവര്‍ക്കും ഇപ്പൊ വിളമ്പിത്തരാ ട്ടോ.
ഹരീ നീ ഇവരെയൊക്കെ പരിചയപ്പെടുത്തിയില്ലല്ലോ

(ഹരി ഓരോരുത്രെയും പരിചയപ്പെടുത്തുന്നു.)

അമ്മ-ങാ ഇതാണല്ലെ രാമന്‍.ഹരിയ്ക്ക് വീട്ടില്‍ വന്നാല്‍, രാമനെ കുറിച്ചേ പറയാനുള്ളൂ.ഇങ്ങടുത്തുവാ ഞാനൊന്നു കാണട്ടെ മിടുമിടുക്കനെ.

രാമന്‍ മടിച്ച് മടിച്ച് പോകുന്നു.

കുട്ടികള്‍-രാമന്‍ കണക്കില് ഫസ്റ്റ്.

അമ്മ-രാമന്‍റെ വീട്ടില്‍,ആരൊക്കെയുണ്ട്

രാമന്‍-ഞാനും അമ്മയും മാത്രം

കുട്ടികള്‍-പിന്നെല്ലേ രാമന്‍ കഴിഞ്ഞ ദിവസം ഉപ്പുമാ തിന്നാന് മൂന്നാം പിരീഡെന്നെ പാഞ്ഞ് പോയി.

അമ്മ അതത്ര കാര്യമാക്കുന്നില്ല.

അമ്മ-രാമന്‍ രാത്രി കുറേ നേരമിരുന്ന് പഠിക്കുമോ

രാമന്‍-ഇല്ല ചിമ്മിണി കൊറേ നേരം കത്തിക്കാന്‍ അമ്മ ബിഡൂല്ല.ചിമ്മിണി മറിഞ്ഞാല് പൊര കത്തിപ്പോവൂന്ന് അമ്മ പറേന്നെ.

അമ്മ-അത് വെറുതെ...പിന്നെങ്ങനാ രാമന് പരീക്ഷേല് നല്ല മാര്‍ക്ക് കിട്ടുന്നേ....

രാമന്‍-അത്..ഞാന്‍ ബീട്ട്ന്ന് പടിക്കലില്ല.എയ്താനില്ലത് മാത്രേ എയ്തൂ.ബാക്കി ക്ലാസ്സില് കേക്ക്ന്ന മാത്രം

അമ്മ-വരൂ നമുക്ക് ഭക്ഷണം കഴിക്കും എല്ലാരും വരൂ.

(എല്ലാവരും പിറന്നാള്‍ സദ്യ കഴിക്കാന്‍, പോകുന്നു.സംഗീതം)

(സദ്യകഴിഞ്ഞ് കുട്ടികള്‍ കളികളിലേര്‍പ്പെടുന്നു.)

അമ്മ- (രാമന് ഒരു പൊതി കൊടുക്കുന്നു.)ഇത് അമ്മയ്ക്ക് കൊടുക്കണം കേട്ടോ.
രാമന്‍-(മടിച്ച് മടിച്ച്) അമ്മ പറഞ്ഞു ഹരീരെ പയേ കുപ്പായ ഇണ്ടെങ്കി വാങ്ങണംന്ന്.എന്‍ക്ക് 
ഹരീരെ പയേ രണ്ട് കുപ്പായം തര്യോ.

(വിഷാദം)

അമ്മ-നീ പഴയ കുപ്പായ മിടേണ്ടവനല്ല.(അമ്മ ഒരുപ പുതിയ ഷര്‍ട്ടെടുത്ത് രാമന് കൊടുക്കുന്നു.)

അമ്മ-ഹരിയ്ക്ക് പിറന്നാളിന് അവന്‍റെയച്ഛന്‍, രണ്ട് ഷര്‍ട്ട് വാങ്ങിയിരുന്നു.ഇതൊന്നിട്ട് നോക്ക്.

(രാമന്‍ ഷര്‍ട്ട് ഇടുന്നു.വളരെയധികം സന്തോഷിക്കുന്നു.ഷര്‍ട്ട് ഇട്ട് തുള്ളി കളിക്കുന്നു.മറ്റു കുട്ടികളെ കാണിക്കാന്‍ പുറത്തേയ്ക്ക് ഓടുന്നു. (അമ്മ വിഷമത്തോടെ നോക്കുന്നു.അറിയാതെ കണ്ണ് നിറയുന്നു.)

(അമ്മ വിളക്ക് എടുത്ത് മൈക്ക് പോയിന്‍റില്‍, എത്തുന്നു.)

അമ്മ-ഈശ്വരാ  ഈ കുട്ടികള്‍ക്ക് നല്ലതുവരുത്തണേ ഭഗവാനേ....(കവിത)

രംഗം 4

ക്ലാസ്സിലിരുന്ന് വ്യാകരണം ഹൃദിസ്ഥമാക്കുന്ന രാമന്‍

തന്മ നിര്‍ദ്ദേശികാ കര്‍ത്താ ,പ്രതിഗ്രാഹികാ കര്‍മ്മമെ
ആല്‍ പ്രയോജികയാം ഹേതു ഉടെ സംബന്ധികാസ്വദാ
ആധാരികാധികരണം ഇല്‍ കല്‍, പ്രത്യേയമായവ

രാമന്‍ രാവിലെ കൊടുത്ത മേല്‍, വ്യാകരണ സംബന്ധമായ വിഷയം ഹൃദിസ്ഥമാക്കുകയാണ്.

ഹരിയും കൂട്ടരും ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസ്സില്‍ വരുന്നു.രാമന്‍ ഓടിച്ചെന്ന് എല്ലാം ഒറ്റ 
ശ്വാസത്തിന് പാടികേള്‍പിക്കുന്നു.

(ഹരിയും കൂട്ടരും അദ്ഭുതത്തോടെ കേട്ടു നില്‍ക്കുന്നു.അദ്ധ്യാപകന്‍ വന്ന് ചൊല്ലാന്‍, 
ആവശ്യപ്പെടുന്നു.)

രാമന്‍ ചൊല്ലുന്നു.

ഹരി വിക്കി വിക്കി ചൊല്ലുന്നത് കേട്ട് രാമന്‍ പൊട്ടിച്ചിരിക്കുന്നു.

അടുത്ത പരീഡ് സ്റ്റാഫ് മീറ്റിംഗാണ്.നിങ്ങളൊക്കെ പുറത്ത് പോയി കളിച്ചുകൊള്ളുക കേട്ടോ....ങാ 
അക്ഷര ശ്ലോക മത്സരത്തിനുള്ലവര്‍ അത് പരിശീലിക്കുക കേട്ടോ...

കുട്ടികള്‍ കളിക്കാന്‍,പോകുന്നു.മൂന്ന് കുട്ടികള്‍ അക്ഷര ശ്ലോക മത്സരത്തിലേര്‍പ്പെടുന്നു.രാമനെ ആര്‍ക്കും മുട്ടുകുട്ടിക്കാന്‍, കഴിയുന്നില്ല.കുട്ടികള്‍ കളി നിര്‍ത്തി പോകുന്നു.

രംഗം 5

ക്ലാസ്സില്‍ ഹാജര്‍, വിളിക്കുന്നു.രാമന്‍ എത്തിയിട്ടില്ല.ക്ലാസ്സ് ആരംഭിക്കുന്നു.കൃഷ്ണഗാഥയിലെ പാഠ ഭാഗം പഠിപ്പിക്കുന്നു.രാമന്‍ ഓടികിതച്ച് ക്ലാസ്സില്‍, വരുന്നു.കൈയ്യില്‍ ബാഗില്ല.

അദ്ധ്യാപകന്‍-എന്താ രാമാ ഇത് എന്താ വൈകിയത് ബാഗൊന്നുമെടുക്കാതെയാ വന്നത്.
രാമന്‍-(കരയുന്നു) സാര്‍, ഞാനെന്ന് ഉസ്കൂള്‍ല് ബര്‍ന്നില്ല

അദ്ധ്യാപകന്‍-എന്താ രാമാ എന്തു പറ്റി

രാമന്‍-ഇന്നല ചിമ്മിണി മറിഞ്ഞിറ്റ് ഞങ്ങള പൊര കത്തിപ്പോയി.

അദ്ധ്യാപകന്‍-എങ്ങനെ

രാമന്‍-ഞാന്‍ രാത്രി എയ്തിക്കോണ്ടിണ്ടായിനി.അയിന്‍റെഡ്ക്ക് എന്‍റെ കൈ തട്ടീറ്റ് ചിമ്മിണി കൂട് മറിഞ്ഞി.ഓലക്കും മുളിക്കും തീ പിഡിച്ച് ഞാനു അമ്മേ പൊറത്തേക്ക് പഞ്ഞു.എല്ലാം കത്തി

(ശോക മൂകമായ സംഗീതം)

രാമന്‍-നാട്ടാറ് പുതിയ പൊര കെട്ട്ന്നിണ്ട്.ഓറ സഗായിക്കണം.അമ്മ ഒറ്റക്കിള്ളത് എന്‍ക് പോണം സാര്‍....അല്‍പദൂരം നടന്ന് തിരികെ വന്ന് പോക്കറ്റില്‍,നിന്ന് കോപ്പി പുസ്തകം പുറത്തെടുക്കുന്നു.)

രാമന്‍-സാര്‍ പൊര കത്തുമ്പോ ഞാന് കോപ്പി എയ്ദിക്കോണ്ടിണ്ടായിന്.ഇന്നത്തേക്കിള്ല കോപ്പി എയ്ദീന്.(പുസ്തകം സാറിനെ ഏല്‍പിക്കുന്നു)

(എല്ലാവരെയും നോക്കിക്കൊണ്ട് രാമന്‍ പോകുന്നു.)

രംഗം 6

ഹരിയുടെ വീട്

ഹരി-പിന്നീട് രാമന്‍ സ്കൂളില്‍, വന്നിട്ടില്ല.പിന്നീട് ഞാന്‍ രാമനെ കണ്ടിട്ടില്ല.

ലക്ഷ്മി-അദ്ധ്യാപകരാരും രാമനെ ക്ലാസ്സില്‍ വരാന്‍, നിര്‍ബന്ധിച്ചില്ലേ.

ഹരി-അറിയില്ല.എന്തു തന്നെയായാലും രാമന്‍ ഞങ്ങളേക്കാളൊക്കെ കേമനായിരുന്നു.അവന്‍ 
സമൂഹത്തിന്‍റെ ഉന്നതങ്ങളില്‍,എത്തേണ്ടവനായിരുന്നു.വിദ്യാഭ്യാസം ഒരവകാശമാണെന്ന് ഏത് കാലം മുതല്‍ നാം പറയുന്നു.രാമനെ പോലെ എത്രയെത്ര കുഞ്ഞുങ്ങള്‍ അടിസ്ഥാന പരമായ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഉണ്ട്.

ലക്ഷ്മി-അതെ ഒരു കുട്ടിയ്ക്കും അവന്‍റെ മോശം സാഹചര്യം കാരണം വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്.

ഹരി-വിദ്യാഭ്യാസം നേടിയുകൊണ്ട് മാത്രം ഒരാള്‍ നല്ല പൌരനാകണമെന്നില്ല.എന്നിരിക്കിലും അടിസ്ഥാനപരമായ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യാമാക്കുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രമായ ഭാരതത്തില്‍ നടപ്പിലാകേണ്ടതുണ്ട്.

ലക്ഷ്മി-ഹരിയേട്ടാ ഓഫീസിലേയ്ക്ക് വേഗം പൊയ്ക്കൊള്ളൂ.പറ്റുമെങ്കില്‍ വൈകുന്നേരം നേരത്തെ വന്നോളൂ.നമുക്ക് കുട്ടികളെയും കൂട്ടി രാമന്‍റെ വീടുവരെയൊന്നു പോകാം

ഹരി-ശരി ഞാന്‍ നേരത്തെ വരാം (ലക്ഷ്മിയുടെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി ഹരി ഓഫീസിലേയ്ക്ക് പോകുന്നു.)സംഗീതത്തിന്‍റെ (ഗാനത്തിന്‍റെ) അകന്പടിയോടെ മുഴുവന്‍ കുട്ടികളും രംഗത്ത്.)


യവനിക