Tuesday, January 8, 2019

കുറ്റങ്ങൾ

കൂട്ടത്തിലില്ലാത്ത
കൂട്ടുകാരാ നിൻറെ
കുറ്റങ്ങളെണ്ണിനിരത്തുമ്പോൾ
കിട്ടുന്നൊരാശ്വാസം
പങ്കിട്ടെടുക്കുന്നതെന്തു  സുഖം

നിൻറെ മട്ടും നടപ്പും
മറ്റുള്ള ചെയ്തിയും
ഏറ്റ കുറച്ചിലും
തെറ്റു കുറ്റങ്ങളും
നന്നായ് പൊലിപ്പിച്ച്
മോന്തി മോന്തി
കുടിച്ചേറിയമോദേന
ഏമ്പക്കവും വിട്ട് ......

എന്നിലെ ഞാനങ്ങ്
പൊങ്ങിയുയർന്നതായ്
ചുങ്ങിയൊരെന്മനം
ചിന്തിച്ചുറപ്പിച്ച്
വിഡ്ഢിസ്വർഗ്ഗത്തിൽ
രമിച്ചിടുമ്പോൾ
കിട്ടുന്നൊരാശ്വാസം
പങ്കിട്ടെടുക്കുന്നതെന്തു  സുഖം

പ്രതീക്ഷ


തത്കാലം ഒന്നുഷറായി
പ്രതീക്ഷയാണ്,
നിറയെ പ്രതീക്ഷകൾ

ഗ്രഹനിലമാറിവരട്ടെ
കാലം തെളിയട്ടെ
മോഹങ്ങൾ പൂവണിയട്ടെ
രോഗങ്ങൾ ഭേദപ്പെടട്ടെ
സന്തോഷം പരക്കട്ടെ
പുഞ്ചിരി വിടരട്ടെ
ബന്ധങ്ങൾ ഊഷ്മളമാകട്ടെ
വേണ്ടാത്തതൊന്നും
മനസ്സിൽ ഇടം തേടാതിരിക്കട്ടെ
വേർതിരിവുകൾ മായട്ടെ

തത്കാലം ഒന്നുഷറായി
പ്രതീക്ഷയാണ്,
നിറയെ പ്രതീക്ഷകൾ .....

അഹങ്കാരം



മീമിയെ പിടിക്കുന്നത്
കാണാനാണ്
കുഞ്ഞുമോൻ അച്ഛനൊപ്പം കടപ്പുറത്തെത്തിയത്

അച്ഛൻറെ സൂത്രപണി
അവൻ നേരിട്ട് കണ്ടു.
സാമാന്യം വലിപ്പത്തിലുള്ള
ഒരു മീമി പാറപുറത്ത്
പിടഞ്ഞുകളിക്കുന്നത് കണ്ട്
കുഞ്ഞുമോൻ അച്ഛൻറെ കാലിൽ അള്ളിപിടിച്ചു.
അച്ഛൻ
കയ്യിൽ കരുതിയ വടിയും ചെറുകല്ലിനുമൊന്നും
മീമിയെ അടക്കാൻ കഴിഞ്ഞില്ല.
മീമി കൂടുതൽ കൂടുതൽ ഉയരത്തിൽ എന്തിനോവേണ്ടി ചാടുന്നത് കണ്ട് അവൻ നിലവിളിച്ചു.
ഒടുവിൽ
പാറകെട്ടിനിടയിലെ
ഉരുളൻ കല്ല് തന്നെ വേണ്ടിവന്നു
മീമിയെ അടക്കാൻ.
''ഇനിയെങ്ങനെയാച്ഛാ കറിവെക്യാ ?''
''കറിവെച്ചില്ലേലും വേണ്ടില്ല
അത്രയ്ക്ക് അഹങ്കാരം പറ്റൂല്ല.''

ഒരു ദിവസം
കുഞ്ഞുമോൻ
അച്ചൻറെയടുത്ത് വന്ന്  പറഞ്ഞു
''അച്ഛാ അച്ചാച്ചന് വല്യ അഹങ്കാരമാ
ഒന്നു വേഗം വരൂ''
അച്ഛൻ ഓടിയെത്തുമ്പോഴേക്കും
ആ അഹങ്കാരവും ശമിച്ചിരുന്നു.......

പൂജ്യൻ

താൻ വെറും പൂജ്യമാണെന്നു
കരുതുന്നത് ദോഷം ചെയ്യും

താൻ പൂജ്യനാണെന്നു
കരുതുന്നത് അതിലേറെ ദോഷം ചെയ്യും

കലികാലം


ഉറക്കത്തിൽ
കതിനകൾ പൊട്ടുന്ന ശബ്ദം കേട്ട്
ആധിപൂണ്ട് പതിയെ
ഞാനെൻ പ്രജ്ഞ
വീണ്ടെടുക്കവെ
ദിക്കേത് സമയമേത്
ഞാൻ കിടക്കും നിലമേത്
വിഷുകാലമോ  വിജയാഹ്ലാദമോ
ഉച്ചയുറക്കത്തിന്നാലസ്യമോ
പുലർകാല ദുഃസ്വപ്നമോ
അധികമായില്ലതിനു മുന്നേ
കലികാലമാണിതെന്ന്
തിരിഞ്ഞതോടെ
മറുവശം തിരിഞ്ഞ്
വീണ്ടുമൊരു സുഖ സുഷുപ്തി
തേടി കിടന്നു ഞാൻ വൃഥാ......


എട്ടും പൊട്ടും തിരിയാത്തവർ


വട്ടയിലെ തുട്ടുകൾ കണ്ടയാൾ നെടുവീർപിട്ടു
തുട്ടുകൾ നീക്കി പിടയ്ക്കുന്ന നോട്ട് രണ്ടെണ്ണം വട്ടയിലിട്ടു.
തുട്ടിനുപകരം നോട്ടുകൾ വീഴുന്നത് കണ്ടയാൾ മനസ്സിൽ കരുതി...
''എട്ടും പൊട്ടും തിരിയാത്ത പൊട്ടന്മാർ''