Saturday, August 22, 2015

ഉണരുവിന്‍


വരിക സഹജരേ സമയമായി
ഉണരു നിങ്ങളചിന്ത്യരായ്
തേര്‍തെളിക്കുക നിങ്ങളൊന്നായ്
നവീന ഭാരത ശില്‍പിയായ്

ആര്‍ഷ  ഭാരത സംസ്കൃതി തന്‍,
സാരമറിയു സമചിത്തരായ്
ലോകജനതയ്ക്കറിവു നല്‍കിയ
സമഗ്രഭാരത പൈതൃകം

ശാസ്ത്രഗണിത വിശാരദന്മാര്‍
പ്രകടമാക്കിയ കഴിവുകള്‍
ഗാന്ധി നെഹ്റു ഭഗത് ജാന്‍സികള്‍
പൊരുതി നേടിയ ഗാഥകള്‍

തമസ്സിനെ പ്രഭാ പൂര്‍ണ്ണമാക്കൂ
അറിവുനേടൂ സഹജരെ
നന്മതിന്മതന്‍ വേര്‍തിരിവതില്‍
അടിപതറാതെ മുന്നേറുക

ജീവജന്തു ചരാചരങ്ങള
ധിവസിക്കും ഭൂമിയെ
സ്വാര്‍ത്ഥചിന്ത വെടിഞ്ഞു നമ്മള്‍,
കാത്തുകൊള്ളു വിനമ്രരായ്

ആദ്യമവനവന്‍തന്നെ നന്നായ്
സമൂഹജീവികളാകണം
ക്ഷേമരാജ്യം പുലര്‍ന്നിടും
ലോകസൌഖ്യം വരും നിജം

വൃദ്ധബാലരശരണരും
അഭിശപ്തരായ വിഭാഗവും
സമത്വ സുന്ദരമാകണം
മഹി സ്വപ്നസുരഭിലമാകുവാന്‍

അവനിതാപവിമുക്തമാകാന്‍
ഹരിത സമൃദ്ധി വരുത്തണം
അന്നം വിഷവിമുക്തമാക്കി
മനുജരെ രക്ഷിക്കണം

പുതിയ നാമ്പുകള്‍ ശക്തരായി
ദൃഢമനസ്കരായ് വളരണം
പുതിയ തലമുറ സജ്ജരാകണം
പുതിയ വെല്ലുവിളികളേല്‍ക്കുവാന്‍

ഡിജിറ്റൽ ഇന്ത്യ

അൽപം തിരക്കുള്ള വണ്ടിയിലൊരുമുക്കിൽ
ചുറ്റും നിരീക്ഷിച്ചുഞാനിരുന്നു
ആടി കുലുങ്ങി പോകുന്ന വണ്ടിയിൽ
ഏറെ തിരക്കുള്ള  യാത്രികരും
വിരൽകൊണ്ടു കുത്തുന്നു , നീക്കുന്നു,ഞൊട്ടുന്നു
 കാട്ടികൊടുക്കുന്നു കണ്ടു രസിക്കുന്നു
താളം പിടിക്കുന്നു ചിന്തയിലമരുന്നു
നവരസഭാവങ്ങൾ മിന്നിമറയുന്നു
ആബാലവൃദ്ധ ജനതതന്നിൽ
ഓരോ കൈയ്യിലും അവരവർകൊക്കുന്ന
വൈവിദ്ധ്യ മേറുന്ന മോഡലുകൾ
വീട്ടുവിശേഷവും നാട്ടുവിശേഷവും
ചോദിച്ചറിയുന്നു
ചൊല്ലികൊടുക്കുന്നു
സല്ലപിച്ചീടുന്നു
പൊട്ടിച്ചിരിക്കുന്നു
പരിസരമറിയാതെ
പുറലോക ചിന്തയിൽ
പരതിനടക്കുന്നിതെല്ലാവരും
ഹൃദയങ്ങളെ കൂട്ടികോർത്തിണക്കാൻ
വിജ്ഞാന വ്യാപനം സാദ്ധ്യമാക്കാൻ
നല്ല വിനോദ ഉപാധിയായും
ഉപകരിച്ചീടുന്നകൊച്ചു യന്ത്രം
എന്തൊരു മറിമായം
കാലഗതിയ്കൊപ്പം
ജനതതൻ ഹൃദയത്തെ കവർന്നു നന്നായ്
കവരാതെ നോക്കണം
ദോഷൈക ദൃക്കുകൾ
നവമായൊരീ സംവിധാനത്തെ
കരുതിയിരിക്കണം നമ്മളെന്നും
പൊളിയായ  വചനവും
വിഷമേറും രചനയും
സ്പർദ്ധതൻ വിത്തുകൾ പാകിടാതെ
അജ്‌ഞാന തിമിരമകറ്റീടുവാൻ
വിവരങ്ങൾ കൈതുമ്പിലെത്തീടുവാൻ
ജീർണ്ണതയൊക്കെയുടച്ചു വാർക്കൻ
വിനിമയമേറെ സുതാര്യമാകാൻ
സാക്ഷരമാകണം ഡിജീറ്റലിന്ത്യ
മനതാരിൽ നമ്മളിന്നോർത്തീടുക
ഒരുനവഭാരത നിർമിതിയ്ക്കായ്
ഒരുമയോടിന്നുനാമണിചേർന്നിടാം
അമിതോപഭോഗത്തിനടിമപ്പെടാതെ
സദുപയോഗമാകട്ടെ ഉദ്ദേശ്യ ലക്ഷ്യം

Saturday, August 8, 2015

കുട

കുട
ശീലകുട
യന്ത്രകുട
പാടും കുട 
ബഹുവര്‍ണ്ണ കുട 
പുടവയ്ക്കിണങ്ങും കുട
ബാഗിലൊതുങ്ങിടും കുട 
ഇതു ന്യൂജനറേഷന്‍ കുട
കുടു കുടെ മഴ പെയ്താല്‍ 
കടതിണ്ണയിലൊതുങ്ങി
നനയാതെയുമിരിക്കാമെന്ന 
സംഹിത പാലിച്ചാല്‍
കെങ്കേമമാണീകുട

രോദനം






അണുവിടയിലെ ചോദന
അണുബോംബായ് മാറുകില്‍
മനുജാതിതന്‍ രോദനം
ഇഹകാലം മാറുമോ

കൊച്ചുകള്ളന്‍


എന്‍റെ പുറപ്പാടിനായി നീ കാത്തിരിക്കുന്നതറിഞ്ഞ്
ധൃതിയില്‍ ഞാനിറങ്ങിയപ്പോള്‍
ഇതെന്തിനുള്ള പുറപ്പാടാണെന്ന നാട്ടാരുടെ ചോദ്യത്തിന്
ബദ്ധപ്പാട് പലതുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു ഞാന്‍