സമ്പൂര്‍ണ്ണ പെന്ഷന് പ്രഖ്യാപനം |
ജൂണ്‍ മാസം നടന്ന
ഭരണ സമിതിയോഗത്തിലാണ് ശ്രീ യു വി ഹസൈനാറെ സജീവമായി കണ്ടത്.പതിവിലേറെ ഗൌരവം
കണ്ടെങ്കിലും രസകരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും പ്രതിപക്ഷത്തിന് കുറിക്കുകൊള്ളുന്ന
മറുപടി നല്‍കിയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ യു വി ഹസൈനാര്‍,ഭരണ
സമിതിയോഗത്തില്‍ നിറഞ്ഞു നിന്നു.യോഗാവസാനം എഴുന്നേറ്റ് നിന്ന് അദ്ദേഹം മാസാവസാനം
നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനെ എല്ലാവരെയും ക്ഷണിച്ചു.പിന്നീട് അദ്ദേഹത്തെ
കാണുന്നത് വിവാഹ ദിവസമാണ്.
വളരെ തിരക്കിട്ട്
തീരുമാനിച്ച വിവാഹമായതിനാല്‍ വിവാഹത്തിന്റെ തയ്യാറെടുപ്പിലായിരിക്കുമെന്ന്
ഞാനൂഹിച്ചു.വിവാഹദിവസം ഞാനും പഞ്ചായത്ത് അംഗം ബാലകൃഷ്ണേട്ടനും ഒന്നിച്ചാണ് യു വി
യുടെ വീട്ടില്‍ ചെന്നത്.പരിക്ഷീണിതനായി കാണപ്പെട്ടതിനാല്‍, കാരണം ആരഞ്ഞതോടൊപ്പം
ഉത്തരം ഞാന്‍ തന്നെ പറഞ്ഞു.ഓടി നടന്നതുകൊണ്ടായിരിക്കാം.രണ്ടു ദിവസങ്ങള്‍ക്ക്
ശേഷമാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ഞങ്ങളറിഞ്ഞത്.യു വി യെ ക്യാന്‍സര്‍,
കീഴടക്കിയിരിക്കുന്നു.ഇതു കഴിഞ്ഞ് രണ്ട് തവണ ഓഫീസില്‍ വന്നെങ്കിലും വളരെ
ക്ഷീണിതനായി ശോഷിച്ച് ദുര്‍ബലനായ യു വി യെയാണ് ഞങ്ങള്‍കണ്ടത്.ഒന്നും അങ്ങോട്ട്
ചോദിച്ചറിയാനുള്ള ധൈര്യം എനിയ്ക്കുണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലാണെന്നും
അപകടകരമല്ലെന്നും യു വി എന്നോട് പറഞ്ഞു.പിന്നീടങ്ങോട്ട് രോഗ നില
വഷളായതായിട്ടാണെന്ന വാര്‍ത്തകളാണെന്നാണ് ഞങ്ങള്‍കേട്ടുകൊണ്ടിരുന്നത്.ഏതു നിമിഷവും
യു വി ഞങ്ങളെ വിട്ടുപോയേക്കാമെന്നും ഇനി അദ്ഭുതങ്ങള്‍ക്കായി മാത്രം പ്രതീക്ഷിക്കാമെന്ന്
യു വിയോട് അടുപ്പമുള്ളവര്‍ പറഞ്ഞു.ആശുപത്രിക്കിടക്കിയില്‍ കിടന്ന് തന്റെ
സ്വതസിദ്ധമായ ശൈലിയില്‍,അദ്ദേഹം വരുന്നവരെ അഭിവാദ്യം
ചെയ്യുന്നുണ്ടായിരുന്നു.അവസാനം കാണുമ്പോഴും കൈപൊക്കാന്‍ പോലും കഴിയാത്ത
അവസ്ഥയിലാണെങ്കിലും സന്ദര്‍ശകരെ അദ്ദേഹം വരവുവച്ചിരുന്നു.അവസാന ദിവസം കട്ടിലിനു
ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രാര്‍ത്ഥനയോടൊപ്പം തീവ്രഗതിയില്‍ശ്വസോച്ഛാസം
നടത്തിക്കൊണ്ടിരുന്ന യു വിയെ കണ്ടിരുന്നു.ഉച്ചയ്ക്കു ശേഷം അദ്ദേഹം യാത്രയായി.
തന്റെ
വ്യക്തിപരമായ ബുദ്ധിമുട്ടുകളെ ഒരിക്കലും മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കാതെ
അദ്ദേഹം ശ്രദ്ധിച്ചിരുന്നു.അവസാന ദിവസങ്ങളിലും എല്ലാം അറിയാമെങ്കിലും ഒരിക്കലും
തന്റെ വേദന മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കണം.തന്റെ
അവസ്ഥ തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയായിരിക്കണം അദ്ദേഹം തന്റെ ഇളയമകളുടെ കല്യാണം
തിരക്കിട്ട് നടത്തിയത്.സജീവമായി പൊതുപ്രവര്‍ത്തനത്തില്‍, നിറഞ്ഞുനിന്നിരുന്ന
അദ്ദേഹം എല്ലാവരോടും യാത്രചോദിച്ചിട്ടാണ് യാത്രയായത്.കൂടാതെ എല്ലാവര്ക്കും തന്നെ
കാണാനുള്ള അവസരം ഉണ്ടാക്കി.അള്ളാഹു അദ്ദേഹത്തെ കൂടുതല്‍ വേദനിപ്പിക്കാതെ തന്നെ
യാത്രയാക്കി.
കൂടുതല്‍
വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു.യു വി.ചെറുപ്പകാലങ്ങളില്‍
ദാരിദ്ര്യവും ദുരിതവും അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു.ഐസ് വിറ്റ്
തുടങ്ങിയ അദ്ദേഹം എല്ലാവിധ ചെറുകിട വ്യാപാരങ്ങളിലും ഏര്‍പ്പെട്ടിരുന്നു.വിവാഹ
വീടുകളില്‍ മൈക്ക് സെറ്റും പന്തലും ഏര്‍പ്പെടുത്തുന്ന ജോലിയും അദ്ദേഹം
ചെയ്തിരുന്നു.ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായി ഒരു സ്ഥാപനവും ഉണ്ട്.കടുത്ത പാര്‍ട്ടി
പ്രവര്‍ത്തകനായിരുന്ന അദ്ദേഹം സാമൂഹ്യ ജീവിതം സ്വന്തം നേട്ടത്തിനായി
കടമെടുത്തിരുന്നില്ല.ചെറുപ്പകാലങ്ങളിലെ ചിട്ടയില്ലാത്ത ജീവിതവും,സാമൂഹ്യ പ്രവര്‍ത്തനവും
തന്നെ വിട്ടു പരിയാത്ത പുകവലി ശീലവും ചായയും അദ്ദേഹത്തിന്റെ ആരോഗ്യത്തെ
ബാധിച്ചിരിക്കും.ഉദ്യോഗസ്ഥരുടെ നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടുള്ള
പ്രവര്‍ത്തനം അദ്ദേഹത്തിന് പഥ്യമല്ലായിരുന്നു.എന്നാലും നല്ല പ്രവര്‍ത്തനങ്ങളെ
അദ്ദേഹം അംഗീകരിച്ചിരുന്നു.
സഫാരി സ്യൂട്ടും
ധരിച്ച് ,ഇടയ്ക്ക് സിഗററ്റ് വലിയ്ക്കാന്‍ മുങ്ങുന്ന,സംസാരത്തിനിടയില്‍ ഹിന്ദി
പ്രയോഗത്തിലൂടെയും രസരമായ തമാശയും പറഞ്ഞ് നടക്കുന്ന യു വി ഇനി ഓര്‍മ്മ.അദ്ദേഹത്തിന്
ആത്മാവിന് നിത്യശാന്തി നേരുന്നതിന് ഏവര്‍ക്കും ഒന്നായി പ്രാത്ഥിക്കാം