Friday, April 11, 2014

പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറി


2014 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടവര്‍,തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധനങ്ങള്‍ കൈപറ്റാന്‍ എട്ട് മണിയ്ക്ക് വിതരണ കേന്ദ്രങ്ങളില്‍,എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു.വൈകിപോകരുതെന്നു കരുതി രാവിലെ മാവേലി എക്സ്പ്രസ്സില്‍ കയറി. കൂടെ എന്നോടൊപ്പം ജോലിയ്ക്ക് നിയോഗിക്കപ്പെട്ട തളങ്കര സ്കൂളിലെ അദ്ധ്യാപകന്‍,രാജേഷും ഉണ്ടായിരുന്നു.ഞങ്ങള്‍ ഏഴരയ്ക്കു തന്നെ എന്‍റെ പഴയ ഗവ കോളേജില്‍, എത്തി.
കോളേജിന് ഇക്കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി വലിയ മാറ്റമൊന്നും വന്നിട്ടില്ല.പ്രവേശന കവാടം മാത്രം മാറിയിരിക്കുന്നു.ആ പഴയ മാവുകളും,വിളക്കും,ഇടനാഴികളും മറ്റും ഒരു നിമിഷം എന്നെ പഴയ ഓര്‍മ്മകളിലേയ്ക്ക് നയിച്ചു.പണ്ട് പെണ്‍കുട്ടികള്‍ക്കു മാത്രം കയറി പോകാമായിരുന്ന കോണിപടിയിലൂടെ ഞാന്‍,ഒന്നാം നിലയിലേയ്ക്ക് കയറി.രജിസ്ട്രേഷന്‍ കൌണ്ടര്‍,ഒന്നാം നിലയിലായിരുന്നു.ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്ന വിവരങ്ങളില്‍, ഞങ്ങളെ നിയോഗിച്ചിരിക്കുന്നത് കുമ്പളയ്ക്ക് സമീപമുള്ള മുളിയഡ്ക എന്ന ഏകാദ്ധ്യാപക വിദ്യലയത്തിലെ ബൂത്തിലേയ്ക്കാണെന്ന് മനസ്സിലാക്കി.ഞങ്ങള്‍ക്കു മാത്രമായി പ്രത്യേക ജീപ്പ് തന്നെ ഉണ്ടായിരുന്നു.ഇക്കാര്യം ഞങ്ങള്‍ക്ക് സന്തോഷം പകര്‍ന്നെങ്കിലും വിദൂരസ്ഥലമായതിനാല്‍സൌകര്യക്കുറവുണ്ടാകുമെന്ന് ഞങ്ങള്‍,ഊഹിച്ചു.
      വോട്ട് ചെയ്യാന്നതിനുള്ള ഇ ഡി സി എന്ന പേരിലറിയപ്പെടുന്ന ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാന്‍,കുറച്ച് ഇടി കൂടേണ്ടിവന്നെങ്കിലും സാധന സാമഗ്രികള്‍ ഞങ്ങള് അനായാസം കൈപറ്റി.പരിശോധനയ്ക്ക് ശേഷം ഒരു മണിയോടെ ഞങ്ങള്‍ ബൂത്തിലേയ്ക്ക് യാത്രയായി.ടൌണില്‍ ചെന്ന് ഭക്ഷണം കഴിച്ച് പോകാമെന്ന തീരുമാനത്തില്‍ ഞാനൊഴിച്ചുള്ള എല്ലാവരും കോഫി ഹൌസില്‍ കയറി.തിരക്കായതിനാല്‍ ഭക്ഷണം കഴിച്ചിറങ്ങാന്‍ ഒന്നരമണിക്കൂറോളം എടുത്തു.ഞാന്‍ സമീപത്തുള്ള വെജിറ്റേറിയന്‍, ഹോട്ടലായ വസന്ത വിഹാറില്‍ ഭക്ഷണം കഴിച്ചതിനാല്‍,പെട്ടെന്ന് തന്നെ തിരിച്ച് വണ്ടിയിലെത്തി.ഉദ്ദേശം മൂന്നു മണിയോടെ ഞങ്ങള്‍ ബൂത്തിലെത്തി.
അവിടെ കണ്ണൂരില്‍ നിന്നും നിയോഗിക്കപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍, ശ്രീ ബാലകൃഷ്ണന്‍ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.ഉദ്ദേശിച്ച പോലെത്തന്നെ വിജനമായ പ്രദേശം.ഒരാളെ പോലും എവിടെയും കാണുന്നില്ല.മുളിയെന്നാല്‍ ഉണങ്ങിയ പുല്ല് എന്നാണ് അര്‍ത്ഥം.പാറ പ്രദേശമാണ്.ഉച്ചത്തില്‍ വിളിച്ചാല്, പോലും ആരും കേള്‍ക്കില്ല.വണ്ടി ഡ്രൈവര്‍ വണ്ടി സമീപത്തുള്ള വീട്ടില്‍ വച്ച് തിരികെ പോയി.അഞ്ചുമണിയായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. ഞാന്‍ ജോലി ചെയത പഞ്ചായത്ത് പ്രദേശമായതിനാല്‍ സഹായത്തിന് ആരെയും കിട്ടാതിരിക്കില്ല എന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു.അഞ്ചരയായപ്പോഴേയ്ക്കും കുടുംബശ്രീ പ്രവര്‍ത്തക കമലയും കേശവ, എന്ന പൊതു പ്രവര്‍ത്തകനും എത്തി.പരിചയക്കാര്‍ എത്തിയതോടെ ആശ്വാസമായി.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കേശവ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു ചെയ്തു.ബള്‍ബ്, കൊതുകിനെ ഓടിക്കുന്നതിനുള്ള സംവിധാനം,മള്‍ട്ടി പ്ലഗ്ഗ്,ടേബിള്‍ ഫാന്‍, ബക്കറ്റുകള്‍ കുടിയ്ക്കാന്‍,വെള്ലം എന്നിവ നിമിഷ നേരം കൊണ്ട് എത്തി.ആരൊക്കെയോ വന്ന് പുറത്ത് ശാമിയാന കെട്ടി.ഇതിനിടെ ബൂത്തിലെ സജ്ജീകരണവും പൂര്‍ത്തിയായിരുന്നു.എന്‍റെ കൂടെയുണ്ടായിരുന്ന മൂന്നു പേരും ഉത്സാഹികളായതിനാല്‍ എല്ലാം പെട്ടെന്ന് കഴിഞ്ഞു.ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ആരോഗ്യ വകുപ്പിലെ രാജേന്ദ്രന്‍ മുറി അടിച്ചുവാരി വൃത്തിയാക്കി.സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ രവി മനോഹരമായി നോട്ടീസ് എഴുതിതയ്യാറാക്കി , കവറുകള്‍ ഞാന്‍, എഴുതി തയ്യാറാക്കയപ്പോള്‍ രാജേഷ് കവറുകള്‍, മുദ്രവച്ച് ക്രമപ്പെടുത്തി വച്ചു.ഇതിനകം സമീപപ്രദേശത്തെലെ ചിലര്‍ വന്ന് പരിചയപ്പെടുകയും എല്ലാ സഹകരണവും വാഗ്ദാനം ചെയ്യ്തുയുകയും ചെയ്തു.ഇവരൊക്കെ പലകാര്യത്തിനും പഞ്ചായത്തുമായി ബന്ധപ്പെടുന്നവരായിരുന്നു.
എട്ടു മണിയോടെ കേശവ വീണ്ടും എത്തി.ഇത്തവണ പോളിംഗ് ഏജന്‍റുമാരുടെ പാസിന്‍റെ ആവശ്യത്തിനാണ് വന്നത്.ഒമ്പത് മണിയോടെ എല്ലാ പാര്‍ട്ടിയുടെയും പോളിംഗ് ഏജന്‍റുമാരും പാസ് വാങ്ങി തിരികെ പോയി.വോള്‍ട്ടേജ് ക്ഷാമമുണ്ടായിരുന്നു വെങ്കിലും സെക്ടര്‍ ഓഫീസറുടെ ഇടപെടല്‍,മൂലം അതും പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടു.ഒമ്പതരയോടെ വിഭവ സമൃദ്ധമായ ഭക്ഷണം എത്തിച്ചേര്‍ന്നു.ചോറും ചെറുപയറു കറിയും പപ്പടവുമാണ് വെജിറ്റേറിയനായ എനിയ്ക്ക് കൊണ്ടു വന്നത്.മറ്റു നാലു പേര്‍ക്കും ചിക്കണ്‍ ഫ്രൈ ,ചിക്കണ്‍ സുക്ക സ്പെഷ്യല്‍, ഉണ്ടായിരുന്നു.കുളികഴിഞ്ഞ് ഭക്ഷണവും കഴിച്ച് പതിനൊന്നു മണിയോടെ ഞങ്ങള്‍ ഉറങ്ങാന്‍, കിടന്നു.ബൂത്തിലെ സൌകര്യങ്ങളുടെ കാര്യത്തില്‍,ഞങ്ങള്‍ തൃപ്തരായിരുന്നെങ്കിലും അടുത്ത ദിവസത്തെ പോളിംഗ് സംബന്ധിച്ച് സ്വാഭാവികമായും ഞങ്ങളെല്ലാവരും ആശങ്കാ കുലരായിരുന്നു.
ക്ഷീണം കൊണ്ടായിരിക്കണം നന്നായി ഉറങ്ങി.ഞാന്‍ നാലരയ്ക്ക് എഴുന്നേറ്റു കുളിച്ചു റെഡിയായി.അഞ്ചര മണിയോടെ എല്ലാവരും തയ്യാറായി.മുറി ഒന്നു കൂടി അടിച്ചുവാരി.വോട്ടിംഗ് മെഷീന്‍ സെറ്റു ചെയ്തു.ആറു മണിയ്ക്ക് മോക്ക് പോള്‍ ആരംഭിക്കണം.ഏജന്‍റുമാര്‍‍, ആരും എത്തിയിട്ടില്ല.ആറു പത്തിന് എത്തിച്ചേര്‍ന്ന ഏജന്‍റുമാരെ വച്ച് മോക്ക് പോള്‍,ആരംഭിച്ചു.അത്രയുമായപ്പോള്‍ പുറത്ത് പത്തിരുപത് വോട്ടര്‍മാര്‍, ക്യൂ നിന്നിരുന്നു.ആറ് മുപ്പത്തിയഞ്ചോടെ മോക്ക് പോള്‍ കഴിഞ്ഞ് വോട്ടിംഗ് മെഷീന്‍, സീല്‍ ചെയ്തു.ഇനിയും വോട്ടിംഗ് ആരംഭിക്കാന്‍ പതിനഞ്ച് മിനുട്ട് ബാക്കി.ബൂത്തിന് നൂറ് മീറ്റര്‍ അകലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വലിയ ബോര്‍ഡ് നീക്കം ചെയ്യണമെന്ന് പോളിംഗ് ഏജന്‍റിനോട് പോലീസ് നിര്‍ദ്ദേശിച്ചു.ക്ഷണത്തില്‍ അത് നീക്കം ചെയ്യുകയും ചെയ്തു.ഇതിനകം കേശവ ചായയുമായി എത്തിയിരുന്നു.വടയും ചമ്മന്തിയും ചായയും കുടിയ്ക്കാന്‍, വെള്ളവും.എല്ലാവരും ചായ കുടിച്ചു കഴിഞ്ഞിട്ടും അഞ്ച് മിനിട്ട് ബാക്കി.കൃത്യം ഏഴ് മണിയ്ക്കു തന്നെ പോളിംഗ് ആരംഭിച്ചു.അപ്പോഴേയ്ക്കും അമ്പതിലധികം പേര്‍, ക്യൂവിലുണ്ടായിരുന്നു.അധികൃതരെ എസ് എം എസിലൂടെ സന്ദേശം അറിയിച്ച് ഞാന്‍ കവറുകള്‍,എഴുതി സെറ്റ് ചെയ്യാന്‍, തുടങ്ങി.
ശാന്തമായ പോളിംഗായിരുന്നു.ഒരു പ്രത്യേക നിശ്ശബ്ദത ഹാളില്‍ നിറഞ്ഞു നിന്നു.പോളിംഗ് ഓഫീസറുടെ ഉച്ചത്തിലുള്ള പേര് വിളിയും,വോട്ടിംഗ് മെഷീനിന്‍റെ നീണ്ട ബീപ്പ് സൌണ്ടും മാത്രമാണ് ഉയര്‍ന്ന് കേട്ടിരുന്നത്.
വോട്ടര്‍മാരുടെ മുഖഭാവങ്ങള്‍, നോക്കി നില്‍ക്കുന്നത് നല്ല രസമാണ്.ചിലര്‍ വോട്ടിംഗ് കംപാര്‍ട്ട്മെന്‍റിലേയ്ക്ക് സധൈര്യം ചെല്ലുമെങ്കിലും എത്തിക്കഴിഞ്ഞാല്‍,ഒന്ന് സംശയിക്കും വിരലമര്‍ത്തി ബീപ്പ് സൌണ്ട് വന്നാല്‍ ചിലരുടെ മുഖത്ത് പുഞ്ചിരി വിടരും,പെണ്ണുങ്ങള്‍ക്ക് നാണം വരും,ചിലര്‍ ഗൌരവം വിടില്ല.മറ്റു ചിലര്‍ എന്നെ നോക്കും ശരിയായില്ലേ എന്ന അര്‍ത്ഥത്തില്‍,. സന്തോഷത്തോടെ തലയാട്ടിയാല്‍, നിറഞ്ഞ ചിരിയായി.അതില്‍ എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവും നിറഞ്ഞ് നിന്നിരുന്നു.പ്രായം ചെന്ന ചിലര്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടി.
വീട്ടില്‍ കുഞ്ഞിനെ വിട്ടിട്ടാണ് വന്നതെന്ന് പറഞ്ഞ ഒരു യുവതിയെ പോലീസ് ബൂത്തിലേയ്ക്ക് കയറ്റി വിട്ടത് പിന്നില്‍, നിന്ന് ഒരു യുവാവ് ചോദ്യം ചെയ്തത് മൊത്തം ക്യൂവില്‍, ചിരി പരത്തി.വീട്ടില്‍ കുഞ്ഞുണ്ടെന്ന് പറഞ്ഞ് ആരെയും കയറ്റിവിടരുതെന്നും കൈക്കുഞ്ഞുമായി വന്നവരെ മാത്രമെ കയറ്റിവിടാന്‍,പാടുള്ളൂ എന്നും മറിച്ചായാല്‍ എല്ലാവരുടെ വീട്ടിലും കുഞ്ഞുങ്ങളുണ്ടാകുമെന്നും യുവാവ് വിളിച്ചു പറഞ്ഞു.
പതിനൊന്നു മണിയോടെ നല്ല ഊത്തപ്പവും ചായയും എത്തി .ചായ കഴിക്കാനായി ഞങ്ങള്‍ പരസ്പരം മാറി ഇരുന്നു.
പോളിംഗ് ഒരു ഘട്ടത്തിലും തടസ്സപ്പെട്ടില്ല.എപ്പോഴും പത്തിരുപത്തിയഞ്ചു പേര്‍ ക്യൂവിലുണ്ടായിരുന്നു.ഇതിനിടയില്‍ എം എല്‍, എ ശ്രീ അബ്ദുള്‍,റസാക്ക് ബൂത്ത് സന്ദര്‍ശിച്ചു.
വോട്ടര്‍മാര്‍,ഒപ്പിടുന്നതിനു പകരം വിരലൊപ്പ് രേഖപ്പെടുത്തിയാല്‍ വോട്ടിംഗ് പെട്ടെന്ന് തീര്‍ക്കാമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നു വന്നെങ്കിലും ഒപ്പ് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതിന് കഴിയുന്നവര്‍ക്കും അത് നിഷേധിക്കുന്നത് ശരിയല്ലെന്ന അഭിപ്രായത്തില്‍, ഞങ്ങള് ഉറച്ചു നിന്നു.
ഒരു മണിയ്ക്ക് കേശവഓടിവന്നു പറഞ്ഞു.ചോറ് തയ്യാറായിട്ടുണ്ട്.പായസം തയ്യാറായിക്കൊണ്ടിരിക്കുകയാണ്.അതിന് അല്‍പം സമയമെടുക്കുമെന്ന്.നിഷ്കളങ്കമായ ഈ വാക്കുകള്‍ കേട്ട് ഞാന്‍, ശരിക്കും ചിരിച്ചു പോയി.കുടിക്കാന്‍ വെള്ളമെങ്കിലും കിട്ടിയാല്‍, മതിയായിരുന്നു എന്ന് വിചാരിച്ച് ഡ്യൂട്ടിയ്ക്ക് വന്ന ഞങ്ങള്‍,വിചാരിച്ചതിന് നേരെ വിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഒന്നരമണിയോടെ ബിരിയാണിയും ചോറും റെഡി.ഞങ്ങള്‍ മാറി മാറി ഇരുന്ന് ഭക്ഷണം കഴിച്ചു.

പോളിംഗ് നടപടിക്രമം അല്‍പം പതുക്കെയായതു കൊണ്ടാകാം എപ്പോഴും നീണ്ട ക്യൂ ഉണ്ടായിരുന്നു.ഇടയ്ക്ക് അന്ധരും അവശരുമായ വോട്ടര്‍മാര്‍, സഹായികളുമായി വോട്ടു ചെയ്യാന്‍, എത്തിക്കൊണ്ടിരുന്നു.സഹായികള്‍ ബന്ധുക്കള്‍ മാത്രമായിരിക്കണമെന്നും മറ്റുള്ളവര്‍, സഹായികളായി എത്തുന്നത് തടയണമെന്നും പോളിംഗ് ഏജന്‍റുമാര്‍, പരാതിപ്പെട്ടു.സഹായികള്‍ ആരായിരിക്കണമെന്ന് മാന്യുവലില്‍, പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്തിനാല്‍,അത് അനുവദിക്കപ്പെട്ടില്ല.
ഇതിനിടയില്‍ രസകരമായ വേറൊരു സംഭവമുണ്ടായി.വോട്ടു ചെയ്യാന്‍ ചെറുമകനെ സഹായിയായി കൊണ്ടു വന്ന എണ്‍പത് വയസ്സ് തോന്നിക്കുന്ന വൃദ്ധയോട് ഒൌപചാരികമായി താങ്കള്‍ക്ക് സ്വയം വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, കഴിയും എന്ന ഉറച്ച മറുപടിയാണ് ലഭിച്ചത്.തള്ളയ്ക്ക് തലയ്ക്ക് സുഖമില്ല വെറുതെ പറയുകയാണ് എന്നായി സഹായി.എന്നാല്‍ ഇതൊക്കെ നിങ്ങള്‍, നേരത്തെ ഉറപ്പിച്ച് വരേണ്ടതല്ലേ എന്ന് പറഞ്ഞ് പോലീസ് സഹായിയെ തിരികെ അയച്ചു.വോട്ട് ചെയ്യാന്‍ വൃദ്ധ ക്യാബിനിലേയ്ക്ക് നീങ്ങിയപ്പോള്‍,എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെച്ച് എല്ലാവരുടെയും ശ്രദ്ധ വൃദ്ധയിലേയ്ക്കായി.എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അതാ ബീപ്പ് സൌണ്ട് .ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്നോ എവിടെയാണ് അമര്‍ത്തേണ്ടതെന്നോ വൃദ്ധയ്ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.വടിയും കുത്തി വൃദ്ധ ആരെയും ശ്രദ്ധിക്കാതെ ആത്മ വിശ്വാസത്തോടെ പുറത്തേയ്ക്ക്,നടക്കുന്നത് കണ്ട്  അക്ഷരാര്‍ത്ഥത്തില്‍, എല്ലാവരും ഞെട്ടിപ്പോയി.എവിടുന്നോ ഒരു ശബ്ദമുയര്‍ന്നു.അല്ല പിന്നെ...........
ഇതിനകം കൈയ്യില്‍, പുരട്ടാനുള്ള മഷി തീരുമോ എന്ന ആശങ്കയുണ്ടായിരുന്നു.അറിയിപ്പ് കൊടുത്ത് പതിനഞ്ചു മിനിട്ടിനകം മഷി എത്തി.വോട്ടിംഗ് അവസാനിക്കാറായപ്പോഴും നീണ്ട ക്യൂ ഉണ്ടായിരുന്നു.മുപ്പത്തിയൊന്നു പേര്‍ക്ക് ടോക്കണ്‍, കൊടുത്ത് പോളിംഗ് തുടര്‍ന്നു.ഞങ്ങള്‍ പോളിംഗ് ഓഫീസര്‍മാരും വോട്ട് രേഖപ്പെടുത്തിയപ്പോഴേയ്ക്കും ഏഴുമണിയായിരുന്നു.പെട്ടെന്ന് സീലിംഗും പായ്ക്കിംഗും കഴിഞ്ഞ് ഏഴരയോടെ ഞങ്ങള്‍ ബൂത്തിന് പുറത്തിറങ്ങി.
ഞങ്ങളെ യാത്രയാക്കാന്‍ കേശവ പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അതോടൊപ്പം എല്ലാ പാര്‍ട്ടിയുടെയും പ്രതിനിധികളും.എല്ലാ പാര്‍ട്ടിയ്ക്കും വിജയാശംസകള്‍,നേര്‍ന്നു കൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞു.പെട്ടിയും ഭാണ്ഡവും തൂക്കി വണ്ടിയ്ക്കരികിലേയ്ക്ക് ഞങ്ങള്‍ നടന്നപ്പോള്‍,ബന്ധു വീട്ടില്‍ താമസിക്കാന്‍, വന്ന് തിരികെ പോകുന്ന ഒരു പ്രതീതി.കേശവയുടെ കണ്ണ് നിറഞ്ഞിരുന്നുവോ എന്ന് ഇരുട്ടില്‍,വ്യക്തമല്ലായിരുന്നു.
മടക്കയാത്രയില്‍ ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് തിരികെ ഏല്‍പിക്കേണ്ട കവറിനെ കുറിച്ചോ പോളിംഗിനെ പറ്റിയോ ആയിരുന്നില്ല.ആ നാട്ടില്‍ ഞങ്ങള്‍ക്കു കിട്ടിയ സ്വീകരണത്തെപററിയായിരുന്നു.അമിതമായ സ്നേഹം സ്വാര്‍ത്ഥതയാണോ എന്ന് ആദ്യ ഘട്ടത്തില്‍ സംശയിച്ച ഞങ്ങള്‍, സ്വയം പരിതപിച്ചു.കണ്ണൂരില്‍ നിന്നുള്ള പോലീസ് കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണന്‍ പറഞ്ഞു.ഒരൊറ്റ കള്ളവോട്ടു പോലും ചെയ്യപ്പെട്ടിട്ടില്ല.ഇങ്ങനെയും ഒരു ബൂത്തോ ഇങ്ങനെയും ഒരു നാടോ.മൂന്നു പ്രമുഖ പാര്‍ട്ടിയ്ക്കും തുല്യ പ്രാധാന്യമുള്ള ബൂത്തായിരുന്നു.ഏജന്‍റുമാരൊക്കെ പരസ്പര ധാരണയോടെ ഐക്യത്തോടെ സമാധാനത്തോടെ പെരുമാറി.കാസറഗോഡിന്‍റെ തെക്കെ അറ്റത്തെ സ്വദേശികളായ പോളിംഗ് ഏജന്‍റുമാര്‍, തിരിച്ചറിഞ്ഞത് ഭാഷാ സംഗമ ഭൂമിയിലെ നിഷ്കളങ്കതയെയാണ്.
എട്ടേകാലോടെ ഞങ്ങള്‍ കോളേജിലെത്തി പതിനഞ്ചു മിനിട്ടിനുള്ളില്‍,സാധനങ്ങള്,കൈമാറി പരസ്പരം ഹസ്തദാനം ചെയ്ത്  പിരിഞ്ഞു.നല്ല  പോളിംഗ് അനുഭവം മനസ്സില്‍ എക്കാലവും സൂക്ഷിക്കുമെന്നും പരസ്പരം രൂപപ്പെട്ട സൌഹൃദച്ചരട് പൊട്ടാതെ സൂക്ഷിക്കുവാന്‍ ഇടയ്ക്ക് വിളിക്കണമെന്നും പരസ്പരം പറഞ്ഞു.

വളരെയധികം വൈകാരികവും പ്രശ്ന സാദ്ധ്യതയുള്ളതുമായ ജോലി ആസ്വാദ്യകരമാക്കിത്തന്ന നാട്ടുകാര്‍ക്കും ദൈവത്തിനും നന്ദി. 

No comments:

Post a Comment