Thursday, January 30, 2014

കലാ സമിതികള്‍ക്ക് മാതൃകയായി ഗ്രാമം പ്രതിഭ


പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ കലാസാംസ്കാരിക സംഘടനയായ ഗ്രാമം പ്രതിഭയുടെ നാലു ദിവസം നീണ്ടുനിന്ന വാര്‍ഷികാഘോഷം ഇന്നലെ സമാപിച്ചു.കേരളത്തിന്‍റെ തന്നെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിലെ ഗ്രാമം പ്രതിഭ എന്ന സംഘടന സമകാലീന സംഘടനകളില്‍ നിന്ന് ഏറെ വേറിട്ടു നില്‍ക്കുന്നു.ഗ്രാമം പ്രതിഭ നടത്തിയ പരിപാടികള്‍ ഒരു നാടിന്‍റെ തന്നെ ഉത്സവമാണ്.അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളും ആഘോഷത്തില്‍ പങ്കാളികളാകുന്നു.കലാവാസനയുള്ളവര്‍, കലാപരിപാടികളില്‍ പങ്കെടുത്തും മറ്റുള്ളവര്‍, സംഘാടനത്തിലും സജീവമാകുന്നു.സംഘടനയുടെ മഹിളാ വിഭാഗം തയ്യാറാക്കി അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ നാടകങ്ങള്‍,നാടന്‍ കലാരൂപങ്ങള്‍,നാടോടി നൃത്തങ്ങള്‍,പ്രമുഖര്‍ പങ്കെടുത്ത സാസംകാരിക പരിപാടികള്‍ എന്നിവ അരങ്ങേറി.ഉത്തരായനം എന്ന പേരിലറിയപ്പെട്ട ആഘോഷ പരിപാടിയുടെ മൂന്നാം ദിവസം , സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നാടകങ്ങള്‍ മികച്ചു നിന്നു.വാര്‍ഷികങ്ങളില്‍,നാട്ടിമ്പുറത്ത് തട്ടിക്കൂട്ടുന്ന നാടകങ്ങളെ പോലെയല്ല ,അവതരണത്തിലും അഭിനയ മികവിലും രണ്ടു നാടകങ്ങളും മികച്ചു നിന്നു.സ്ത്രീകള്‍ മാത്രം അഭിനയിച്ച അമ്മകടം,കുട്ടികളുടെ ചിത്ര ശലഭങ്ങളുടെ തീവണ്ടി അപൂര്‍വ്വമായ തൃശ്യനുഭവമായിരുന്നു.പത്മന്‍ വേങ്ങര സംവിധാനം ചെയ്ത നാടകങ്ങള്‍, സമകാലീന സമൂഹത്തിന്‍റെ സ്ത്രീകളോടും കുട്ടികളോടുമുള്ള സമീപനത്തിന്‍റെ യഥാര്‍ത്ഥ കണ്ണാടിയായിരുന്നു.കുട്ടികളും സ്ത്രീകളും അരങ്ങ് തകര്‍ത്തപ്പോള്‍, സംഘടനയുടെ ശോഭനമായ ഭാവിയ്ക്കുള്ള അടിത്തറ എത്ര ശക്തമാണെന്ന് തെളിയിക്കപ്പെട്ടു.സമാപന സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദിവംഗതനായ മേജര്‍,സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കളുടെ ദുഖം മാഹാദേവ ഗ്രാമം ഏറ്റു വാങ്ങി.

മാതൃകാപരമായ നേതൃത്വവും അച്ചടക്കത്തോടെയുള്ള പങ്കാളിത്തവും കൊണ്ട് അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച ഗ്രാമം പ്രതിഭയുടെ ഓരോ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍,.....

No comments:

Post a Comment