Tuesday, October 2, 2012

മഹാത്മാവിന് ആദരാഞ്ജലികള്‍

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ഒരു ജന്മദിനം കൂടി ഒരു പൊതു അവധിയിലൂടെ രാഷ്ട്രം ആഘോഷിക്കുകയാണ്.ഇതൊരു അവധി ദിവസമല്ലാതിരുന്നെങ്കില്‍,ഒരു പക്ഷെ മഹാത്മാവിനെ ഓര്‍ക്കുന്നവരുടെ എണ്ണം കുറയുമായിരുന്നു.ഒരു സാധാരണക്കാരനായി ജനിച്ച് മനുഷ്യന്‍റെ എല്ലാ ദൌര്‍ബല്യങ്ങളും അതിജീവിച്ച് അവഹേളനകളും കടുത്ത യാതനകളും സഹിച്ച് ഒരു രാഷ്ട്രത്തിന്‍റെ തന്നെ ഭാഗധേയത്തില്‍,നിര്‍ണ്ണായക പങ്കുവഹിച്ച് രാഷ്ട്രപിതാവെന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.ഒക്ടോബര്‍ രണ്ടിലെ ജന്മദിനവും ജനുവരി മുപ്പതിലെ രക്തസാക്ഷിദിനവും ഇന്ന് നാം ഔപചാരികതയുടെ പേരില്‍ ഓര്‍ക്കുന്നു.ഈ രണ്ട് തിയതിയ്ക്കിടയിലെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും കഥകള്‍,നമുക്ക് പഴഞ്ചനും കാലിക പ്രസക്തിയില്ലാത്തതുമായി തീര്‍ന്നിരിക്കുന്നു.ഗാന്ധിയന്‍ തത്വ ചിന്തകള്‍,എന്നത്തേക്കാളും ഇന്ന് നമുക്ക് പ്രസക്തമാണെന്ന് രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിച്ചിരിക്കുന്നു.പക്ഷെ അഹിംസയിലൂന്നിയ സത്യാഗ്രഹത്തിലൂടെയുള്ള സഹന സമരപാതയിലേയ്ക്ക് നമ്മുടെ സമൂഹത്തിന് തിരികെ വരാന്‍ കഴിയുമോ.മഹാത്മാവിന് ഒരു പുനര്‍ജനിയുണ്ടായാലെങ്കിലും അത് സാധിക്കുകയില്ല എന്ന് ഈയിടെ നടന്ന സംഭവവികാസങ്ങള്‍ അടിവരയിടുന്നു.രണ്ടാം ഗാന്ധിയെന്ന് വിശേഷണവുമായി അഴിമതിയ്ക്കെതിരെ സന്ധിയില്ലാ സമരത്തിന് ഒരുങ്ങി പുറപ്പെട്ട അണ്ണാഹസാരെയുടെ പരാജയും ഇതിലേയ്ക്ക് വിരല്‍,ചൂണ്ടുന്നു.മാദ്ധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കും ഇല്ലാതെ തന്നെ വിശാലമായ ഇന്ത്യയുടെ വിദൂര കോണുകളിലുള്ള ജനമാനസങ്ങളില്‍,ഗാന്ധിജി ഇടം നേടിയിരുന്നു.കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അദ്ദേഹം ആശ്യാസത്തിന്‍റെ നിഴലായിരുന്നു,സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവമായിരുന്നു,നിഷ്കളങ്കതയുടെയും വിശ്വാസത്തിന്‍റെയും പ്രമാണമായിരുന്നു.നമ്മുട സമൂഹം ഇന്ന് പല മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു.നമുക്ക് കറകളഞ്ഞ ഒരു നേതാവിനെ കണ്ടെത്തുക തീര്‍ത്തും അസാദ്ധ്യമാണ്.ഗാന്ധിയന്‍ ദര്‍ശനങ്ങള്‍,ഇന്ന് പുരാവസ്തു മാത്രമാണ്.രാഷ്ട്രപിതാവിന്‍റെ ആശ്രമവും,അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും പുരാവസ്തുവും സന്ദര്‍ശകരെ ആകര്‍ഷിച്ച് പണം സമ്പാതിക്കാനുള്ള ഒരു ഉപാധിമാത്രമാണ്.അതോടൊപ്പം അദ്ദേഹത്തിന്‍റെ ആശയങ്ങളും.ഗാന്ധിയന്‍ മൂല്യങ്ങള്‍,വരും തലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കാനോ ആയത് സംരക്ഷിക്കാനോ നാം ഒന്നും ചെയ്യുന്നില്ല.സ്കൂളുകളിലും സര്‍ക്കാര്‍,ആഫീസുകളിലും പണ്ടുകാലത്ത്  ഗാന്ധിജിയുടെ ഒരു ഫോട്ടോയെങ്കിലും കാണാമായിരുന്നു.ഇന്ന് വളരെ വിരളമായി മാത്രമെ ഇത് കാണാറുള്ളൂ.എന്നാല്‍ ശില്പിയുടെ കരവിരുതിനും സ്ഥാപനത്തിന്‍റെ കലാബോധത്തിനും നിദര്‍ശനമായി മാഹാത്മാവിന്‍റെ കല്‍പ്രതിമ വെറും നോക്കു കുത്തിയായി നിലകൊള്ളുന്നുണ്ട്.ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ആത്മാവ് ഈ കല്‍പ്രതിമകള്‍,എടുത്തു മാറ്റിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടാവാം. ഗ്രാമജീവിതത്തിന്‍റെ നൈര്‍മല്യം,ഹരിജന സേവ,അഹിംസ,സത്യാഗ്രഹം,പൊതുജന സേവനം എന്ന ഈശ്വര സേവ,സഹകരണം,അടിസ്ഥാന വിദ്യാഭ്യസം,അയിത്തം,ദരിദ്രരില്‍ ദരിദ്രനില്‍,ഊന്നിയുള്ള ആസൂത്രണ പ്രക്രിയ മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ വീക്ഷണം എത്രത്തോളം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ളതായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍,ആ മഹാത്മാവിന് മുമ്പില്‍ ശിരസ്സ് അറിയാതെ തന്നെ കുമ്പിട്ടു പോകുന്നു.

No comments:

Post a Comment