Thursday, October 25, 2012

ഇറ്റീസ്...മറഡോണ...........!!!


 
കളികളില്‍,മനുഷ്യന്‍റെ കഴിവുകള്‍,ഏറ്റവും പരീക്ഷിക്കപ്പെടുന്നത് ഫുട്ബോളില്‍ത്തന്നെയാണ്.അതു കൊണ്ട് തന്നെയാണ് കൂടുതല്‍ ജനപ്രിയമായ കളിയും കൂടുതല്‍,രാജ്യങ്ങള്‍ കളിച്ചുവരുന്നതും ഫുട്ബോള്‍തന്നെയാണ്.തോല്‍പന്തിനെ ശത്രുക്കളെ കബളിപ്പിച്ചുകൊണ്ട് ശത്രുപാളയത്തില്‍ എത്തിക്കുക എന്നത് രണ്ട് ശക്തികള്‍തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ്.യോദ്ധാവനെ വീഴ്താന്‍ എതിരാളികള്‍,എല്ലാ അടവുകളും പ്രയോഗിക്കും.കായികമായും ബുദ്ധിപരമായും കൂടാതെ ചതി പ്രയോഗങ്ങളും ഉണ്ടാവും കളി ജയിക്കുക എന്നത് ഏതൊരു പോരാളിയെ സംബന്ധിച്ചടുത്തോളം അതിപ്രധാനമാണ്.ഈ പോരാളികളുടെ കൂട്ടത്തില്‍ വീരനായകനായി വാഴ്ത്തപ്പെടുക.അതാണ് ഡീഗോ മറഡോണ................ശത്രുപാളയത്തില്‍ അസാമാന്യ മെയ്വഴക്കോത്തോടും ചടുലമായ നീക്കങ്ങള്‍കൊണ്ടും മാസ്മരികത സൃഷ്ടിച്ച കുറിയ മനുഷ്യന്‍.അസാമാന്യ പ്രതിഭയാണെങ്കിലും മനുഷ്യന്‍റേതായ എല്ലാ ദൌര്‍ബല്യങ്ങളും അദ്ദേഹം ലോകത്തിനു മുമ്പില്‍,തുറന്നു കാട്ടി.ഫുട്ബോള്‍ ദൈവമെന്നോ ഫുട്ബോള്‍മാന്ത്രികനെന്നോ മന്ത്രവാദിയെന്നോ അദ്ദേഹത്തെ വിശേഷിപ്പിക്കാം.അദ്ദേഹം മലയാളത്തില്‍ സംസാരിക്കുകയോ കേരളീയ വേഷം അണിയുകയോ ചെയ്തേക്കാം.ഇതൊന്നുമല്ല ആ മഹാപ്രതിഭയെ  മഹാനാക്കുന്നത് എണ്പതുകളില്‍ ലോകത്തെ വിസ്മയിച്ച അര്‍ജന്‍റീനയുടെ സ്വന്തം ഡീഗോയെ ലോകം നെഞ്ചേറ്റി.കേളിമികവിനോടൊപ്പം തന്‍റെ നിഷ്കളങ്കമായ വ്യക്തിത്വവും അദ്ദേഹം തന്നോടൊപ്പം കൊണ്ടു നടന്നു.അദ്ദേഹം കഠിനാദ്ധ്വാനിയാണെന്ന വിശേഷണം യോജിക്കുന്നില്ല.കാരണം കഠിനാദ്ധ്വാനം കൊണ്ടു നേടാവുന്നതല്ല അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നത്.പ്രതിഭകള്‍ ഉണ്ടാകുകയാണ്.അത് കഠിനാദ്ധ്വാനം കൊണ്ട് കൈവരിക്കാന്‍ കഴിയില്ല.
1986 ലെ ലോകകപ്പില്‍,അര്‍ജന്‍റീന ഇംഗ്ലണ്ട് മത്സരത്തെ പറ്റിയുള്ള വര്‍ണ്ണനകള്‍,പത്രത്തില്‍ വായിച്ച് ആവേശം ഉള്‍കൊണ്ടിരിക്കുന്ന സമയം.ദൈവത്തിന്‍റെ കൈയ്യും ലോകം കണ്ട ഏറ്റവും മികച്ച ഗോളും.ഭാഗ്യത്തിന് ഫൈനല്‍ മത്സരം ബി ബി സി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.പാതിരാത്രി നടന്ന അത്യന്തം ആവേശോജ്വലമായ മത്സരം നാഷണല്‍ പാനസോണിക് റേഡിയോവില്‍ആയിരങ്ങലുടെ ആരവങ്ങളുടെ പിന്നരങ്ങില്‍ കേട്ട കമന്‍ററി ഇന്നും കാതില്‍മുഴങ്ങുന്നുണ്ട്.മറഡോണ.....ബുറുചാഗ.....ബാക്ക് ടു മറഡോണാ.....പാസസ് ബാക്ക് ടു ബുറുചാഗാ................പിന്നീടങ്ങോട്ട് കാത് പൊട്ടുന്ന ഉച്ചത്തില്‍ കാണികളുടെ ആരവമാണ്.ജര്‍മനിയെ 3-2 ന് അര്‍ജന്‍റീന തോല്‍പിച്ചു.മറഡോണ ഗോളൊന്നും നേടിലില്ലെങ്കിലും വിജയത്തിന്‍റെ സൂത്ര ധാരന്‍,അദ്ദേഹം തന്നെയായിരുന്നു.അന്നു തുടങ്ങിയ ആരാധനയായിരിക്കണം അര്‍ജന്‍റീനയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം.പിന്നീട് ടെലിവിഷന്‍ വീട്ടിലെത്തിയതിനുശേഷം വലിയ പ്രതീക്ഷയോടെയാണ് 1990 ലെ ലോക കപ്പിന് സാക്ഷ്യം വഹിച്ചത്.കാമറൂണുമായി ഉദ്ഘാടന മത്സരത്തില്‍ തോറ്റെങ്കിലും ജര്‍മനിയുമായി മറ്റൊരു ലോകകപ്പ് ഫൈനലില്‍,മറഡോണയുടെ അര്‍ജന്‍റീന സ്ഥാനം പിടിച്ചു.വിരസമായ ഫൈനലില്‍ അര്‍ജന്‍റീനയെ ഏക പെനാല്‍റ്റി ഗോളിലൂടെ ജര്‍മനി പരാജയപ്പെടുത്തി.അര്‍ജന്‍റീന ആ ലോകകപ്പില്‍ തീരെ ഫോമിലല്ലായിരുന്നു.എന്നാല്‍ മറഡോണയുടെ പ്രതിഭയാണ് അവരെ ഫൈനലില്‍ എത്തിച്ചത്.തോല്‍വിയ്ക്ക് ശേഷം ഒന്നാം ക്ലാസ്സില്‍,ആദ്യ ദിനം കൂട്ടിക്കൊണ്ടു വന്ന അമ്മ തിരികെ പോകുമ്പോള്‍ കരയുന്ന അഞ്ചുവയസ്സു കാരനെപ്പോലെ തേങ്ങിക്കരഞ്ഞ മറഡോണയുടെ രൂപം ഇന്നും മായാതെ കിടക്കുന്നു.എതിരാളികള്‍ നിഷ്കരുണം വേട്ടയാടി വേദന കൊണ്ടു പുളയുന്ന മറഡോണ.റഫറിയോട് കേണഭ്യര്‍ത്ഥിക്കുന്ന മറഡോണ.കാലില്‍ പന്തെത്തിയാല്‍ എന്തെങ്കിലും അദ്ഭുതം ഉറപ്പാണ്.കാണികള്‍ വിസ്മയത്തോടെയാണ് ഇതെല്ലാ കണ്ടിരിക്കുന്നത്.ഇതെല്ലാം ഫുട്ബോളിന്‍റെ മനോഹാരിതയാണ്.1994 ലോകകപ്പില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍,കണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ച ആരോപണത്തിന് വിധേയമമായി അദ്ദേഹം പുറത്തിരിക്കേണ്ടിവന്നു.എന്‍റെ അഭിപ്രായത്തില്‍,ഇത് അര്‍ജന്‍റീനയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമായിട്ടാണ് ഇതിനെ കാണുന്നത്.പിന്നീടങ്ങോട്ട് മയക്കുമരുന്നും അസുഖങ്ങളും കോച്ചായുള്ള തിരിച്ചു വരവും.കളിക്കു പുറത്താണെങ്കിലും കോച്ചായ മറഡോണയെ എല്ലാവരും നന്നായി ആസ്വദിച്ചു.ടീമിന് നേട്ടമുണ്ടായില്ലെങ്കിലും,കോച്ച് സ്ഥാനം നഷ്ടമായെങ്കിലും മറഡോണ ആരാധകരെ വീണ്ടും കൈയ്യിലെടുത്തു.അമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന മകളെ സ്നേഹിക്കുന്ന വികാരങ്ങളെ തടയാനറിയാത്ത നിഷ്കളങ്കനായ മഹാപ്രതിഭയായ ഹേ മറഡോണാ നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു...................

Tuesday, October 2, 2012

മഹാത്മാവിന് ആദരാഞ്ജലികള്‍

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ ഒരു ജന്മദിനം കൂടി ഒരു പൊതു അവധിയിലൂടെ രാഷ്ട്രം ആഘോഷിക്കുകയാണ്.ഇതൊരു അവധി ദിവസമല്ലാതിരുന്നെങ്കില്‍,ഒരു പക്ഷെ മഹാത്മാവിനെ ഓര്‍ക്കുന്നവരുടെ എണ്ണം കുറയുമായിരുന്നു.ഒരു സാധാരണക്കാരനായി ജനിച്ച് മനുഷ്യന്‍റെ എല്ലാ ദൌര്‍ബല്യങ്ങളും അതിജീവിച്ച് അവഹേളനകളും കടുത്ത യാതനകളും സഹിച്ച് ഒരു രാഷ്ട്രത്തിന്‍റെ തന്നെ ഭാഗധേയത്തില്‍,നിര്‍ണ്ണായക പങ്കുവഹിച്ച് രാഷ്ട്രപിതാവെന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി.ഒക്ടോബര്‍ രണ്ടിലെ ജന്മദിനവും ജനുവരി മുപ്പതിലെ രക്തസാക്ഷിദിനവും ഇന്ന് നാം ഔപചാരികതയുടെ പേരില്‍ ഓര്‍ക്കുന്നു.ഈ രണ്ട് തിയതിയ്ക്കിടയിലെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും കഥകള്‍,നമുക്ക് പഴഞ്ചനും കാലിക പ്രസക്തിയില്ലാത്തതുമായി തീര്‍ന്നിരിക്കുന്നു.ഗാന്ധിയന്‍ തത്വ ചിന്തകള്‍,എന്നത്തേക്കാളും ഇന്ന് നമുക്ക് പ്രസക്തമാണെന്ന് രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിച്ചിരിക്കുന്നു.പക്ഷെ അഹിംസയിലൂന്നിയ സത്യാഗ്രഹത്തിലൂടെയുള്ള സഹന സമരപാതയിലേയ്ക്ക് നമ്മുടെ സമൂഹത്തിന് തിരികെ വരാന്‍ കഴിയുമോ.മഹാത്മാവിന് ഒരു പുനര്‍ജനിയുണ്ടായാലെങ്കിലും അത് സാധിക്കുകയില്ല എന്ന് ഈയിടെ നടന്ന സംഭവവികാസങ്ങള്‍ അടിവരയിടുന്നു.രണ്ടാം ഗാന്ധിയെന്ന് വിശേഷണവുമായി അഴിമതിയ്ക്കെതിരെ സന്ധിയില്ലാ സമരത്തിന് ഒരുങ്ങി പുറപ്പെട്ട അണ്ണാഹസാരെയുടെ പരാജയും ഇതിലേയ്ക്ക് വിരല്‍,ചൂണ്ടുന്നു.മാദ്ധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കും ഇല്ലാതെ തന്നെ വിശാലമായ ഇന്ത്യയുടെ വിദൂര കോണുകളിലുള്ള ജനമാനസങ്ങളില്‍,ഗാന്ധിജി ഇടം നേടിയിരുന്നു.കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അദ്ദേഹം ആശ്യാസത്തിന്‍റെ നിഴലായിരുന്നു,സ്നേഹത്തിന്‍റെ മൂര്‍ത്തീഭാവമായിരുന്നു,നിഷ്കളങ്കതയുടെയും വിശ്വാസത്തിന്‍റെയും പ്രമാണമായിരുന്നു.നമ്മുട സമൂഹം ഇന്ന് പല മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു.നമുക്ക് കറകളഞ്ഞ ഒരു നേതാവിനെ കണ്ടെത്തുക തീര്‍ത്തും അസാദ്ധ്യമാണ്.ഗാന്ധിയന്‍ ദര്‍ശനങ്ങള്‍,ഇന്ന് പുരാവസ്തു മാത്രമാണ്.രാഷ്ട്രപിതാവിന്‍റെ ആശ്രമവും,അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും പുരാവസ്തുവും സന്ദര്‍ശകരെ ആകര്‍ഷിച്ച് പണം സമ്പാതിക്കാനുള്ള ഒരു ഉപാധിമാത്രമാണ്.അതോടൊപ്പം അദ്ദേഹത്തിന്‍റെ ആശയങ്ങളും.ഗാന്ധിയന്‍ മൂല്യങ്ങള്‍,വരും തലമുറകളിലേയ്ക്ക് പകര്‍ന്നു നല്‍കാനോ ആയത് സംരക്ഷിക്കാനോ നാം ഒന്നും ചെയ്യുന്നില്ല.സ്കൂളുകളിലും സര്‍ക്കാര്‍,ആഫീസുകളിലും പണ്ടുകാലത്ത്  ഗാന്ധിജിയുടെ ഒരു ഫോട്ടോയെങ്കിലും കാണാമായിരുന്നു.ഇന്ന് വളരെ വിരളമായി മാത്രമെ ഇത് കാണാറുള്ളൂ.എന്നാല്‍ ശില്പിയുടെ കരവിരുതിനും സ്ഥാപനത്തിന്‍റെ കലാബോധത്തിനും നിദര്‍ശനമായി മാഹാത്മാവിന്‍റെ കല്‍പ്രതിമ വെറും നോക്കു കുത്തിയായി നിലകൊള്ളുന്നുണ്ട്.ഒരു പക്ഷെ അദ്ദേഹത്തിന്‍റെ ആത്മാവ് ഈ കല്‍പ്രതിമകള്‍,എടുത്തു മാറ്റിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടാവാം. ഗ്രാമജീവിതത്തിന്‍റെ നൈര്‍മല്യം,ഹരിജന സേവ,അഹിംസ,സത്യാഗ്രഹം,പൊതുജന സേവനം എന്ന ഈശ്വര സേവ,സഹകരണം,അടിസ്ഥാന വിദ്യാഭ്യസം,അയിത്തം,ദരിദ്രരില്‍ ദരിദ്രനില്‍,ഊന്നിയുള്ള ആസൂത്രണ പ്രക്രിയ മുതലായ വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ വീക്ഷണം എത്രത്തോളം ദീര്‍ഘ വീക്ഷണത്തോടുകൂടിയുള്ളതായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍,ആ മഹാത്മാവിന് മുമ്പില്‍ ശിരസ്സ് അറിയാതെ തന്നെ കുമ്പിട്ടു പോകുന്നു.