Monday, July 4, 2011

ബഹു വര്‍ണ്ണ പ്രബുദ്ധത


ഞാന്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് റോഡരികില്‍ ‍ നില്‍ക്കുന്ന ഒരു തണല്‍ വൃക്ഷം.പഞ്ചായത്ത് ഓഫീസ് ഇന്ന് പണ്ടത്തെ പോലെയല്ല.സമൂഹത്തിന്‍റെ സേവനം മാത്രം ഉദ്ദേശമാക്കിയിട്ടുള്ള ഒരു കൂട്ടം സ്വയം സേവകരുടെ ഒരു കൂട്ടായ്മയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.രാഷ്ട്രീയത്തിന്‍റെ ഔന്നത്യത്തിലേക്കുള്ള ചവിട്ടുപടിയായ പഞ്ചായത്ത് രാഷ്ട്രീയ കുതുകികള്‍ക്ക് ആശാ കേന്ദ്രമാണ്.
എന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് പച്ച ഇലകളും മെയ്മാസത്തില്‍ വിടരുന്ന പൂക്കളും ഇരുണ്ട നിറത്തിലുള്ള ശരീരവുമായിട്ടാണ്.ഞാന്‍ ഇലകളിലെ ഹരിതകത്തിന്‍റെ സാന്നിദ്ധ്യത്തില്‍ സൂര്യ പ്രകാശവും വേരിലൂടെ വലിച്ചെടുക്കുന്ന ജലവും,അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡും ഉപയോഗിച്ച് പ്രകാശ സംശ്ലേഷണത്തിലൂടെ അന്നജം നിര്‍മ്മിക്കുന്നു.അങ്ങനെ ഞാന്‍ പരാശ്രയയമില്ലാതെ ആഹാരം പാകം ചെയ്യുന്നു.നിങ്ങള്‍ ശ്വസോച്ഛ്വാസം നടത്തുമ്പോള്‍ ഓക്സിജന്‍ സ്വീകരിച്ച് കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നു.കാര്ബെണ്‍ ഡയോക്സൈഡ് വിഷമാണല്ലോ.ആയതിനാല്‍ സമസ്ത മാനവരാശിയുടെ നിലനില്‍പ് പരിഗണിച്ച് ഞങ്ങള്‍ കാര്‍ബണ്‍‍ ഡയോക്സൈഡ് സ്വീകരിച്ച് മനുഷ്യന് ശ്വസിക്കാന്‍ ഓക്സിജന്‍ പുറത്ത് വിടുന്നു.കൂടാതെ കാണ്ഡത്തിലൂടെയും ഇലകളിലൂടെയും സ്വേദനം നടത്തി ഞങ്ങളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നു.ഞങ്ങള്‍ക്ക്,ചലന ശേഷിയില്ലെങ്കിലും സ്വയം ചില ക്രമീകരണങ്ങള്‍ നടത്തി ഞങ്ങള്‍ പ്രകൃതിയുമായി ഒത്തു പോകുന്നു.വേനല്‍ക്കാലത്ത് ഇലകള്‍ പൊഴിക്കുന്നതും മറ്റും അവയില്‍ ചിലത് മാത്രം.നിങ്ങളുടെ കുട്ടികള്‍ക്ക് ഇതൊക്കെ ഒരു പഠനവിഷയമായി വരുന്നു.കുട്ടികള്‍ അത് ഇംഗ്ലീഷില്‍ പഠിച്ച് നല്ല മാര്‍ക്ക് നേടി വലുതാവുമ്പോള്‍ മറക്കുന്നു.അത് ഇംഗ്ളീഷ് ഭാഷ പഠിക്കാനുള്ള ഒരു വിഷയം മാത്രമാണ്.അല്ലെങ്കിലും വലുതാവുമ്പോള്‍ ഓര്‍ക്കാന്‍ അവര്‍ക്ക് മറ്റെന്തെല്ലാം വിഷയങ്ങളുണ്ട്.
ങ്ഹാ....ഞാന്‍ നിന്ന നില്പ്പി്ല്‍ നിന്ന് എന്തെല്ലാമോ ചിന്തിച്ചു പോയി. കുറച്ച് നാളായി ഒരു അസ്കിത തുടങ്ങിയിട്ട്.പഞ്ചായത്ത് ഓഫീസില്‍ തിരഞ്ഞെടുപ്പ് കാലമായിനാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഞാന്‍ ചുവന്ന പൂക്കള്‍ വിടര്‍ത്തിയത് നേരത്തെ സൂചിപ്പിച്ച പ്രബുദ്ധരായ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.ഇത്രയും നാള്‍ ഞങ്ങളുടെ ആളായി പച്ച ഇലയുമായി നിന്ന ഞാന്‍ പെട്ടെന്ന് കളര്‍ മാറിയത് ചിലര്‍ക്ക് ദഹിച്ചില്ല.അവര്‍ പഞ്ചായത്ത് തല കമ്മിറ്റി ചേര്‍ന്ന് എന്നെ ശത്രവായി പ്രഖ്യപിച്ചു.ഏതു സമയവും അവര്‍ തങ്ങളുടെ രാഷ്ട്രീയ ദൌത്യം നിര്‍വഹിക്കുമെന്ന് ഞാന്‍ ഭയന്നു.വേറൊരു പാര്‍ട്ടിക്കാര്‍ എന്‍റെ നിറം മാറ്റത്തില്‍ സന്തുഷ്ടരായിരുന്നു.അവര്‍ പൊഴിഞ്ഞ പൂക്കളെ മെത്തയാക്കി കമ്മിറ്റി കൂടുകയും എനിക്കു വേണ്ടി മരച്ചുവട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.ഒരു ദിവസം രാത്രിയുടെ അന്ത്യയാമത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം യുവാക്കള്‍ ഉച്ചത്തില്‍ “പായലേ വിട പൂപ്പലേ വിട” എന്നു വിളിച്ചു പറഞ്ഞു കൊണ്ട് എന്‍റെ ദേഹമാസകലം രൂക്ഷ ഗന്ധമുള്ള ഒരു വസ്തു തേച്ചു.ഇപ്പോള്‍ എന്‍റെ ശരീരത്തിന് ഇലയുടെ കളറാണ് പക്ഷെ എനിക്ക് ആ പ്രദലത്തില്‍ ആഹാരം പാകം ചെയ്യാന്‍ കഴിയില്ല.എനിക്ക് ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയുന്നില്ല.അതിനുശേഷം സ്വസ്ഥമായി ഒരു ദിവസം പോലും ഞാന്‍ വിശ്രമിച്ചിട്ടില്ല.ഒരു ശ്വാസം മുട്ടല്‍.ഒന്നോര്‍ത്തു നോക്കിയാല്‍ നിങ്ങള്‍ക്കും ആ ബുദ്ധിമുട്ട് മനസ്സിലാകും.രാവിലെ മുതല്‍ ദേഹത്ത് പെയിന്‍റടിച്ച് ഇരുന്നാല്‍ എങ്ങിനിരിക്കുമെന്ന് ഊഹിച്ച് നോക്കുക.അത് മഴ വന്നാല്‍ ഒലിച്ചു പോകുമെന്ന് വിചാരിച്ചു.’’വെയിലത്തും മഴയത്തും മാറാത്ത ഭംഗി’’ പ്രബുദ്ധരായ ചെറുപ്പക്കാര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിയില്‍ ഗംഭീരം ചര്‍ച്ചയുണ്ടായി വാഗ്വാദങ്ങളും ഉണ്ടായി.കൈയ്യേറ്റം വരെ എത്തി. സെക്രട്ടറിയുടെ അവസരോചിതമായ ഇടപെടല്‍ കാരണം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.വൃക്ഷങ്ങള്‍ ഇതുപോലെ പെയിന്‍റ് ചെയ്യാന്‍ അനുമതി നല്‍കുന്നതിന് ബൈലോ (നിയമം) ഉണ്ടാക്കാനും കരട് നിയമം അടുത്ത ഭരണ സമിതി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാമെന്നും സെക്രട്ടറിയുടെ ഉറപ്പിന്മേയല്‍ യോഗം പിരിഞ്ഞു.ഏതായാലും പ്രബുദ്ധതയുടെ മൂര്‍ത്തീഭാവമായ ഇവരുടെ പ്രവര്‍ത്തനം കൊണ്ട് നമ്മുടെ ഭാവി ശോഭനമായിരിക്കുമെന്ന്പത്രമാദ്ധ്യമങ്ങള്‍ വിലയിരുത്തി.പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ വിദേശത്തു നിന്ന് വന്ന പഠന സംഘം തനത് വരുമാന വര്‍ദ്ധനവിനുള്ള അതിനൂതനമായ കണ്ടുപിടിത്തത്തിന് വകുപ്പ് മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
ഏതായാലും പഥികന് തണലേകുകയും കായ്കനികള്‍ പൊഴിച്ചും മണ്ണൊലിപ്പ് തടഞ്ഞും പ്രകൃതിയുടെ സൌന്ദര്യത്തിന് വര്ണ്ണാഭമായ അലങ്കാരം തീര്‍ത്തും മനുഷ്യന്‍റെ നന്മയും ശ്രേയസ്സും മാത്രം മുന്നില്‍ക്കണ്ട ഞങ്ങളെ മുജ്ജന്മ പാപ ഫലമായിട്ടോ ഈ ജന്മത്തിലെ സഞ്ചിത പാപ ഫലമോ ആയിട്ട് ദുരുപയോഗം ചെയ്തുകൊണ്ട് ശിക്ഷിക്കുന്നത് തുടരുകയാണ് ആയുസ്സിന്‍റെ അവസാനം വരെ അനുഭവിക്കുക തന്നെ.ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ തിരിച്ച് കല്ലെറിയാതെ പകരം കായ്കനികള്‍ നല്‍കുന്ന സംസ്കാരമാണ് ഞങ്ങളുടേത്.അത് ഞങ്ങള്‍ കാക്കുകതന്നെ ചെയ്യും കാരണം സംസ്കാര ശൂന്യത കൊണ്ട് ഒരു സമൂഹവും ഒന്നും നേടാന്‍ പോകുന്നില്ലെന്നും അത് അധോഗതിയുടെ തുടക്കമാണെവ്വും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഈശ്വരന്‍ ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.

No comments:

Post a Comment