Wednesday, July 27, 2011

ചെറേലെ കുഞ്ഞീസ്നന്‍



കറുത്ത ശരീരം,പഴകി പിഞ്ഞിയതാണെങ്കിലും വൃത്തിയുള്ള വസ്ത്രം,വലിയ നിക്കര്‍,വെളുത്ത പല്ലുകള്‍.പത്താം ക്ലാസ്സ് വരെ എന്‍റെ കൂടെ പഠിച്ച കുഞ്ഞികൃഷ്ണന്.‍കുഞ്ഞികൃഷ്ണന്‍ ക്ലാസ്സിലെത്തിയിരുന്നത് 5 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ്.രാവിലെ കുളുത്തത് കുടിച്ചിട്ടാണ് ക്ലാസ്സില്‍ വരുന്നത്,കുളുത്തത് എന്നാല്‍ തലേദിവസം വെള്ളം ഒഴിച്ച് വച്ച കഞ്ഞി.കുഞ്ഞികൃഷ്ണന് അച്ഛന്‍ ഇല്ലായിരുന്നു.ചെറുപ്പത്തിലേ മരിച്ചുപോയതായിരിക്കാം,അമ്മയെ ഉപേക്ഷിച്ചുപോയതായിരിക്കാം.കുട്ടിക്കലത്തെ കുതൂഹലങ്ങളില്‍ അത്തരം കാര്യങ്ങള്‍‍ വിഷയമാകാത്തതിനാല്‍ അതിനെ പറ്റി അന്ന് കൂടുതല്‍ ആലോചിച്ചിട്ടില്ല.അമ്മ പുല്ലരിയാന്‍ പോകും.അവധി ദിവസങ്ങളില്‍ കുഞ്ഞികൃഷ്ണനും അമ്മയോടൊത്ത് ചേരും.വേറെ സഹോദരങ്ങളൊന്നും ഇല്ല ഉദ്യോഗസ്ഥ ദമ്പദികളുടെ മകനായ എനിക്ക് പക്ഷെ പഠനത്തില്‍ കുഞ്ഞികൃഷ്ണന്‍ കനത്ത വെല്ലുവിളിയായിരുന്നു.കുഞ്ഞിതീയാ,ഇഞ്ഞീസ്നാ,ചെറേലെ കൂഞ്ഞീസ്നന്‍ എന്നൊക്കെ സഹപാഠികള്‍ സംബോധന ചെയ്തിരുന്നു.യാതൊരു പരിഭവവുമില്ലാതെ കുഞ്ഞികൃഷ്ണന്‍ വിളികേള്‍ക്കും.ഞാനും കുഞ്ഞികൃഷ്ണനും പഠനത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു.എന്നെ പലപ്പോഴും പലവിഷയത്തിലും പിന്തള്ളുന്നതും അതിലൂടെ അദ്ധ്യാപകരുടെ അഭിനന്ദനവാക്കുകള്‍ കേള്‍ക്കുന്നതും കൊച്ചു കൃഷ്ണന്‍ നന്നായി ആസ്വദിച്ചിരുന്നു.മൂന്നാം ക്ലാസ്സില് മലയാളം,സയന്‍സ്,സാമൂഹ്യപാഠം പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാനായിരുന്നു മുന്നില്‍.കുഞ്ഞികൃഷ്ണന്‍ തൊട്ടു പുറകിലുണ്ട്.കണക്കു പരീക്ഷയുടെ ദിവസം രാവിലെ ഞാന്‍ എത്തിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ട്. എന്തോ പറയാന്‍.എന്താണെന്നുള്ള ഭാവത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇന്ന് ഞാന്‍ നിന്നെ തോല്‍പിക്കും.മറിച്ച് വെല്ലുവിളിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.പരീക്ഷ കഴിഞ്ഞ് സ്ലേറ്റില്‍ മാര്‍ക്ക് തെളിഞ്ഞു. എനിക്ക് 45 മാര്‍ക്ക് കുഞ്ഞികൃഷ്ണന് 47 മാര്‍ക്ക്.അങ്ങനെ കുഞ്ഞികൃഷ്ണന്‍ വാക്ക് പാലിച്ചു.വെളുത്ത പല്ലുകള്‍ കാട്ടി അവന്‍ എന്നെ നോക്കി ചിരിച്ചു.അപ്പോള്‍ അവന്‍റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സംതൃപ്തി ഞാന്‍ കണ്ടു.എന്നെ പിന്നിലാക്കിയതില്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ടാകണം ഞാന്‍ ശരിക്ക് ഓര്‍ക്കുന്നില്ല.
ഉച്ചയ്ക്ക് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടായിരുന്നു.കുഞ്ഞികൃഷ്ണന് വയറ് നിറച്ച് കഴിക്കാനുള്ള അവസരമാണത്.എനിക്ക് അതിനുള്ള അവസരമില്ലായിരുന്നു.സ്കൂളിലെ ഉപ്പുമാവ് കഴിക്കാന്‍ അമ്മ എന്നെ അനുവദിക്കില്ല.എനിക്ക് ഉച്ചയ്ക്ക് വീട്ടില്‍ ചോറുണ്ണാന്‍ പോകണം.കുട്ടികളിലേറിയ പങ്കും ഉപ്പുമാവിനായി കാത്തിരിക്കുന്നവരാണ്.ഉച്ചയ്ക്ക് നാലാം പീര്യേഡ് കഴിഞ്ഞ് തുടര്‍ച്ചയായ നാല് ബെല്ലടിക്കോമ്പോഴേക്കും കുട്ടികള് നിരയായി ക്ലാസ്സ് ഭിത്തിയോട് ചേര്‍ന്ന് ഇരിപ്പ് ഉറപ്പിക്കും,ഉപ്പുമാവ് വിളമ്പാനുള്ള കടലാസുമായി തിക്കിയും തിരക്കിയും അവര്‍ അക്ഷമരായി കാത്തിരിക്കും.അങ്ങനെയിരിക്കെ ഒരു ദിവസം മൂന്നാം പിരീഡ് അവസാനിക്കുമ്പോള്‍ മൂന്ന് ബെല്ലടിച്ചതും മിന്നല്‍ പിണര്‍ പോലെ നമ്മുടെ കുഞ്ഞികൃഷ്ണന്‍ ഒരു കടലാസുമായി ഭിത്തിക്കരികില്‍ ഓടിയെത്തി കുത്തിയിരിപ്പായി.ഉച്ചയായി എന്ന് വിചാരിച്ച് കുഞ്ഞികൃഷ്ണന്‍ നാല് ബെല്ലായി എന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബെല്ലാകുമ്പോള്‍ത്തന്നെ ഉപ്പുമാവിനായി പോയിരുന്നതാണ്.നാല് ക്ലാസ്സില്‍ നിന്നും കൂട്ടച്ചിരി ഉയര്‍ന്നു. പാവം കുഞ്ഞികൃഷ്ണന്‍ ഇളിഭ്യനായി തിരികെ ബെഞ്ചില് വന്നിരുന്നു.ചിരിച്ച് ചിരിച്ച് എന്‍റെ കണ്ണ് നിറഞ്ഞു.എല്ലാവരും നാലാം പീരീഡ് കഴിയുന്നതുവരെ ചിരിച്ചു.അദ്ധ്യപരും കുട്ടികള്‍ ചിരിക്കുന്നത് കണ്ട് ചിരിയില്‍ പങ്കു ചേര്‍ന്നു.തന്നെ നോക്കി ചിരിക്കുന്നവരോട് കുഞ്ഞികൃഷ്ണനും വായ തുറന്ന് ചിരിച്ച് കാണിച്ചു.നാലാം ബെല്ലിന് ശേഷം ഞാന്‍ വീട്ടിലേക്കോടി.അമ്മയോട് ഇക്കാര്യം പറയാന്‍ എനിക്ക് തിടുക്കമായിരുന്നു.എല്ലാം കേട്ട അമ്മ ചിരിച്ചില്ല.അവന് വിശന്നിട്ടായിരിക്കാമെന്ന് മാത്രം പറഞ്ഞു.ഉച്ചയ്ക്ക് ശേഷം ചോറുണ്ട് തിരികെ ചെന്നപ്പോള്‍ കുഞ്ഞികൃഷ്ണന്‍ ക്ലാസ്സ് റൂമിന്‍റെ വാതിലില്‍ നില്‍ക്കു.എനിക്ക് വീണ്ടും ചിരി പൊട്ടാന്‍ തുടങ്ങി.”എന്‍ക്ക് പൈച്ചിറ്റ് രാവ്ലെ കുള്‍ത്തത് കുട്ച്ചിന്‍റ”(എനിക്ക് വിശന്നിട്ടാണ് അങ്ങനെ സംഭവിച്ചത്. രാവിലെ ഒന്നും കഴിച്ചിരുന്നില്ല).രാവിലെ വയറ് നിറയെ പലഹാരം കഴിച്ച് സ്കൂളില്‍ വരുന്ന എനിക്ക് അന്ന് ആ വേദന മനസ്സിലായിരുന്നില്ല.
യു പി സ്കൂളിലെത്തിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍റെ പഠന നിലവാരം ഒന്നും കൂടി ഉയര്‍ന്നു.വടിവൊത്ത അക്ഷരം കൊണ്ട് കുഞ്ഞികൃഷ്ണന്‍ കോപ്പിയെഴുതി എപ്പോഴും ഗുഡ് വാങ്ങി എന്നെ കാണിക്കും.പക്ഷെ എല്ലായപോഴും എനിക്ക് ഗുഡ് കിട്ടിയിരുന്നില്ല.പിള്ളമാഷ് സന്ധി,സമാസം പഠിപ്പിച്ചപ്പോള്‍,
തന്മ നിര്‍ദ്ദേശികാ കര്‍ത്താ പ്രതിഗ്രാഹികാ കര്‍മ്മ എ,
ഓടു സംയോജികായാം ഹേതു,സ്വാമി ഉദ്ദേശികാ ക്ക് ന്,
ആല്‍ പ്രയോജികയാം ഹേതു ,ഉടെ സംബന്ധികാസ്വദാ ,
ആധാരികാധികരണം, ഇല്‍ കല്‍ പ്രത്യേയമായവ.

പിള്ളമാഷ് ഇത് ഒരു ദിവസം രാവിലെ കാണാപാഠം പഠിക്കാന്‍ പറഞ്ഞു.അടുത്ത ദിവസം പഠിച്ചു കൊണ്ടു വരണമെന്നായിരുന്നു പറഞ്ഞത്.ഞാന്‍ ഉച്ചയ്ക്ക് ചേറുണ്ട് വരുമ്പോഴുണ്ട്,വെറും വയറോടെ ഇരുന്ന കുഞ്ഞി കൃഷ്ണന്‍ ഇത് മന പാഠമാക്കിക്കഴിഞ്ഞിരുന്നു.(യു പി സ്കൂളില്‍ ഉച്ച ഭക്ഷണമില്ല)ഞാന്‍ കേള്‍ക്കെ അവന്‍ ഉച്ചത്തില്‍ ചൊല്ലുകയാണ്.ഞാന്‍ മനസ്സില്‍ വിചാരിച്ചു മാഷ് ക്ലാസ്സില്‍ വരാതിരുന്നാല്‍ മതിയായിരുന്നു.നാളത്തേക്ക് ഞാനും ഇത് പഠിക്കും. ഞാന്‍ അന്ന് സ്കൂള്‍ വിട്ട് കളിക്കാനൊന്നും പോയില്ല.ചെന്ന ഉടനെ പഠിക്കാനിരുന്നു.പക്ഷെ രാത്രി കിടക്കാറായിട്ടും എനിക്ക് പഠിച്ച് കഴിഞ്ഞില്ല.നാളെ സ്കൂളിലെത്തുമ്പോള്‍ ഞാന്‍ കുഞ്ഞികൃഷ്ണന്‍റെ മുമ്പാകെ പരാജയപ്പെടുന്നത് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി ഞാന്‍ കരയാന്‍ തുടങ്ങി.അമ്മ കാര്യമന്വേഷിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ തയ്യാറായി.അമ്മ അടുത്ത് വന്ന് ഇരുന്ന് ഉരുവിട്ട് തന്ന് ഒരു തരത്തില്‍ ഞാന്‍ സംഭവം ഹൃദിസ്ഥമാക്കി.എന്നാലും കുഞ്ഞികൃഷ്ണന്‍ ചൊല്ലുന്നത്ര ലളിതമായി എനിക്ക് ചൊല്ലാന്‍ കഴിഞ്ഞില്ല.ഭാഗ്യത്തിന് അടുത്ത ദിവസം പിള്ളമാഷ് ലീവായിരുന്നു.പിന്നീട് മാഷ് ക്ലാസ്സില്‍ ഇത് ചൊല്ലിക്കാനും മുതിര്‍ന്നില്ല.ഇത്രയും വര്‍ഷമായിട്ടും ഈ സമാസ നിര്‍ണ്ണയ സഹായി ഞാന്‍ മറന്നിട്ടില്ല.കാരണം കുഞ്ഞികൃഷ്ണന്‍റെ കഴിവിനെ മറികടക്കാന്‍ ഞാന്‍ നടത്തിയ ഭഗീരഥപ്രയ്തനം തന്നെ.
ആരോഗ്യത്തിന്‍റെ ചുമതലയുള്ള ഭണ്ടാരി മാഷ് ഒരു ദിവസം എല്ലാവരോടും പല്ല് തുറന്ന് കാണിക്കാന് പറഞ്ഞു.കുഞ്ഞികൃഷ്ണന്‍ പല്ല് കാട്ടിയപ്പോള്‍ മാഷ് പറഞ്ഞു മിടുക്കന്‍.എല്ലാവരും അവരവര്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിന്‍റെ പേര് പറഞ്ഞു.ബിനാക്ക,മാവില എന്നിങ്ങനെ കുഞ്ഞികൃഷ്ണന്‍ തന്‍റെ പല്ലിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം വ്യക്തമാക്കി -ഉമിക്കരി.
ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴേയ്ക്കും കുഞ്ഞികൃഷ്ണന്‍ പഠനത്തില്‍ പിന്നോക്കം പോകാന്‍ തുടങ്ങി ഒരുഘട്ടത്തില്‍പോലും കുഞ്ഞികൃഷ്ണന് എന്‍റെ അടുത്ത് എത്താന്‍ പറ്റിയില്ലെന്നല്ല ക്ലാസ്സിലെ മിക്ക കുട്ടികളും കുഞ്ഞികൃഷ്ണനെ ബഹുദൂരം പിന്നിലാക്കി.കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി.എന്‍റെ മാത്സര്യം സഹതാപമായി മാറി.ചോദിച്ചപ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.അമ്മക്ക് സുഖമില്ല.വൈകിട്ട് വീട്ടിലെത്തിയിട്ടും പണിക്ക് പോണം,അവധി ദിവസങ്ങളിലും പണിക്ക് പോണം.എനിക്ക് പഠിക്കാന്‍ സമയം കിട്ടുന്നില്ല.ക്ലാസ്സിലെ കുഞ്ഞികൃഷ്ണന് മുന്നിലെത്തിയ എല്ലാവര്‍ക്കും തന്നെ ട്യൂഷന്‍ ഉണ്ടായിരുന്നു.പാവം കുഞ്ഞികൃഷ്ണനാവട്ടെ വായിക്കാന്‍ പോ‍ലും സമയമില്ല.എസ് എസ് എല്‍ സി പരീക്ഷയില്‍ കുഞ്ഞികൃഷ്ണന് സെക്കന്‍റ് ക്ലാസ്സിന് കുറച്ച് മാര്‍ക്ക് കുറവ്.കോളേജില്‍ ആര്‍ട്സ് ഗ്രൂപ്പില്‍ കുഞ്ഞികൃഷ്ണനെ കണ്ടെങ്കിലും ഇടയ്ക്ക് വെച്ചെപ്പോഴോ കുഞ്ഞികൃഷ്ണന്‍ പഠനം നിര്‍ത്തി.
പിന്നീട് ഒരുപാട് നാളുകള്‍ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ എന്‍റെ വീട്ടില്‍ വന്നു.ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് വന്നത്.നാണം കുണുങ്ങിയ ചിരിയുമായി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു എന്‍റെ കല്യാണമാണ് വരണം.വീട്ടില്‍ പ്രായമായ അമ്മ മാത്രമെ ഉള്ളൂ.ഞാന്‍ കൂലിപണിയ്ക്കു പോകുന്നു.അമ്മയ്ക്ക് ഒരു കൂട്ട് വേണം.ഞങ്ങള്‍ കുറേ സുഹൃത്തുക്കള്‍ കല്യാണത്തിന് പോയി.
പിന്നീട് ഒരു ദിവസം കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ വന്നു.കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം കൈയ്യില്‍ കാശില്ല .നീ ഒര് അഞ്ഞൂറ് രൂപ തരണം.ഞാന്‍ രൂപ കൊടുത്തു.ചായ കുടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു അടുത്ത തിങ്കളാഴ്ച തരാം ട്വോ...പിന്നീട് കുഞ്ഞികൃഷ്ണന്‍ തിരികെ കണ്ടിട്ടില്ല.ജീവിതത്തിലെ പ്രരാബ്ധവും പേറി കുഞ്ഞികൃഷ്ണന്‍ എവിടെയെങ്കിലും ഉണ്ടാകും.
ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്.കഴിവുണ്ടായിട്ടും ജീവിത സാഹചര്യങ്ങളുമായി മല്ലിട്ട് മുന്നേറുമ്പോള്‍ കാലിടറി വീണ പലരില്‍ ഓരാള്‍ മാത്രമാണ് കുഞ്ഞികൃഷ്ണന്‍.അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് പലരുംമുന്നേറി.പലരും മുന്നിലെത്തി.പക്ഷെ ഒരു സ്വാഭാവിക പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് മുന്നിലെത്തിക്കുന്നതില്‍ നമ്മുടെ സമൂഹവും അധികൃതരും ഇവിടെ പരാജയപ്പെട്ടു.വിദ്യാഭ്യാസം ഒരു വ്യവസായമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ഇത്തരത്തിലുള്ള എത്രയോ പ്രതിഭകള്‍ പിന്നരങ്ങില്‍ ഒതുങ്ങിപോകുന്നുണ്ടാകാം.ഞാനുള്‍പെടെയുള്ള സമൂഹത്തിന് കുഞ്ഞികൃഷ്ണനോട് ബാദ്ധ്യതയുള്ളപ്പോള്‍ എന്‍റെ വെറും 500 രൂപയുടെ ബാദ്ധ്യത വീട്ടേണ്ട ഒരു കാര്യവും കുഞ്ഞികൃഷ്ണനില്ല.

Monday, July 11, 2011

അബുവിലെ നന്മ


ആദാമിന്റെ മകന്‍ അബു എന്ന സിനിമ കണ്ടു.കോഴിക്കോട്ടെ ചിത്ര തിയേറ്ററില്‍ മാന്യമായ സദസ്സിനൊത്ത് കണ്ട സിനിമ നല്ലൊരനുഭവമായിരുന്നു റിലീസായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും മസാലയല്ലാത്ത ഒരു പടം നിറഞ്ഞ സദസ്സ് മുമ്പാകെ‍ പ്രദര്‍ശിപ്പിക്കുന്നു നല്ല ആസ്വാദകരും.സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള‍ സുകുമാര്‍ അഴികോടിന്റെ പരാമര്‍ശം ഓര്‍മ്മയില്‍ വന്നു.കുറേ നല്ല മനുഷ്യരെക്കൊണ്ട് നിറച്ച സിനിമ.സിനിമയ്ക്ക് നന്മ എന്ന് പേരിടാമായിരുന്നു.സലീംകുമാറിന് ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചതില്‍ അത്ഭുതം തോന്നിയില്ല.മികല്ല ഭാവ പ്രകടനം.സിനിമ കണ്ടു കൊണ്ടിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചെടുത്ത സിനിമയായി തോന്നിയില്ല.ഭാഷയുടെ പ്രയോഗത്തില്‍ അങ്ങിങ്ങായി അപാകതകള്‍ പ്രകടമായി.വേഷവിധാനത്തിലും കുറച്ചു കൂടി ശ്രദ്ധ ആകാമായിരുന്നു.സെറീന വഹാബ് കൈകാര്യം ചെയ്ത കഥാ പാത്രം നീതി പുലര്‍ത്തിയോ എന്ന് ബലമായ സംശയം.കഥ ആദ്യം മുതല്‍ തന്നെ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി.കാണികള്‍ അവസാനം അബുവുനും ഭാര്യ ഇസ്സുവിനും ഒന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.മതപരമായി ചിന്തിക്കുമ്പോള്‍ ചില അപാകതകള്‍ കണ്ടേക്കാം.പക്ഷെ മതവിശ്വാസികള്‍ സദയം ക്ഷമിക്കുക.ഇവിടെ നടന്നത് ഒരു യഥാര്‍ത്ഥ മുസല്‍മാന്റെ ചിത്രീകരമമല്ലെന്നും ഒരു നല്ല മനുഷ്യന്റെ ചിത്രീകരമമാണെന്നും ദയാവായികരുതുക.പാസ്പോര്‍ട്ട് അന്വേഷണത്തിന് വന്ന പോലീസുകാരനുമായുള്ള സംവാദം സിനിമയില്‍ അല്‍പം തമാശ കലര്‍ത്തി.സലീം തന്റെ സ്വത സിദ്ധമായ ശൈലിയില്‍‍ അതവതരിപ്പിക്കുകയും ചെയ്തു.വാര്‍ദ്ധക്യത്തിന്റെ ഒറ്റപെടലും,വിട്ടുവീഴ്ചയില്ലാത്ത ഭക്തിയും,മനുഷ്യ സ്നേഹവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.ചെരിപ്പാടാതെ പറമ്പില്‍ പോകരുതെന്ന് ഭാര്യയോട് പറയുന്ന അബു,ഭാര്യയെയും കൂട്ടി മാത്രം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നു.വാര്‍ദ്ധക്യത്തിലും നല്ലൊരു ഭാര്യാ ഭര്‍ത്താക്കന്മാരുടെ മാതൃക അവര്‍ കാണിച്ചു തരുന്നു. അവസാനം ഹജ്ജിന് പോകാന്‍ കഴിയാത്തതിന് കാരണമായി അബുവിന് തോന്നുന്നത് വീട്ടുമുറ്റത്തെ വരിക്ക പ്ലാവ് മുറിച്ച് വിറ്റതാവാമെന്ന് ഊഹിക്കുയാണ്.അതിന് പരിഹാരമായി അബു ഒരു തൈ നട്ടു കൊണ്ട് അതിന് പരിപാലിച്ചു കൊണ്ട് അസ്താദിന്റെ ഉപദേശം പോലെത്തന്നെ ഹജ്ജിന് പോകാനുള്ള തന്റെ അദമ്യമായ ആഗ്രഹവും കൊണ്ട് ജീവിത യാത്ര തുടരുന്നു.ഏതായാലും രു നവാഗത സംവിധായകനടക്കമുള്ള പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .ഞങ്ങള്‍ക്ക് നല്ല് സിനിമ തരൂ.ഞങ്ങള്‍ ഇനിയും കാത്തിരിക്കും നന്മ നിറഞ്ഞ നല്ല സിനിമകള്‍ക്കായി.

Thursday, July 7, 2011

ഹേ ചാപ്ലിന്‍ എത്ര ധന്യം നിന്റെ ജീവിതം


നിര്‍വികാരന്‍,നിഷ്കളങ്കന്‍,ദൈന്യത തന്‍ മൂര്‍ത്തീഭാവം
എങ്കിലും നീ ലോക സിനിമയില്‍ അദ്വിതീയന്‍
നീ പീഡിതരുടെയും പട്ടിണി പാവങ്ങളുടെയും,ഹതഭാഗ്യരുടെയും പ്രതിനിധി
കീറിയ കുടയും നിനക്ക് ലാഭം
കണ്ണീരിനെ മഴവെള്ളത്തില്‍ കലര്‍ത്തി
മറച്ചു ,കുറച്ചൂ നീ നിന്‍ ദുഖം
ലോക സിനിമയിലെ മന്നവനാവാന്‍ നിനക്ക് തടസ്സമായില്ല
ഓട്ട നിക്കറും,ഓട്ട ഷൂസും,മസിലില്ലാത്ത ബോഡിയും
പിതാവിന് വേണ്ടാത്ത ഭ്രാന്തിയാം അമ്മയെ
ഓര്‍ത്ത ദുഖം,മറച്ച നിന്‍ അഭിനയം സമ്മോഹനം
ആരാന്റെ അമ്മതന്‍ ഭ്രമം രസിച്ചവര്‍ക്ക്
നീ നല്‍കി ഹാസ്യ കലതന്‍ രസോന്മാദം
വിശപ്പും വേദനയും നിനക്ക് ഭാവോന്മാദം
തിന്മയെ തകര്‍ക്കും അമാനുഷിക ശക്തിയില്ലെങ്കിലും
മറന്നില്ല നീ പിന്‍കാല്‍ കൊണ്ട് ചവിട്ടാന്‍ തിന്മയെ
ഹിറ്റലറായി നീ ഭൂമിയെ പൃഷ്ടം കൊണ്ട് അമ്മാനമാടി
തുറന്നൂ നീ നഗ്ന സത്യം ലോകര്‍ക്കു മുമ്പില്‍ ക്ഷണികമാം ജീവിത സത്യത്തെ
നിനക്കു മുമ്പില്‍ സുന്ദരികള്‍ മടിച്ചു നിന്നില്ല
നന്മയെ പുണരാന്‍ ‍ നുകരാന്‍ ,നന്മയ്ക്കില്ല മടി
സ്വര്‍ഗ്ഗ വാതില്‍ തുറന്നൊന്ന് താഴോട്ട് നോക്കിയാല്‍
കണാം നിനക്ക് പോസ്റ്ററുകള്‍ സൂപര്‍സ്റ്റാറുകള്‍ തന്‍ സുന്ദര തിരു മുഖം
കാണുന്നു നിന്‍ പുഴുത്ത പല്ലുകള്‍ കാട്ടിയുള്ള ‍ ചെറു പുഞ്ചിരി
ഹേ ചാപ്ലിന്‍ എത്ര ധന്യം നിന്‍ ജീവിതം

Monday, July 4, 2011

ബഹു വര്‍ണ്ണ പ്രബുദ്ധത


ഞാന്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് റോഡരികില്‍ ‍ നില്‍ക്കുന്ന ഒരു തണല്‍ വൃക്ഷം.പഞ്ചായത്ത് ഓഫീസ് ഇന്ന് പണ്ടത്തെ പോലെയല്ല.സമൂഹത്തിന്‍റെ സേവനം മാത്രം ഉദ്ദേശമാക്കിയിട്ടുള്ള ഒരു കൂട്ടം സ്വയം സേവകരുടെ ഒരു കൂട്ടായ്മയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.രാഷ്ട്രീയത്തിന്‍റെ ഔന്നത്യത്തിലേക്കുള്ള ചവിട്ടുപടിയായ പഞ്ചായത്ത് രാഷ്ട്രീയ കുതുകികള്‍ക്ക് ആശാ കേന്ദ്രമാണ്.
എന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് പച്ച ഇലകളും മെയ്മാസത്തില്‍ വിടരുന്ന പൂക്കളും ഇരുണ്ട നിറത്തിലുള്ള ശരീരവുമായിട്ടാണ്.ഞാന്‍ ഇലകളിലെ ഹരിതകത്തിന്‍റെ സാന്നിദ്ധ്യത്തില്‍ സൂര്യ പ്രകാശവും വേരിലൂടെ വലിച്ചെടുക്കുന്ന ജലവും,അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡും ഉപയോഗിച്ച് പ്രകാശ സംശ്ലേഷണത്തിലൂടെ അന്നജം നിര്‍മ്മിക്കുന്നു.അങ്ങനെ ഞാന്‍ പരാശ്രയയമില്ലാതെ ആഹാരം പാകം ചെയ്യുന്നു.നിങ്ങള്‍ ശ്വസോച്ഛ്വാസം നടത്തുമ്പോള്‍ ഓക്സിജന്‍ സ്വീകരിച്ച് കാര്‍ബണ്‍ഡയോക്സൈഡ് പുറത്തുവിടുന്നു.കാര്ബെണ്‍ ഡയോക്സൈഡ് വിഷമാണല്ലോ.ആയതിനാല്‍ സമസ്ത മാനവരാശിയുടെ നിലനില്‍പ് പരിഗണിച്ച് ഞങ്ങള്‍ കാര്‍ബണ്‍‍ ഡയോക്സൈഡ് സ്വീകരിച്ച് മനുഷ്യന് ശ്വസിക്കാന്‍ ഓക്സിജന്‍ പുറത്ത് വിടുന്നു.കൂടാതെ കാണ്ഡത്തിലൂടെയും ഇലകളിലൂടെയും സ്വേദനം നടത്തി ഞങ്ങളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നു.ഞങ്ങള്‍ക്ക്,ചലന ശേഷിയില്ലെങ്കിലും സ്വയം ചില ക്രമീകരണങ്ങള്‍ നടത്തി ഞങ്ങള്‍ പ്രകൃതിയുമായി ഒത്തു പോകുന്നു.വേനല്‍ക്കാലത്ത് ഇലകള്‍ പൊഴിക്കുന്നതും മറ്റും അവയില്‍ ചിലത് മാത്രം.നിങ്ങളുടെ കുട്ടികള്‍ക്ക് ഇതൊക്കെ ഒരു പഠനവിഷയമായി വരുന്നു.കുട്ടികള്‍ അത് ഇംഗ്ലീഷില്‍ പഠിച്ച് നല്ല മാര്‍ക്ക് നേടി വലുതാവുമ്പോള്‍ മറക്കുന്നു.അത് ഇംഗ്ളീഷ് ഭാഷ പഠിക്കാനുള്ള ഒരു വിഷയം മാത്രമാണ്.അല്ലെങ്കിലും വലുതാവുമ്പോള്‍ ഓര്‍ക്കാന്‍ അവര്‍ക്ക് മറ്റെന്തെല്ലാം വിഷയങ്ങളുണ്ട്.
ങ്ഹാ....ഞാന്‍ നിന്ന നില്പ്പി്ല്‍ നിന്ന് എന്തെല്ലാമോ ചിന്തിച്ചു പോയി. കുറച്ച് നാളായി ഒരു അസ്കിത തുടങ്ങിയിട്ട്.പഞ്ചായത്ത് ഓഫീസില്‍ തിരഞ്ഞെടുപ്പ് കാലമായിനാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഞാന്‍ ചുവന്ന പൂക്കള്‍ വിടര്‍ത്തിയത് നേരത്തെ സൂചിപ്പിച്ച പ്രബുദ്ധരായ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.ഇത്രയും നാള്‍ ഞങ്ങളുടെ ആളായി പച്ച ഇലയുമായി നിന്ന ഞാന്‍ പെട്ടെന്ന് കളര്‍ മാറിയത് ചിലര്‍ക്ക് ദഹിച്ചില്ല.അവര്‍ പഞ്ചായത്ത് തല കമ്മിറ്റി ചേര്‍ന്ന് എന്നെ ശത്രവായി പ്രഖ്യപിച്ചു.ഏതു സമയവും അവര്‍ തങ്ങളുടെ രാഷ്ട്രീയ ദൌത്യം നിര്‍വഹിക്കുമെന്ന് ഞാന്‍ ഭയന്നു.വേറൊരു പാര്‍ട്ടിക്കാര്‍ എന്‍റെ നിറം മാറ്റത്തില്‍ സന്തുഷ്ടരായിരുന്നു.അവര്‍ പൊഴിഞ്ഞ പൂക്കളെ മെത്തയാക്കി കമ്മിറ്റി കൂടുകയും എനിക്കു വേണ്ടി മരച്ചുവട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.ഒരു ദിവസം രാത്രിയുടെ അന്ത്യയാമത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം യുവാക്കള്‍ ഉച്ചത്തില്‍ “പായലേ വിട പൂപ്പലേ വിട” എന്നു വിളിച്ചു പറഞ്ഞു കൊണ്ട് എന്‍റെ ദേഹമാസകലം രൂക്ഷ ഗന്ധമുള്ള ഒരു വസ്തു തേച്ചു.ഇപ്പോള്‍ എന്‍റെ ശരീരത്തിന് ഇലയുടെ കളറാണ് പക്ഷെ എനിക്ക് ആ പ്രദലത്തില്‍ ആഹാരം പാകം ചെയ്യാന്‍ കഴിയില്ല.എനിക്ക് ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയുന്നില്ല.അതിനുശേഷം സ്വസ്ഥമായി ഒരു ദിവസം പോലും ഞാന്‍ വിശ്രമിച്ചിട്ടില്ല.ഒരു ശ്വാസം മുട്ടല്‍.ഒന്നോര്‍ത്തു നോക്കിയാല്‍ നിങ്ങള്‍ക്കും ആ ബുദ്ധിമുട്ട് മനസ്സിലാകും.രാവിലെ മുതല്‍ ദേഹത്ത് പെയിന്‍റടിച്ച് ഇരുന്നാല്‍ എങ്ങിനിരിക്കുമെന്ന് ഊഹിച്ച് നോക്കുക.അത് മഴ വന്നാല്‍ ഒലിച്ചു പോകുമെന്ന് വിചാരിച്ചു.’’വെയിലത്തും മഴയത്തും മാറാത്ത ഭംഗി’’ പ്രബുദ്ധരായ ചെറുപ്പക്കാര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിയില്‍ ഗംഭീരം ചര്‍ച്ചയുണ്ടായി വാഗ്വാദങ്ങളും ഉണ്ടായി.കൈയ്യേറ്റം വരെ എത്തി. സെക്രട്ടറിയുടെ അവസരോചിതമായ ഇടപെടല്‍ കാരണം കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.വൃക്ഷങ്ങള്‍ ഇതുപോലെ പെയിന്‍റ് ചെയ്യാന്‍ അനുമതി നല്‍കുന്നതിന് ബൈലോ (നിയമം) ഉണ്ടാക്കാനും കരട് നിയമം അടുത്ത ഭരണ സമിതി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാമെന്നും സെക്രട്ടറിയുടെ ഉറപ്പിന്മേയല്‍ യോഗം പിരിഞ്ഞു.ഏതായാലും പ്രബുദ്ധതയുടെ മൂര്‍ത്തീഭാവമായ ഇവരുടെ പ്രവര്‍ത്തനം കൊണ്ട് നമ്മുടെ ഭാവി ശോഭനമായിരിക്കുമെന്ന്പത്രമാദ്ധ്യമങ്ങള്‍ വിലയിരുത്തി.പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ വിദേശത്തു നിന്ന് വന്ന പഠന സംഘം തനത് വരുമാന വര്‍ദ്ധനവിനുള്ള അതിനൂതനമായ കണ്ടുപിടിത്തത്തിന് വകുപ്പ് മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
ഏതായാലും പഥികന് തണലേകുകയും കായ്കനികള്‍ പൊഴിച്ചും മണ്ണൊലിപ്പ് തടഞ്ഞും പ്രകൃതിയുടെ സൌന്ദര്യത്തിന് വര്ണ്ണാഭമായ അലങ്കാരം തീര്‍ത്തും മനുഷ്യന്‍റെ നന്മയും ശ്രേയസ്സും മാത്രം മുന്നില്‍ക്കണ്ട ഞങ്ങളെ മുജ്ജന്മ പാപ ഫലമായിട്ടോ ഈ ജന്മത്തിലെ സഞ്ചിത പാപ ഫലമോ ആയിട്ട് ദുരുപയോഗം ചെയ്തുകൊണ്ട് ശിക്ഷിക്കുന്നത് തുടരുകയാണ് ആയുസ്സിന്‍റെ അവസാനം വരെ അനുഭവിക്കുക തന്നെ.ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്നവരെ തിരിച്ച് കല്ലെറിയാതെ പകരം കായ്കനികള്‍ നല്‍കുന്ന സംസ്കാരമാണ് ഞങ്ങളുടേത്.അത് ഞങ്ങള്‍ കാക്കുകതന്നെ ചെയ്യും കാരണം സംസ്കാര ശൂന്യത കൊണ്ട് ഒരു സമൂഹവും ഒന്നും നേടാന്‍ പോകുന്നില്ലെന്നും അത് അധോഗതിയുടെ തുടക്കമാണെവ്വും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഈശ്വരന്‍ ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്.

എന്നന്നര്‍,പിന്നന്നര്‍


മലയാള ഭാഷയെ സ്വല്‍പം വികൃത രൂപത്തില്‍ പ്രയോഗിക്കുന്നവരാണ് മുള്ളേരിയക്കാര്‍.എന്‍റെ കുട്ടിക്കാലത്തുണ്ടായ രസകരമായ ഒരു സംഭവം ഇവിടെ വിവരിക്കുകയാണ്.ഞാന്‍,ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ക്രിക്കറ്റിലെ എന്‍റെ ആദ്യ മത്സരം. ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സമയം.വീടിനോട് ചേര്‍ന്ന മനോഹരമായ പുല്‍മൈതാനം.”കണ്ടം” ടീമും “ജയ്ഹിന്ദ്” ടീമും തമ്മിലുള്ള മത്സരമാണ്.”കണ്ടം”എന്നാല്‍ പാടം എന്നര്‍ത്ഥം ഒരു നെല്‍പാടത്തിനോട് സാമ്യമുള്ള മൈതാനത്തിലായിരുന്നു ഞങ്ങളുടെ നിത്യേനയുള്ള കളി.അതുകൊണ്ട് ഞങ്ങളുടെ ടീം ‘’കണ്ടം ടീം’’.വീട്,അടുത്തുതന്നെയായതിനാല്‍,ഞാന്‍ കളിയില്‍ പങ്കെടുക്കുമായിരുന്നു.എന്നെ ടീമിലെടുത്ത വിവരവും ഞാന്‍ കളിക്കുന്നുണ്ടെന്ന വിവരവും,ഞാന്‍ അമ്മയയോട് പറഞ്ഞിരുന്നു.അടുക്കള വാതിലില്‍,നിന്നാല്‍ കളി കാണാം.”കണ്ടം” ടീം ആദ്യം ബാറ്റു ചെയ്യുന്നു.ഞാന്‍,പവലിയനില്‍ എന്‍റെ ഊഴം കാത്തിരുന്നു.നെഞ്ച് വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു.”ജയ് ഹിന്ദ്” ടീം നല്ല ടീമാണ്.തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നുണ്ട്.സ്കോര്‍ അമ്പതില്‍ താഴെ മാത്രം.അവസാന ബാറ്റ്സ്മാനായി എന്നെ തള്ളിവിട്ടു.ഞാന്‍ ക്രീസിലെത്തി,രാജേട്ടനും മഹേഷേട്ടനും,മാധവനും,ഹസൈനാറും എന്നെ പ്രോത്സാഹിപ്പിച്ചു.”മുട്ടീറ്റ് പാഞ്ഞോ....,പേട്ക്കണ്ട,എന്തു ഇല്ല...ബെച്ചു പായണം... ആയാ.....”(Drop the ball in front and run…don’t worry, nothing to worry, run fast… ok…) തുടക്കക്കാരന് എല്ലാവരും ധൈര്യം പകര്ന്നു .തുടക്കക്കാരനാണെന്ന് അറിഞ്ഞ,എതിര്‍ ടീം,അംഗങ്ങള്‍ എനിക്ക് ചുറ്റും കൂടി.മറ്റെ അറ്റത്ത് തരക്കേടില്ലാത്ത ഒരു,ബാറ്റ്സ്മാന്‍ ഉണ്ട്.ഞാന്‍ ഒരു റണ്ണ്,എടുത്താല്‍ സ്ട്രൈക്ക് മാറ്റാം.ഞാന്‍ വീടിന്‍റെ അടുക്കള ഭാഗത്തേക്ക് നോക്കി.അമ്മ കുതൂഹലത്തോടെ നോക്കുന്നുണ്ട്.ആദ്യ പന്ത് ഞാന്‍ ഓര്‍ക്കുന്നു.എന്‍റെ ലെഗ് സ്റ്റംപിനെ ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നു. പന്ത് ഞാന്‍ ലെഗ് സൈഡിലെക്ക് അടിച്ചു.പന്ത്,മുള്‍വേലിയില്‍ തട്ടി നിന്നു.കണ്ടം ടീമിന്‍റെ,പവലിയനില്‍ ആരവം ഉയര്‍ന്നു.ഞാന്‍ ആദ്യ റണ്ണിനായി ഓടി.പന്ത്,ഫീല്‍ഡര്‍ എറിഞ്ഞത്,സ്റ്റംപില്‍ കൊണ്ടില്ല.പന്ത് ആര്‍ക്കും പിടികൊടുക്കാതെ ആരുമില്ലാത്ത സ്ഥലത്തേക്ക് പോയി.ഇതിനകം ആദ്യ റണ്ണ് ഞാന്‍ പൂര്‍ത്തിയാക്കിയിരുന്നു.പവലിയനില്‍നിന്ന് കുറച്ചു കൂടി ഉച്ചത്തില്‍ ആരവം ഉയര്‍ന്നു.”എന്നന്നര്‍,എന്നന്നര്‍…….”.ഇതു കേട്ട് ഞാന്‍ രണ്ടാം റണ്ണിന് വേണ്ടി ഓടി.പന്ത്,വീണ്ടും,ഫീല്‍ഡര്‍ മുഖാന്തിരം മറ്റെ അറ്റത്തെത്തി. ഏറ് ഇത്തവണ,സ്റ്റംപില്‍ കൊള്ളുക തന്നെ ചെയ്തു.പക്ഷെ ഞാന്‍ രണ്ടാം റണ്ണ് ഓടി പൂര്‍ത്തീകരിച്ചിരുന്നു.വിക്കറ്റില്‍ കൊണ്ട പന്ത് വീണ്ടും തെറിച്ച് ദൂരെ പോയി പവലിയനില്‍ നിന്ന് വീണ്ടും ആരവം ഉയര്‍ന്നു. “പിന്നന്നര്‍,പിന്നന്നര്‍.....”.ഞാന്‍ വീണ്ടും മൂന്നാം റണ്ണിനായി ഓടി.പക്ഷെ,ഞാന്‍ ഓടിയെത്തുന്നതിന് മുമ്പ് പന്ത് സ്റ്റംപില്‍,കൊള്ളിച്ച,എതിര്‍ടീം,എന്നെ റണ്ണൌട്ടാക്കി.ഇന്നിംഗ്സിന്‍റെ അവസാനം പുതുമുഖമായ,ഞാന്‍ എടുത്ത 2 റണ്ണുകള്‍ എല്ലാവര്‍ക്കും നന്നെ രസിച്ചു.പവലിയനിലേക്കുള്ള മടക്കയാത്രയില്‍,ഞാന്‍ അമ്മയെ നോക്കി അമ്മ ഇതൊക്കെക്കണ്ട് പൊട്ടിച്ചിരിക്കുകയാണ്.ബഹളത്തിനിടയില്‍ എനിക്ക് കുറച്ച് ധൈര്യം കിട്ടി.ഞാന്‍,സ്കോര്‍ രേഖപ്പെടുത്തുന്ന സ്ഥലത്തെത്തി,സ്കോര്‍ ബോര്‍ഡ് നോക്കി.അതില്‍ എഴുതിയിരിക്കുന്നു.സുരേഷ്-റണ്ണൌട്ട്-3. രണ്ട് റണ്ണ് എടുക്കുകയും മൂന്നാം റണ്ണ് എടുക്കുന്നതിന് മുമ്പ് റണ്ണൌട്ട് ആകുകയും ചെയ്തു.പക്ഷെ സ്കോറര്‍ വെള്ലം ചേര്‍ത്തു....മത്സരത്തില്‍ “കണ്ടം” ടീം “ജയ് ഹിന്ദ്” ടീമിനോട് ദയനീയമായി പരാജയപ്പെട്ടു.മത്സര ശേഷം വീട്ടിലെത്തയപ്പോഴും അമ്മയ്ക്ക് ചിരി അടക്കാന്‍ കഴിഞ്ഞിരുന്നില്ല.അമ്മ എന്നോട് സംശയം ചോദിച്ചു.അതെന്നാടാ,അന്നന്നര്‍,പിന്നന്നര്‍..... എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നത്.അതിന് ഉത്തരം എന്‍റെ കൈവശം ഇല്ലായിരുന്നു.വൈകുന്നേരം അച്ഛന്‍,എത്തിയപ്പോള്‍,അമ്മ, എന്നന്നര്‍,പിന്നന്നര്‍...... വിശദീകരിച്ചു.അച്ഛന് കാര്യം പടികിട്ടി.രണ്ടാം റണ്ണെടുക്കാന്‍ എന്നോട്,എനദര്‍,റണ്‍ എന്ന് വിളിച്ചു പറയുകയും,പിന്നെയും ഒരു,റണ്‍ എടുക്കുന്നതിന്,പിന്നദര്‍ എന്ന് വിളിച്ചു പറയുകയും ചെയ്യുന്നതെന്ന് അച്ഛന്‍ വ്യക്തമാക്കി.”എനദര്‍” എന്നത് ഇംഗ്ളീഷ് വാക്കാണെന്നും “പിനദര്‍” എന്നത് മുള്ളേരിയയിലെ ആവിഷ്കാരമാണെന്നും പിന്നീട്,ഞാന്‍ മനസ്സിലാക്കി.
ഏതായലും അങ്ങനെ ഞാന്‍ എന്‍റെ ആദ്യ ക്രക്കറ്റ് മത്സരം പൂര്‍ത്തീകരിച്ചു.അന്നത്തെ എതിര്‍ടീമായ “ജയ് ഹിന്ദ്” ടീമിന്‍റെ,സീനിയര്‍ ടീമിന്‍റെ,ക്യാപ്റ്റന്‍ സ്ഥാനം വരെ എനിക്ക് കിട്ടുകയും പേസ് ബൌളറായും, സെഞ്ചുറി വരെ നേടിയിട്ടുള്ള ഒരു,ബാറ്റ്സ്മാന്‍ എന്ന നിലയിലും അതിനുശഷം എനിക്ക്,ഉയരാന്‍ കഴിഞ്ഞു.ഇത്രയും വര്‍ഷം കഴിഞ്ഞെങ്കിലും “എനദര്‍,പിനദര്‍….” ഓര്‍ക്കുന്നത് ഒരു സുഖകരമായ അനുഭവമാണ്.