Thursday, July 30, 2015

ഗുരുവന്ദനം


ഗുരു ഗോവിന്ദ് ദോഊം ഘഡെ കാകെ ലാഗോം പായ്
ബലിഹാരീ ഗുരൂ ആപ്നേ ജിന് ഗോവിന്ദ് ദിയോ ബതായ്
സ്കൂള്‍ തലം മുതല്‍,പ്രീ ഡിഗ്രി,ഡിഗ്രി,പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ എല്ലാ മേഖലകളിലും പഠിക്കാന്‍ അവസരം കിട്ടിയ കബീറിന്‍റെ ദോഹ.ഇതില്‍ ഗുരുവിന്‍റെ മഹിമയാണ് സൂചിപ്പിച്ചിരിക്കുന്നത്.ഗുരു പൂര്‍ണ്ണിമ ദിനത്തില്‍,എന്‍റെ ഗുരു വര്യന്‍മാരെക്കുറിച്ചുള്ള ഓര്‍മ്മച്ചെപ്പ് തുറക്കാന്‍,ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്.
കുട്ടിക്കാലത്തെ അച്ഛനും അമ്മയും വിദ്യയുടെ ശുഭാരംഭം കുറിച്ച് ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കനിഞ്ഞനുഗ്രഹിച്ചു.അയല്‍ക്കാരായിരുന്ന വത്സല ചേച്ചി , “ല” എഴുതാന്‍ പഠിപ്പിച്ച ഓര്‍മ്മ-എത്ര ശ്രമിച്ചിട്ടും എല്ലാവരും പരാജയപ്പെട്ട അവസരത്തില്‍,എനിക്ക് മധുരത്തിന്‍റെ പ്രലോഭനം തന്ന് “ല” എഴുതിച്ചു.കൈപിടിച്ച് വിദ്യാലയത്തിലേയ്ക്കുള്ള ആദ്യ യാത്ര-ഭാഗ്യത്തിന് ഒന്നാം ക്ലാസ്സ് അദ്ധ്യാപിക തൊട്ടടുത്ത വീട്ടില്‍,താമസിക്കുന്ന ഗ്രേസി ടീച്ചര്‍. “ആട് ഇല തിന്നുന്നു” എന്നതിന് പകരം “ആട് ഇല തരുന്നു” എന്ന് എഴുതി ഒന്നാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ ആദ്യത്തെ un forced error- ലൂടെ ഒരു മാര്‍ക്ക് കളഞ്ഞതിന്‍റെ പരിഭവം അവര്‍ വീട്ടില്‍വന്ന് അമ്മയോട് വിവരിച്ചു.അദ്ധ്യപനത്തിന്‍റെ ആവേശം ഉള്‍ക്കൊണ്ട് ആരോടൊക്കെയോ ഉള്ള വാശി തീര്‍ക്കുന്ന തരത്തില്‍ ഞങ്ങളെ പഠിപ്പിച്ച ചന്ദ്രാനന്‍മാസ്റ്റര്‍,പക്ഷെ ആ വാശി ഞങ്ങള്‍ക്ക് അനുഗ്രഹമായി,വിദ്യാഭ്യാസത്തിന്‍റെ ശക്തമായ അടിത്തറ പാകിയ ചന്ദ്രാനന്‍മാസ്റ്റര്‍,അതിന് ശക്തമായ നിര്‍മ്മാണ സാമഗ്രികള്‍,തന്നെ ഉപയോഗിച്ചു.പ്രൈമറി സ്കൂളില്‍ നമുക്ക് കണ്ടുപടിക്കാം എന്ന് ആവര്‍ത്തിക്കപ്പെടുന്ന സയന്‍സ് ക്ലാസ്സ് കൈകാര്യം ചെയ്ത ജമീലടീച്ചര്‍,എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ട ടീച്ചറാണ്.അന്നുവരെ കാണാത്ത മുസ്ലീം വേഷവിധാനത്തില്‍ഞങ്ങളുടെ മുന്നിലെത്തിയ ടീച്ചര്‍,തന്‍റെ ഊഷ്മളമായ പെരുമാറ്റത്തിലൂടെയും കുറ്റാന്വേഷണത്തിലെ കുശാഗ്ര ബുദ്ധിയിലൂടെയും എന്‍റെ ഹീറോ ആയിരുന്നു.എന്നും വീട്ടിലെത്തിയാല്‍ എനിക്ക് അമ്മയോട് ടീച്ചറുടെ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ.സ്കൂളില്‍ സ്നേഹം കൊണ്ട് ഗൃഹാന്തരീക്ഷം സൃഷ്ടിച്ചിരുന്ന രാധടീച്ചര്‍ എന്‍റെ ഉയര്‍ച്ച താഴ്ചകള്‍,ഒരു സഹോദരിയുടെ വികാരത്തോടെ ഇന്നും വീക്ഷിക്കുന്നു.തങ്ങളുടെ ശാസ്ത്രീയമായ അദ്ധ്യാപന ശൈലിയിലൂടെ വളരെ വൈകിയാണ് ഞാന്‍,രാമകൃഷ്ണന്‍ മാസ്റ്ററുടെയും,ശര്‍മ്മ മാഷുടെയും കഴിവ് തിരിച്ചറിഞ്ഞത്.കായികാദ്ധ്യപകന്‍ കൃഷ്ണവര്‍മ്മ-കലാ കായിക രംഗത്തെ അസാമാന്യ പ്രതിഭ-ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഈ സ്കൂളില്‍ ഇത്രയും നന്നായി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് എന്നെ ആലിംഗനം ചെയ്ത ആ കായികാദ്ധ്യപകന്‍റെ സമ്മതം-എനിക്ക് എന്നും ഓര്‍ക്കാനും താലോലിക്കാനുമുള്ള അഭിനന്ദനം.
വൈകുന്നേരം സ്കൂള്‍ ഗ്രൌണ്ടില്‍ കളിച്ചുകൊണ്ടിരുന്ന എന്നെ സൈക്കളില്‍ കയറ്റി ഒറ്റ ദിവസം കൊണ്ട് തന്നെ സൈക്കിള്‍,പഠിപ്പിച്ച വിഠളണ്ണന്‍
ഹൈസ്കൂളില്‍ മേരികുട്ടി ടീച്ചര്‍ക്ക് എന്നോട് എന്തോ ഒരു മമതയായിരുന്നു. ടീച്ചര്‍ എന്നെ ശ്രദ്ധിക്കുന്നു എന്നറിയുന്നതു തന്നെ എനിക്ക് പഠിക്കാനുള്ള പ്രേരക ശക്തിയായിരുന്നു.ക്രക്കറ്റിനോട് വല്ലാത്ത കമ്പം കാണിച്ചിരുന്ന എന്നെ സ്റ്റാഫ് റൂമില്‍ വിളിച്ച് മുന്നറിയിപ്പ് തന്നിരുന്ന ദാമോദരന്‍ മാസ്റ്റര്‍ക്ക് എന്നില്‍വലിയ പ്രതീക്ഷയായിരുന്നു.പത്താം ക്ലാസ്സില്‍ എനിക്ക് ട്യൂഷന്‍ ഏര്‍പ്പെടുത്തിത്തന്ന മോഹനന്‍ മാസ്റ്റര്‍,ഇന്നും അദ്ദേഹത്തിന്‍റെ ഒരു നല്ല വിദ്യാര്‍ത്ഥിയായി എന്നെ പരിഗണിക്കുന്നു എന്ന് ഞാന്‍മനസ്സിലാക്കുന്നു.
സ്കൂള്‍ തലത്തില്‍മികച്ച വിദ്യാര്‍ത്ഥിയായ ഞാന്‍ കോളേജില്‍ പക്ഷെ ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു.അതു കൊണ്ടു തന്നെ ഞാന്‍ അദ്ധ്യാപകരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നില്ല.ഫിസിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ പി പി ശ്രീധരന്‍, കെമിസ്ട്രി അദ്ധ്യാപകരായ കൃഷ്ണന്‍,ഗോപാലന്‍ എന്നീ അദ്ധ്യാപകര്‍,എന്നെ സ്വാധീനിച്ചിരുന്നു.ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അന്നമ്മ ടീച്ചറും ഓര്‍മ്മയില്‍ മങ്ങാത്ത സാന്നിദ്ധ്യമാണ്.കോളേജ് ക്രിക്കറ്റ് ടീം സിലക്ഷന്‍റെ ഭാഗമായി ഞാന്‍ പന്തെറിയുന്നത് അടുത്തു നിന്ന് കണാന്‍വന്ന ഷെണായ് സാറിന്‍റെ കണ്‍മുന്നില്‍വച്ച് കോളേജിലെ സീനിയര്‍താരത്തിന്‍റെ കുറ്റി തെറിപ്പിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ഡിഗ്രി തലത്തില്‍ സ്നേഹ സമ്പന്നനായ ജന്തു ശാസ്ത്രാദ്ധ്യാപകന്‍- ഭാസ്കരന്‍ സാര്‍,
ഒരാഴ്ച നീണ്ട ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലൂടെ എന്നിലെ കളിക്കാരനെ മെച്ചപ്പെടുത്തിയെടുത്ത മുന്‍ രഞ്ജി താരം ബാബു അച്ചാരത്ത്-ക്യാമ്പിനു ശേഷം ജില്ലാ ഡിവിഷനില്‍,തുടര്‍ച്ചയായ മികച്ച ഇന്നിംഗ്സുകള്‍ കളിക്കാന്‍ എന്നെ പ്രാപ്തനാക്കി.
ബി എഡ്ഡിന് പഠിക്കുമ്പോള്‍ പ്രിന്‍സിപ്പാളായാരുന്ന സീതാറാം സാര്‍,അപാര പാണ്ഡിത്യമുള്ള ഒരു വ്യക്കതിയായിരുന്നു.റിസള്‍ട്ട് വന്നപ്പോള്‍ എന്നെ ആലിംഗനം ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍-“എന്‍റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിന്‍റേതായിരിക്കും.”
തപാല്‍ വഴി ഹിന്ദി എം എ യ്ക്ക് പഠിച്ചതെങ്കിലും മേത്തര്‍ സാര്‍,രുഗ്മിണി മാഡം രവീന്ദ്രന്‍ സാര്‍ എന്നീ കേരള സര്‍വകലാ ശാലയിലെ പ്രമുഖരായ അദ്ധ്യപകരുടെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്.  
പിന്നീട് ചിന്മയ മിഷന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യവെ പ്രിന്‍സിപ്പാളായി ജോലി നോക്കിയിരുന്ന സുബ്രഹ്മണ്യന്‍സാറിനും എന്നെ വളരെ പ്രിയമായിരുന്നു.എന്‍റെ ക്ലാസ്സില്‍ ഞാന്‍ നാടകീയതയുടെ അംശം കലര്‍ത്തിയിരുന്നു.എന്‍റെ ക്ലാസ്സ് മറഞ്ഞിരുന്ന കാണുമായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചതിനുശേഷം എനിക്കെഴുതിയ കത്തില്‍ ഇതേ പറ്റി പരാമര്‍ശിച്ചിരുന്നു.സ്വഭാവത്തില്‍ കാര്‍ക്കശ്യം കാണിച്ചിരുന്ന അദ്ദേഹത്തിന്‍റെ കത്ത് എനിക്ക് പകര്‍ന്നു തന്ന ഊര്‍ജ്ജം കുറച്ചൊന്നുമല്ല.
കൊച്ചു കുട്ടിയായിരുന്നപ്പോള്,അകാരണമായ ഭയം ഫലപ്രദമായി ഒഴിവാക്കാന്‍ രാമകൃഷ്ണ ഭട്ട് ചൊല്ലിത്തന്ന രാമ രക്ഷാ സ്തോത്രം ഇന്നും എനിക്ക് ആശ്വാസദായകമാണ്.പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ യോഗ ക്ലാസ്സ് കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍,പരിശീലിച്ചു വരുന്നു.
എന്നെ ബൈക്ക് പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിര്‍ന്ന്, നാല് ദിവസങ്ങള്‍ക്കകം എന്നെ റോഡിലിറക്കിയ പ്രമോദ്.പ്രമോദിന്‍റെ ശ്രമം സാഹസികമായിരുന്നു.മുപ്പതു കഴിഞ്ഞ ഒരാളെ ബൈക്ക് പരിശീലിപ്പിക്കുക എളുപ്പമല്ല.പഠിപ്പിക്കുമ്പോള്‍ ഞാന്‍വീണില്ലെങ്കിലും ഞാന്‍ പ്രമോദിനെ തളളി യിടുകയും പരിക്കല്‍പ്പിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പടിവാതിലിലെത്തിയിട്ടും കമ്പ്യൂട്ടര്‍,എന്നാലെന്ത് എന്നു പോലും അറിയാത്ത എനിക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ കമ്പ്യൂട്ടര്‍,തന്ന് ഒരാഴ്ചയ്ക്കകം ബാലപാഠങ്ങള്‍ തന്ന് എന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തനാക്കിയ ഹാപ്പി കുരുവിള രാജു-എന്നെക്കാള്‍ പ്രായക്കുറവുണ്ടെങ്കിലും യോഗ്യനായ ഒരു ഗുരുവാണ്.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍പ്രവേശിച്ച ഉടന്‍ ഒരു സമര്‍ത്ഥനായ ജൂനിയര്‍ സൂപ്രണ്ടിന്‍റെ അടുത്തെത്തിച്ചേരാന്‍ കഴിഞ്ഞത് ഒരനുഗ്രഹമായിരുന്നു.ശശിധരന്‍ കര്‍ത്താ-പിന്നീട് പി എം രഘുനാഥന്‍ എന്ന ഓഫീസര്‍ എന്നെ ജില്ലാ കലക്ടറുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രിയ്ക്ക് പ്രാപ്തനാക്കി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായപ്പോള്‍,ഗംഗാധരന്‍ സാറാണ് എന്‍റെ ഗുരു.അതീവ ശ്രദ്ധയോടെ നയതന്ത്രജ്ഞതയോടെ കൈകാര്യം ചെയ്യേണ്ട പോസ്റ്റില്‍ അദ്ദേഹത്തിന്‍റെ ഉപദേശം എനിക്ക് മാര്‍ഗ്ഗ ദീപമായി.
സംഗീതത്തിന്‍റെ ബാല പാഠങ്ങള്‍ പറഞ്ഞ് തന്ന വാസന്തി ടീച്ചര്‍,,കീ ബോര്‍ഡില്‍പരിശീലനം തന്ന ഉസ്താദ് ഹസ്സന്‍ഭായി.ഭജനയുടെ മഹത്വം ഉപദേശിച്ച് ഒരു ഭജകന്‍എന്ന മേല്‍വിലാസം നേടിത്തന്ന കൃഷ്ണ ഭട്ട്.
അങ്ങനെ ഒട്ടനവധി ഗുരുക്കന്‍മാര്‍.അതോടൊപ്പം കഠിനമായ ജീവിത പരീക്ഷണത്തിലൂടെ ലഭിച്ച ലഭിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങള്‍.ഒൌപചാരികമായി ഈ അവസരത്തില്‍ പ്രണാമമര്‍പ്പിക്കുന്നതായി രേഖപ്പെടുത്താം.അവരുടെ മഹാമനസ്കതയ്ക്കു മുന്നില്‍ എളിമയോടെ ശിരസ്സ് നമിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഗുരുവിന്‍റെ പക്കല്‍ നിന്ന് ലഭക്കുന്ന അറിവ് എത്ര മഹത്തരമാണ്.ഇപ്പോള്‍ എനിയ്ക്കുള്ള തിരിച്ചറിവ് ഗുരുമുഖത്തു നിന്ന് ലഭിക്കുന്നതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.അതിന് പകരം വയ്ക്കാന് ഒരു വഴി മാത്രമെ ഉള്ളൂ.ഇന്ന് ഞാന്‍,ഓര്‍ത്തതുപോലെ ഒരു ഗുരു പൌര്‍ണ്ണമി ദിനത്തില്‍,എന്നെ ഇതുപോലെ ആരെങ്കിലും ഓര്‍്ത്തിരുന്നെങ്കില്‍--------.നല്ല അദ്ധ്യപകരായും യോഗ്യരായ ഗുരുവര്യനായും അറിയപ്പെടുന്നവര്‍ എത്ര ധന്യര്‍-അവര്‍ ദൈവ തുല്യര്‍-
ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ
ഗുരു ശാസ്താ പര ബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ :

Sunday, July 26, 2015

മഴക്കാലം


ഏകനായ് ഞാനിതാ നിൽകുന്നു
ചിന്താ മൂകത സകലം പടരുന്നു
നനുനനെയുള്ളോരാലസ്യത്തിൽ
ചാരിമലർന്നു കിടക്കുന്നു

പക്ഷികളൊറ്റയും കൂട്ടമായും
അസ്വസ്ത്ഥ ചിത്തരായലയുന്നു
ഭൂമിയിലാകെ പരന്നിടുന്നു
നിശ്ശബ്ദമൂകമാമന്തരീക്ഷം

വിണ്ണിലെ തേൻമണി തുള്ളികൾ തൊട്ടപ്പോൾ
മണ്ണിലെ ബീജങ്ങൾ കണ്ണു തുറന്നീടുന്നു
സുന്ദര സുരഭില ഹരിതാഭ കൊണ്ടു ഭൂ
മംഗലഗാത്രയായ് മാറുന്നു

ആധിയും വ്യാധിയും നീക്കീടുവാൻ
നാടിൻറെ ക്ഷേമത്തെ കാത്തിടുവാൻ
ആടിദേവതകളാടിടുന്നു
നാടിനുണർവേകും ശീലുമായി

രോഗാണു സഞ്ചയങ്ങളൊക്കെ വീണ്ടും
പെറ്റുപെരുകിത്തുടങ്ങിടുന്നൂ
പടയൊരുക്കങ്ങൾക്കനുകൂലമീ
പെരുമഴക്കലമിതോർത്തീടുക

വൃത്തിശുചിത്വ പരിപാലനത്താൽ
പരിസരം സ്വച്ഛന്ദ  സംപുഷ്ടമായിടേണം
ഒരുനവ വർഷപുലരിക്കു മുന്നേ
നാം നവമായൊരൂർജ്ജത്തെ പുൽകിടേണം

Saturday, July 25, 2015

പയ്യന്നൂര്‍ പെരുമാള്‍


ശരവണഭവനാം പെരുമാളേ തവ 
ചരണമിതാദ്യം തൊഴുതീടുന്നു
കളഭസുലേപിത തവതനു രൂപം
മനതാരില്‍ വിളയാടീടുന്നു.

വല്ലീ നാഥാ വേലായുധനെ മമ
വല്ലായ്മയെ നീ നീക്കേണം
മയില്‍ വാഹനനേ തവ തിരുമുമ്പില്‍
ഏത്തമിടും ഭവ മുക്തിയ്ക്കായ്

തിരുവാഭരണ വിഭൂഷിതനായി
പട്ടുടയാടയണിഞ്ഞുവിളങ്ങും
പയ്യന്നൂരിന്‍ പെരുമയൊടമരും
സുബ്രഹ്മണ്യപെരുമാളേ

താരക നിഗ്രഹ കാരക സ്വാമീ
ദേവഗണാധിപ തവചരണം
വ്രതവും ഭജനവും പൂജനമാദികളു
-ലകില്‍ തവ പദ മാര്‍ഗ്ഗങ്ങള്‍

ഗജമുഖ ശാസ്താ ഭൂതത്താര്‍
മായാദേവി സമേതാ
പരശുരാമ കര്‍മ്മക്ഷേത്രം
ഭക്തജന പ്രിയ  പാലയമാം

ആനയുമമ്പാരിയുമില്ലാതെ 
തിടമ്പിലേറി വിളങ്ങും സ്വാമീ
സമത്വ സുന്ദര കാഹളമേകും
ലാളിത്യത്തിന്‍ പ്രതിരൂപം

ഉപവനമനുപമമാണിവിടം
മയിലും വൃക്ഷലതാദികളും
വിശാല സുന്ദര ജലധിയും
വൈഭവമേറും ആല്‍മരവും

ആചാരാനുഷ്ഠാനങ്ങള്‍ തന്‍
കേളീ ഗൃഹമിതു തവ സവിധം
നിന്‍ തിരു ദര്‍ശന സൌഭാഗ്യം
പുണ്യമിതസുലഭം മമ ഭാഗ്യം


തൊലികട്ടി


ആരെടാ എന്നുടെ വഴിതടയുന്നവന്‍
തട്ടിതെറിപ്പിക്കും ഊതി പറപ്പിക്കും
നോക്കി വിറപ്പിക്കും തൊട്ടു തണുപ്പിക്കും
പാലൂറും തേനൂറും വര്‍‍ത്തമാനം കൊണ്ട്
ഹൃത്തും മനവും കവര്‍‍ന്നിടും ഞാന്‍
അട്ടിമറിച്ചിടും തെറ്റിദ്ധരിപ്പിക്കും
കുട്ടികരണമെനിക്കേറെയിഷ്ടം
ജാലവിദ്യക്കാരന്‍ തോറ്റുമടങ്ങുന്ന
മാന്ത്രിക വിദ്യയെനിക്കുസ്വന്തം
ശാന്തിതന്‍‍ ദൂതനായ് ഞാന്‍ചമഞ്ഞീടും അ-
ശാന്തിയെ നാട്ടില്‍  വിതച്ചീടും ഞാന്‍
ഭൂമീടെ സ്നേഹ നിധിയായ് ചമഞ്ഞു ഞാന്‍
ഊറ്റിയെടുത്തിടും സാരസര്‍‍വ്വസ്വവും
ദീന നായകാനായി ഞാനെത്തിടും
ആയത് ദീനാനു കമ്പകൊണ്ടല്ല നൂനം
ആത്മീയ ദാസനായ്ഞാനവതരിച്ചിടും
ആത്മ പ്രശംസയ്ക്കതുപകരിക്കും
ദാനവും ധര്‍മ്മവും  ഭക്തിയും കൊണ്ടു
ഞാന്‍ വെള്ളപൂശും കള്ള നോട്ടുകളെ
കള്ളപ്രചരണം കൊണ്ടു ശത്രുക്കളെ
കൊല്ലാകൊല ചെയ്തൊതുക്കിടും ഞാന്‍
അണികളും ചാനലും മാദ്ധ്യമ കൂട്ടവും
അതിനായെനിക്കുപകരിച്ചീടും സത്യം
അജ്ഞത കൊണ്ടു മറച്ചിടും ജ്ഞാനത്തെ
ലോകത്തെ മൂടും ഞാന്‍തിന്മകൊണ്ട്
ലാളിത്യമാണു മുഖമുദ്രയെങ്കിലും
എല്ലാ സുഖവുമെനിക്കു സ്വന്തം
നാടിന്‍റെ ക്ഷേമമെന്‍  ഭാഷ്യമെന്നാകിലും
എന്‍മക്കളന്യഭാഷാകാംക്ഷികളും
അണികളെ വഴിതെറ്റിച്ചെന്‍റെ വാലാക്കിടും
പരിഷകളെന്‍റെ സ്തുതിഗീതമാലപിക്കും
ഭോഗസുഖങ്ങളും താരസാമ്രാജ്യങ്ങളും
എന്‍റെ കുടക്കീഴില്‍തന്നെയല്ലോ
വീണാലുരുളും കരയും ബഹുവിധം
പൊട്ടിമുളയ്ക്കും കുഴിച്ചിട്ടാലും
ഞാനമാനുഷന്‍തന്നെ....
രഹസ്യമെന്‍തെന്നല്ലേ...
മറ്റൊന്നു മല്ല.......
എന്‍ തൊലികട്ടിതന്നെ.....


Sunday, July 5, 2015

അസ്വസ്ഥത


സ്വസ്ഥത വേണമെന്നുദ്ദേശ്യമെങ്കിലും
 അസ്വസ്ഥതയാണെനിക്കേറെയിഷ്ടം
 ലോകൈകസ്വാസ്ഥ്യത്തിന്‍ 
 കാരണഭൂതമീയസ്വസ്ഥത, തന്നെയല്ലോ 
 കുട്ടിതന്‍ മന്ദത ശിക്ഷകനും 
 നാടിന്‍റെ ചിന്തയില്‍, മന്ത്രിസത്തമനും 
പാടത്തിന്‍ മേനിയില്‍, കര്‍ഷകനും 
അസ്വസ്ഥനല്ലെങ്കില്‍ പിന്നെന്തു ചന്തം 
അസ്വസ്ഥ ചിത്തത്തില്‍ മാത്രമല്ലോ 
 ഔന്നത്യ ചിന്തയുണര്‍ന്നിടുന്നു
 ഭൂമിയെ സ്വസ്ഥ ഭവനമാക്കാന്‍
 അസ്വസ്ഥരായിടാം മേലില്‍ നമ്മള്‍,

Saturday, April 18, 2015

എങ്കിലും എന്‍റെ കള്ളാ....

മുന്‍വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍,അകത്തെ വാതിലുകള്‍ തുറന്ന് കണ്ടപ്പോഴെ ഞാന്‍ മനസ്സിലാക്കി നീ വന്നിരുന്നു എന്ന്.ഇരുപത് വര്‍ഷം മുമ്പ് നീ വന്ന് പോയതല്ലെ... ആ അനുഭവം വച്ച് ഞാന്‍ ഊഹിച്ചെടുത്തതാണ്.പിന്നെ ആകെ ആശ്വാസം നിനക്ക് കൊണ്ടുപോകാന്‍ വീട്ടിലൊന്നും കാര്യമായി ഇല്ലായിരുന്നു എന്നതാണ്.എന്നാലും ഓരോ വാതിലും തുറക്കുമ്പോഴും നീ നടത്തിയ അന്വേഷണവും അതിന്‍റെ. നിരാശയും പ്രകടമായിരുന്നു.നോക്കിയപ്പോള്‍ നീ ഒന്നും കൊണ്ടുപോയതായി തോന്നിയില്ല.ലക്ഷ്മീ ദേവിയുടെ ഫോട്ടോയിലിട്ടിരുന്ന നേര്‍ത്ത സ്വര്‍ണ്ണമാല നീ കണ്ടില്ല.പിന്നിലെ ജനാല വളച്ച് അകത്ത് കയറി മച്ചിലെ പലക പിക്കാസുകൊണ്ട് പൊട്ടിച്ചാണ് നീ അകത്ത് കടന്നത്.നിന്നെ എനിയ്ക്ക് കുറ്റം പറയാന്‍ കഴിയില്ല.താമസമില്ലാത്ത അടച്ചിട്ട വീടുകള്‍ നിന്‍റെ ദൌര്‍ബല്യമാണല്ലോ.പച്ചക്കറിയില്‍ മാരക വിഷം തളിക്കുന്നതും,ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതും പാലില്‍, വെള്ലം ചേര്‍ക്കുന്നതും കുറ്റമകരമല്ലെന്ന് വിധിയെഴിതിയ സ്ഥിതിയ്ക്ക് പാവം നിന്നെ മാത്രം എന്തിന് കുറ്റം പറയണം.എങ്കിലും നിനക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിയല്‍, എനിക്ക് പരിഹാസം തോന്നിയെങ്കിലും പിന്നീടത് സഹാനുഭൂതിയായി മാറി.തുണികള്‍ അലമാരയിലും മേശയില്‍ നിന്ന് വലിച്ചിട്ട സാധനങ്ങള്‍,തിരികെമേശയിലും വയ്ക്കുന്നതിനിടയിലാണ് ഞാനത് ശ്രദ്ധിച്ചത്.താമസം മാറിയെങ്കിലും ഞാനും എന്‍റെ സഹോദരങ്ങളും പാടിയും കളിച്ചും നേടിയ ഇരുപത്തിയഞ്ചോളം ട്രോഫികള്‍,ഒന്നും തന്നെ കാണാനില്ല.കൊണ്ടുപോകാമായിരുന്ന മറ്റു പലതും കൊണ്ടുപോകാത്ത നീ ട്രോഫികള്‍,കൊണ്ടുപോകാന്‍ സാദ്ധ്യതയില്ലെന്നു വിചാരിച്ച് ഞാന്‍ മൊത്തം മുറി അരിച്ചു പെറുക്കി.ചെറിയ ഒരു ട്രോഫി മാത്രം നീ എനിയ്ക്കായി വച്ചിരുന്നു.വിലപിടിപ്പുള്ള മറ്റ് സാധനങ്ങളൊന്നും നിനക്ക് കിട്ടാത്തതിന് നീ ശരിക്കും പകരം വീട്ടി.ഞങ്ങള്ക്ക് വിലമതിക്കാനാകാത്ത ട്രോഫികള്‍ നീ കൈക്കലാക്കി.അവ കൈക്കലാക്കുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ച സന്തോഷം നിനക്ക് കട്ടെടുക്കുമ്പോള്‍ കിട്ടിയിരിക്കില്ലെന്ന് ഞങ്ങളാശ്വസിക്കുന്നു.അത് നിന്‍റെ ഷോ കേസില്‍ അലങ്കരിച്ചോ ,കുട്ടികള്‍ക്ക് കളിപ്പാട്ടമായി നല്‍കിയോ.ചളുക്കി ആക്രിക്കടയില്‍ വിറ്റ് പണമാക്കിയോ....എല്ലാ പ്രിയപ്പെട്ടവയില്‍ നിന്നും ഒരു ദിവസം അകന്ന് പോകണമെന്ന പ്രാപഞ്ചിക സത്യം മനസ്സില്‍, വച്ച് കൊണ്ട് സ്വയം ആശ്വാസിച്ചു.എന്നാലും എന്‍റെ കള്ളാ എന്നോടിതു വേണ്ടായിരുന്നു.

Friday, October 3, 2014

രണ്ടുണ്ട് കാര്യം.


കറണ്ട് പോയി....സമാധാനം രമേശേന്‍, ആശ്വസിച്ചു.എന്തൊരു ശാന്തത.സന്ധ്യാദീപം തെളിക്കാനെത്തിയതാണ്.രമേശന്‍ ഏഴുമണിയോടടുത്തു.പാര്‍വ്വതിയമ്മ കെ എസ് ഇ ബിയെ പ്രാകുകയാണ്.എതെന്താപ്പൊ ഈ (അ)സമയത്ത്.
''സമയാസമയമുണ്ടോ ഭക്തവത്സലാ നിനക്ക്.......''രമേശേട്ടന്‍ കീര്‍ത്തനം മനസ്സില്‍, ഉരിയാടി.വാതിലിന്‍റെ വിടവിലൂടെ സംഘര്‍ഷഭരിതമായ രംഗം അടുക്കളയില്‍ നിന്ന് കണ്ടുകൊണ്ടിരുന്ന സുഗന്ധി ഇതിനകം മെഴുകുതിരി തെളിയിച്ചിരുന്നു.റിമോട്ടിന് ഷിഫ്റ്റാണ്.ഇത് അമ്മയുടെ ഊഴമാണ്..സുഗന്ധിയുടെ ഊഴം ''സ്വര്‍ഗ്ഗതിലെ കട്ടുറുമ്പ്'' എന്ന സീരിയലോടെ എട്ടുമണിയ്ക്ക് ആരംഭിക്കും.അപ്പോഴേയ്ക്കും അമ്മ പിന്‍വാങ്ങി വാതിലിന് വിടവിലൂടെ വീക്ഷിക്കും.അവര്‍തമ്മില്‍ഈകാര്യത്തില്‍നല്ല അഡ്ജസ്റ്റ്മെന്‍റാ.എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും സീരിയല്‍കാണാന്‍കഴിഞ്ഞില്ലെങ്കില്‍, റിപീറ്റ് ടെലകാസ്റ്റ് കണ്ടോളും.
രമേശന്‍ തിരിതെളിച്ച് മകള്‍,ജിതയെ പ്രാര്‍ത്ഥിക്കാനായി ക്ഷണിച്ചു.വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണോ എന്തോ ജിത കൂപ്പുകൈകളോടെ രമേശേട്ടനോടൊപ്പം ചേര്‍ന്നു.മൊബൈലില്‍, ദില്‍സേരേ......... എന്ന ഗാനം ഒഴുകിയെത്തിയതോടെ അവള്‍ ഓടിപ്പോയി.അമ്മയുടെ പൂജ ഒമ്പതരമണിയ്ക്കാണ് അന്നേരം ക്രൂരയായ അമ്മായിയമ്മയെ ചിത്രീകരിക്കുന്ന സീരിയലാണ്.ഈ സമയത്ത് സുഗന്ധി അര്‍ത്ഥഗര്‍ഭമായ കമന്‍റുകള്‍, പാസാക്കും.കൂടാതെ അമ്മായിയമ്മയ്ക്ക് തട്ടുകിട്ടുന്ന കിടിലന്‍ ഡയലോഗ് വരുമ്പോള്‍ വോളിയം അല്‍പം കൂട്ടാന്‍, സുഗന്ധി മറക്കാറില്ല.ഈശ്വര പ്രാര്‍ത്ഥനയില്‍,മുഴുകുക എന്നതുമാത്രമേ അമ്മയ്ക്ക് രക്ഷയുള്ളൂ.
സുഗയുടെ ഊഴം ഏട്ടരയാണ്.അന്നേരം ടി വി യില്‍ പ്രത്യക്ഷപ്പെടുന്നത്.ക്രൂരയായ ഒരു മരുമകളാണ്.അവള്‍ക്കെതിരെയുള്ള കിടിലന്‍ഡയലോഗുകള്‍,ഉയര്‍ന്ന വോളിയത്തില്‍ കേള്‍ക്കാന്‍കെല്‍പില്ലാതെ സുഗന്ധി പ്രാര്‍ത്ഥനാ നിരതയാകും.നിന്നെയൊക്കെ ജീവനോടെ കത്തിക്കുകയാവേണ്ടത്....നീ എന്‍റെ മോനെ മുഴുക്കുടിയനാക്കും......നീ ഒരുകാലത്തും ഗതിപിടിക്കില്ല എന്നീ ഡയലോഗുകള്‍ക്കു മുന്നില്‍, സുഗന്ധിയ്ക്ക് നില്‍ക്കക്കള്ളിയില്ല.ആ സമയത്ത് അമ്മയുടെ മുഖപ്രസാദം ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ഏതായാലും ഒരുകാര്യത്തില്‍ രമേശേട്ടന് ആശ്വാസമാണ്.അമ്മായിയമ്മയും മരുമകളും നേരിട്ട് കലഹിക്കാറില്ല.സീരിയലിലെ ഡയലോഗുകള്‍, സ്വാംശീകരിച്ച് അതിലെ കഥാപാത്രങ്ങളില്‍,പരകായ പ്രവേശം നടത്തി പോര് നടത്തുന്നത് ഒരു വിധത്തില്‍ എല്ലവര്‍ക്കും ആശ്വാസപ്രദമാണ്.അങ്ങനെ ടി വി സീരിയലിലൂടെ രണ്ടുണ്ട് കാര്യം.
രമേശന് ഇത് ഇഷ്ടമല്ലെങ്കില്‍,പിന്നെ ഒന്നുപദേശിച്ചു നോക്കിക്കൂടേ എന്ന് വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ചേക്കാം.കൂട്ടരെ........ പാവം രമേശന്‍,........ രണ്ടേ രണ്ടു ഡയലോഗ് രമേശനെ കീഴ്പെടുത്തിക്കളഞ്ഞു.
എന്‍റെ അമ്മേ നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തിക്കൂടേ......എന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു.ഞാനിനി കണ്ടാലെത്രനാള് കാണുമെടാ...എന്‍റെ കാലം കഴിഞ്ഞാ....നിങ്ങക്ക് സുഖായി സീരിയലും കണ്ട് ജീവിച്ചൂടേ.....അതോടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം കാണാന്‍,പായും ചുരുട്ടി തന്നെയും കൊണ്ട് നാടകം കാണാന്‍ പോയ അമ്മയെ  ഓര്‍ക്കും.നന്ദികേട് അമ്മയോട് പാടില്ലെന്ന വിചാരത്തില്‍ രമേശന്‍ഒന്നും ശബ്ദിച്ചില്ല.
എന്‍റെ സുഗു നിനക്ക് ഈ ടി വിയുടെ വോളിയം ഒന്നു കുറച്ചൂടെ എന്ന രമേശന്‍റെ ചോദ്യത്തിനു മുന്നില്‍അല്‍പം വ്യത്യസ്ഥമായ മറുപടിയാണ് രമേശന് ലഭിച്ചത്.
ആഹാ നിങ്ങക്ക് നിങ്ങടെ അമ്മ സീരിയല് കാണുന്നത് പ്രശ്നമല്ല ഞാന്‍കാണുമ്പോഴാ നിങ്ങടെ എളക്കം...എനിയ്ക്ക് ഒരു സീരിയലുകാണാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിലില്ലോ ദൈവമേ......ഇത്രയും പറഞ്ഞ് പൂര്‍വ്വാധികം ഒച്ചപ്പാടോടെ സുഗു സീരിയല്‍,തുടര്‍ന്നു.
ജിതയെ മാത്രം സീരിയല്‍, ബാധിച്ചില്ല.എന്നാല്‍ അതിലെ ഡയലോഗുകള്‍ എങ്ങനെയോ ജിത സ്വാംശീകരിച്ചിരുന്നു.ക്ലാസ്സ് ടെസ്റ്റില്‍ മാര്‍ക്കു കുറഞ്ഞ ജിതയോട് കാരണം തിരക്കിയപ്പോള്‍കിട്ടിയ മറുപടി ഇതായിരുന്നു.
(പൊട്ടിക്കരഞ്ഞു കൊണ്ട്) അച്ഛന്‍റെ മോള് പിഴച്ചിട്ടില്ലച്ഛാ......അച്ഛന്‍റെ മോള് പിഴച്ചിട്ടില്ല.
ജപം കഴിഞ്ഞ് രമേശന്‍ എഴുന്നേറ്റു.ഇതിനകം കറണ്ട് തിരിച്ചെത്തിയിരിക്കുന്നു.തലകുനിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍,രമേശന്‍ ഓര്‍ത്തു.ഇന്നത്തെ പ്രാര്‍ത്ഥനയില്‍, ഒരു നിമിഷം പോലും ഭഗവാനെ ഓര്‍ത്തിരുന്നില്ല.പകരം ചിന്തയും ആധിയും മാത്രമായിരുന്നു.
എഴുന്നേറ്റ് ജിതയുടെ മുറിയില്‍ എത്തിനോക്കാനുള്ള ധൈര്യം രമേശനുണ്ടായിരുന്നില്ല. Don’t you have manners dad…….എന്ന ഏതോ സീരിയലിലെ ഡയലോഗ് അവള്‍ പറഞ്ഞാലോ.
അത്താഴം പത്തുമണിയ്ക്ക് ന്യൂസ് ടെന്‍,എറ്റ് ടെന്നിനേ കിട്ടുകയുള്ളൂ.അയാള്‍ തന്‍റെ കട്ടിലിന് താഴെ വച്ചിരുന്ന റേഡിയോ എടുത്ത് ഗെയിറ്റനരികിലേയ്ക്ക് നടന്നു.
ആകാശവാണി തിരുവനന്തപുരം ആലപ്പുഴ......യുവവാണി....തൂതുരുതൂ.....തുരുതുത്തുത്തുത്തൂരൂരു തൂതുരുതൂ.....റേഡിയോയുമായി രമേശന്‍ നടന്നു.....കിഡിലന്‍ ഡയലോഗുകള്‍ കേള്‍ക്കാത്ത ഇടവും തേടി.