ഗുരു ഗോവിന്ദ് ദോഊം ഘഡെ കാകെ ലാഗോം പായ്
ബലിഹാരീ ഗുരൂ ആപ്നേ ജിന് ഗോവിന്ദ് ദിയോ ബതായ്
സ്കൂള്‍ തലം മുതല്‍,പ്രീ ഡിഗ്രി,ഡിഗ്രി,പോസ്റ്റ് ഗ്രാജുവേഷന്‍ എന്നീ എല്ലാ മേഖലകളിലും പഠിക്കാന്‍ അവസരം കിട്ടിയ കബീറിന്‍റെ ദോഹ.ഇതില്‍ ഗുരുവിന്‍റെ മഹിമയാണ് സൂചിപ്പിച്ചിരിക്കുന്നത്.ഗുരു പൂര്ണ്ണിമ ദിനത്തില്‍,എന്‍റെ ഗുരു വര്യന്മാരെക്കുറിച്ചുള്ള ഓര്മ്മച്ചെപ്പ് തുറക്കാന്‍,ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്.
കുട്ടിക്കാലത്തെ അച്ഛനും അമ്മയും വിദ്യയുടെ ശുഭാരംഭം കുറിച്ച് ആദ്യാക്ഷരങ്ങളുടെ ഹരിശ്രീ കനിഞ്ഞനുഗ്രഹിച്ചു.അയല്ക്കാരായിരുന്ന വത്സല ചേച്ചി , “ല” എഴുതാന്‍ പഠിപ്പിച്ച ഓര്‍മ്മ-എത്ര ശ്രമിച്ചിട്ടും എല്ലാവരും പരാജയപ്പെട്ട അവസരത്തില്‍,എനിക്ക് മധുരത്തിന്‍റെ പ്രലോഭനം തന്ന് “ല” എഴുതിച്ചു.കൈപിടിച്ച് വിദ്യാലയത്തിലേയ്ക്കുള്ള ആദ്യ യാത്ര-ഭാഗ്യത്തിന് ഒന്നാം ക്ലാസ്സ് അദ്ധ്യാപിക തൊട്ടടുത്ത വീട്ടില്‍,താമസിക്കുന്ന ഗ്രേസി ടീച്ചര്. “ആട് ഇല തിന്നുന്നു” എന്നതിന് പകരം “ആട് ഇല തരുന്നു” എന്ന് എഴുതി ഒന്നാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ ആദ്യത്തെ un forced
error- ലൂടെ ഒരു മാര്ക്ക് കളഞ്ഞതിന്‍റെ പരിഭവം അവര്‍ വീട്ടില്‍വന്ന് അമ്മയോട് വിവരിച്ചു.അദ്ധ്യപനത്തിന്‍റെ ആവേശം ഉള്ക്കൊണ്ട് ആരോടൊക്കെയോ ഉള്ള വാശി തീര്‍ക്കുന്ന തരത്തില്‍ ഞങ്ങളെ പഠിപ്പിച്ച ചന്ദ്രാനന്മാസ്റ്റര്,പക്ഷെ ആ വാശി ഞങ്ങള്ക്ക് അനുഗ്രഹമായി,വിദ്യാഭ്യാസത്തിന്‍റെ ശക്തമായ അടിത്തറ പാകിയ ചന്ദ്രാനന്മാസ്റ്റര്,അതിന് ശക്തമായ നിര്‍മ്മാണ സാമഗ്രികള്‍,തന്നെ ഉപയോഗിച്ചു.പ്രൈമറി സ്കൂളില്‍ നമുക്ക് കണ്ടുപടിക്കാം എന്ന് ആവര്ത്തിക്കപ്പെടുന്ന സയന്സ് ക്ലാസ്സ് കൈകാര്യം ചെയ്ത ജമീലടീച്ചര്‍,എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ട ടീച്ചറാണ്.അന്നുവരെ കാണാത്ത മുസ്ലീം വേഷവിധാനത്തില്ഞങ്ങളുടെ മുന്നിലെത്തിയ ടീച്ചര്‍,തന്‍റെ ഊഷ്മളമായ പെരുമാറ്റത്തിലൂടെയും കുറ്റാന്വേഷണത്തിലെ കുശാഗ്ര ബുദ്ധിയിലൂടെയും എന്‍റെ ഹീറോ ആയിരുന്നു.എന്നും വീട്ടിലെത്തിയാല്‍ എനിക്ക് അമ്മയോട് ടീച്ചറുടെ കാര്യമേ പറയാനുണ്ടായിരുന്നുള്ളൂ.സ്കൂളില്‍ സ്നേഹം കൊണ്ട് ഗൃഹാന്തരീക്ഷം സൃഷ്ടിച്ചിരുന്ന രാധടീച്ചര്‍ എന്‍റെ ഉയര്‍ച്ച താഴ്ചകള്‍,ഒരു സഹോദരിയുടെ വികാരത്തോടെ ഇന്നും വീക്ഷിക്കുന്നു.തങ്ങളുടെ ശാസ്ത്രീയമായ അദ്ധ്യാപന ശൈലിയിലൂടെ വളരെ വൈകിയാണ് ഞാന്‍,രാമകൃഷ്ണന്‍ മാസ്റ്ററുടെയും,ശര്‍മ്മ മാഷുടെയും കഴിവ് തിരിച്ചറിഞ്ഞത്.കായികാദ്ധ്യപകന്‍ കൃഷ്ണവര്‍മ്മ-കലാ കായിക രംഗത്തെ അസാമാന്യ പ്രതിഭ-ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഈ സ്കൂളില്‍ ഇത്രയും നന്നായി ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് എന്നെ ആലിംഗനം ചെയ്ത ആ കായികാദ്ധ്യപകന്‍റെ സമ്മതം-എനിക്ക് എന്നും ഓര്ക്കാനും താലോലിക്കാനുമുള്ള അഭിനന്ദനം.
വൈകുന്നേരം സ്കൂള്‍ ഗ്രൌണ്ടില്‍ കളിച്ചുകൊണ്ടിരുന്ന എന്നെ സൈക്കളില്‍ കയറ്റി ഒറ്റ ദിവസം കൊണ്ട് തന്നെ സൈക്കിള്‍,പഠിപ്പിച്ച വിഠളണ്ണന്‍
ഹൈസ്കൂളില്‍ മേരികുട്ടി ടീച്ചര്‍ക്ക് എന്നോട് എന്തോ ഒരു മമതയായിരുന്നു. ടീച്ചര്‍ എന്നെ ശ്രദ്ധിക്കുന്നു എന്നറിയുന്നതു തന്നെ എനിക്ക് പഠിക്കാനുള്ള പ്രേരക ശക്തിയായിരുന്നു.ക്രക്കറ്റിനോട് വല്ലാത്ത കമ്പം കാണിച്ചിരുന്ന എന്നെ സ്റ്റാഫ് റൂമില്‍ വിളിച്ച് മുന്നറിയിപ്പ് തന്നിരുന്ന ദാമോദരന്‍ മാസ്റ്റര്‍ക്ക് എന്നില്‍വലിയ പ്രതീക്ഷയായിരുന്നു.പത്താം ക്ലാസ്സില്‍ എനിക്ക് ട്യൂഷന്‍ ഏര്‍പ്പെടുത്തിത്തന്ന മോഹനന്‍ മാസ്റ്റര്‍,ഇന്നും അദ്ദേഹത്തിന്‍റെ ഒരു നല്ല വിദ്യാര്ത്ഥിയായി എന്നെ പരിഗണിക്കുന്നു എന്ന് ഞാന്‍മനസ്സിലാക്കുന്നു.
സ്കൂള്‍ തലത്തില്‍മികച്ച വിദ്യാര്‍ത്ഥിയായ ഞാന്‍ കോളേജില്‍ പക്ഷെ ഒരു ശരാശരി വിദ്യാര്ത്ഥിയായിരുന്നു.അതു കൊണ്ടു തന്നെ ഞാന്‍ അദ്ധ്യാപകരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നില്ല.ഫിസിക്സ് അദ്ധ്യാപകനായിരുന്ന ശ്രീ പി പി ശ്രീധരന്‍, കെമിസ്ട്രി അദ്ധ്യാപകരായ കൃഷ്ണന്‍,ഗോപാലന്‍ എന്നീ അദ്ധ്യാപകര്‍,എന്നെ സ്വാധീനിച്ചിരുന്നു.ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അന്നമ്മ ടീച്ചറും ഓര്‍മ്മയില്‍ മങ്ങാത്ത സാന്നിദ്ധ്യമാണ്.കോളേജ് ക്രിക്കറ്റ് ടീം സിലക്ഷന്‍റെ ഭാഗമായി ഞാന്‍ പന്തെറിയുന്നത് അടുത്തു നിന്ന് കണാന്വന്ന ഷെണായ് സാറിന്‍റെ കണ്മുന്നില്വച്ച് കോളേജിലെ സീനിയര്താരത്തിന്റെ കുറ്റി തെറിപ്പിച്ചത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ഡിഗ്രി തലത്തില്‍ സ്നേഹ സമ്പന്നനായ ജന്തു ശാസ്ത്രാദ്ധ്യാപകന്‍- ഭാസ്കരന്‍ സാര്‍,
ഒരാഴ്ച നീണ്ട ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിലൂടെ എന്നിലെ കളിക്കാരനെ മെച്ചപ്പെടുത്തിയെടുത്ത മുന്‍ രഞ്ജി താരം ബാബു അച്ചാരത്ത്-ക്യാമ്പിനു ശേഷം ജില്ലാ ഡിവിഷനില്‍,തുടര്ച്ചയായ മികച്ച ഇന്നിംഗ്സുകള്‍ കളിക്കാന്‍ എന്നെ പ്രാപ്തനാക്കി.
ബി എഡ്ഡിന് പഠിക്കുമ്പോള്‍ പ്രിന്‍സിപ്പാളായാരുന്ന സീതാറാം സാര്‍,അപാര പാണ്ഡിത്യമുള്ള ഒരു വ്യക്കതിയായിരുന്നു.റിസള്‍ട്ട് വന്നപ്പോള്‍ എന്നെ ആലിംഗനം ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍-“എന്‍റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിന്‍റേതായിരിക്കും.”
തപാല്‍ വഴി ഹിന്ദി എം എ യ്ക്ക് പഠിച്ചതെങ്കിലും മേത്തര്‍ സാര്‍,രുഗ്മിണി മാഡം രവീന്ദ്രന്‍ സാര്‍ എന്നീ കേരള സര്വകലാ ശാലയിലെ പ്രമുഖരായ അദ്ധ്യപകരുടെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട്.
പിന്നീട് ചിന്മയ മിഷന്‍ സ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യവെ പ്രിന്സിപ്പാളായി ജോലി നോക്കിയിരുന്ന സുബ്രഹ്മണ്യന്സാറിനും എന്നെ വളരെ പ്രിയമായിരുന്നു.എന്‍റെ ക്ലാസ്സില്‍ ഞാന്‍ നാടകീയതയുടെ അംശം കലര്‍ത്തിയിരുന്നു.എന്‍റെ ക്ലാസ്സ് മറഞ്ഞിരുന്ന കാണുമായിരുന്ന അദ്ദേഹം ജോലി ഉപേക്ഷിച്ചതിനുശേഷം എനിക്കെഴുതിയ കത്തില്‍ ഇതേ പറ്റി പരാമര്‍ശിച്ചിരുന്നു.സ്വഭാവത്തില്‍ കാര്‍ക്കശ്യം കാണിച്ചിരുന്ന അദ്ദേഹത്തിന്‍റെ കത്ത് എനിക്ക് പകര്ന്നു തന്ന ഊര്ജ്ജം കുറച്ചൊന്നുമല്ല.
കൊച്ചു കുട്ടിയായിരുന്നപ്പോള്,അകാരണമായ ഭയം ഫലപ്രദമായി ഒഴിവാക്കാന്‍ രാമകൃഷ്ണ ഭട്ട് ചൊല്ലിത്തന്ന രാമ രക്ഷാ സ്തോത്രം ഇന്നും എനിക്ക് ആശ്വാസദായകമാണ്.പില്ക്കാലത്ത് അദ്ദേഹത്തിന്‍റെ യോഗ ക്ലാസ്സ് കഴിഞ്ഞ പത്ത് വര്ഷമായി ഞാന്‍,പരിശീലിച്ചു വരുന്നു.
എന്നെ ബൈക്ക് പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിര്ന്ന്, നാല് ദിവസങ്ങള്ക്കകം എന്നെ റോഡിലിറക്കിയ പ്രമോദ്.പ്രമോദിന്‍റെ ശ്രമം സാഹസികമായിരുന്നു.മുപ്പതു കഴിഞ്ഞ ഒരാളെ ബൈക്ക് പരിശീലിപ്പിക്കുക എളുപ്പമല്ല.പഠിപ്പിക്കുമ്പോള്‍ ഞാന്‍വീണില്ലെങ്കിലും ഞാന്‍ പ്രമോദിനെ തളളി യിടുകയും പരിക്കല്പ്പിക്കുകയും ചെയ്തു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പടിവാതിലിലെത്തിയിട്ടും കമ്പ്യൂട്ടര്‍,എന്നാലെന്ത് എന്നു പോലും അറിയാത്ത എനിക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ കമ്പ്യൂട്ടര്‍,തന്ന് ഒരാഴ്ചയ്ക്കകം ബാലപാഠങ്ങള്‍ തന്ന് എന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തനാക്കിയ ഹാപ്പി കുരുവിള രാജു-എന്നെക്കാള്‍ പ്രായക്കുറവുണ്ടെങ്കിലും യോഗ്യനായ ഒരു ഗുരുവാണ്.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍പ്രവേശിച്ച ഉടന്‍ ഒരു സമര്‍ത്ഥനായ ജൂനിയര്‍ സൂപ്രണ്ടിന്‍റെ അടുത്തെത്തിച്ചേരാന്‍ കഴിഞ്ഞത് ഒരനുഗ്രഹമായിരുന്നു.ശശിധരന്‍ കര്‍ത്താ-പിന്നീട് പി എം രഘുനാഥന്‍ എന്ന ഓഫീസര്‍ എന്നെ ജില്ലാ കലക്ടറുടെ ഗുഡ് സര്വ്വീസ് എന്ട്രിയ്ക്ക് പ്രാപ്തനാക്കി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായപ്പോള്‍,ഗംഗാധരന്‍ സാറാണ് എന്‍റെ ഗുരു.അതീവ ശ്രദ്ധയോടെ നയതന്ത്രജ്ഞതയോടെ കൈകാര്യം ചെയ്യേണ്ട പോസ്റ്റില്‍ അദ്ദേഹത്തിന്‍റെ ഉപദേശം എനിക്ക് മാര്ഗ്ഗ ദീപമായി.
സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പറഞ്ഞ് തന്ന വാസന്തി ടീച്ചര്‍,,കീ ബോര്ഡില്പരിശീലനം തന്ന ഉസ്താദ് ഹസ്സന്ഭായി.ഭജനയുടെ മഹത്വം ഉപദേശിച്ച് ഒരു ഭജകന്എന്ന മേല്വിലാസം നേടിത്തന്ന കൃഷ്ണ ഭട്ട്.
അങ്ങനെ ഒട്ടനവധി ഗുരുക്കന്മാര്.അതോടൊപ്പം കഠിനമായ ജീവിത പരീക്ഷണത്തിലൂടെ ലഭിച്ച
ലഭിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങള്‍.ഒൌപചാരികമായി ഈ അവസരത്തില്‍ പ്രണാമമര്‍പ്പിക്കുന്നതായി രേഖപ്പെടുത്താം.അവരുടെ മഹാമനസ്കതയ്ക്കു മുന്നില്‍ എളിമയോടെ ശിരസ്സ് നമിക്കുന്നു.ഓര്‍ക്കുമ്പോള്‍ ഗുരുവിന്‍റെ പക്കല്‍ നിന്ന് ലഭക്കുന്ന അറിവ് എത്ര മഹത്തരമാണ്.ഇപ്പോള്‍ എനിയ്ക്കുള്ള തിരിച്ചറിവ് ഗുരുമുഖത്തു നിന്ന് ലഭിക്കുന്നതിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.അതിന് പകരം വയ്ക്കാന് ഒരു വഴി മാത്രമെ ഉള്ളൂ.ഇന്ന് ഞാന്‍,ഓര്ത്തതുപോലെ ഒരു ഗുരു പൌര്ണ്ണമി ദിനത്തില്‍,എന്നെ ഇതുപോലെ ആരെങ്കിലും ഓര്്ത്തിരുന്നെങ്കില്--------.നല്ല അദ്ധ്യപകരായും യോഗ്യരായ ഗുരുവര്യനായും അറിയപ്പെടുന്നവര്‍ എത്ര ധന്യര്‍-അവര്‍ ദൈവ തുല്യര്‍-
ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരുദേവോ മഹേശ്വരാ
ഗുരു ശാസ്താ പര ബ്രഹ്മാ തസ്മൈ ശ്രീ ഗുരുവേ നമ :
No comments:
Post a Comment