Friday, October 3, 2014

രണ്ടുണ്ട് കാര്യം.


കറണ്ട് പോയി....സമാധാനം രമേശേന്‍, ആശ്വസിച്ചു.എന്തൊരു ശാന്തത.സന്ധ്യാദീപം തെളിക്കാനെത്തിയതാണ്.രമേശന്‍ ഏഴുമണിയോടടുത്തു.പാര്‍വ്വതിയമ്മ കെ എസ് ഇ ബിയെ പ്രാകുകയാണ്.എതെന്താപ്പൊ ഈ (അ)സമയത്ത്.
''സമയാസമയമുണ്ടോ ഭക്തവത്സലാ നിനക്ക്.......''രമേശേട്ടന്‍ കീര്‍ത്തനം മനസ്സില്‍, ഉരിയാടി.വാതിലിന്‍റെ വിടവിലൂടെ സംഘര്‍ഷഭരിതമായ രംഗം അടുക്കളയില്‍ നിന്ന് കണ്ടുകൊണ്ടിരുന്ന സുഗന്ധി ഇതിനകം മെഴുകുതിരി തെളിയിച്ചിരുന്നു.റിമോട്ടിന് ഷിഫ്റ്റാണ്.ഇത് അമ്മയുടെ ഊഴമാണ്..സുഗന്ധിയുടെ ഊഴം ''സ്വര്‍ഗ്ഗതിലെ കട്ടുറുമ്പ്'' എന്ന സീരിയലോടെ എട്ടുമണിയ്ക്ക് ആരംഭിക്കും.അപ്പോഴേയ്ക്കും അമ്മ പിന്‍വാങ്ങി വാതിലിന് വിടവിലൂടെ വീക്ഷിക്കും.അവര്‍തമ്മില്‍ഈകാര്യത്തില്‍നല്ല അഡ്ജസ്റ്റ്മെന്‍റാ.എന്തെങ്കിലും കാരണത്താല്‍ ഏതെങ്കിലും സീരിയല്‍കാണാന്‍കഴിഞ്ഞില്ലെങ്കില്‍, റിപീറ്റ് ടെലകാസ്റ്റ് കണ്ടോളും.
രമേശന്‍ തിരിതെളിച്ച് മകള്‍,ജിതയെ പ്രാര്‍ത്ഥിക്കാനായി ക്ഷണിച്ചു.വേറൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാണോ എന്തോ ജിത കൂപ്പുകൈകളോടെ രമേശേട്ടനോടൊപ്പം ചേര്‍ന്നു.മൊബൈലില്‍, ദില്‍സേരേ......... എന്ന ഗാനം ഒഴുകിയെത്തിയതോടെ അവള്‍ ഓടിപ്പോയി.അമ്മയുടെ പൂജ ഒമ്പതരമണിയ്ക്കാണ് അന്നേരം ക്രൂരയായ അമ്മായിയമ്മയെ ചിത്രീകരിക്കുന്ന സീരിയലാണ്.ഈ സമയത്ത് സുഗന്ധി അര്‍ത്ഥഗര്‍ഭമായ കമന്‍റുകള്‍, പാസാക്കും.കൂടാതെ അമ്മായിയമ്മയ്ക്ക് തട്ടുകിട്ടുന്ന കിടിലന്‍ ഡയലോഗ് വരുമ്പോള്‍ വോളിയം അല്‍പം കൂട്ടാന്‍, സുഗന്ധി മറക്കാറില്ല.ഈശ്വര പ്രാര്‍ത്ഥനയില്‍,മുഴുകുക എന്നതുമാത്രമേ അമ്മയ്ക്ക് രക്ഷയുള്ളൂ.
സുഗയുടെ ഊഴം ഏട്ടരയാണ്.അന്നേരം ടി വി യില്‍ പ്രത്യക്ഷപ്പെടുന്നത്.ക്രൂരയായ ഒരു മരുമകളാണ്.അവള്‍ക്കെതിരെയുള്ള കിടിലന്‍ഡയലോഗുകള്‍,ഉയര്‍ന്ന വോളിയത്തില്‍ കേള്‍ക്കാന്‍കെല്‍പില്ലാതെ സുഗന്ധി പ്രാര്‍ത്ഥനാ നിരതയാകും.നിന്നെയൊക്കെ ജീവനോടെ കത്തിക്കുകയാവേണ്ടത്....നീ എന്‍റെ മോനെ മുഴുക്കുടിയനാക്കും......നീ ഒരുകാലത്തും ഗതിപിടിക്കില്ല എന്നീ ഡയലോഗുകള്‍ക്കു മുന്നില്‍, സുഗന്ധിയ്ക്ക് നില്‍ക്കക്കള്ളിയില്ല.ആ സമയത്ത് അമ്മയുടെ മുഖപ്രസാദം ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ഏതായാലും ഒരുകാര്യത്തില്‍ രമേശേട്ടന് ആശ്വാസമാണ്.അമ്മായിയമ്മയും മരുമകളും നേരിട്ട് കലഹിക്കാറില്ല.സീരിയലിലെ ഡയലോഗുകള്‍, സ്വാംശീകരിച്ച് അതിലെ കഥാപാത്രങ്ങളില്‍,പരകായ പ്രവേശം നടത്തി പോര് നടത്തുന്നത് ഒരു വിധത്തില്‍ എല്ലവര്‍ക്കും ആശ്വാസപ്രദമാണ്.അങ്ങനെ ടി വി സീരിയലിലൂടെ രണ്ടുണ്ട് കാര്യം.
രമേശന് ഇത് ഇഷ്ടമല്ലെങ്കില്‍,പിന്നെ ഒന്നുപദേശിച്ചു നോക്കിക്കൂടേ എന്ന് വായനക്കാരില്‍ ചിലരെങ്കിലും സംശയിച്ചേക്കാം.കൂട്ടരെ........ പാവം രമേശന്‍,........ രണ്ടേ രണ്ടു ഡയലോഗ് രമേശനെ കീഴ്പെടുത്തിക്കളഞ്ഞു.
എന്‍റെ അമ്മേ നിങ്ങള്‍ക്കിതൊന്ന് നിര്‍ത്തിക്കൂടേ......എന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു.ഞാനിനി കണ്ടാലെത്രനാള് കാണുമെടാ...എന്‍റെ കാലം കഴിഞ്ഞാ....നിങ്ങക്ക് സുഖായി സീരിയലും കണ്ട് ജീവിച്ചൂടേ.....അതോടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന നാടകം കാണാന്‍,പായും ചുരുട്ടി തന്നെയും കൊണ്ട് നാടകം കാണാന്‍ പോയ അമ്മയെ  ഓര്‍ക്കും.നന്ദികേട് അമ്മയോട് പാടില്ലെന്ന വിചാരത്തില്‍ രമേശന്‍ഒന്നും ശബ്ദിച്ചില്ല.
എന്‍റെ സുഗു നിനക്ക് ഈ ടി വിയുടെ വോളിയം ഒന്നു കുറച്ചൂടെ എന്ന രമേശന്‍റെ ചോദ്യത്തിനു മുന്നില്‍അല്‍പം വ്യത്യസ്ഥമായ മറുപടിയാണ് രമേശന് ലഭിച്ചത്.
ആഹാ നിങ്ങക്ക് നിങ്ങടെ അമ്മ സീരിയല് കാണുന്നത് പ്രശ്നമല്ല ഞാന്‍കാണുമ്പോഴാ നിങ്ങടെ എളക്കം...എനിയ്ക്ക് ഒരു സീരിയലുകാണാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിലില്ലോ ദൈവമേ......ഇത്രയും പറഞ്ഞ് പൂര്‍വ്വാധികം ഒച്ചപ്പാടോടെ സുഗു സീരിയല്‍,തുടര്‍ന്നു.
ജിതയെ മാത്രം സീരിയല്‍, ബാധിച്ചില്ല.എന്നാല്‍ അതിലെ ഡയലോഗുകള്‍ എങ്ങനെയോ ജിത സ്വാംശീകരിച്ചിരുന്നു.ക്ലാസ്സ് ടെസ്റ്റില്‍ മാര്‍ക്കു കുറഞ്ഞ ജിതയോട് കാരണം തിരക്കിയപ്പോള്‍കിട്ടിയ മറുപടി ഇതായിരുന്നു.
(പൊട്ടിക്കരഞ്ഞു കൊണ്ട്) അച്ഛന്‍റെ മോള് പിഴച്ചിട്ടില്ലച്ഛാ......അച്ഛന്‍റെ മോള് പിഴച്ചിട്ടില്ല.
ജപം കഴിഞ്ഞ് രമേശന്‍ എഴുന്നേറ്റു.ഇതിനകം കറണ്ട് തിരിച്ചെത്തിയിരിക്കുന്നു.തലകുനിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍,രമേശന്‍ ഓര്‍ത്തു.ഇന്നത്തെ പ്രാര്‍ത്ഥനയില്‍, ഒരു നിമിഷം പോലും ഭഗവാനെ ഓര്‍ത്തിരുന്നില്ല.പകരം ചിന്തയും ആധിയും മാത്രമായിരുന്നു.
എഴുന്നേറ്റ് ജിതയുടെ മുറിയില്‍ എത്തിനോക്കാനുള്ള ധൈര്യം രമേശനുണ്ടായിരുന്നില്ല. Don’t you have manners dad…….എന്ന ഏതോ സീരിയലിലെ ഡയലോഗ് അവള്‍ പറഞ്ഞാലോ.
അത്താഴം പത്തുമണിയ്ക്ക് ന്യൂസ് ടെന്‍,എറ്റ് ടെന്നിനേ കിട്ടുകയുള്ളൂ.അയാള്‍ തന്‍റെ കട്ടിലിന് താഴെ വച്ചിരുന്ന റേഡിയോ എടുത്ത് ഗെയിറ്റനരികിലേയ്ക്ക് നടന്നു.
ആകാശവാണി തിരുവനന്തപുരം ആലപ്പുഴ......യുവവാണി....തൂതുരുതൂ.....തുരുതുത്തുത്തുത്തൂരൂരു തൂതുരുതൂ.....റേഡിയോയുമായി രമേശന്‍ നടന്നു.....കിഡിലന്‍ ഡയലോഗുകള്‍ കേള്‍ക്കാത്ത ഇടവും തേടി.


No comments:

Post a Comment