Saturday, July 25, 2015

പയ്യന്നൂര്‍ പെരുമാള്‍


ശരവണഭവനാം പെരുമാളേ തവ 
ചരണമിതാദ്യം തൊഴുതീടുന്നു
കളഭസുലേപിത തവതനു രൂപം
മനതാരില്‍ വിളയാടീടുന്നു.

വല്ലീ നാഥാ വേലായുധനെ മമ
വല്ലായ്മയെ നീ നീക്കേണം
മയില്‍ വാഹനനേ തവ തിരുമുമ്പില്‍
ഏത്തമിടും ഭവ മുക്തിയ്ക്കായ്

തിരുവാഭരണ വിഭൂഷിതനായി
പട്ടുടയാടയണിഞ്ഞുവിളങ്ങും
പയ്യന്നൂരിന്‍ പെരുമയൊടമരും
സുബ്രഹ്മണ്യപെരുമാളേ

താരക നിഗ്രഹ കാരക സ്വാമീ
ദേവഗണാധിപ തവചരണം
വ്രതവും ഭജനവും പൂജനമാദികളു
-ലകില്‍ തവ പദ മാര്‍ഗ്ഗങ്ങള്‍

ഗജമുഖ ശാസ്താ ഭൂതത്താര്‍
മായാദേവി സമേതാ
പരശുരാമ കര്‍മ്മക്ഷേത്രം
ഭക്തജന പ്രിയ  പാലയമാം

ആനയുമമ്പാരിയുമില്ലാതെ 
തിടമ്പിലേറി വിളങ്ങും സ്വാമീ
സമത്വ സുന്ദര കാഹളമേകും
ലാളിത്യത്തിന്‍ പ്രതിരൂപം

ഉപവനമനുപമമാണിവിടം
മയിലും വൃക്ഷലതാദികളും
വിശാല സുന്ദര ജലധിയും
വൈഭവമേറും ആല്‍മരവും

ആചാരാനുഷ്ഠാനങ്ങള്‍ തന്‍
കേളീ ഗൃഹമിതു തവ സവിധം
നിന്‍ തിരു ദര്‍ശന സൌഭാഗ്യം
പുണ്യമിതസുലഭം മമ ഭാഗ്യം


No comments:

Post a Comment