Monday, September 7, 2015

ഓണം

പൂരം കഴിഞ്ഞു പറമ്പൊഴിഞ്ഞു
ആലസ്യമുകതയാകെപടർന്നു
ഒരു നല്ല കാലത്തിനോർമ്മയായ്
പതിവുകൾതെറ്റാതെ
 കേവലമൊരതിഥിയായ്
വന്നു പോകുന്നോരു
ചിന്തയോ കാലമോ സ്വപ്നമോ
ലഹരിയോ നന്മയോ നേട്ടമോ .......ഓണം
ഓണമുണ്ണാനായി കാണം
വിറ്റ് പെറുക്കിയും
കടം കേറി തളർന്നും
ലോഭമോഹങ്ങളിൽ വീണുരുണ്ടും
വഴിമാറിപോയതോർക്കാതെ
ഓർമപ്പെടുത്താതെ
ചിങ്ങവാനത്തിനുകീഴിൽ
ഓണനിലാവെളിച്ചത്തിൽ
കഥയറിയാതാട്ടമാടീടുന്നു
അറിവില്ലാപൈതങ്ങൾ നമ്മൾ
ആട്ടമതിൻ പേരാണ്....ഓണം
ആടിക്കളിക്കുന്ന നെൽകതിരും
 അൻപോടു പുഞ്ചിരി തൂകുന്നതുമ്പയും
ഉന്മുക്തമായോരു ബാല്യവും
ശബളിമയേറുന്ന പൂക്കളും
കലപിലകുട്ടുന്ന പക്ഷിജാലങ്ങളും
മറയേതുമില്ലാതെ ഏകമനസ്സായി
സഹവസിച്ചീടുന്ന മാനുഷവർഗ്ഗവും
മുത്തശ്ശിയോതുന്ന പതിരുള്ളപഴമയും
സദ് രൂപമായുള്ള വചനവും,
ഒരുമയും പെരുമയുംസ്നേഹവാത്സല്യങ്ങളും
ഇവയേതുമില്ലാതെ
നാടിന്നുഗുണമേതുമില്ലാതെ
കേവലം വാണിഭ സംസ്കാരം....ഓണം
പുഞ്ചനെൽപാടത്തിൽ
മണ്ണിൻറെമക്കൾ വിതച്ച്
മൈകണ്ണികൾ കൊയ്തു മെതിച്ച്
മുറ്റത്തെ മൂലയിൽ നന്നായ് പുഴുങ്ങി
തഴപായിലുണക്കി
പത്തായപെട്ടിയിൽ കരുതിയ
കുത്തിയെടുത്ത പുത്തനരിയുടെ
നറുഗന്ധമേറുന്ന നെൻമണിയും
തൊടിയിലെ വെണ്ടയും ചീരയും
കക്കരി കുമ്പളം വെള്ളരി ചേനയും
വരമ്പിലെ തുമ്പയും
വഴിയിലെപിച്ചിയും
നാട്ടാരും വീട്ടാരും ബന്ധുജനങ്ങളും
 തന്നും കൊടുത്തും തിന്നും കളിച്ചും
വറുതികൾക്കൊക്കെ അറുതിവരുമെന്നും
ഒരുമയോടൊന്നായൊരു നല്ലകാലത്തിൻ
പുലരിതൻ കാഹളം ഉടനേവരുമെന്നും
മനതാരിൽ നിനവോടെ
ആചരിക്കുന്നോരുത്സവമാകണം....ഓണം

No comments:

Post a Comment