Wednesday, September 16, 2015

എന്‍റെ ഭൂമി

കീറിപറിഞ്ഞ കുടയുമായമ്മ
ചുറ്റികറങ്ങിനടന്നിടുന്നു
ഏറെയവശയാണെങ്കിലുമായമ്മ
മക്കളെ മാറോടു ചേർത്തിരുന്നു
ഘോരതാപത്തിന്നാഘാതമേറ്റവൾ
എരിപിരികൊണ്ടു തളർന്നു
ഉരുകിയൊലിക്കുന്നു അരുവികളായ്
ചുടുചോരയാ ദേഹത്തിലാകെ
ചുക്കിചുളിഞ്ഞുള്ള ഗാത്രവും
വറ്റിവരണ്ട നേത്രങ്ങളും
വിളറിവെളുത്ത മുഖവും
ജീർണ്ണമാം ഉടയാടകളും
മുടിയിഴയൊക്കവെ വാടിക്കൊഴിഞ്ഞുപോയ്
ഒരുമഹാരോഗിയെപോലെ
കാന്തികലർന്നൊരു മേനീയിൽ വരണ്ട
ശൽകങ്ങൾ തിങ്ങിനിറഞ്ഞു
അനുപമകാന്തിയായ് ശോഭച്ച ശ്രീരൂപം
എവിടെയോ പോയി മറഞ്ഞു
തങ്കകുടങ്ങൾക്കായ് ചുരത്തുന്ന പാലും
കരുതിയനീരും
സമൃദ്ധമാംവിഭവവൈവിദ്ധ്യവും
ഊറ്റിയെടുത്തും തിന്നും കുടിച്ചും മദിച്ചും
വിപണിയിലെത്തിച്ചും
വിഷലിപ്തമാക്കിയും
സുഖലോലചിത്തരാം മക്കളവർ
അമ്മതൻചുടുള്ള നിസ്വനമേറ്റു വലഞ്ഞു അതിനുള്ളപരിഹാരമെന്തെന്നറിയാതെ
ഉഴറിനടന്നവർ വെറുതെ
കാലൊന്നിടറിയാൽ ഒന്നുതികട്ടിയാൽ
പൈതങ്ങൾ ഗതിയറിയുന്നമ്മ
കരുതലോടായമ്മ അടിപതറാതെ
മക്കളെയോർത്തു നടന്നിടുന്നു
വികൃതിയാം പൈതങ്ങൾ
തന്നവിവേക മാണെന്നമ്മയറിയുന്നു നന്നായ്
അതിവേഗമായുള്ള വ്യവസായ വിപ്ളവം
വിഷമായതൊക്കെ ചുരത്തിടുന്നു
വീഷലിപ്തമായോരവശിഷ്ടമെല്ലാം
രക്ഷാ കവചത്തെ കാർന്നങ്ങുതിന്നിടുന്നു
അപ്പോഴുമായമ്മഅരുമയാംമക്കൾതൻ
ഗതിയോർത്ത് ഏറെകരഞ്ഞു
ദാഹജലമിറങ്ങുന്നില്ല കണ്ഠത്തിൽ
അവഗതിമാറിയൊലിച്ചുപായുന്നു
ചുട്ടുപൊള്ളുന്നോരഗ്നിതൻ ഗോളമായ്
തീരുമീയമ്മ വൈകാതെ
മക്കളെ നിങ്ങളുണരുക വൈകാതെ
അമ്മതൻ രോദനം കേൾക്കൂ
ഹരിതാഭമായുള്ളകുടയൊന്നുചൂടി
തണലായിതീരണംനിങ്ങൾ
വർജ്ജിക്കണം നിങ്ങളൊന്നായ്
അമ്മയ്ക്കിണങ്ങാത്തതൊക്കെ
അമ്മയറിഞ്ഞു തരുന്നോരു
കായ്കളും
കനികളും
തണലും
അമൃതിനെക്കാളും രുചിയുള്ളനീരും
പങ്കിട്ടെടുക്കണം
കാത്തു രക്ഷിക്കണം
കരുതിവച്ചീടണം
നാളെയുമമ്മ
ശുഭമംഗലയായി തൻമക്കളെകാത്ത്
പരിലസിക്കുമാറായീടണം
ക്ഷമയുള്ള അലിവുള്ള കനിവുള്ള നമ്മുടെ
സ്നേഹമയിയായൊരമ്മ
മതി മതി
കുസൃതികൾ
വികൃതികൾ
മക്കളെ......
പുതുതലമുറകൾതൻ അതിജീവനത്തിനായ്
നേർ വഴിയേ ചരിക്കുക നമ്മള്‍

No comments:

Post a Comment