Friday, May 25, 2012
HAPPY BIRTHDAY TO KASARAGOD
1984 മെയ് 24 )ം തിയതി കാസറഗോഡ് ജില്ല രൂപം കൊണ്ടതിനുശേഷം ആദ്യമായിട്ടാണ് ജില്ലായില്‍നിന്ന് മാറി താമസിക്കുന്നത്.ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുമെന്ന് വിചാരിച്ചതല്ല പക്ഷെ സാഹചര്യങ്ങള്‍ എന്നെ അതിന് പ്രേരിപ്പിക്കുകയും തൊട്ടടുത്ത കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഞാന്‍ താമസമാക്കുകയും ചെയ്തു.ജില്ലയുടെ ഈ ജന്മദിനത്തില്‍ ഞാന്‍ ഇന്ന് കാസറഗോഡ് കാരനല്ലാതായിരിക്കുന്നു.ജീവിതം അങ്ങനെയാണ് എന്ത് ജീവിതത്തില്‍ സംഭവിക്കില്ല അല്ലെങ്കില്‍ സംഭവിക്കരുത്എന്ന് നാം വിചാരിക്കുന്നുവോ അത് സംഭവിക്കുന്നു.എഴുതി വച്ച തിരക്കഥ പോലെ നീങ്ങുന്ന ജീവിതത്തിലെ കഥാപാത്രങ്ങളുടെ മനോവ്യാപരങ്ങള്‍ക്ക് ഏറെ പ്രസക്തിയില്ല.അത് അനന്തനിയാതാവായ സംവിധായകനും തിരക്കഥാകൃത്തും നിശ്ചയിക്കുന്നു.എന്നിരിക്കിലും കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം അഭിനേതാവിന് തന്നെയാണെന്ന്.
എന്‍റെ പ്രീ ഡിഗ്രി പഠനകാലത്ത് ഒരു കൂട്ടം ആള്‍ക്കാര്‍ വീട്ടില്‍ മിഠായി വിതരണം നടത്തിയപ്പോഴാണ് ജില്ല രൂപീകൃതമായ വിവരം ഞാന്‍ അറിഞ്ഞത്.അന്ന് അതിന്‍റെ പ്രാധാന്യം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.കേരളത്തിന്‍റെ വടക്ക് മറ്റു ജില്ലകളിലനിന്ന് തികച്ചും വ്യത്യസ്ഥമായ സാമൂഹ്യ പശ്ചാത്തലത്തിലുള്ള ചന്ദ്രഗിരി പുഴയുമായി ചേര്‍ന്ന പ്രദേശം തികച്ചും ഒരു സ്വതന്ത്ര ജില്ലയുടെ അംഗീകാരത്തിന് തികച്ചും അര്‍ഹമായിരുന്നു.ചന്ദ്രഗിരി പുഴയക്ക് തെക്ക് ഭാഗം കേരള സംസസ്കാരത്തോട് ഏറെ സാമ്യമുണ്ടെങ്കിലും വടക്കു ഭാഗം തികച്ചും വ്യത്യസ്തമാണ്.കന്നട,തുളു ഭാഷകളും വിവിധ ജാതി മതസ്ഥരും അവരുടെ സ്വതന്ത്രമായ ഭാഷകളും,വളരെ സങ്കീര്‍ണ്ണമായ സാംസ്കാരിക വൈജാത്യങ്ങളും ഈ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നു.രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ത്തന്നെ രണ്ട് സംസ്ഥാനങ്ങളുടെയും സ്വാധീനം ഈ പ്രദേശത്ത് നിഴലിക്കുന്നു.
വിശാല ഭാരതം എന്ന സംജ്ഞയില്‍ ഐക്യത്തിന്‍റെ പരിവേഷം വിദേശികള്‍ക്കു പോലും ഒരദ്ഭുതമാണെന്നിരിക്കെ കാസറഗോഡിന്‍റെ സംസ്കാരത്തിന്‍റെ ഭാഷയുടെയും വൈജാത്യം വളരെ സങ്കീര്‍ണ്ണമാണ്.മുഖ്യഭാഷ മലയാളമാണെങ്കിലും കന്നഡ,തുളു എന്നീ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യമുണ്ട്.ഇതു കൂടാതെ ഗൌഡസാരസ്വത ബ്രാഹ്മണരുടെ ഇടയിലുള്ള കൊങ്കണി ഭാഷ,ബ്രാഹ്ണരുടെ വ്യത്യസ്ഥ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന കന്നഡയോട് സാമ്യമുള്ള ഹവ്യക ഭാഷയും,തുളു ബ്രാഹ്മണന്മാര്‍ സംസാരിക്കുന്ന തുളു ഭാഷയോട് സാമ്യമുള്ള ഭാഷയും,കരാഡ ബ്രാഹ്മണന്‍മാര്‍ സംസാരിക്കുന്ന മറാഠി ഭാഷയോട് സാമ്യമുള്ള ഭാഷയും ഇവിടെ പ്രചലിതമാണ്.പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ ചിലര്‍ ഇവിടെ മറാഠാ ഭാഷയോട് സാമ്യമുള്ള ഭാഷ സംസാരിക്കുന്നു. അതോടൊപ്പം മുസ്ലീം വിഭാഗത്തിലെ ചിലര്‍ ഹിന്ദി ഭാഷ സംസാരിക്കുന്നു.ഇതിനെയൊക്കെ ബന്ധിപ്പിക്കുന്ന ഭാഷ മലയാളം തന്നെയാണ്.അതുകൊണ്ട്തന്നെ എല്ലാ ഭാഷാ ഭാഷികളും മലയാളം സംസാരിക്കുന്നു.അതുകൊണ്ട് മലയാള ഭാഷ വികൃതമായി രൂപാന്തരം ഭാവിച്ച അവസ്ഥയിലാണ് കാസറഗോഡ് ജില്ലയിലുള്ളത്.ഇവിടെ മുസ്ലീം വിഭാഗക്കാര്‍ ഉപയോഗിക്കുന്ന മലയാളവും,ബ്യാരി ഭാഷയോട് സാമ്യമുള്ള മലയാളവും ഉണ്ട്.കാസറഗോഡ് ഭാഗത്ത് ചെന്നാല്‍,ഏകദേശം ഒരു 200 മീറ്റര്‍ ചുറ്റളവില്‍ത്തന്നെ ഈ ഭാഷകളെല്ലാം തന്നെ നമുക്ക് കേള്‍ക്കാം.ഒരു പ്രത്യക സാംസ്കാരം കാസറഗോഡ് ഭാഗത്ത് നമുക്ക് കണ്ടെത്താന്‍കഴിയില്ല ഒരു സാംസ്കാരിക സമന്വയമാണ് നമുക്ക് ദര്‍ശിക്കാന് കഴിയുന്നത്.
കര്‍ണ്ണാടകത്തിന്‍റെ തനത് കലയായ യക്ഷഗാനത്തിന്‍റെ തുടക്കം കാസറഗോഡില്‍നിന്നാണ്.യക്ഷഗാനത്തിന്‍റെ പിതാവ് ശ്രീ പാത്ഥി സുബ്ബയുടെ ആദ്യാകാല പ്രവര്‍ത്തനം നടന്നത് ജില്ലയിലാണ്.കൂടാതെ അദ്ദേഹത്തിന്‍റെ ജന്മനാട് കാസറഗോഡ് തന്നെയാണ്.കഥകളിയോട് ഏറെ സാമ്യമുള്ള ഈ കലാരൂപം കുറച്ചും കൂടി ലളിതമാണ്.ഇതില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്.കലയോടൊപ്പം പുരാണ ഇതിഹാസ കഥകള്‍ സാധാരണ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതില്‍, യക്ഷഗാനം നല്ല പങ്ക് വഹിച്ചിട്ടുണ്ട്.പണ്ടു കാലങ്ങളില്‍ യക്ഷഗാന മണ്ഡലി (ട്രൂപ്പുകള്‍)ഗ്രാമങ്ങല്‍ തോറും സംന്ദര്‍ശിച്ച് തമ്പ് അടിച്ച് യക്ഷഗാനം അവതരിപ്പിക്കുമായിരുന്നു.ഇന്ന് പ്രചാരം കുറഞ്ഞിട്ടുണ്ടെങ്കിലും യക്ഷഗാനത്തെ നെഞ്ചിലേറ്റി സ്നേഹിക്കുന്നവര്‍ ഇന്നും ഏറെയാണ്.
ഉത്തര ഗുരുവായൂര്‍ എന്ന് പറയാവുന്ന കുമ്പള കണിപുര ക്ഷേത്രം,കേരളത്തിലെ തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുര ക്ഷേത്രം,മധൂര്‍ മഹാഗണപതി ക്ഷേത്രം,കാസറഗോഡ് മല്ലികാര്‍ജ്ജുന ക്ഷേത്രം,മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്രം,പ്രമുഖ തീര്‍ത്ഥസ്നാന കേന്ദ്രമായ മുജുംഗാവ് എന്നിവ വ്യത്യസ്ഥങ്ങളായ ക്ഷേത്രങ്ങളാണ്.കൂടാതെ വിശ്വാസികള്‍ സന്ദര്‍ശിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളാണ്. വാണിയ വിഭാഗത്തിന്‍റെ സ്വന്തം ദേവാലയമായ പെര്‍ദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രംത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന സമൂഹ വിവാഹം ഏറെ പ്രസിദ്ധമാണ്.ആഴ്ച തോറും അല്ലെങ്കില് പ്രതിമാസം ഭജന സംഘടിപ്പിക്കുന്നു.മിക്ക ഭജനാമന്ദിരങ്ങളുടെയും ഭജകര്‍ കീഴ്ജാതിക്കാരാണ്..പുരന്ദര ദാസരുടെ ഭജനകള്‍ ഭക്തി പൂര്‍വ്വം ചൊല്ലി ഈശ്വരാരാധന നടത്തുന്നു.കൂടാതെ ബേളയിലെ കൃസ്ത്യന്‍ ദേവാലവും,തളങ്കരയിലെ മാലിക്ദീനാര്‍ പള്ളിയും ഏറെ പ്രസിദ്ധമാണ്.
നെല്‍കൃഷിയ്ക്കു പുറമെ തെങ്ങ് കമുക് കൃഷിയും ചെയ്തു വരുന്നു.ഒരു ഘട്ടത്തില്‍ അടയ്ക്കയ്ക്ക് നല്ല വില ലഭിച്ചതോടെ ഉയര്‍ന്ന ജീവിത നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന കമുക് കര്‍ഷകര്‍ക്ക് അടയ്ക്കയുടെ വിലയില്‍ പെട്ടെന്നുണ്ടായ ഇടിവ് തിരിച്ചടിയായി.
സ്കൂളുകളില്‍ കന്നഡ മലയാളം എന്നീ രണ്ട് ഡിവിഷനുകള്‍ ഉണ്ട്.ഇതിന് പ്രത്യേകം അദ്ധ്യാപകരും ഉണ്ടായിരിക്കും.കന്നഡ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അതിര്‍ത്തി പ്രദേശങ്ങളായ സുള്ള്യ,പുത്തൂര്‍,മംഗലാപുരം എന്നിവിടങ്ങളെ ആശ്രയിക്കുന്നു.വളരെ യേറെ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളുള്ള ഈ സ്ഥലത്ത് വിദ്യാഭ്യാസ നിലവാരവും വളരെ മെച്ചപ്പെട്ടതായതിനാല്‍.കാസറഗോഡ് ഗവണ്‍മെന്‍റ് കോളേജിനേക്കാ ള്‍വിദ്യാര്‍ത്ഥികല്‍ കര്‍ണ്ണാടകയിലെ വിദ്യാഭ്യാസം തേടിപ്പോകുന്നു.ഈ മുന്ന് സ്ഥലങ്ങലും ജില്ലയുടെ ആസ്ഥാനമായ കാസറഗോഡില്‍ നിന്ന് അമ്പതില്‍ താഴെ കിലോമീറ്റര്‍ ദൂരത്തിലാണ്.
ഏക പാര്‍ലമെന്‍റ് നിയോജകമണ്ഡലം വര്‍ഷങ്ങളായി ഇടത് പക്ഷ ജനാധിപത്യമുന്നണിയുടെ കൈയ്യിലാണ്.ഇതിന് മുഖ്യ കാരണം ചന്ദ്രഗിരി പുഴയ്ക്ക് തെക്ക് ഭാഗത്തുള്ള സ്വാധീന പ്രദേശങ്ങള്‍തന്നെ.കേരളതതില്‍ ബി ജെ പി യുടെ ഒരു ശക്തി കേന്ദ്രം കൂടിയാണ് കാസറഗോഡ്.കാസറഗോഡിലെ ഒമ്പതോളം പഞ്ചായത്തുകളുടെ ഭരണം ഒരു ഘട്ടത്തില്‍ ബി ജെ പി യുടെ കൈയ്യിലായിരുന്നു.കച്ചവടത്തില്‍ അദ്വിതീയരായ കൊങ്കണിമാരെ പിന്തള്ളി മുസ്ലീംങ്ങള്‍ വാണിജ്യ രംഗത്തും അതുപോലെ തന്നെ സാമൂഹ്യ രാഷ്ട്രീയ രംഗത്തും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ കുറവായതുകൊണ്ടു തന്നെ ആരോഗ്യമേഖലയില്‍ പകര്‍ച്ച വ്യധികളുടെയും മറ്റും വ്യാപനം കുറവാണ്.എന്നാല്‍ എന്‍ഡോസള്‍ഫാന്‍റെ സ്വന്തം നാട് എന്ന കുഖ്യാതി ഇന്നും കാസറഗോഡിന് സ്വന്തം.അഭിശപ്തമായ ഏതാനം എന്‍ഡോ സള്‍ഫ്നഇരകള്‍ ഇന്നും മനുഷ്യമനസ്സാക്ഷിയ്ക്ക് നേരേ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.കുന്നിന്‍ പ്രദേശങ്ങളില്‍ അനുകൂല സാഹചര്യങ്ങളില്‍ വളര്‍ത്താന്‍കഴിയുന്ന കശുമാവിന്‍ കൂട്ടങ്ങള്‍ സമൃദ്ധമായ കായ്ഫലം കനിയുന്നതിനായി കീടനാശിനിയായി ആകാശത്തുനിന്ന് പെയ്തിറങ്ങിയ ഒരു വിഷമഴയുടെ ബാക്കി പത്രം ഇന്നും ഈപ്രദേശത്തെ ഓരോ ജീവന്‍റെയും കണ്ണില്‍പ്രതിഫലിക്കുന്നു.ഭൂമിയില്‍ സ്വര്‍ഗ്ഗം എന്ന പേരില്‍ അറിയ്പപെടുന്ന എണ്മകജെ പഞ്ചായത്തിലെ പ്രദേശത്തെ നരകതുല്യമായ യാതനകള്‍ അനുഭവിക്കുന്ന ജീവന്‍റെ അംശങ്ങളെ ഞാന്‍ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്.
കാസറഗോഡ് ജില്ലയുടെ സമീപ പ്രദേശത്ത് ഉള്ള സൈകര്യങ്ങള്‍ ശ്രദ്ധേയമാണ്.അതിര്‍ത്തി കഴിഞ്ഞാല്‍,മണിപാല്‍ ആശുപത്രി,ആധുനിക സൌകര്യങ്ങളുള്ള മെഡിക്കല്‍ കോളേജാണ്.കാസറഗോഡ് ജില്ലക്കാര്‍ മെച്ചപ്പെട്ട ചികത്സയ്ക്കായി ആശ്രയിക്കുന്നത് മംഗലാപുരത്തെ ഈ മെഡിക്കല്‍ കോളേജിനെയാണ്.സര്‍വ മതസ്ഥരും ഒരു പോലെ വിശ്വസിക്കുന്ന ഉള്ളാല്‍ പള്ളി കാസറഗോഡ് അതിര്‍ത്തിയോട് ചേര്‍്നാണ്.സുപ്രസിദ്ധ ക്ഷേത്രങ്ങളായ ധര്‍മ്മ സ്ഥലം,സുബ്രഹ്മണ്യം,കൊല്ലൂര്‍,ഉഡുപ്പി എന്നിവ സമീപസ്ഥങ്ങളായ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.മംഗലാപുരം സിറ്റി കാസറഗോഡില്‍ നിന്ന് അരമണിക്കൂര്‍ ദൂരത്തിലാണ്.ആധുനികതയെ പ്രതിനിധാനം ചെയ്യുന്ന ഈ സിറ്റി ഇന്ത്യയിലെ മേജര്‍ സിറ്റികളെ അനുസ്മരിപ്പിക്കുന്നു.എയര്‍പോര്‍ട്ടും ഹാര്‍ബറും മറ്റു പ്രൊഫഷണല്‍,വിദ്യാഭ്യാസ സ്ഥാപനങ്ങളും മംഗലാപുരത്തിന്‍റെ മുഖ മുദ്രയാണ്.
കാസറഗോഡിലെ കോട്ടകള്‍ ഇക്കേരി നായ്ക്കന്‍മാരുടെ ഭരണ കാലഘട്ടത്തിന്‍റെ ശേഷിപ്പായി ഇന്ന് വിനോദ സഞ്ചാരികളുടെ ആകര്‍ഷണമാണ്.ബേക്കല്‍,ചെമ്മനാട്,കുമ്പള കോട്ടകള്‍ ഇവയില്‍ പ്രധാനപ്പെട്ടതാണ്.യോദ്ധാക്കള്‍ക്ക് ആരാധിക്കാനായി കോട്ടകാക്കുന്ന ഹനുമാന്‍ ദേവാലയങ്ങളും ഇതോടൊപ്പം കാണാം.ബേക്കല്‍ കോട്ട ഇന്ന് അന്താരാഷ്ട്ര ഖ്യാതി നേടിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.
നാനാത്വത്തില്‍ ഐക്യം എന്നതിന്‍റെ സംക്ഷിപ്തരൂപം ഈ സപ്തഭാഷാ സംഗമ ഭൂമിയില്‍ നമുക്ക് ദര്‍ശിക്കാം.മുന്‍കാലങ്ങളില്‍ ഈ പ്രദേശം കര്‍ണ്ണാടക സംസ്ഥാനവുമായി ലയിപ്പിക്കണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു.ഇന്ന് ജനങ്ങള്‍ മാനസികമായി കേരളത്തോട് അടുത്തിരിക്കുന്നു.മെച്ചപ്പെട്ട ജീവിത സാഹചര്യവും സൌകര്യങ്ങളും അതിര്‍ത്തി ജില്ലയാണെങ്കില്‍ത്തന്നെ കാസറഗോഡിന് ലഭ്യമാമെന്ന് ജനം തിരിച്ചറിഞ്ഞതിനാലാകാം കാര്‍ണ്ണാടക സമിതയെപോലുള്ള സമിതികളുടെ പ്രവര്‍ത്തനം ഇന്ന് സജീവമല്ല.കര്‍ണ്ണാടകയിലെ അതിര്‍ത്തി പ്രദേശമായ ഒരു പഞ്ചായത്തില്‍ നിന്ന് പഠനത്തിനായി വന്ന ഒരു കൂട്ടം ജന പ്രതിനിധികള്‍ ഇവിടത്തെ ജനാധിപത്യ സംവിധാനങ്ങും വ്യവസ്ഥിതികളും കണ്ട് അദ്ഭുത പരതന്ത്രരായത് ഞാന്‍ നേരിട്ടറിഞ്ഞിട്ടുള്ളതാണ്.ഇടയ്ക്ക് ചില ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനത്താല്‍ സാമുദായക സംഘര്‍ഷങ്ങളൊക്കെ ഉണ്ടെങ്കിലും കാസറഗോഡ് ഇന്ന് പൊതുവെ ശാന്താമാണ്.പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമായതിനാലാകാം പുരോഗതിയുടെ പടവുകള്‍ ഏറെ താണ്ടിയിട്ടില്ലാത്തതിനാലാകാം ഇന്നും നിഷ്കളങ്കതയും നന്മയും കാത്തു സൂക്ഷിക്കുന്നവരാണ് കാസറഗോഡുകാര്‍.എല്ലാ സംസ്കാരങ്ങളെയും സ്വീകരിക്കാനും അംഗീകരിക്കാനും അവര്‍ തയ്യാറാണ്.
യക്ഷഗാനവും,ഭജനയും,ഭാഷാ വൈവിദ്ധ്യവും നിറഞ്ഞ ആ ഗൃഹാതുരത്വ സ്മരണ എന്നില്‍ ഇന്നും എന്നും തുളുംബി നില്‍ക്കും അതു കൊണ്ടു തന്നെയാണ്.ഈ സുദിനത്തില്‍ കാസറഗോഡിനെ പറ്റി രണ്ട് വാക്കുകളെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും
Subscribe to:
Post Comments (Atom)
No comments:
Post a Comment