Tuesday, November 29, 2011
കേരളോത്സവം
സംസ്ഥാന യുവജന ക്ഷമ ബോര്‍ഡും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി എല്ലാ വര്‍ഷവും നടത്തിവരുന്ന കേരളോത്സവ മത്സരങ്ങള്‍ ശുഷ്കമായ പങ്കാളിത്തം കൊണ്ടുതന്നെ ഒരു ചടങ്ങായി മാറുന്നു.ഗ്രാമീണ മേഖലയില്‍ അവസരം ലഭിക്കാതിരിക്കുന്ന യുവ പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുക എന്ന സദുദ്ദേശ്യത്തോടെ നടത്തപ്പെടുന്ന കേരളോത്സവ മത്സരങ്ങള്‍ ബന്ധപ്പെട്ടവരുടെ അനാസ്ഥകാരണം അതിന്‍റെ ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ല.യുവജന ക്ഷേമ ബോര്‍ഡില്‍നിന്ന് കേരളോത്സവത്തിന്‍റെ നടത്തിപ്പിനായി ലഭിക്കുന്ന പതിനായിരം രൂപ പര്യപ്തമല്ല എന്നതാണ് മുഖ്യ കാരണമായി പറയപ്പെടുന്നത്.കേരളോത്സവം സംഘടിപ്പിക്കണമെന്ന അറിയിപ്പ് സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നത് തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നു.നല്ല രീതിയില്‍ കേരളോത്സവ മാന്യുവലില്‍ സൂചിപ്പിച്ച പ്രകാരം മത്സരങ്ങള്‍ സംഘടിപ്പിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം അമ്പതിനായിരം രൂപയെങ്കിലും വേണം.പിരിവ് നടത്തി കേരളോത്സവം നടത്താന്‍ പലരും തയ്യാറല്ല.നികുതി പരിഷ്കണവും ,സ്കൂള്‍ യുവജനോത്സവം,പാര്‍ട്ടി സമ്മേളനങ്ങള്‍ എന്നിവയ്ക്കുള്ള പിരിവ് എന്നിവകൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനങ്ങളെ കേരളോത്സവത്തിന്‍റെ പേരില്‍ ബുദ്ധിമുട്ടാക്കാന്‍ ആരും തയ്യാറാകില്ല.സന്നദ്ധ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥതയും അനുദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കേരളോത്സവങ്ങളുടെ സംഘാടനം ബാലികേറാമലതന്നെയാണ്.പലരും താത്പര്യത്തോടെ ഇറങ്ങിത്തിരിക്കുന്നുണ്ടെങ്കിലും കയ്പേറിയ അനുഭവങ്ങളാണ് അവരെ കാത്തിരിക്കുന്നത്.ഫുട്ബോള്‍ മത്സരങ്ങളുടെ ലൈന്‍ റഫ്രിയ്ക്കുപോലും മത്സരത്തിന് ശേഷം പ്രതിഫലം നല്‍കേണ്ടിവരുന്നു.നാടിന്‍റെ ഉത്സവമായിക്കണ്ട് സംഘാടനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്നവര്‍ വിരലിലെണ്ണാവുന്നതു മാത്രമാണ്. അറുപതുകളിലും എഴുപതുകളിലും സജീവമായിരുന്ന കലാസമിതികളുടെ പ്രവര്‍ത്തനം എണ്‍പതുകളുടെ ആരംഭത്തോടെത്തന്നെ അപ്രത്യമായിത്തുടങ്ങിയിരുന്നു.എന്‍റെ ബാല്യകാലത്തില്‍ രാവു പുലരുവോളം നടത്തിയിരുന്ന ക്ലബ്ബ് വാര്‍ഷികങ്ങളും സ്കൂള്‍ഡേകളും സജീവമായിരുന്നു.നാട്ടുകാരിലെ സഹൃദയരും അയല്‍ക്കാരും നടത്തുന്ന കലാപ്രകടനങ്ങള്‍ കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുമായിരുന്നു.സിനിമയിലെയും സീരിയലിലെയും നടന്‍മാരെപ്പോലെ നല്ല ഗ്ലാമറോടെ നടന്ന കലാകരന്‍മാ ര്‍നമുക്കിടയില്‍ത്തന്നെ ഉണ്ടായിരുന്നു.അതൊക്കെ അന്തക്കാലം.എണ്‍പതുകളുടെ അവസാനത്തോടെയാണ് കേരളോത്സവം രംഗപ്രവേശം നടത്തുന്നത്.ഇരു കൈകളും നീട്ടിയാണ് ജനങ്ങള്‍ ഇത് സ്വീകരിച്ചത്.എന്‍റെ പഞ്ചായത്തില്‍ എന്തൊരാവേശത്തോടെയായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.കേരളോത്സവത്തിന്‍റെ അറിയിപ്പ് ലഭിക്കുന്നതോടെ ക്ലബ്ബുകള്‍ സജീവമാകുന്നു.നാടകത്തിന്‍റെ സ്ക്രിപ്റ്റ് അന്വേഷണം നടക്കുന്നു,സംവിധായകരെ അന്വേഷിക്കുന്നു.കായികതാരങ്ങള്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നു.സ്ത്രീകളും മറ്റും തിരുവാതിര ഒപ്പന എന്നീമത്സരങ്ങളുടെ പരിശീലനത്തിലേര്‍പ്പെടുന്നു.കഴിവുള്ളവരെ തങ്ങളുടെ ക്ലബ്ബിലേയ്ക്ക് ആനയിക്കാനുള്ള ശ്രമത്തില്‍ ക്ലബ്ബ് ഭാരവാഹികള്‍ നടക്കുന്നു.സ്കൂളിലെ ഡ്രോയിംഗ് മാഷും,പി ടി മാഷും കണ്‍വീനര്‍മാരാകുന്നു.മത്സരം ആവേശം ട്രോഫികള്,വിജയാരവങ്ങള്‍,എന്തൊരാഘോഷമാണ്.പിന്നീട് ബ്ലോക്ക് തല മത്സരമാകുമ്പോള്‍ എല്ലാവരും മാത്സര്യം മറന്ന് ഒന്നിച്ച് പഞ്ചായത്തിന് വേണ്ടി മത്സരിക്കുന്നു.ഒരു കേരളോത്സവത്തില്‍ ഓരോ ക്ലബ്ബിനും പതിനായിരക്കണക്കിന് രൂപയുടെ ചിലവാണ്.നാടിന്‍റെ തന്നെ ഉത്സവമായതിനാല്‍ നാട്ടുകാര്‍ അകമഴിഞ്ഞ് സഹായിക്കുന്നു.മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് സഹായികളായി മുതിര്‍ന്നവരും റിഹേഴ്സലിലും മറ്റും പങ്കെടുക്കുന്നു.അങ്ങനെ അവരും ഈ ആഘോഷത്തില്‍ പങ്കാളികളാകുന്നു.സഹായങ്ങള്‍ സാമ്പത്തികമായി മാത്രമല്ല ഭക്ഷണമായും സംരക്ഷണമായും പലതരത്തിലും ഈ സഹായങ്ങള്‍ വരുന്നു.അങ്ങനെയാണ് നാടിന്‍റെ ആഘോഷമായി കേരളോത്സവം മാറുന്നത്.എന്‍റെ പഞ്ചായത്തിനെ സംബന്ധിച്ചടുത്തോളം ഏറ്റവും ഗ്ലാമറുള്ള ഇനം നാടകമായിരുന്നു.വൈകുന്നേരം ആരംഭിക്കുന്ന നാടക മത്സരങ്ങള്‍ പുലര്‍ന്നാലും അവസാനിക്കില്ല.അത്രയ്ക്ക് കൂടുതലായിരുന്നു പങ്കാളിത്തം.നാടകരംഗത്തെ വിദഗ്ദ്ധര്‍ വിധികര്‍ത്താക്കളായെത്തുന്നു.രാത്രി ഒരു പോള കണ്ണടയ്ക്കാതെ ചായ കുടിച്ചും ബീഡി വലിച്ചും മഞ്ഞത്ത് തലയില്‍ തുണിയും പുതച്ച് അവര്‍ നാടകങ്ങളെ വിലയിരുത്തുന്നു.ഇവര്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീഴാതിരിക്കാന്‍ ക്ലബ്ബ് അംഗങ്ങള്‍ ശ്രദ്ധിയ്ക്കും ഉറക്കം തൂങ്ങുന്നു എന്ന സംശയമുണ്ടായാല്‍ മതി അവരെ ഉണര്‍ത്താനുള്ള വിദ്യകള്‍ അവരുടെ പക്കലുണ്ട്.ചിലര്‍ ചായയോ ബീഡിയോ സല്‍ക്കരിക്കും മറ്റു ചിലര്‍ പിന്നി ല്‍നിന്ന് കൊച്ച് കല്ല് എറിയും.പഞ്ചായത്തില്‍ നാടകത്തിന്‍റെ തട്ടകമെന്ന് വിശേഷിക്കപ്പെടുന്ന കാടകം തന്നെയാണ് ആദ്യ കാലങ്ങളില്‍ പഞ്ചായത്തില്‍ നാടകത്തിന്‍റെ തലതൊട്ടപ്പന്മാര്‍ എന്നാല്‍ കേരളോത്സവ മത്സരങ്ങള്‍ ആരംഭിച്ചതോടെ സമീപ പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളില്‍ നിന്ന് മികച്ച നാടകങ്ങള്‍ വരാന്‍തുടങ്ങി.അങ്ങനെ നാട്ടില്‍ കുറേ പുതിയ നടന്‍മാരും നടികളും സംവിധായകരും,ദീപ നിയന്ത്രകരും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.ഇന്ന് കാരഡുക്ക പഞ്ചായത്തില്‍ നല്ല നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന അഞ്ചിലേറെ കലാസമിതികള്‍ ഉണ്ട് എന്നുള്ളത് വാസ്തവമാണ്.ഇതിനൊക്കെക്കാരണം അവസരം ഉണ്ടായതാണ്.അധികൃതരുടെയും ഭരണാധിപന്‍മാരുടെയും കര്‍ത്തവ്യം നാടിന്‍റെ നന്മയ്ക്ക് വേണ്ടിയുള്ള അവസരങ്ങള്‍ ഒരുക്കുക എന്നുള്ളതാണ്.അവസരങ്ങള്‍ ഉണ്ടായാല്‍ മാത്രമെ നല്ല കായികതാരങ്ങളും കലാകാരന്മാരും കലാകാരികളും,നേതൃത്വ ശേഷിയുള്ളവരും സമൂഹത്തിന്‍റെ മുന്‍നിരയിലേയ്ക്ക് വരികയുള്ളൂ.ഇവരൊക്കെ അത്യുന്നതങ്ങളില്‍ എത്തണമെന്നില്ല.നമ്മുടെ ഉദ്ദേശ്യം അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് എത്തിയ്ക്കുക എന്നുള്ളതായിരിക്കണം.മുഖ്യധാരയിലെത്തിക്കഴിഞ്ഞാല്‍ അവര്‍സ്വയം സമൂഹ നന്മയ്ക്ക് കാരണീഭൂതരാകുന്ന മേഖലകള്‍ കണ്ടെത്തിക്കൊള്ളും.യുവാക്കള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് അവരില്‍ അന്തര്‍ലീനമായിരിക്കുന്ന ഊര്‍ജ്ജം സമൂഹത്തിന്‍റെ പ്രതിലോമകരമായ വിഷയങ്ങളിലേയ്ക്ക് തിരിയുന്നത്.എല്ലാ വ്യക്തികളിലും എന്തെങ്കിലും കഴിവുണ്ടായിരിക്കും അത് സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടാനും അതുമൂലം സമൂഹത്തിന്‍റെ അംഗീകാരം വാങ്ങുന്നതിനും ആ വ്യക്തിയ്ക്ക് അവസരമുണ്ടാകണം അങ്ങനെ ആ വ്യക്തി സ്വന്തമായ അസ്ഥിത്വം സമൂഹത്തില്‍ നേടിയെടുക്കുകയും ഒരു സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയായി അയാള്‍ മാറുകയും ചെയ്യുന്നു.മറിച്ചാകുമ്പോഴാണ്.വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കും,പ്രതിലോമകരമായ വിഷയങ്ങള്‍ക്കുമായി അവന്‍കാത്തിരിക്കുന്നത്.നമ്മെ കൂടുതല്‍ വിഷമിപ്പിക്കുന്ന മറ്റൊരു യാഥാര്ത്ഥ്യം ഇന്ന് കലാസമിതികള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ശാഖയായി വളരുന്നു എന്നുള്ളതാണ്.ഗ്രീന്‍സ്റ്റാര്‍ റെ സ്റ്റാര്‍,വീര കേസരി എന്നീ നാമങ്ങള്‍ ഒരു കലാ കായിക സമിതിയുടെ പേരിനുപരിയായി മറ്റെന്തൊക്കെയോ വിളിച്ചോതുന്നു.കലയും സ്പോര്‍ട്സും സംസ്കാരവും രാഷ്ട്രീയത്തിനതീതമായിരിക്കണം.അത് നാടിന്‍റെ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശത്തിന്‍റെ സ്പന്ദനമായിരിക്കണം.
മേളകളെ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും,വ്യക്തിവൈരാഗ്യങ്ങള്‍ക്കും,പകപോക്കലിന്‍റെയും,ധനാഗമമാര്‍ഗ്ഗമായും,കുത്സിത പ്രവര്‍ത്തനങ്ങളുടെ വേദിയായും മാറ്റാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില വ്യക്തികളുടെ പ്രവര്‍ത്തനമാണ് ഇത്തരം മേളകളുടെ വിജയകരമായ സംഘാടനത്തിന് വിഘാതമായി നില്‍ക്കുന്നത്.ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തുന്നതിന് സാമൂഹ്യ പ്രതിബദ്ധതയുള്ല നേതൃനിരയിലുള്ളവര്‍ ഒന്നിക്കണം.എങ്കില്‍ മാത്രമെ സദുദ്ദേശ്യപരമായി നടത്തപ്പെടുന്ന കേരളോത്സവം പോലുള്ള മേളകള്‍ അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയുള്ളൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment