Monday, November 14, 2011
സൌമ്യ വധക്കേസില്‍ തൃശൂരിലെ അതിവേഗ കോടതി പ്രതി ഗോവിന്ദചാമിയ്ക്ക് വധശിക്ഷ വിധിച്ചത് മാധ്യമങ്ങളും പൊതു സമൂഹവും സ്വാഗതം ചെയ്തിരിക്കുന്നു.അത്യന്തം നിഷ്ഠൂരവും പൈശാചികവുമായ പ്രതിയുടെ ചെയ്തിയ്ക്ക് അര്‍ഹിച്ച ശിക്ഷതന്നെ ലഭിച്ചിരിക്കുന്നു.പാവപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ ആശയും ആകാംക്ഷകളും സ്വപ്നങ്ങളും ആ പൈശാചികതയ്ക്ക് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി. പെണ്‍ കുട്ടിയുടെ മാതാവിനും സഹോദരനും ഇത് താങ്ങാവുന്നതിലേറെയാണ്.ആ വേദന കേരള സമൂഹം ഏറ്റെടുത്തതിന്‍റെ നിദര്‍ശനമാണ് പ്രതിയ്ക്ക് ശിക്ഷ ലഭിച്ചതറിഞ്ഞുള്ള ഈ ആഹ്ലാദം.സമൂഹത്തിലെ ദുര്‍ബലരും നിരാലംബരുമായ വിഭാഗങ്ങള്‍ക്ക് ഈ വിധി ആശ്വാസദായകമാണ്.വധശിക്ഷ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെങ്കിലും പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കുമ്പോഴാണ് പരാതിക്കാര്‍ക്ക് നീതി ലഭിക്കുക.
കുടുംബത്തിന് താങ്ങാകുന്നതിന് സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ ജോലി ചെയ്യാന്‍വിധിക്കപ്പെടുന്നവര്‍,രാത്രിയുടെ യാമങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികള്‍,കാമാതുരമായ കണ്ണുകള്‍ക്കു മുന്നില്‍ നിസ്സഹായരായി പകച്ചു നില്‍ക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍,നെഞ്ചിലേറ്റി ലാളിച്ച് വളര്‍ത്തിയ മക്കളെ ജോലിയ്ക്ക് വിടേണ്ടിവരുന്ന മാതാപിതാക്കള്‍,വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികളുടെ അച്ഛനമ്മമാരുടെ ആശങ്കകള്‍,ഇവരുടെ എല്ലാം വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ജഡ്ജ് ശ്രീ രവീന്ദ്രബാബു വിധി പ്രസ്താവിച്ചിരിക്കുന്നത്.
എവിടെയൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്ന പലതും ഈ വിഷയിത്തില്‍ ഒളിഞ്ഞിരിക്കുന്നു.ട്രെയിനിലെ യാത്രകള്‍ തന്നെ എടുത്താല്‍,എന്തൊക്കെ വൈകൃതങ്ങളാണ് കണ്ടുവരുന്നത്.സ്ത്രീകളുടെ സാന്നിദ്ധ്യത്തിനനുസരിച്ച് കംപാര്‍ട്ട്മെന്‍റുകള്‍,തിരഞ്ഞെടുക്കുന്ന പുരുഷന്‍മാര്‍,അടുത്തിരിക്കുമ്പോള്‍ സ്പര്‍ശിക്കാനായി നീണ്ട് വരുന്ന കൈകാലുകള്‍,ഇമവെട്ടാതെ തുറിച്ച് നോക്കുന്ന കാമാതുരമായ കണ്ണുകള്‍.ഇതൊക്കെ തിങ്ങി നിറഞ്ഞ ട്രെയിനിലെ കാഴ്ചയാണ്.ഇക്കുട്ടര്‍ക്ക് പ്രായ ഭേദമില്ല.ചെറുപ്പക്കാരും മദ്ധ്യ വയസ്കരും വൃദ്ധരും മാന്യതയുടെ മൂടുപടമണിഞ്ഞവരും.ഏതു വിഭാഗത്തില്‍ നിന്നും വേണമെങ്കിലും ഇത് പ്രതീക്ഷിക്കാം.ഈ വൈകൃതങ്ങള്‍ക്ക് സ്ത്രീയുടെ കൂടെയിരിക്കുന്ന ഭര്‍ത്താവിന്‍റെയോ അമ്മയുടെയോ കുട്ടികളുടെയോ സാന്നിദ്ധ്യം ഒരു തടസ്സമാകുന്നില്ല.ഇക്കൂട്ടര്‍ കൂടുതല്‍ പൈശൈചിക തലങ്ങളിലേയ്ക്ക് കടക്കാതിരിക്കുന്നത് ധൈര്യക്കുറവുകൊണ്ടാകാം,ഭവിഷ്യത്തുകള്‍ ആലോചിച്ചിട്ടാകാം.ട്രെയിനിലും ബസ്സിലും സ്ഥിരം യാത്രചെയ്യുന്നവര്‍ക്ക് ഇത് ഒരു സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു.ഒച്ചപാടും ബഹളവും വേണ്ട എന്ന് വിചാരിച്ച് പലരും ഇത് സഹിക്കുന്നു.ചുരുക്കം ചിലര്‍ പ്രതികരിക്കുന്നു.പ്രതികരിച്ചാല്‍ വലിയ വാര്‍ത്തയായി.ആ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ച് കൂടുതല്‍,നാണക്കേടിലേയ്ക്ക് തള്ളി വിടുന്നു.
ഇത് ഒരു ചെറുകഥയാണെങ്കില്‍ ഗോവിന്ദചാമിയുടെ ചെയ്തികള്,ഒരു നോവലായി പരിഗണിക്കാം.ഒഴിഞ്ഞ കംപാര്‍ട്ട്മെന്‍റില്‍,അബലയും നിസ്സഹായയുമായ ഒരു പെണ്‍കുട്ടി.പല തവണ ശിക്ഷകള്‍ ഏറ്റു വാങ്ങി.ഒന്നും നഷ്ടപ്പെടാനില്ല.തന്‍റെ ഉള്ളിലുറങ്ങുന്ന പൈശാചികത കെട്ടു പൊട്ടിച്ച് പുറത്തുവരാന്‍ ഇത്രയൊക്കെ മതി.പക്ഷെ അതിന് ഇത്ര പെട്ടെന്ന് ഇത്ര വലിയ ശിക്ഷ ഗോവിന്ദചാമി പോലും പ്രതീക്ഷിച്ചിരിക്കില്ല.ഇത്തരം തെറ്റു ചെയതയാള്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിയ്ക്കണം.അതിലുപരി ആ ശിക്ഷാ നടപടി വഴിതെറ്റി പോകുന്ന സമൂഹത്തിന് വഴികാട്ടിയാകണം.ശിക്ഷാ വിധിയെ ആഹ്ലാദാരവങ്ങള്‍ കൊണ്ട് സ്വീകരിക്കുമ്പോഴും,പ്രതിയെ ചെരുപ്പെടുത്തെറിയുമ്പോഴും,ആക്രോശിക്കുമ്പോഴും പരിഷ്കൃതമായ നമ്മുടെ സമൂഹത്തിന്‍റെ ശ്രദ്ധ സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറേണ്ടതിലേയ്ക്കും കൂടി ആകര്‍ഷിക്കപ്പെടേണ്ടതുണ്ട്.നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ പേരില്‍,മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കൈകടുത്തുന്ന ചെയ്തികളില്‍ നിന്ന് മുക്തമായെങ്കിലേ ഒരു സമൂഹത്തെ പരിഷ്കൃത സമൂഹമായി അംഗീകരിക്കാന്‍ കഴിയുകയുള്ലൂ.
അതോടൊപ്പം ഉണ്ണിയേശുവിനെയും ബ്രൂട്ടസിനെയും വരയ്ക്കാനായി മാതൃകകള്‍ അന്വേഷിച്ച് നടന്ന ചിത്രകാരന്‍,മാതൃകയായി ഒരു വ്യക്തിയെ തന്നെ കണ്ടെത്തിയ കഥയുടെ സാരവും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.നിഷ്കളങ്കതയുടെയും നൈര്‍മല്യത്തിന്‍റെയും പ്രതിരൂപമായ കൊച്ചു കുട്ടി,സമൂഹത്തില്‍ വളര്‍ന്ന് വലുതായി തിന്മ നന്മകളിലൂടെ സഞ്ചരിച്ച് അവസാനം ക്രൂരതയുടെയും പൈശാചികതയുടെയും പ്രതിരൂപമായി മാറുന്നു.എല്ലാ ക്രൂരതയ്ക്ക് പിന്നിലും കരുണാര്‍ദ്രവും കരളലിയിപ്പിക്കുന്നതുമായ കാരണങ്ങളുമാണ്ടാകാം ഗോവിന്ദചാമിയെ പോലുള്ളവരെ സ്വഭാവ രൂപീകരണം നടത്തുന്നത് നമ്മുടെ സമൂഹം തന്നെയാണ്.ഇല്ലായ്മയുടെയും അവഹേളനകളുടെയും ഒറ്റപെടുത്തലുകളുടെയും സ്വാര്‍ത്ഥതയുടെയും ലോകത്തോട് പ്രതികാര മനസ്ഥിതിയും പുച്ഛവും ഒരു ക്രമിനലിന് തോന്നിയേക്കാം.വിധിയെ പുച്ഛത്തോടെ ചിരിച്ചു തള്ളിയ ഗോവിന്ദചാമിയുടെ വികാരവും അതുതന്നെയായേക്കാം.
സമൂഹത്തില്‍ ഇത്തരം ഗോവിന്ദചാമികള്‍,ഉണ്ടാകാതിരിക്കട്ടെയെന്നും തിന്മകളൊഴിഞ്ഞ് നന്മ നിറയെട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം
Subscribe to:
Post Comments (Atom)
No comments:
Post a Comment