Saturday, December 7, 2013

അണ്ങ്ങ് ഏലിയാസ് പ്രേതം

സുകുമാരന്‍ പ്രൈമറി ക്ലാസ്സുകളില്‍, എന്‍റെ അടുത്ത സുഹൃത്തായിരുന്നു.പേരുപോലെത്തന്നെ സൌകുമാര്യമുള്ള മുഖം.ഏഴു മക്കളുള്ല അച്ഛനുമമ്മയ്ക്കും എട്ടാമനായി പിറന്ന സുകുമാരന്‍ ജനിച്ച് അധികം കഴിയുന്നതിനുമുമ്പു തന്നെ എളേപ്പനായി(ചെറിയച്ഛന്‍).തന്‍റെ മൂത്ത         സഹോദരന്‍റെ     മകള്‍, ശാന്തയെയും കൂട്ടി സുകുമാരന്‍, സ്കൂളില്‍, വരും.ശാന്തയെ സ്കൂളില്‍ ചേര്‍ത്തിരുന്നില്ല എന്നാലും എളേപ്പനോടൊപ്പം സന്തോഷപൂര്‍വ്വം ശാന്ത എന്ന കുസൃതി കുടുക്ക ക്ലാസ്സില്‍, വരുമായിരുന്നു. സൂകുമാരന് അധികം സുഹൃത്തുക്കളാരും ഇല്ലായിരുന്നു.തന്‍റെ സഹോദരങ്ങളെ അപേക്ഷിച്ച് നല്ല വെളുത്ത കുട്ടപ്പനായിരുന്നു സുകുമാരന്‍.നല്ല വടിവൊത്ത അക്ഷരത്തോടെ എഴുതുമെങ്കിലും സുകു,പഠനത്തില്‍ വലിയ നിലവാരം പുലര്‍ത്തിയിരുന്നില്ല.കഠിനമായ കളികളില്‍ ഏര്‍പ്പെടാനും സാഹസികമായ കാര്യങ്ങള്‍ ചെയ്യാനും,കെല്‍പി  ല്ലാത്തതിനാലാകാം അതേ ഗണത്തില്‍,പെട്ട എന്നെ സുകുമാരന്‍ സുഹൃത്തായി തിരഞ്ഞെടുത്തത്. 
സുകുമാരന്‍റെ പ്രധാന ശീലം മരണത്തെ പറ്റി സംസാരിക്കുക എന്നാതായിരുന്നു.അല്ലെങ്കില്‍ തന്നെ പേടിത്തൊണ്ടനായ എന്നെ സുകുമാരന്‍റെ കഥകള്‍, വല്ലാതെ പേടിപ്പെടുത്തിക്കൊണ്ടിരുന്നു.ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയില്‍,പോകണമെങ്കില്‍ പരസഹായം വേണ്ടിയിരുന്ന എന്‍റെ  അവസ്ഥ സുകുമാരന്‍,കൂടുതല്‍ വഷളാക്കി.മരണവും മരണാനന്തരം അണ്ങ്ങ് (പ്രേതം) ആയി മാറുന്ന കാര്യവും സുകുമാരന്‍റെ ഇഷ്ട വിഷയങ്ങളാണ്.

 ഒരു ദിവസം സുകുമരന്‍ ക്ലാസ്സില്‍, വന്ന് വലിയ ഭാവ വ്യത്യാസമൊന്നുമില്ലാതെ എന്നോട് പറഞ്ഞു

 ഇന്ന് എന്‍റെ അമ്മ ചത്തു.... 

ഞാന്‍ അത് ശരിയായിരിക്കാമെന്ന് വിചാരിക്കുകയും അതിന്‍റെ ഭീകരതയൊക്കെ മനസ്സില്‍കണ്ട് അങ്ങനെയിരിക്കുമ്പോഴാണ് പിന്‍ബഞ്ചില്‍,നിന്നും സുകുമാരന്‍ വീണ്ടും വിളിക്കുന്നു.അവന്‍ പുറത്തേയ്ക്ക് വിരല്‍ ചുണ്ടി തലയില്‍,പാത്രവും പാത്രത്തില്‍ അലക്കാനുള്ള തുണിയുമായി നടന്നു നീങ്ങുന്ന തന്‍റെ അമ്മയെ കാണിച്ചു തന്നു.

 അപ്പോ സുകു അല്ലെ പറഞ്ഞത് രാവിലെ അമ്മ ചത്തൂന്ന്... അതെന്‍റെ അമ്മയല്ല അമ്മേരമ്മ...ഇത്രയും പറഞ്ഞ് സുകു ബെഞ്ചില്‍ പോയിരുന്നു.

 മറ്റൊരു ദിവസം രാവിലെ സുകുമാരന്‍ ഓടിവന്ന് എന്നോടു പറഞ്ഞു. രാവിലെ ശാന്തേരമ്മ ചത്തു. സുകുവിന്‍റെ കൂടെ നടന്ന് കുസൃതി കാണിക്കുന്ന ശാന്തയെ ഞാന്‍,വിഷമത്തോടെ നോക്കി.കുറച്ചു കഴിഞ്ഞപ്പോള്‍ തോട്ടിലേയ്ക്ക് തുണിയലക്കാന്‍,പോകുന്ന ശാന്തേടെ അമ്മയെ സുകു കാണിച്ചു തന്നു.അതോടൊപ്പം രാവിലെ പറഞ്ഞ കാര്യം ശാന്തേടെ അമ്മേടെ അമ്മയെ കുറിച്ചാണെന്നും സുകുമാരന്‍ തിരുത്തി.

ഗംഗാധരന്‍റെ മുതുകത്ത് കണ്ട് മൂന്ന് ഉരഞ്ഞവരകള്‍.അണ്ങ്ങ് മാന്തിയതാണെന്ന് സുകുമാരന്‍ വിധിയെഴുതി.

ഇത്തരം മരണത്തിന്‍റെ നേമ്പോക്കുകളും അണ്ങ്ങിന്‍റെ (പ്രേതം) കഥകളുമായി സുകുമാരന്‍ എന്നെ കുഴപ്പത്തിലാക്കിക്കൊണ്ടിരുന്നു. ഞങ്ങള്‍ മീത്തലെ സ്കൂളിലെത്തി (യു പി സ്കൂള്‍ )

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം വാര്‍ത്ത പരന്നു.

സുകുമാരന്‍ മരിച്ചു.ജ്യേഷ്ഠന്റെ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍,കളിക്കുകയായിരുന്ന സുകുമരന്‍റെ സാന്നിദ്ധ്യം അറിയാതെ ലോറി പുറകോട്ടെടുത്തപ്പോള്‍ വീടിന്‍റെ മേല്‍ക്കീരയില്‍,തട്ടിയായിരുന്നു സുകുവിന്‍റെ അന്ത്യം.ഇത് സുകുമാരന്‍റെ മറ്റൊരു കഥയായിരിക്കുമെന്ന് മാത്രമെ ചെറിയ കുട്ടിയായ എനിയ്ക്ക് അപ്പോള്‍,തോന്നിയുള്ളൂ. ഞാന്‍ കൂടുതല്‍, ഭയപ്പെടുമെന്ന് തോന്നിയിട്ടായിരിക്കാം എന്നെ സുകുവിന്‍റെ   വീട്ടിലേയ്ക്ക് ബോഡി കാണിക്കാന്‍ കൊണ്ടു പോയിരുന്നില്ല.മരണവാര്‍ത്തയെ പറ്റി പറഞ്ഞപ്പോള്‍ സുകുമാരനെ കാണാന്‍,സുരേഷ് പോയില്ലായോ എന്ന് ഗ്രേസി ടീച്ചര്‍ ചോദിച്ചു.എന്‍റെയും സുകുമാരന്‍റെയും ഇരിപ്പ് വശം വച്ചാണ് ഗ്രേസിടീച്ചര്‍ ഇങ്ങനെ ചോദിച്ചത്.അടുത്ത പ്രവൃത്തി ദിവസം സ്കൂളിന് അവധിയായപ്പോഴും സുകുമാരന്‍രെ അസാന്നിദ്ധ്യവും എന്നെ യാഥാര്ത്ഥ്യ ത്തിലേയ്ക്ക് നയിച്ചു.യാഥാര്‍ത്ഥ്യത്തോടടത്തുപ്പോള്‍, എനിയ്ക്ക് ഭയം തോന്നിത്തുടങ്ങി.മരിച്ച സുകുമാരന്‍ അണ്ങ്ങായി വരുമോ എന്നായി എന്‍റെ ഭയം. എന്‍റെ അടുത്ത സുഹൃത്തായതിനാല്‍, എന്തായാലുംസുകുമാരന്‍റെ അണ്ങ്ങ് എന്നെ സമീപിക്കാതിരിക്കില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി.ഭയം എന്നില്‍ പൂര്‍വ്വാധികം ശക്തിപ്പെട്ടു.പകലുപോലും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാന്‍ എനിയ്ക്ക് കഴിയാതെയായി. 

ഒരു ദിവസം സന്ധ്യയ്ക്ക് കുറച്ച് തക്കാളിയും പച്ചമുളകും വാങ്ങാന്‍ എന്നെ നിര്ബനന്ധിച്ച് അമ്മ പറഞ്ഞയച്ചു.തിരകെ വീട്ടിലെത്താറായപ്പോള്‍ നേരം ഇരുട്ടിയിരുന്നു.തെരുവ് വിളക്കൊന്നും ഇല്ലാത്ത കാലമാണ്.വീടിനടുത്തെത്താറായപ്പോള്‍ അതാ എന്‍റെ എതിര്‍ദിശയില്‍,ഒരു വെളുത്ത രൂപം വരുന്നു.എന്‍റെ കൈയ്യും കാലും വിറയ്ക്കാന്‍,തുടങ്ങി.പേടികൊണ്ട് ഞാന്‍ വേലിയ്ക്കരികിലേയ്ക്ക് ചേര്‍ന്ന് നടന്നു.

എന്‍റെ അങ്കലാപ്പ് കണ്ട് അണ്ങ്ങ് ചോദിച്ചു. എന്ത്യേന...(എന്താണ്) 

അതെ.... അതേ ശബ്ദം ഇത് സുകുമാരന്‍റെ അണ്ങ്ങ് തന്നെ. ഞാന്‍ വലിയ വായില്‍, നിലവിളിച്ചു.

 അബ്ബേ................... 

കൈയ്യിലെ തക്കാളിയും പച്ചമുളകും അതിനെ ബന്ധിച്ച ചാക്കു നൂലും കടന്ന് പുറത്ത് തെറിച്ചു.ഞാന്‍ വേലിയോട് ചേര്‍ന്ന് ഇരിക്കുകയാണ്. ശബ്ദം കേട്ട് അണ്ങ്ങിനോടൊപ്പം അടുത്തുള്ല കുറച്ചു പേര്‍ ഓടിക്കൂടി.കണ്ട് പേടിച്ചതാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.ഒരാളുടെ കൈയ്യിലുണ്ടായിരുന്ന ടോര്‍ച്ച് അണ്ങ്ങിന്‍റെ മുഖത്ത് പതിഞ്ഞപ്പോഴാണ് മനസ്സിലായത് അത് തൊട്ടടുത്ത വീട്ടിലെ ലീലാമ്മയാണെന്ന്.

വീട്ടിലെത്തി വയറു നിറയെ വെള്ളം കുടിച്ച് അത്താഴം കൂടി കഴിക്കാതെ ഞാന്‍ കണ്ണ് ഇറുക്കിയടച്ച് കിടന്നുറങ്ങി. പിന്നെയും കുറെ കാലം ഭയം എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍,പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ആവര്‍ഷം സ്കൂളില്‍ നടന്ന രണ്ടാമത്തെ സഹപാഠിയുടെ മരണമായിരുന്നു അത്. 

കുസൃതി വിട്ട് മാറാത്ത സുകുമരന്റെത വിയോഗം ആ കുടുംബത്തെ വല്ലാതെ തളര്‍ത്തി .ആഴ്ചകളോളം ആരും തന്നെ വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങിയില്ല.ദുഖം ഘനീഭവിച്ച മുഖവുമയി ഞങ്ങളുടെ വീട്ടിനുമുന്നിലൂടെ നടന്നു നീങ്ങുന്ന സുകുമാരന്‍റെ സഹോദരങ്ങളുടെ മുഖം ഇന്നും എന്‍റെ ഓര്‍മ്മ യിലുണ്ട്.

No comments:

Post a Comment