പി എം രഘുനാഥന്‍ |
ഏ.....ഏ...ഏ......................രഘുനാഥന്‍
സാര്‍ നീട്ടി വിളിക്കുകയാണ്. തൊണ്ണൂറുകളിലെ കാസറഗോഡ് അസിസ്റ്റന്‍റ് ഡവലപ്മെന്‍റ്
കമ്മീഷണറുടെ ഓഫീസാണ് രംഗം.ഞങ്ങള്‍ ആറ് ക്ലാര്‍ക്കുമാര്‍ ശ്വാസം പിടിച്ച്
ഇരിക്കുകയാണ്.ഈ വിളിയുടെ ഒടുവില്‍ ഞങ്ങളില്‍ ഒരാളുടെ പേര് വരും.അയാള്‍ക്ക്
കോളാണ്.അറവു ശാലയിലെ അറവുമാടുകളെപോലെ ഞങ്ങള്‍ കാതോര്‍ക്കുകയാണ്.ആരുടെ
പേരായിരിക്കും വിളിക്കുക.
പത്മന്‍,ഷാജി,രാജു എന്നിവരോടൊപ്പം |
രഘു നാഥന്‍ സാര്‍,
കണിശക്കാരനാണ്.ഫയലുകള്‍ ശരിയായ രീതിയില്‍ തന്നെ സമര്‍പ്പിക്കണം.മാന്യുവല്‍ ഓഫ്
ഓഫീസ് പ്രൊസീജറിന്‍റെ ശക്തനായ വക്താവ്.ഫയലുകളിലെ നോട്ട് ഫയല്‍,നോട്ട് ഫയലിന്‍റെ
മാര്‍ജിന്‍റെ വീതി.പേജ് നമ്പര്‍,നമ്പര്‍ എഴുതിയ പേനയുടെ മഷി.ഫയല്‍, ടാഗ് ചെയ്ത
കൃത്യത,ഫയലിന്‍റെ വൃത്തി വെടിപ്പ്,നോട്ട് ഫയലിന്‍റെ ഉള്ളടക്കം,ഫയല്‍ പാഡിന്‍റെ
കെട്ട്,കരട് കത്തിന്‍റെ ഉള്ളടക്കം.ഈ വക കാര്യങ്ങളില്‍ സാറില്‍, നിന്ന് യാതൊരു
ദാക്ഷിണ്യവും പ്രതീകിഷിക്കണ്ട.തെറ്റ് വരുത്തിയാല്‍ അത് തിരുത്തിയിട്ടേ അദ്ദേഹം
അടങ്ങൂ.അതും തെറ്റ് ചെയ്തയാള്‍ തന്നെ തിരുത്തണം.ശാസിക്കും
,വിറപ്പിക്കും,ഭീഷണിപെടുത്തും,അറ്റകൈയ്ക്ക് ഫയലില്‍ കൊറി എഴുതും,കാരണം കാണിക്കല്‍
നോട്ടീസ് പോലും തന്നെന്നിരിക്കും.കാര്യങ്ങള്‍ നടക്കാന്‍ ഏതറ്റം വരെ പോകാനും
അദ്ദേഹം തയ്യാറാണ്.ജില്ലാ കലക്ടറുടെ വിശ്വസ്ഥനായതിനാല്‍, അദ്ദേഹത്തെ ശരിക്കും
ഭയന്നേ ഒക്കൂ.എങ്കിലും ജില്ലാ ഓഫീസറായ അദ്ദേഹത്തിന് സ്വന്തം ഓഫീസിലെ ജീവനക്കാരോട്
തെല്ലൊരു മയമുണ്ടായിരുന്നു.പക്ഷെ ബ്ലോക്ക് ഓഫീസിലെയും മറ്റു ഫീല്‍ഡ്തല ഉദ്യോഗസ്ഥരോടും
അദ്ദേഹം വളരെ കര്‍ക്കശമായി പെരുമാറിയിരുന്നു.
ഏ......ഏ....ഏ..........................ഫയല്‍
നോക്കിക്കൊണ്ടിരിക്കുമ്പോള്‍,എന്തെങ്കിലും പ്രശ്നം തോന്നി വിളിക്കാന്‍
തുടങ്ങിയിരിക്കുയാണ്.നീട്ടി വിളിക്കുന്നതിനിടയില്‍ അദ്ദേഹം ഓര്‍ത്തെടുക്കയാണ്
ആരെയാണ് വിളിക്കേണ്ടതെന്ന്.
ഏ...ഏ...ഏ.............................ഞങ്ങളൊക്കെ
പരസ്പരം നോക്കുകയാണ്.ആര്‍ക്കായിരിക്കും നറുക്ക് വീഴുക.
.................ഷാജി
ഷാജി ഒരു
ഞെട്ടലോടെ എഴുന്നേറ്റു.ഞങ്ങള്‍ക്കൊക്കെ ആശ്വാസമായി.എല്ലാവരും ഷാജിയെ നോക്കി
കുലുങ്ങിച്ചിരിച്ചു.ഷാജി ക്യാബിനിലേയ്ക്ക് തെല്ല് ആശങ്കയോടെ കടന്നു ചെന്നു.
ഷാജി... ആ... ഡി
ടി പി സിയില്‍ നിന്ന് ഇന്നലെ വന്ന തപാല്‍, ഫയലില്‍ കാണുന്നില്ലല്ലോ.
അതുണ്ട് സാര്‍...ഷാജി
ശാന്തനായി മറുപടി പറഞ്ഞു.
അതെ അത്
എടുക്ക്......
ഷാജി തിരികെ
സീറ്റിലേയ്ക്ക് ഓടിയെത്തി.പുറകെ സാറും എത്തി.
വെപ്രാളത്തില്‍
തലേന്ന് വന്ന ഡി ടി പി സിയില്‍, നിന്നുള്ള തപാല്‍ കാണുന്നില്ല.
നിങ്ങളത്....(തിരച്ചില്‍
തുടരുന്നു.)
കലക്ടറ് 11.00
മണിയ്ക്ക് സമയം തന്നിട്ടുള്ളതാണേ....(സാര്‍ വിടുന്നില്ല )
അതിവിടെയുണ്ടായിരുന്നു
സാര്‍......,ഷാജി വീണ്ടും പരതുകയാണ്.
എന്നിട്ടതെവിടെ.....സാറിന്‍റെ
ഒച്ച ഉയര്‍ന്നു.ആകെപ്പാടെ ജഗപൊഗ
പരിഭ്രാന്തി
പരന്ന അന്തരീക്ഷം
എനിയ്ക്കിയാളെ
വേണ്ട..ഞാനിയാളെ ജില്ലാ പഞ്ചായത്തിലേയ്ക്ക് അയയ്ക്കാന്‍ പോകുകയാണ്.ഒരു കാര്യം
ശരിയ്ക്ക് ചെയ്യില്ല.സാറ് അക്ഷമനായി.
കിട്ടി സാര്‍.....ഡിസ്ട്രിബ്യൂഷന്‍
രജിസ്റ്ററില്‍, തലേ ദിവസം കിട്ടിയ തപാല്‍ മടക്കി വച്ചിരിക്കുന്നു.
ഇതാ.... ഫയലില്‍
വച്ച് നോട്ടെഴുതി വേഗം തരൂ....സാര്‍ തല്‍ക്കാലം പിന്‍വാങ്ങി.
സീറ്റിലെത്തി
സാര്‍ തുടര്‍ന്നു.അതായോ...വേഗം വേണം...
റെഡിയവുന്നു സാര്‍
ഷാജി ഉച്ചത്തില്‍,വിളിച്ചു പറയുന്നു.
അതെയത്
എഡ്ക്ക്......
ഷാജിയെ
സഹായിക്കാന്‍ മറ്റു ക്ലാര്‍ക്കുമാരും ജൂനിയര്‍, സൂപ്രണ്ടും എത്തുന്നു.ഫയലില്‍
തെറ്റുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി സൂപ്രണ്ട് ഫയലുമായി വീണ്ടും
ക്യാബിനിലേയ്ക്ക്.
സൂപ്രണ്ടിനും
അത്യാവശ്യം കിട്ടി....
ഫയലുമായി സാര്‍ കലക്ടറെ
കാണാന്‍,പോകുന്നതോടെ രംഗം തണുക്കും.പിന്നീട് ഞങ്ങള്‍ ഈ സംഭവം പറഞ്ഞ്
ചിരിക്കും.ജോലിതിരക്കൊന്നും ഇല്ലാത്ത ഓഫീസായതിനാല്‍,ഞങ്ങള്‍ സമപ്രായക്കാരായ ക്ലാര്‍ക്കുമാര്‍,ഇത്തരം
സംഭവങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു.ഇന്ന് ഷാജിയാണെങ്കില്‍ അടുത്ത ദിവസം പത്മനോ
ഞാനോ,രാജുവോ പ്രേമനോ ആയിരിക്കും.എല്ലാ ദിവസവും ഇത്തരം രംഗങ്ങള്‍, ഉണ്ടാകുമെങ്കിലും
സംഭവത്തിനുശേഷം ഞങ്ങളത് ശരിക്കും ആസ്വദിക്കുമായിരുന്നു.
ചൂടന്‍ രംഗങ്ങള്‍ക്ക് ശേഷം സാര്‍ ഞങ്ങളെ സമാധാനിപ്പിക്കാന്‍ മാജിക്കിന്‍റെ പൊടിക്കൈകളുമായി തിരികെ എത്തും.ഈ പൊടിക്കൈകള്‍ കാണിച്ചതിനുശേഷം സാര്‍ പൊട്ടിച്ചിരിക്കും.നേരത്തെ നടന്ന സംഭവങ്ങള്‍ ഞങ്ങളുടെ മനസ്സിലുണ്ടെന്നിരിക്കെ ഇത് ആരും ആസ്വദിക്കാറില്ല.ഇങ്ങനെ ഞങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി സാര്‍ പല തമാശകളും പറഞ്ഞിരുന്നു.ഞങ്ങളെ മാജിക്ക് ഷോയ്ക്ക് സാറിന്‍റെ അസിസ്റ്റന്‍റ് ആക്കാമെന്നു വരെ പറഞ്ഞിരുന്നു.
ഞങ്ങളില്‍
വില്ലന്, പ്രേമനായിരുന്നു.പ്രേമന് ചെറിയ സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്നു.ചിട്ടയായി
ജോലി ചെയ്തിട്ടും ശീലമില്ല.നന്നായി ചൂടാകുകയും ചെയ്യും. അതുകൊണ്ട് തന്നെ അപ്രധാന
വിഷയങ്ങള്‍, മാത്രമേ പ്രേമന് നല്‍കിയിരുന്നുള്ളൂ.ഒരു ദിവസം പ്രേമനും കുടുങ്ങി.
മൂന്നാം
നിലയിലായിരുന്ന ഞങ്ങളുടെ ഓഫീസില്‍, ഉച്ചയ്ക്ക് ശേഷം നല്ല കാറ്റാണ്.കാറ്റില്‍
പ്രേമന്‍റെ സീറ്റില്‍, നിന്ന് ഒരത്യാവശ്യ പേപ്പര്‍ പറന്നു പോയി.ഫയല്‍ സമര്‍പ്പിച്ചപ്പോള്‍,പേപ്പര്‍
ഇല്ല എന്ന കാര്യം സാറിന് ബോദ്ധ്യപെട്ടു.അത്ര പ്രധാനപ്പെട്ട പേപ്പറല്ലെങ്കിലും ഇന്നത്തെ
പ്രയോഗം പ്രേമനോടാകട്ടെ എന്ന് സാര്‍ തീരുമാനിച്ച് കാണണം.പേപ്പറിനായി സാര്‍ വാശി
പിടിച്ചു.പേപ്പര്‍ നഷ്ടപ്പെട്ട കാര്യം പ്രേമനും ബോദ്ധ്യമായി.കലക്ടറോട് പറഞ്ഞ്
ഇമ്മീഡിയറ്റ് സസ്പെന്‍ഷന്‍ വരെ ശുപാര്‍ശ ചെയ്യുമെന്ന ഘട്ടത്തിലെത്തി.പ്രേമന്‍
എന്തു ചെയ്യണമെന്നറിയാതെ സീറ്റില്‍ ഇരിക്കുകയാണ്.പരതി നോക്കിയിട്ട്
കാര്യമില്ലെന്ന് പ്രേമനറിയാം അതിനാല്‍ അങ്ങനെയൊരു ശ്രമവും
കാണുന്നില്ല.ഡിസ്ട്രിബ്യൂഷന്‍ രജിസ്റ്ററില്‍,നിന്ന് പ്രേമന്‍ തപാല്‍,ഒപ്പിട്ടെടുത്തിട്ടുണ്ട്.സാര്‍
ക്യാബിനില്‍ നിന്ന് വിളിച്ച് പറയുന്നുണ്ട്.
പ്രേമാ........കിട്ടിയോ...അതെവിടെ...അതെടുക്ക്....വേഗം....രംഗം
കൊഴുക്കുന്നു.പ്രേമന്‍ കസേരയില്‍,ചാരി ഇരിക്കുകായാണ്.ഞങ്ങള്‍ക്കും
ആശങ്കയായി.ഇന്നെന്തെങ്കിലും സംഭവിക്കും.
പെട്ടെന്ന്
പ്രേമന്‍ എഴന്നേറ്റ് സാറിന്‍റെ ക്യാബിനിലെത്തി.
പേപ്പര്‍ ഫയലില്‍ത്തന്നെയുണ്ട്
സാര്‍,
എന്നട്ടതെവിടെ....
ഞാനെടുത്ത് തരാം
സാര്‍....
പ്രേമന്‍ ഫയല്‍
കെട്ടുമായി തിരികെ സീറ്റിലെത്തി.വളരെ ശാന്തനായി ഫയലില്‍ എന്തോ ചെയ്യുകയാണ്.
കിട്ടിയോ
...പ്രേമാ ...അതെടുക്ക് സാര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പ്രേമന്‍ വീണ്ടും
സാറിന്‍റെ ക്യാബിനിലെത്തി.പെട്ടെന്ന് ക്യാബിന്‍റെ വാതില്‍,അടഞ്ഞു.മൂന്ന്
മിനിട്ടുകള്‍ക്ക് ശേഷം പ്രേമന്‍.വാതില്‍ തുറന്ന് തിരികെ സീറ്റിലെത്തി.വളരെ
ശാന്തനാണ്.സാറും ഒന്നും പറയുന്നത് കേള്‍ക്കുന്നില്ല.പേപ്പര്‍
കിട്ടികാണുമോ.പ്രേമനും ഒന്നും പറയുന്നില്ല.ഞങ്ങളെ കണ്ണിറുക്കി കാണിക്കുക മാത്രം
ചെയ്യുന്നു.ഏതായാലും പ്രശ്നം പരിഹരിച്ചിരിക്കുന്നു.പക്ഷെ എങ്ങനെയാണ് പ്രശ്നം
പരിഹരിക്കപ്പെട്ടത് എന്ന് അറിയുന്നില്ല.
അന്ന് വൈകീട്ട്
സാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി ഓഫീസ് ജീപ്പില്‍,സ്റ്റേഷനിലേയ്ക്ക് പോയി എന്ന്
ഉറപ്പായപ്പോള്‍ ഞങ്ങള്‍, പ്രേമനു ചുറ്റും കൂടി.പ്രേമന്‍ നടന്ന സംഭവം ഇങ്ങനെ
വിവരിച്ചു.
“ഞാന്‍ ഫയല്‍,സാറിന്‍റെ കൈയ്യില്‍, നിന്ന് തിരികെ
വാങ്ങി.ഭാഗ്യത്തിന് ഫയലില്‍ പേജ് നംപര്‍ ഇട്ടിരുന്നില്ല.ഞാന്‍ നംപര്‍, ഇടാന്‍
തുടങ്ങി.നഷ്ടപ്പെട്ട് പേപ്പറിന്‍റെ നംപര്‍,ഒഴിവാക്കിയാണ് നംപര്‍ ഇട്ടത്.എന്നിട്ട് സാറിനോട്
ഇങ്ങനെ പറഞഞു.നോക്ക് സാര്‍,പേപ്പര്‍ ഫയലില്‍ തന്നെയുണ്ടായിരുന്നു.സാര്‍ എന്നെ
ചതിയ്ക്കാന്‍,വേണ്ടി മനപൂര്‍വ്വം അത് ഫയലില്‍,നിന്ന് എടുത്ത് മാറ്റിയാതാണ്.ഇത് കണ്ടാലറിഞ്ഞുകൂടെ പേജ് നംപര്‍ 43,44 എന്നിവ കാണുന്നില്ല.ഇത് ഞാന്‍ സംഘടനാ
തലത്തില്‍, അറിയിക്കാന്‍ പോകുകയാണ്.”.
ഇത്രയുമായപ്പോള്‍
രഘുനാഥന്‍, സാറിന് അപകടം മണത്തു.പിന്നീട് ആ ഫയലിന് എന്തു സംഭവിച്ചു എന്ന് ഓര്‍മ്മയില്ല.അപകടത്തില്‍
നിന്ന് രക്ഷപെടാന്‍ കഴിഞ്ഞതിന്ന്‍ പ്രേമന്‍,അപ്പോള്‍ തന്നെ ഞങ്ങളെ എല്ലാവരെയും
ക്യാന്‍റീനില്‍,കൊണ്ടുപോയി ചായയും ഗോളിബജയും വാങ്ങിത്തന്നു.
പിന്നീട്
ഞങ്ങളോരോരുത്തരും ഓരോ ഓഫീസികളിലായി.സാര്‍ സേവന നിവൃത്തനുമായി.ഇന്നും പല വേദകളിലും
ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍,ഈ തമാശകള്‍ ഒന്ന് അയവിറക്കിയതിനു ശേഷം മാത്രമെ ഞങ്ങള്‍,കാര്യത്തിലേയ്ക്ക്
കടക്കാറുള്ളൂ.
എന്നിരിക്കിലും ആ
ചെറിയ മനുഷ്യനെ അങ്ങേയറ്റം ആദരവോടുകൂടി മാത്രമെ ഞങ്ങളിന്നും കാണുന്നുള്ളു.ഓഫീസ്
മേധാവിയുടെ തസ്തികയിലിക്കുന്ന ഞങ്ങള്‍ക്ക്
ഇന്ന് ബോദ്ധ്യമുണ്ട് ജീവനക്കാരെ മാനേജ് ചെയ്യുന്നത് എത്ര ബുദ്ധിമാട്ടാണെന്നും
അതിന് എന്തെല്ലാം വെല്ലുവിളികളെ അതിജീവിക്കേണ്ടി വരും എന്നുള്ളത്.അന്ന് സാറിന്‍റെ
കൂടെ ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന അനുഭവ പാഠങ്ങള്‍,ഇന്ന് ഓഫീസ്
കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു മുതല് കൂട്ടാണ്.
No comments:
Post a Comment