Sunday, December 11, 2011
എന്‍റെ തടവറയിലെ നിമിഷങ്ങള്‍
കാസറഗോഡ് ഗവണ്മെന്‍റ് കോളേജില്‍ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം. ഒരു കുഗ്രാമത്തില്‍നിന്ന് വന്ന കൌമാരക്കാരന്‍റെ എല്ലാ ചാപല്യങ്ങളും ഉള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.എസ് എസ് എല്‍ സി യില്‍ തരക്കേടില്ലാത്ത മാര്‍ക്ക് നേടി സെക്കന്‍റ് ഗ്രൂപ്പ് പഠിക്കുന്നു.വീട്ടുകാരുടെ ആഗ്രഹം പ്രവേശന പരീക്ഷ എഴുതി ഡോക്ടറാവാകണം എന്നായിരുന്നു.എനിക്കും എതിര്‍പ്പില്ലായിരുന്നു.പ്രത്യക്ഷത്തില്‍ പറയത്തക്ക കുസൃതിത്തരങ്ങളൊന്നും ഇല്ലായിരുന്നു.എന്നാല്‍കലശലായ ക്രിക്കറ്റ് കമ്പം ഉണ്ടായിരുന്നു.റാങ്ക് സ്റ്റുഡന്‍റ് അടങ്ങുന്ന ക്ലാസ്സ്.ക്ലാസ്സില്‍ ഞാനൊരു ശരാശരി വിദ്യാര്‍ത്ഥി മാത്രം.വിദ്യാര്‍ത്ഥി സമരം കൊടുംബിരിക്കൊണ്ടിരുന്ന സമയം.ക്ലാസ്സ് മേറ്റ്സ് എന്ന സിനിമയിലെ കാലഘട്ടമാണ്.സംവിധായകന്‍ സിനിമയില്‍കാണിച്ചിരിക്കുന്ന പല സംഭവങ്ങളും ഞങ്ങളുടെ കോളേജിലും അരങ്ങേറിയിരുന്നു.സിനിമയില്‍ കാണിച്ച കോളേജ് കാമ്പസ്സില്‍ കയറി നടത്തിയ ലാത്തി ചാര്‍ജ് അരങ്ങേറിയത് കാസറഗോഡ് ഗവണ്മെന്‍റ് കോളേജിലാണ്.
സമരങ്ങള്‍ കോളേജില്‍സ്ഥിരം സംഭവമായിരുന്നു.പ്രഗല്‍ഭരായ അദ്ധ്യാപകരില്‍നിന്ന് ഈ സമരങ്ങള്‍ക്കിടയില്‍ വീണ് കിട്ടുന്ന ഏതാനം ക്ലാസ്സുകള്‍ മാത്രമാണ് അന്ന് പഠനത്തിന് ഏക ആശ്രയം.മിടുക്കരായ വിദ്യാര്‍ത്ഥികള്‍ സ്വയം പഠിച്ച് കയറും,അല്ലാത്തവര്‍ തളര്‍ന്ന് വീഴും.അങ്ങനെയാണ് സ്കൂള്‍ തലത്തില്‍മികവ് കാട്ടിയ മിക്ക വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍കോളേജുകളിലെത്തി പരാജയപ്പെടുന്നത്.
അന്ന് രാവിലെ രണ്ട് പരീഡ് തുടര്‍ച്ചയായി ബോട്ടണി (സസ്യ ശാസ്ത്രം) പ്രായോഗിക ക്ലാസ്സാണ്.ഞങ്ങള്‍ ബ്ലെയിഡും,മൈക്രോസ്കോപ്പും,കമ്മ്യൂണിസ്റ്റ് പച്ചയുടെ തണ്ടുമായി ലാബില്‍ തയ്യാറായി നിന്നു.തണ്ട് നേരിയതായി അരിഞ്ഞ് ചുവന്ന സ്റ്റെയിനില്‍ മുക്കി മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ സസ്യം ജലവും ലവണങ്ങളും വലിച്ചെടുക്കുന്ന സംവിധാനവും ആ സസ്യം ഉള്‍പെടുന്ന വിഭാഗത്തെയും പറ്റിയുള്ള പഠനവും സാദ്ധ്യമാകും.ജോണ്‍ സാര്‍ക്ലാസ്സ് തുടങ്ങിയതെഉള്ളൂ,കോളേജിന്‍റെ പ്രവേശന കവാടത്തില്‍നിന്ന് സമരകാഹളം ഉയര്‍ന്നു.പാലക്കാട്ടെ പട്ടന്‍മാര്‍ക്കും....,കോഴിക്കോട്ടെ കോയമാര്‍ക്കും.....,സമസ്ത കേരള നായന്‍മാര്‍ക്കും........ഇന്നും സമരമാണ്.ഇത് രണ്ടാം തവണയാണ്.പ്രാക്ടിക്കല്‍ ക്ലാസ്സ് തടസ്സപെടുന്നത്.സമരക്കാര്‍ ലാബിന്‍റെ വാതില്‍ക്കലെത്തി,സാറിനോട് ക്ലാസ്സ് പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചു.സമരക്കാരുടെ കാഹളത്തിന്‍റെ തീവ്രത കുറയുന്നതുവരെ സാര്‍മേശയില്‍ ചാരി നിന്നു.അല്‍പ നേരത്തിന് ശേഷം അദ്ദേഹം പറഞ്ഞു. Those who want to go out may do so…But I won’t repeat the class.(ആവശ്യക്കാര്‍ക്ക് പുറത്ത് പോകാം പക്ഷെ യാതൊരു കാരണവശാലും ക്ലാസ്സ് ആവര്‍ത്തിക്കില്ല.)സാറിന്‍റെ നിര്‍ദ്ദേശം കൊണ്ടു.ആരും സീറ്റില്‍ നിന്ന് അനങ്ങിയില്ല.പ്രാക്ടിക്കല്‍ റെകോര്‍ഡിനും,പരീക്ഷയ്ക്കും ഗണ്യമായ പ്രാധാന്യവും മാര്‍ക്കും ഉള്ളതിനാല്‍ഡോക്ടറാകാന്‍ ഉദ്ദേശിച്ച് ഇരിക്കുന്ന ആര്‍ക്കും ക്ലാസ്സ് ഒഴിവാക്കാന്‍ ധൈര്യമുണ്ടായില്ല.സാര്‍ ലാബിന്‍റെ വാതില്‍ അകത്ത് നിന്ന് അടച്ചു.അങ്ങനെ ക്ലാസ്സ് തുടര്‍ന്നു.ഉദ്ദേശ്യം അരമുക്കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത് എന്തൊക്കെയോ നടക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി.ഷൂസിന്‍റെ ശബ്ദം,കൂട്ടത്തോടെ ഓടുന്ന ശബ്ദം.സാര്‍ വാതില്‍ തുറന്ന് പുറത്തേയ്ക്ക് പോയി.അല്‍പനേരം കഴിഞ്ഞ് തിരികെ വന്നു.പുറത്ത് പോലീസ് ലാത്തി ചാര്‍ജ് നടക്കുകയാണെന്നും യാതൊരു കാരണവശാലും പുറത്ത് പോകരുതെന്നും ഞങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും സാര്‍ പറഞ്ഞു.വാതില്‍ പുറത്തു നിന്ന് അടച്ച് സാര്‍ പോയി.ഞങ്ങള്‍ ജനാലകള്‍ തുറന്ന് കാഴ്ചകള്‍ കണ്ടു.കുട്ടികള്‍ തലങ്ങും വിലങ്ങും ഓടുകയാണ്.പോലീസ് അവരെ പിന്‍തുടര്‍ന്ന് ലാത്തികൊണ്ട് അടിക്കുകയാണ്.പെണ്‍കുട്ടികളും ഓടുകയാണ്.സദാ സമയം ലൈബ്രറി റൂമിലിരുന്ന് വായിക്കുമായിരുന്ന ഗൌരവക്കാരനായ ഒരു ചേട്ടന്‍ കോളേജിന്‍റെ മതില്‍ സാഹസികമായി ചാടിക്കടക്കുന്നത് ജനാലയിലൂടെ കണ്ട് ഞങ്ങള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.സമരത്തില്‍ പങ്കാളിയാകാത്തതിനാലും റൂമിനുള്ളില്‍ സുരക്ഷിതരാണെന്നുമുള്ള തോന്നല്‍കാരണം ഞങ്ങള്‍ക്ക് തെല്ലും ഭയം തോന്നിയില്ല.കൂടാതെ പുറത്ത് നടക്കുന്ന സംഭവികാസങ്ങളുടെ ഭീകരത ഞങ്ങള്‍മനസ്സിലാക്കിയിരുന്നില്ല.
സമരാനുകൂലികള്‍ പോലീസ് വണ്ടിയ്ക്ക് നേരെ കല്ലെറിയുകയും ഡി വൈ എസ് പി ഹക്കീം ബത്തേരിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.യഥാര്‍ത്ഥത്തില്‍ കല്ലെറിഞ്ഞവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയിരുന്നു.എന്നാല്‍ നിരപരാധികളായ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെ പോലീസ് ക്യാമ്പസ്സില്‍കയറി ക്രൂരമായി മര്‍ദ്ദിക്കുകയാണ്.അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അദ്ധ്യപകരെയും വെറുതെ വിട്ടില്ല.അദ്ധ്യാപകര്‍ക്കും മര്‍ദ്ദന മേല്‍ക്കേണ്ടിവന്നു.അദ്ധ്യാപികമാര്‍ക്കെതിരെ അശ്ലീല പ്രയോഗം നടത്തി.വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രം വിശ്രമിക്കാനുള്ള പ്രത്യേക ഹാളില്‍പോലും പോലീസ് കടന്ന് ചെന്ന് ആക്രമണം അഴിച്ചു വിട്ടു.ഇതൊന്നും ഞങ്ങള്‍ അറിയുന്നില്ല.ഞങ്ങള്‍ ജനാലയിലൂടെ കാണുന്ന ചില സംഭവങ്ങള്‍ കണ്ട് ആസ്വദിക്കുകയാണ്.
അല്‍പനേരം കഴിഞ്ഞ് വളരെ വിഷണ്ണമുഖത്തോടെ സുവോളജി ലക്ചര്‍ ഭാസ്കരന്‍സാര്‍ വാതില്‍തുറന്നു കൂടെ കെമിസ്ട്രിയിലെ കൃഷ്ണന്‍സാറുമുണ്ട്.അവരുടെ മുഖത്ത് വല്ലാത്ത പരിഭ്രമം കാണാമായിരുന്നു.ഞങ്ങളോട് വരിവരിയായി പോയിക്കോളാന്‍ പറഞ്ഞു.പേടിക്കാനൊന്നുമില്ല നിങ്ങള്‍ കാര്യം പറഞ്ഞാല്‍ മതി.അച്ചടക്കത്തോടെ ഞങ്ങള്‍ നടന്നു നീങ്ങി.വഴിയില്‍ ചില പോലീസുകാര്‍ ഞങ്ങളെ നിയന്ത്രിക്കുന്നുണ്ട്.പക്ഷെ ഞങ്ങള്‍ ചെന്നെത്തിയയത് ഒരു വലിയ പോലീസ് വാനിന് മുന്നിലാണ്. പന്തിയല്ലെന്ന് കണ്ട ഞാന്‍ഒരു പോലീസുകാരനോട് കാര്യം പറഞ്ഞു.”അതൊക്കെ പിന്നെ പറയാം….തത്കാലം വണ്ടീക്കേറ്”. ഞങ്ങളെല്ലാം പോലീസ് വണ്ടിയില്‍കയറി.ഞങ്ങളെ വണ്ടിയില്‍ കുത്തി നിറച്ചു.പോലീസ്കാര്‍ അശ്ലീല പ്രയോഗം തുടരുകയാണ്.”അവടെ സാരീടെ ഉള്ളില് ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇവന്‍മാരെ”. നിരപരാധികളായ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഏതോ അദ്ധ്യപികയെയാണ് ഇവിടെ പരാമര്‍ശിച്ചത്.ഏതായാലും കരിമ്പിന്‍ തോട്ടത്തില്‍കയറി മദിച്ച് തിരിച്ചുവരുന്ന കൊലകൊമ്പന്‍റെ തൃപ്തി അവരുടെ മുഖത്തുണ്ടായിരുന്നു.വണ്ടി സ്റ്റാര്‍ട്ടായി ഏതു ഭാഗത്തേയ്ക്കാണ് വണ്ടി നീങ്ങുന്നതെന്നു പോലും ഞങ്ങള്‍ക്ക് മനസ്സിലായില്ല.അത്രയ്ക്ക് വിദ്യാര്‍ത്ഥികളെ വാഹനത്തില്‍കുത്തി നിറച്ചിരുന്നു.യാത്രയ്ക്കിടയില്‍ പോലീസുകാരുടെ ആഹ്ലാദപ്രകടവും ഉണ്ടായിരുന്നു.ഏതോ ഒരു സ്ഥലത്തെത്തിയപ്പോള്‍ വണ്ടിനിന്നു.പുറത്തിറങ്ങി നോക്കിയപ്പോള്‍ കാണാം “ടൌണ്‍ പോലീസ് സ്റ്റേഷന്‍”.ഞങ്ങളുടെ പുസ്തകങ്ങള്‍ ഒരു സ്ഥലത്ത് വയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ഞങ്ങളെ ലോക്കപ്പിനകത്താക്കുകയും ചെയ്തു.
ആദ്യമായിട്ടാണ് ലോക്കപ്പും പോലീസ് സ്റ്റേഷനും കാണുന്നത്.അതേ ലോക്കപ്പിലുള്ള ചില കുറ്റവാളികള്‍ ഞങ്ങളുടെ പരിഭ്രമം കണ്ട് ചിരിക്കുന്നുണ്ട്.ഒരുമൂലയില്‍ ഞങ്ങളുടെ കെമിസ്ട്രി ലക്ചറര്‍ അടികൊണ്ട് അവശനായി ഇരിക്കുന്നു.കുട്ടികളെ രക്ഷ്യ്ക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത കുറ്റം.ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്താണ് സംഭവിക്കുന്നതെന്നും എന്തു സംഭവിക്കുമെന്നും ഞങ്ങള്‍ക്ക് മനസ്സിലായില്ല.ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാന്‍പോലും ധൈര്യമുണ്ടായിരുന്നില്ല.അവസാനം ഒരു പോലീസുകാരന്‍ വന്ന് ഞങ്ങളുടെ പേരും മേല്‍ വിലാസവും ശേഖരിക്കാന്‍വരിവരിയായി ഓഫീസ് മുറിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.വരിവരിയായി നടന്നു നീങ്ങുന്ന ഞങ്ങളില്‍ ചിലരെ പോലീസുകര്‍ ചെകിട്ടത്ത് അടിക്കുന്നുണ്ട്.എന്‍റെ തൊട്ടു മുമ്പിലുണ്ടായിരുന്ന ഗിരീഷിനും കിട്ടി ഒരെണ്ണം.എനിയ്ക്കും കിട്ടിയേക്കുമെന്ന ഭയമുണ്ടായിരുന്നു.പക്ഷെ കിട്ടിയില്ല.ഓഫീസില്‍ ഓരോരുത്തരുടെയും പേരും മേല്‍വിലാസവും എഴുതിയെടുക്കയാണ്.അതിനുശേഷം ഓരോരുത്തരായി തിരികെ ജയിലിലേയ്ക്ക് പോകുകയാണ്.പേരും വിലാസവും കൊടുത്ത് ഞാന്‍ പുറത്തിറങ്ങി.ലോക്കപ്പിലേയ്ക്ക് ഒരു നീണ്ട ഇടനാഴിയാണ്.ഓഫീസില്‍ നിന്ന് പുറത്തിറങ്ങയപ്പോള് ഇടനാഴിയുടെ അങ്ങേയറ്റത്ത് നെറ്റിയില്‍ ബാന്‍റേജ് ഇട്ട് ഒരു ആജാനുബാഹുവായ പോലീസ് കാരന്‍ നടന്നുവരുന്നു.,സാക്ഷാല്‍ ഡി വൈ എസ് പി ഹക്കീം ബത്തേരി.ഏറു കൊണ്ട് മുറിവേറ്റ സിംഹം.ഞങ്ങള്‍ നേര്‍ക്കുനേര്‍.ഞാന്‍ ഭയന്ന മാന്‍പേടയെപ്പലെ നടന്നടുക്കുകയാണ്.കൈകാലുകള്‍ വിറയ്ക്കുന്നു.എന്നെത്തന്നെ നോക്കിക്കൊണ്ട് മറുവശത്ത് ഹക്കീം ബത്തേരിയും നടന്നടുക്കുന്നു.അടുത്തെത്തിയപ്പോഴും നോട്ടം തുടര്‍ന്നു ഇരുവരും മുന്നോട്ട് നടന്നു.പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി.”അവിടെ നിക്ക്.....” “ഈശ്വരാ… ഇനിയെന്താണോ...”ഞാന്‍ നിന്നു.”ഇവിടെ വാ...”ഞാന്‍ അടുത്തു ചെന്നു.”എന്താ നിന്‍റെ പേര്....”ഞാന്‍ പേര് പറഞ്ഞു. ”നീ കല്ലെറിയാനുണ്ടായിരുന്നോ...” “ഇല്ല....”തൊണ്ടയിലെ അവസാന ജലാംശവും കൂടി ഇറക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.”കൈ കാണട്ടെ.....”ഞാന്‍ കൈ നീട്ടി.കൈയ്യില്‍ ലാബില്‍ നിന്ന് പറ്റിയ സ്റ്റെയിന്‍ കണ്ട് അദ്ദേഹം ഞെട്ടി.”ഇതെന്താടോ.......” “സാര്‍ ഞാന്‍ ബോട്ടണി ലാബില്‍ പ്രാക്ടിക്കല്‍ ചെയ്യുകയായിരുന്നു.അവിടുന്ന് പറ്റിയ സ്റ്റെയിനാണിത്.ഞാന്‍ കല്ലെറിഞ്ഞിട്ടില്ല……”കരച്ചിലിന്‍റെ വക്കിലെത്തിയ ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.ഇത്രയുമായതോടെ എന്‍റെ നിരപരാധിത്വം ബോദ്ധ്യമായി അദ്ദേഹം എന്‍റെ തോളത്ത് കൈവച്ചു.ഓഫീസിലേയ്ക്ക് ഉറക്കെ വിളിച്ചു പറഞ്ഞു.”ആ സുരേഷിന്‍റെ പേര് വെട്ടിക്കളഞ്ഞേയ്ക്ക് കേട്ടോ.”എന്നിട്ട് എന്നോട് പറഞ്ഞു.”നേരെ പോയിക്കോ.....”ജീവന്‍ തിരിച്ചുകിട്ടിയ ഞാന്‍ പുറത്ത് വരാന്തയിലെത്തി.അവിടെ ഞങ്ങള്‍വച്ച പുസ്തകങ്ങള്‍ചിന്നിച്ചിതറിക്കിടക്കുന്നു.പോലീസുകര്‍ വിദ്യാര്‍ത്ഥികളോടുള്ള അരിശം തീര്‍ത്തതാണ്.ഷൂസുകൊണ്ട് ചവിട്ടി മെതിച്ച് കീറി ഇട്ടിയിരിക്കുകയാണ് പുസ്തകങ്ങള്‍.അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്‍റെ രണ്ട് പുസ്തകങ്ങളും വലിയ കേടുപാടില്ലാതെ തന്നെ എനിയ്ക്ക് തിരികെ കിട്ടി.പക്ഷെ പുസ്തകത്തിനകത്ത് സൂക്ഷിച്ചിരുന്ന തിരിച്ചറിയല്‍കാര്‍ഡ് കാണുന്നില്ല.ഞാന്‍ പരതല്‍തുടര്‍ന്നു.ഇതുകണ്ട് ഒരു പോലീസുകാരന്‍ പുറത്ത് വന്ന് കാര്യമന്വേഷിച്ചു.കാര്യമറിയച്ചപ്പോള്‍ കിട്ടിയജീവനും കൊണ്ട് രക്ഷപ്പെട്ടോളാന്‍ പറഞ്ഞു കൂടെ ഒരു ആട്ടും.”ഓട്രാ.............”
പുറത്തിറങ്ങി ബസ് സ്റ്റാന്‍റിന് സമീപത്തെത്തിയപ്പോള്‍ പോലീസുകര്‍ വിദ്യാര്‍ത്ഥികലെ തേടി നടക്കുന്നുണ്ടെന്ന് ആരോ പറഞ്ഞു.ഭയാശങ്കകള്‍ക്കിടയില്‍ നാലുമണിയോടെ ഞാന്‍ എന്‍റെ സ്വന്തം സ്ഥലത്തെത്തി.ബസ്സിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആള്‍ക്കാര്‍കൂടിയിരിക്കുന്നത് ഞാന്‍ കണ്ടു.അവര്‍ എന്‍റെ അറസ്റ്റ് വിവരം അറിഞ്ഞ് സ്റ്റേഷനിലേയ്ക്ക് വരാനിരിക്കുകയാണ് അവര്‍.ഇതിനകം അച്ഛനെയും അവര്‍ വിവരം അറിയിച്ചിരുന്നു.എന്നെ വാനില്‍ കയറ്റുന്നത് ആരോ കണ്ട് നാട്ടില്‍വിവരം നല്‍കിയതാണ്.നാട്ടിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ അതി സാഹസികമായി പലവഴികള്‍ സഞ്ചരിച്ച് തിരികെ നാട്ടിലെത്തിയിരുന്നു.തലെ ദിവസം കളിക്കുമ്പോള്‍ ചൂണ്ട് വിരലിനേറ്റ പരിക്കു കാരണം ഞാന്‍ചെറുതായി മുടന്തുന്നുണ്ടായിരുന്നു.കൂട്ടുകാരും നാട്ടുകാരും അത് പോലീസിന്‍റെ അടികിട്ടിയിട്ടാണെന്ന് പറഞ്ഞ് എന്നെ കളിയാക്കി.തല്ല് കട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.അന്ന് എന്‍റെ കൂടെ പ്രക്ടിക്കല്‍ ക്ലാസ്സ് റൂമിലുണ്ടായിരുന്ന സുകുമരനും മറ്റും വര്‍ഷങ്ങളോളം ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ടി വന്നിട്ടുണ്ട്.പലര്‍ക്കും അന്ന് ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.
അന്ന് സംസ്ഥാന ഭരണം ആരുടെ കൈയ്യിലായിരുന്നു എന്ന് എനിക്ക് ഓര്‍മ്മയില്ല.ഓര്‍മ്മിച്ചെടുക്കാന്‍ഞാന്‍ ആഗ്രഹിക്കുന്നുമില്ല.ഏതായാലും അന്നത്തെ ആഭ്യന്തിര മന്ത്രിയ്ക്ക് പഴി കേള്‍ക്കേണ്ടിവന്നിരിക്കും.കക്ഷികള്‍ പരസ്പരം പഴിചാരിയിരിക്കും.എന്നാലും നിഷ്പക്ഷമതികളും വിദ്യാഭ്യസത്തെ വിലമതിക്കുന്നവരും അന്നത്തെ പോലീസ് നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാവണം.
ഈ സംഭവത്തെ വിവിധ ഇസത്തിന്‍റെ പശ്ചാത്തലത്തിലും അവതരിപ്പിക്കാം.വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തില്‍ പങ്കെടുക്കാത്ത മുതലാളിത്ത ബൂര്‍ഷകള്‍ക്കേറ്റ തിരിച്ചടി.സഹപാഠികളെ പോലീസ് പിന്തുടര്‍ന്ന് തല്ലുന്നത് കണ്ട് പരിഹസിച്ച് ചിരിച്ചവര്‍ക്ക് ദൈവം കൊടുത്ത ശിക്ഷ എന്ന നീതി പാഠം.കലാലയത്തില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍.എന്തു തന്നെയായാലും എന്നെ സംബന്ധിച്ചടുത്തോളം,ഇത് കോളേജ് ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമാണ്,ഈ സംഭവം എന്നിലെ വ്യക്തിയില്‍ പരോക്ഷമായെങ്കിലും പല അനുഭവ പാഠങ്ങള്‍പകര്‍ന്ന് നല്‍കിയിട്ടുണ്ട് എന്നുള്ളതാണ് സത്യം.
Subscribe to:
Post Comments (Atom)
No comments:
Post a Comment