Wednesday, December 7, 2011
ഹരികഥ
മലയാളികള്‍ക്ക് പരിചിതമായ കഥാപ്രസംഗത്തോട് സാദൃശ്യമുള്ള ഭക്തിരസപ്രഥാനമായ ഒരു കലാരൂപമാണ് ഹരികഥ.കര്‍ണ്ണാടകയിലാണ് ഈ കലാരൂപം കണ്ടുവരുന്നത്.കാഥികന്‍ “ഹരിദാസ” എന്നറിയപ്പെടുന്നു.തബലയുടെയും ഹാര്‍മോണിയത്തിന്‍റെയും അകമ്പടിയോടെ വിഷ്ണു ഭഗവാന്‍റെ കഥകള്‍കാഥികന്‍ വിവരിക്കുന്നു.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തര്‍ അങ്ങേയറ്റം ശ്രദ്ധയോടും ഭക്തിയോടും കഥകേള്‍ക്കുന്നു.കാഥികനോടൊപ്പം ഭജന ചൊല്ലുന്നു.നമുക്ക് പരിചിതമായ ഭാഗവത സപ്താഹത്തോടും ഹരികഥയെ ഉപമിക്കാം.ഹരിദാസന്‍ വിഷ്ണുഭഗവാന്‍റെ അപാദാനങ്ങള്‍ പുകഴ്ത്തുകയും മഹിമ വര്‍ണ്ണിക്കുകയും ചെയ്യുന്നു.അതോടൊപ്പം ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളോട് കഥകള്‍ കോര്‍ത്തിണക്കി സദസ്യര്‍ക്ക് സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും നീതിയുടെയും വഴികാണിച്ചു കൊടുക്കുന്നു.ഒരു ക്ഷേത്രകലയായ ഹരികഥ മറ്റ് കലകള്‍പോലെത്തന്നെ വിരളമാണ്.എന്നാല്‍ വിശേഷ അവസരങ്ങളില്‍ ഇന്നും ഹരികഥ സംഘടിപ്പിക്കപ്പെടുന്നു.പുരന്ദരദാസരുടെ പേരിലാണ് ഹരികഥ അറിയപ്പെടുന്നത്.കര്‍ണ്ണാടകയില്‍ ഭക്തിസാഹിത്യത്തില്‍ പുരന്ദരദാസര്‍ക്ക് ഉന്നതസ്ഥാനമാണുള്ളത്.അറിയപ്പെടുന്ന പല ഭജനകളും പുരന്ദരദാസ കൃതിയാണ്.കാസറഗോഡ് ജില്ലയില്‍ അങ്ങിങ്ങായി കാണപ്പെടുന്ന ഭജന മഠങ്ങളില്‍ ഇന്നും പുരന്ദരദാസരുടെ ഭജനകള്‍മുഴങ്ങുന്നു.ഇന്ന് പല ഭജനകളും സിനിമാ ഗാനങ്ങളുടെ പകര്‍പ്പാണെങ്കിലും പുരന്ദരദാസരുടെ ഭജനയുടെ ലയവും താളവും ഭക്തിപരതയ്ക്കും പകരം വയ്ക്കാന്‍ കഴിയില്ല.രുക്മിണീ സ്വയം വരം,ഭക്ത പ്രഹ്ലാദന്‍,ഭക്ത കുചേലന്‍ എന്നിവ ഹരികഥാ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന ചില കഥകളാണ്.കുമ്പള കണിപുര ക്ഷേത്രത്തില്‍ഒരാഴ്ച നീണ്ടുനിന്ന ഹരികഥാ പരമ്പര ഭക്തര്‍ക്ക് അവാച്യമായ ആനന്ദമാണ് നല്‍കിയത് ഒരാഴ്ചയ്ക്കുള്ളില്‍ഇരുപത്തിയാറോളം ഹരികഥകളാണ് അരങ്ങേറിയത്. ലക്ഷ്മീരമണ ഗോവിന്ദാ ഹരി ഗോവിന്ദാ എന്ന് ഹരിദാസന്‍ ചൊല്ലിക്കൊടുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഭക്തിലഹരിയില്‍ ഒന്നിച്ച് ഉറക്കെ ഗോ.....വിന്ദാ എന്ന് പ്രതികരിക്കുന്നു.
ലക്ഷ്മീരമണ ഗോവിന്ദാഹരി ഗോവിന്ദാ............ഗോ.....വിന്ദാ....
Subscribe to:
Post Comments (Atom)
No comments:
Post a Comment