Saturday, October 1, 2011

സത്യം ശിവം സുന്ദരം



വയനാട് ജില്ലയില്‍ ജോലി ചെയ്യുക എന്നത് കേള്‍ക്കുമ്പോള്‍അത് കേള്‍വിക്കാരുടെ മുഖത്ത് സഹതാപഭാവം നിഴലിക്കയായി.മറ്റു ജില്ലക്കാര്‍കാസറഗോഡ് ജില്ലയില്‍ജോലി ചെയ്യുന്നതിനെ എങ്ങനെയാണോ കാണുന്നത് അതിലും ഭീകരമായാണ് കാസറഗോഡ്കാര്‍ വയനാട് ജില്ലയെ കാണുന്നത്.നിന്നെ വയനാട്ടിലേക്ക് തട്ടി അല്ലേ....പലരും അഭിപ്രായപ്പെട്ടു.പണിഷ്മെന്‍റ് ആയിരിക്കുംആരെയെങ്കിലും പിടിച്ചോ,അല്ലെങ്കില്‍ വലിയ ബുദ്ധിമുട്ടാ. 2010 ഏപ്രില്‍മാസം ട്രാന്‍സ്ഫര്‍ഓര്‍ഡര്‍എല്‍എസ് ജി ഡി വെബ്സൈറ്റില്‍പ്രത്യക്ഷപ്പെട്ടപ്പോള്‍പക്ഷെ എനിക്ക് വലിയ അങ്കലാപ്പൊന്നും തോന്നിയില്ല.ട്രാന്‍സ്ഫര്‍റദ്ദാക്കാന്‍പലരും ശ്രമിക്കാമെന്ന് പറഞ്ഞെങ്കിലും ആരെയും ഞാന്‍ നിര്‍ബന്ധിച്ചില്ല.വേണ്ട എന്നും പറഞ്ഞില്ല.ഒടുവില്‍ 2010 മെയ് മാസം 22)ം തിയതി ഞാന്‍, വയനാട് ജില്ലയിലെ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ജോയിന്‍റ് ചെയ്യുന്നതിനായി യാത്രതിരിച്ചു.അതൊരു സംഭവബഹുലമായ ദിവസമായിരുന്നു.മംഗലാപുരത്തെ വിമാനാപകടം അന്നാണ് സംഭവിച്ചത്.എന്‍റെ യാത്രയ്ക്കിടയിലെപ്പോഴോ മംഗലാപുരത്ത് ദാരുണമായ ആ അപകടം നടന്നു.കണ്ണൂരില്‍ നിന്ന് മാനന്തവാടി ബസ്സില്‍നാല് മണിക്കൂര്‍ നീണ്ട യാത്ര.അന്നുവരെ കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന നാട് ഞാന്‍കണ്‍നിറയെ കാണുകയായിരുന്നു.മാനന്തവാടിയില്‍നിന്ന് ഉദ്ദേശം പത്ത് കിലോമീറ്റര്‍ അകലെ വെള്ളമുണ്ട 8/4 സ്റ്റോപ്പിലെത്തിയാല്‍പഞ്ചായത്താഫീസായി.നിലവില്‍ ഉണ്ടായിരുന്ന സെക്രട്ടറി ലത്തീഫ് എനിക്ക് കാര്യമായി ഓഫീസ് പശ്ചാത്തലം പറഞ്ഞുതന്നു.അദ്ദേഹം ദിവസവും വടകരയിലെ വീട്ടില്‍നിന്നാണ് ഓഫീസില്‍എത്തിയിരുന്നത് ലത്തീഫിന്‍റെ അവതരണം എന്‍റെ ആശങ്കകള്‍ഒരു പരിധിവരെ ദൂരീകരിച്ചു.വയനാട് ജില്ലയില്‍ ഓഫീസില്‍വല്ലപ്പോഴും പോയാല്‍മത്യെന്നും വലിയ ടെന്‍ഷനൊന്നും എടുക്കേണ്ടതില്ലെന്നും പലരും എന്നോടു പറഞ്ഞു.പക്ഷെ ഞാന്‍ കാരണം ഓഫീസ് അവതാളത്തിലാകില്ലെന്നും ഒരു കാസറഗോഡ്കാരന്‍ സെക്രട്ടറിയായതിനാല്‍അവിടുത്തെ പൊതു ജനം ബുദ്ധിമുട്ടരുതെന്നും എനിക്ക് ആഗ്രഹമുണ്ടെന്ന് ഞാന്‍ലത്തീഫിനോട് ആദ്യ ദിവസം തന്നെ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരുന്നതിനാല്‍ പ്രതിപക്ഷം എന്നെ അല്‍പം സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.ഭരണ പക്ഷമാണെങ്കിലും എന്‍റെ പ്രവര്‍ത്തന ശൈലി എങ്ങനെയെന്നറിയാന്‍തിടുക്കത്തിലും.ഒരു രണ്ടാം ഗ്രേഡ് പഞ്ചായത്തിലെ തിരക്കു പോലും അനുഭവപ്പെടാത്ത പഞ്ചായത്തിലെ ജോലി എനിക്ക് അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല.ഓഫീസിലെ നല്ല ചില ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം എനിക്ക് ആശ്വാസമായിരുന്നു.ജൂനിയര്‍ സൂപ്രണ്ടിന്‍റെ അഭാവം മാത്രമാണ് എനിക്ക് ഒരു കുറവായി തോന്നിയത്.കാര്യ പ്രാപ്തിയുള്ള ഒരു പ്രസിഡണ്ടിന്‍റെ സാന്നിദ്ധ്യവും ഞാന്‍ ഉടന്‍തന്നെ തിരിച്ചറിഞ്ഞു.പാര്‍ട്ടിയുടെ ലോക്കല്‍സെക്രട്ടറിയായിരുന്ന ശ്രീ എ എന്‍ പ്രഭാകരനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം പ്രസിഡണ്ടാക്കുകയായിരുന്നത്രെ.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തനങ്ങളും മറ്റു പ്രദര്‍ശന ബോര്‍ഡുകളും നല്ല ഒരു ടീമിന്‍റെ സാന്നിദ്ധ്യം പറഞ്ഞറിയിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം മുതല്‍ എന്‍റെ യാത്ര കുറ്റിയാടി വഴിയായിരുന്നു.വെള്ളമുണ്ടയിലെത്താന്‍ ഏറ്റവും സൌകര്യപ്രദമായ വഴി കുറ്റിയാടി വഴി വരുന്നതാണെന്ന് ഞാന്‍കണ്ടെത്തി.കുറ്റിയാടിയിലേക്ക് കോഴിക്കോട് നിന്നും കൊയിലാണ്ടിയില്‍നിന്നും വടകരയില്‍ നിന്നും തലശ്ശേരിയില്‍നിന്നും എത്താം. എല്ലാം ഏതാണ്ട് ഒരേ ദൂരം. എങ്കിലും വടകരയില്‍നിന്ന് കുറ്റിയാടി എത്തുന്നതാണ് എളുപ്പം.കുറ്റിയാടിയില്‍നിന്ന് വെള്ളമുണ്ട വരെയുള്ള ചുരം കയറിയുള്ള യാത്ര വളരെ ആസ്വാദ്യകരമാണ്.പ്രകൃതീദേവി സൌന്ദര്യം വാരി വിതറിയ വയനാടിന്‍റെ മനോഹരിത ഏറെ എനിക്ക് അനുഭവപ്പെട്ടത് ഈ യാത്രയിലാണ്.ഹരിതാഭമായ വൃക്ഷലതതാദികളും അദ്ഭുതപ്പെടുത്തുന്ന കുന്നിന്‍ ചെരിവുകളും നേരിട്ട് കാണാന്‍കഴിയുന്ന മേഘ പാളികളും കണ്ടാസ്വദിക്കാന്‍ കഴിയുമാറ് ഒച്ചിന്‍റെ വേഗത്തില്‍നീങ്ങുന്ന കെ എസ് ആര്‍ടി സി ബസ്സുകളും ആസ്വാദകരെ ഭാവനയുടെ അനന്തപഥത്തിലെത്തിക്കുന്ന വശ്യ സുന്ദരമായ കാഴ്ചകള്‍ മറ്റെവിടെയും ആസ്വദിക്കാന്‍കഴിയുമെന്ന് തോന്നുന്നില്ല.അന്തരീക്ഷവും ചുരം കയറുമ്പോള്‍ ക്രമേണ ഒരു തണുപ്പിലേക്ക് നീങ്ങുന്നു.വയനാടിന്‍റെ മോഹിപ്പിക്കുന്ന സൌന്ദര്യത്തിന്‍റെ നേര്‍ക്കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോള്‍ഇടയ്ക്കെവിടെയോവച്ച് നിദ്രാ ദേവിയുടെ കടാക്ഷവും കൂടിയാകുമ്പോള്‍ ചുരം കയറിക്കഴിഞ്ഞിരിക്കും.വെള്ളാനകളുടെ നാട്ടില്‍ കുതിരവട്ടം പപ്പു വിശദീകരിക്കുന്ന ഭീകരതയൊന്നും ചുരത്തിന് ഇക്കാലത്തില്ല ഇരുവശങ്ങളിലും അഗാധഗര്‍ത്തങ്ങള്‍കാണാമെങ്കിലും നല്ല വീതിയുള്ള റോഡുകളും കെട്ടുറപ്പുള്ള സംരക്ഷണഭിത്തികളും യാത്ര സുരക്ഷിതമാക്കുന്നു.യാത്രയ്ക്കിടയിലെപ്പോഴോ പ്രത്യേക ഉയരത്തിലെത്തുമ്പോള്‍ ചെവിയില്‍നിന്ന് എന്തോ പുറത്ത് ഇറങ്ങിപ്പോയപോലെയുള്ള ഒരു അനുഭവം ഉണ്ടാകുന്നു.മനുഷ്യ ശരീരം വ്യത്യസ്ഥ പരിസ്ഥിതികളുമായി ഒത്തുപോകാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ടെന്ന് ഞാന്‍അപ്പോള്‍അദ്ഭുതപ്പെടുമായിരുന്നു.ഏകദേശം മൂന്ന് മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം ബസ്സ് വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിന് മുമ്പിലെത്തുമ്പോള്‍ യാത്രയുടെ ക്ഷീണം ലവലേശമുണ്ടാകുകയില്ല.
വെള്ളമുണ്ടയില്‍നിന്ന് കോഴിക്കോടേയ്ക്ക് കുറേ കാലമായി അധികൃതരുടെ പരിഗണനയിലുള്ള പുഴിത്തോട് പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമായാല്‍ യാത്രാ സൌകര്യം കൂടുതല്‍മെച്ചപ്പെടും.
വെള്ളമുണ്ട പഞ്ചായത്താഫീസ് സ്ഥിതിചെയ്യുന്നത് വെള്ളമുണ്ട 8/4 ലെ ടൌണിനോട് ചേര്‍ന്നാണ്.വെള്ളമുണ്ടയില്‍ 3 ചെറിയ ടൌണുകളാണുള്ളത്.വെള്ളമുണ്ട 10/4,വെള്ളമുണ്ട 8/4,തരുവണ എന്നീ ചെറിയ ടൌണുകളിലെ കടകള്‍ക്ക് നാട്ടിലെ 25 വര്‍ഷം മുമ്പുള്ള കടകളുടെ നിലവാരം മാത്രമെ ഉള്ളൂ.ഹോട്ടലുകള്‍ക്കും സാധാരണ നിലവാരം മാത്രമെ ഉള്ളൂ.വെജിറ്റേറിയന്‍ ഹോട്ടല്‍വേണമെങ്കില്‍മാനന്തവാടിയിലോ കല്‍പറ്റയിലോ പോകണം.
പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ബാണാസുരമലകള്‍അതിര്‍ത്തിയായിട്ടുള്ള 64 ചതുരശ്ര കിലോമാറ്റര്‍വിസ്തൃതിയുള്ള വെള്ളമുണ്ടയുടെ ചരിത്രത്തിന്‍റെ ഏടുകള്‍മറിച്ച് നോക്കുന്നത് സ്ഥലത്തെപറ്റി കൂടുതല്‍മനസ്സിലാക്കാന്‍കഴിയും.മംഗലശ്ശേരി,ചെറുകര,വട്ടത്തോട്,കരിങ്ങാരി,തരുവണ എന്നീ നായര്‍നാടുവാഴികള്‍അടങ്ങുന്ന വെള്ലായ്മ സ്വരൂപം നിലനിന്നുരുന്നതുകൊണ്ടാകാം സ്ഥലത്തിന് വെള്ളമുണ്ട എന്ന പേര് വന്നത്.വെള്ലായ്മ സ്വരൂപം പഴശ്ശിരാജയുടെ കോട്ടയം സ്വരൂപത്തിന്‍റെ അധീശത്വം സ്വീകരിച്ചിരുന്നു.പഴശ്ശി രാജാവിന്‍റെ പ്രതിനിധി എല്ലാ വര്‍ഷവും വെള്ളായ്മ സ്വരൂപത്തിലെ അഞ്ചില്ലം സന്ദര്‍ശിക്കുമായിരുന്നു.അഞ്ചില്ലക്കാരാണ് ഉത്സവങ്ങളും അടിയന്തിരങ്ങളും ശിക്ഷാവിധികളും നടപ്പിലാക്കിയിരുന്നത്.വെള്ളമുണ്ടയില്‍ കാണുന്ന ക്ഷേത്രങ്ങള്‍ ഈ അഞ്ച് ഇല്ലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.വെള്ളമുണ്ട ടൌണിന് സമീപത്തുള്ള പടാരി ക്ഷേത്രം വട്ടത്തോട് തറവാട് വകയാണ്.മംഗലശ്ശേരി മല യുവാക്കളുടെ സാഹസികതയ്ക്കുള്ള വേദിയാണ്.ഇത് പഴശ്ശിരാജയുടെ ഒളി പോരാളികളുടെ താവളമാണ്.പഴശ്ശിരാജയുടെ വീരോചിതമായ രക്തസാക്ഷിത്വം വഹിച്ച സ്ഥലവും ഇവിടെനിന്ന് പത്ത് കിലോമീറ്ററോളം അകലെയാണ്.വെള്ളായ്മ സ്വരൂപത്തിലെ അഞ്ചില്ലക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വിവിധ വിഭാഗങ്ങളില്‍പെട്ടവരെ കൊണ്ടു വന്നത്.അങ്ങനെയാണ് പൂജാരി കര്‍മ്മങ്ങള്‍നടത്തുന്ന ബ്രാഹ്മണരും,കളമെഴുത്തും പാട്ടും നടത്താനുള്ള കുറുപ്പന്‍മാരും,അമ്പലങ്ങളില്‍ പൂ കെട്ടുന്ന നമ്പീശന്‍മാരും,ചെണ്ടകൊട്ടുന്ന മലയന്‍മാരും,ക്ഷൌരക്കാര്‍അലക്കുകാര്‍ക്ഷുരകന്‍മാര്‍ആശാരിമാര്‍എന്നി വര്‍ഇവിടെയെത്തിയത്.അവരുടെ കര്‍മ്മങ്ങള്‍അവരുടെ അവകാശവുമായിരുന്നു.അഞ്ചില്ലത്തെ ദേശപതികള്‍ ധര്‍മ്മിഷ്ഠരും പൊതുകാര്യ പ്രസക്തരുമായിരുന്നു.ആദിവാസികളില്‍ കുറിച്യരും പണിയ വിഭാഗത്തിലും പെട്ടവരാണ്.അവരില്‍ കുറിച്യര്‍പഴശ്ശി രാജയുടെ പടയോട്ടത്തില്‍ ഭാഗികളായിരുന്നു.അവര്‍ അമ്പെയ്ത്തില്‍പ്രഗല്‍ഭരാണ്.സാമൂഹികമായും സാമ്പത്തികമായും അവര്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്.ഇപ്പോഴത്തെ മന്ത്രി സഭയിലെ ഏക വനിതാ പ്രതിനിധി ശ്രീമതി ജയലക്ഷ്മി,കുറിച്യ വിഭാഗത്തില്‍പെടുന്നു.എന്നാല്‍ പണിയ വിഭാഗക്കാര്‍ ഇന്നും പിന്നോക്കം നില്‍ക്കുന്നു.ജന്മിമാരുടെ വിധേയരായിനില്‍ക്കുകയും മാനന്തവാടിയിലെ പ്രസിദ്ധമായ വള്ളിയുര്‍കാവ് ഉത്സവത്തിന് മുന്‍കൂറായി ജന്മിമാരില്‍നിന്ന് പണം കൈപറ്റുകയും വര്‍ഷം മുഴുവനും ആ വിധേയത്വത്തിന് വഴങ്ങി ജന്മിയ്ക്ക് വേണ്ടി ജോലി ചെയ്യുകയും ചെയ്യുന്നു.ഇത്രയും കാലങ്ങള്‍ക്കു ശേഷവും പഴയ സാമൂഹ്യവ്യവസ്തകളില്‍ നിന്നും അവര്‍ വിട്ടുമാറിയിട്ടില്ല.ആദിവാസികളില്‍ പൊതുവെ കാണുന്ന പിന്നോക്കാവസ്ഥ ഇവരില്‍ ഇപ്പോഴും കാണാന്‍കഴിയും.മുസ്ലീം വിഭാഗത്തിലുള്ളവര്‍ ഇവിടെ വ്യാപാരത്തിനായി എത്തിച്ചേര്‍ന്നതാണ്.വെള്ളമുണ്ടയില്‍ഇപ്പോള്‍മുന്‍തൂക്കമുള്ള വിഭാഗവും മുസ്ലീം വിഭാഗം തന്നെ.അഞ്ചില്ലത്ത് തറവാട്ടുകാരുമായി സൌഹാര്‍ദ്ദത്തില്‍കഴിഞ്ഞിരുന്ന ഇവര്‍ഭൂമി വിലയ്ക്ക് വാങ്ങി സങ്കേതങ്ങള്‍ നിര്‍മ്മിച്ചു.ഹിന്ദു മുസ്ലീം സൌഹാര്‍ദ്ദത്തിന്‍റെ കഥകള്‍പഴയകാരണവന്‍മാര്‍ക്ക് പറയാനുണ്ട്.ക്രിസ്ത്യനികളും ഇവിടെ കുടിയേറിയിട്ടുണ്ട്.പുളിഞ്ഞാല്‍ ഒഴുക്കന്‍മൂല,മംഗലശ്ശേരി,കൊമ്മയാട് എന്നിവിടങ്ങളില്‍ ഇവര്‍പാര്‍ക്കുകയും ദേവാലയങ്ങള്‍സാഥാപിക്കുകയും ചെയ്തു.ഈ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാകാം ജനങ്ങള്‍സൌഹാര്‍ദ്ദപരമായി ജീവിക്കുന്നു.മതപരമായതും രാഷ്ട്രീയമായതുമായ വ്യത്യാസങ്ങള്ണ്ടെങ്കിലും ഇത് സാമൂഹിക ഐക്യത്തിന് വിഘാതമാകാതെ നോക്കാന്‍ ജനങ്ങള്‍ജാഗരൂകരാണ്.
കുടിയേറി വന്നവര്‍ തങ്ങളുടെ മൂല ഭാഷാ ശൈലി പ്രയോഗിക്കുന്നു.കോട്ടയം പാലായില്‍ നിന്ന് വന്നവരും വടകരമുതല്‍കോഴിക്കോട് വരെയുള്ള ഭാഗങ്ങളില്‍നിന്ന് വന്നവരുടെ ശൈലിയും വെള്ളമുണ്ടയില്‍ കേട്ടുവരുന്നു.നായര്‍ സമുദായക്കാരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരും ശുദ്ധമായ മലയാള ഭാഷ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു.അവരുപയോഗിക്കുന്ന ഭാഷയില്‍ കേരളത്തിലെ മറ്റേതെങ്കിലും സ്ഥലത്തെ ഭാഷയുടെ പ്രഭാവം ഇല്ല.ഏറെക്കുറെ അച്ചടി ഭാഷയാണ് അവര്‍സംസാരിക്കുന്നത്.മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍പൊതുവെ കൊയിലാണ്ടി ഭാഗത്തെ ഭാഷാരീതിയാണ് കണ്ടുവരുന്നത്.കണ്ടില്ല എന്നതിന് പകരം കണ്ടിക്കില്ല്യ എന്നും പോയില്ല എന്നതിന് പകരം പോയിക്കില്ല്യ എന്നും ഉപയോഗിക്കുന്നതായി കാണുന്നു.മുസ്ലീം വിഭാഗങ്ങള്‍ ക്കിടയില്‍മറ്റൊരു ശൈലി ചോദ്യോത്തര ശൈലിയാണ്.ഉദാഹരണത്തിന് ചായ വയ്ക്കാന്‍ തേയിലപൊടി വേണമെന്ന് പറയുന്നതിന് പകരം.ചായവയ്ക്കാനെന്തുവേണം,തേയിലപൊടിവേണം എന്ന് പറയുന്നു.എന്നിട്ടെന്തുവേണം വെള്ളം അടുപ്പത്തുവയ്ക്കണം.എന്നിട്ടെന്തുവേണം തീകത്തിക്കണം.വെള്ളം തെളച്ചാലെന്താക്കണം,തേയിലപ്പൊടിയിടണം.കൊറച്ച് കഴിഞ്ഞാലെന്താക്കാ,ചായ പാത്രത്തിലൊഴിച്ച് കുടിക്കാ.എന്നിങ്ങനെ ഒരു കാര്യം ചോദ്യോത്തര ശൈലിയില്‍ വിവരിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.കൂടാതെ ആദ്യമായി കാണുമ്പോള്‍ “എന്തെല്ലാ” എന്ന് ചോദിച്ച് കുശലം ചോദിക്കുന്നതും ഒരു പ്രത്യേകതയായി തോന്നി.
കച്ചവടത്തിന്‍റെ ചുമതല ഇപ്പോഴും മുസ്ലീം വിഭാഗത്തിന് തന്നെ കടകളില്‍ഏറിയ പങ്കും മുസ്ലീം വീഭാഗക്കാരുടേത് തന്നെയാണ്.മേന്മയുള്ളസാധാനങ്ങള്‍ കടകളില്‍സാധാരണ കണ്ടുവരാറില്ല മിക്കതും രണ്ടാം കിട സാധനങ്ങളാണ് വെള്ളമുണ്ടയില്‍ വില്‍ക്കപ്പെടുക.
ഇതൊരുമമ്മുട്ടിമാരുടെ നാടാണ് എന്തുകൊണ്ടോ നല്ലൊരു ശതമാനം ആള്‍ക്കാരും ഇവിടെ മമ്മുട്ടിമാരാണ്.കൂടാതെ പേരിനോടൊപ്പം വീട്ട് പേര് ഇവിടെ ഒഴിച്ചുകൂടാന്‍പറ്റാത്തതാണ് അതു കൊണ്ടു തന്നെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍വളരെ എളുപ്പമാണ്.കമ്പ ഉസ്മാന്‍,അഷറഫ് ചങ്കറപ്പന്‍,അറക്ക മൊയ്ദു എന്നിങ്ങനെ എല്ലാവരുടെ പേരിനൊപ്പവും കുടുംബപ്പേരുണ്ടാകും.
സേവന നിവൃത്തരായ സര്‍ക്കാര്‍ജീവനക്കാരെ ഇവിടെ പൊതു രംഗത്ത് ധാരാളം കണ്ടുവരുന്നു.പഞ്ചായത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി പങ്കെടുക്കുന്നു.റിട്ടയര്‍മെന്‍റ് ജീവിതം വീട്ടില്‍ഒതുക്കാതെ പൊതു പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്നവരാണ് ബഹു ഭൂരി പക്ഷവും.വളരെ സജീവമായ അവരുടെ കൂട്ടായ്മയും വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.അത്തരം ഒരു കൂട്ടായ്മയില്‍ എനിക്ക് പങ്കെടുക്കാന്‍അവസരം ലഭിച്ചിരുന്നു.മാസത്തിലൊരിക്കല്‍ ഏതെങ്കിലും ഒരു അംഗത്തിന്‍റെ വീട്ടില്‍ഒത്തു ചേരുകയും ആ ഒത്തു ചേരലില്‍ എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നു.ഞാന്‍ പങ്കെടുത്ത ഒത്തു ചേരലില്‍ നാട്ടിലെ മൂന്ന് പ്രമുഖരെ ആദരിക്കുന്ന ചടങ്ങായിരുന്നു.റേഡിയോ നാടകരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ശ്രീ കരുണാകരന്‍മാസ്റ്ററെയും,ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍നടത്തി ദേശീയ അവാര്‍ഡ് വാങ്ങിയ ശ്രീമതി ദിപ ടീച്ചര്‍എന്നിവരെ നേരില്‍കാണാനും അവരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും അങ്ങനെ എനിക്ക് അവസരം ഉണ്ടായി.സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊന്നുവേട്ടന്‍എന്ന പേരിലറിയപ്പെടുന്ന മംഗലശ്ശേരി ശ്രീ നാരായണന്‍നായര്‍ വെള്ളമുണ്ടയിലെ പൊതുജന സമ്മതനായ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥനാണ്.ഗ്രാമ വികസന വകുപ്പില്‍ നിന്ന് ബി ഡി ഒ ആയി റിട്ടയര്‍ ചെയ്ത് ഇപ്പോള്‍കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലോക്കല്‍അഡ്മിനിസ്ട്രേഷന്‍തൃശൂരിലെ ഫാക്കല്‍ട്ടിയായി പ്രവര്‍ത്തിക്കുന്നു.തന്‍റെ നിസ്വാര്‍ത്ഥമായ സേവനം കൊണ്ട് ജനമാനസങ്ങളില്‍ ഇടം നേടാനും ഭവന നിര്‍മ്മാണ പദ്ധതികള്‍തൊഴിലുറപ്പ് പദ്ധതി എന്നീ രംഗത്ത് വയനാട് ജില്ലയിലെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍അദ്ദേഹത്തിന്‍റെ സംഭവന നിസ്തര്‍ക്കമാണ്.പഴമയുടെ തറവാട്ട് പെരുമ വിളിച്ചോതിക്കൊണ്ട് അഞ്ചില്ലത്തെ പിന്തുടര്‍ച്ചക്കാര്‍വളരെ സത്യ സന്ധമായും കൃത്യ നിഷ്ടയോടും പൊതു പ്രവര്‍ത്തനങ്ങളില്‍പങ്കാളികളാകുന്ന ആശ്വാസ ദായകമായ കാഴ്ചയും വെള്ളമുണ്ടയില്‍കാണുന്നു.
വയനാട്ടിലെ കാലവസ്ഥപറ്റി പൊതുവെ കേട്ടിരുന്നതില്‍നിന്നും തികച്ചും വ്യത്യസ്ഥമായ കാലാവസ്ഥയാണ് വയനാട്ടില്‍ ഇപ്പോള്‍ഉള്ളത്.കഠിനമായ തണുപ്പ് ഇന്ന് അന്യമാണെങ്കിലും.ഇതര ജില്ലകളെ അപേക്ഷിച്ച് അന്തരീക്ഷ താപ നില കുറവാണ്.അതു കൊണ്ടുതന്നെ രാത്രിയെ പുതച്ചുമൂടിയുള്ള ഉറക്കം ഒരു ഹരം തന്നെയാണ്.എപ്പോഴും ഫാനിന്‍റെ മുരള്‍ച്ചയും മഴക്കാലത്തുപോലും അനുഭവപ്പെടുന്ന ഉഷ്ണവും അനുഭവിക്കുന്ന എനിക്ക് വയനാട്ടിലെ കാലാവസ്ഥ സുഖകരമായിരുന്നു.ഡിസമ്പറിലെ ഏതാനും ദിവസങ്ങളില്‍ മാത്രമെ അതികഠിനമായ തണുപ്പ് അനുഭവപ്പെട്ടുള്ളൂ ആ ദിവസങ്ങളില്‍രാവിലെ കുളിക്കുന്നത് തികച്ചും ശ്രമസാദ്ധ്യമായിരുന്നു.വയനാട്ടിലെ സ്ഥിരതാമസക്കാരായ ആള്‍ക്കാര്‍ക്ക് അവിടുത്തെ തണുപ്പ് അസഹ്യമായും അസുഖകരമായും തോന്നി.തണുപ്പ് കൂടുതലുള്ള ദിവസങ്ങളില്‍ തൊപ്പിയും കോട്ടും ചെവി മൂടുന്ന കവറും ഒക്കെയായി ജനങ്ങളെ കാണാം.പുറം നാട്ടിലുള്ളവര്‍ ഈ കാലാവസ്ഥയെ അതിജീവിക്കുന്നതായി കാണപ്പെടുന്നുണ്ടെങ്കിലും തദ്ദേശീയര്‍ക്ക് ഇത് അസഹ്യമാണ്.കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ “യോഗ” എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഓഫീസിലുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ചര മണിയ്ക്കെഴുന്നേറ്റ് 45 മിനിട്ട് നേരം ഞാന്‍ “യോഗ” ചെയ്തിരുന്നു.
ഭക്ഷണക്കാര്യത്തില്‍ മിക്കവരും മാംസാഹാരികളാണ്.അതു കൊണ്ട് തന്നെ ശുദ്ധ സസ്യാഹാരിയായ ഞാന്‍ ആദ്യ ദിവസങ്ങളില്‍വല്ലാതെ ബുദ്ധിമുട്ടി.വെള്ളമുണ്ട ടൌണില്‍ നല്ല ഹോട്ടലുകള്‍ഇല്ലാത്തതും ഉള്ള ഹോട്ടലുകള്‍ എല്ലാം തന്നെ നോണ്‍വെജിറ്റേറിയന്‍ഭക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതായതിനാല്‍എനിക്ക് വെള്ളമുണ്ടയില്‍പിടിച്ചുനില്‍ക്കുന്നതിന് മറ്റേതെങ്കിലും വഴികണ്ടെത്തേണ്ടിയിരുന്നു.അങ്ങനെയാണ് ഒരുദിവസം ഇന്‍ഡക്ഷന്‍കുക്കറും ,സ്റ്റീല്‍ ഫ്രൈയിംഗ് പാനും,പ്രഷര്‍കുക്കറും ഉപയോഗിച്ച് ഓഫീസിലെ ജിതേഷിനെയും കൂട്ടി സ്വയം പാചകം ആരംഭിച്ചത്.ഒരു ചായപോലും മര്യാദയ്ക്ക് ഉണ്ടാക്കാനറിയാത്ത ഞാന്‍ ക്രമേണ.ഉപ്പുമാവും,പുട്ടും,ചോറും,കറിയും,കപ്പയും ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി.വയനാട്ടിലെ പ്രത്യേകതകള്‍ക്കിടയില്‍പാചകവും ഞങ്ങള്‍ക്ക് ഒരു ഹരമായി മാറി.ചിലവ് കുറവാണെന്നതിലുപരി,സ്വയം പാചകം ചെയ്ത് കഴിക്കുന്നതിലെ സംതൃപ്തിയും ആനന്ദവും ഞങ്ങള്‍നന്നായി ആസ്വദിച്ചു.
ഇടദിവസങ്ങളില്‍ താമസിക്കാന്‍ഒരുമുറിയും ഭക്ഷണം പാകം ചെയ്യാന്‍ഒരു മുറിയും ആയതോടെ കൂടുതല്‍ സൌകര്യമായി.റൂമില്‍ ഒരി ടെലിവിഷനും ആയതോടെ ഗംഭീരമായി.ഫുട്ബോള്‍ ലോകകപ്പും,ക്രിക്കറ്റ് ലോകകപ്പും,ഇടയ്ക്കുള്ള ചിരിമസാലകളുമായി ഒരു ഗൃഹാന്തരീക്ഷം തന്നെ ഓഫീസില്‍ തോന്നിത്തുടങ്ങി.
ഭക്ഷണത്തിന്‍റെ കാര്യത്തിലും താമസത്തിന്‍റെ കാര്യത്തിലും സ്വയം പ്രാപ്തതയായതോടെ ഞങ്ങളുടെ അടുത്ത ശ്രദ്ധ വ്യായാമത്തിലായി.ഓഫീസിന്‍റെ അടുത്തു തന്നെ താമസിക്കുന്ന മജീദിന്‍റെ വീട്ടിലെ ഷട്ടില്‍ബാറ്റ്മിന്‍റന്‍കോര്‍ട്ടില്‍അങ്ങനെ ഞങ്ങള്‍മൂന്നു പേര്‍കളിതുടങ്ങി.മൂന്നാളില്‍ നിന്ന് തുടങ്ങി കളിക്കാന്‍ ആറും ഏഴും പേര്‍വരാന്‍തുടങ്ങി.രാവിലെ ആറരയ്ക്കായിരുന്നു കളി.ആദ്യം ഒരു മണിക്കൂര്‍ നേരം ആയിരുന്ന കളി പിന്നീട് എട്ട് മണിവരെ നീളാന്‍തുടങ്ങി.കളി ഞങ്ങള്‍ക്ക് ഒരാവേശമായി വളര്‍ന്നു.രാത്രി ആയാല്‍ ഒന്ന് വെളിച്ചമായാല്‍മതിയായിരുന്നു എന്ന് തോന്നാന്‍തുടങ്ങി.ഗള്‍ഫില്‍നിന്ന് അവധിയ്ക്ക് നാട്ടില്‍ വന്ന മമ്മുട്ടി,കെ എസ് എഫ് ഇ ജീവനക്കാരനായ വിനു,മില്‍മ ജീവനക്കാരനായ സാബു,ബാങ്ക് ജീവനക്കരനായ റഫീക്ക്,ചീമു എന്നിവര്‍ സ്ഥിരം താരങ്ങളായിരുന്നു.മദ്ധ്യ വയസ്സെത്താറായ ഞങ്ങളുടെ കളിയോടുള്ള ആവേശം അതിരുവിട്ടുവോ എന്തോ മിക്ക കളിക്കാരും പരുക്കിന്‍റെ പിടിയിലായി.സിമന്‍റ് പ്രതലത്തിലെ കളികൊണ്ടായിരിക്കും മിക്കവരുടെയും മുട്ടിലാണ് പരിക്ക് പടിയിട്ടത്ഒരു ഘട്ടത്തില്‍ പരിക്കുകാരണം കളിതന്നെ നിര്‍ത്തിവയ്ക്കാന്‍ആലോചിച്ചപ്പോഴേയ്ക്കും മഴ വന്നെത്തിയിനാല്‍ കളി നിര്‍ത്തിവയ്ക്കുകതന്നെ ചെയ്തു.
കനകം വിളയുന്ന വയനാട് അധിനിവേശകരുടെ കൈയ്യേറ്റത്തിനും മനോഹരമായ പ്രകൃതി ചൂഷണത്തിന് ഇരയാകുന്നതും മുന്‍കാലങ്ങളില്‍വായിച്ചും കേട്ടും മനസ്സിലാക്കിയത് നേരില്‍കണ്ട് മനസ്സിലാക്കി.നിലവിലെ സ്ഥിതി വയനാട്ടിന്‍റെ സ്വന്തം മക്കള്‍ചൂഷണത്തിന് വിധേയരാകുന്നതും അധിനിവേശകരുടെ കടന്നു കയറ്റത്തില്‍ നിസ്സംഗരായി ഒതുങ്ങി ജീവിക്കുകയും ചെയ്യുന്നു.പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മുറവിളികള്‍ക്കിടയിലും കാട്ടിലെ വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു,അശാസ്ത്രീയമായ രീതിയില്‍കരിങ്കല്‍ഖനനം നടക്കുന്നു,കളിമണ്‍ ഖനനം നടക്കുന്നു,ആദിവാസി കള്‍ക്കായുള്ള ഫണ്ട് ദുരുപയോഗം നടക്കുന്നു,കുന്നുകള്‍ ഇടിച്ച് ഗൃഹ നിര്‍മ്മാണങ്ങള്‍നടക്കുന്നു.പ്രകൃതിയുടെ സുന്ദരമായ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണ്.പ്രകൃതിയുടെ മക്കളുടെ കളങ്കരഹിതമായ പെരുമാറ്റം അങ്ങേയറ്റം ആകര്‍ഷകമായി തോന്നിയ ഒരു ഘടകമാണ്.ആ നിഷ്കളങ്കത പരമാവധി ഉപയോഗപ്പെടുത്തുന്ന ഉദ്യോഗസ്ഥ,അനുദ്യോഗസ്ഥ പൊതു പ്രവര്‍ത്തകരെയും എങ്ങും കണാന്‍കഴിയും.പക്ഷെ നിയമം ചൂണ്ടികാണിക്കുകയാണെങ്കില്‍ ആയത് പാലിക്കാനുള്ല സന്മനസ്സ് എല്ലാവരും കാണിക്കുന്നുണ്ട്.വയനാട്ടിലെ മനോഹരമായ ചുരങ്ങളെ ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്.അന്യ ജില്ലകളില്‍ നിന്നുവരെ മാലിന്യങ്ങള്‍ആരുമറിയാതെ നിക്ഷേപിക്കുന്നത് അസഹ്യമായ നാറ്റത്തിന് വഴിതെളിക്കുന്നു.
വയനാടിന്‍റെ മനോഹാരിത വാണിജ്യ വത്കരിക്കുന്ന ഒരു വിഭാഗമാണ് റിസോര്‍ട്ട് നടത്തുന്നവര്‍.മണ്ണുകൊണ്ട് നിര്‍മ്മിച്ച താമസത്തിനുവേണ്ടിയുള്ള ക്വാര്‍ട്ടേഴ്സുകളും വീടുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.ഒരു ദിവസത്തെ താമസത്തിന് 5000 രൂപ വരെ യാണ് അവര്‍ സന്ദര്‍ശകരില്‍നിന്ന് ഈടാക്കുന്നത്.
കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ പരമാവധി ഉപയോഗം കിട്ടിയിരിക്കുന്നത് വയനാട് ജില്ലയില്‍ തന്നെയാണ്.വയനാട്ടിലെ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി ഈ പദ്ധതിയില്‍ അങ്ങേയറ്റം മെച്ചപ്പെട്ടിട്ടുണ്ട്.മേറ്റ് മാരായും എഡി എസ് ആയും ജോലി ചെയ്യുന്ന സ്ത്രീകള്‍ അത്യന്തം ഗൌരവത്തോടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ പോലെ പദ്ധതിയില്‍പ്രവര്‍ത്തിക്കുന്നതും ഫയലുകള്‍ തയ്യാറാക്കുന്നതുമായ കാഴ്ച സ്ത്രീ ശാക്തീകരണത്തിന്‍റെ ഉദാത്തമായ ഒരു ഉദാഹരണമാണ്.
വയനാട് ജില്ലയിലെ ഒരു വര്‍ഷത്തെ അനുഭവം അയവിറക്കുമ്പോള്‍മറക്കാന് കഴിയാത്ത പലവ്യക്തിത്വങ്ങളും ഉണ്ട്.അതില്‍ ഒരാളാണ് ഇ കെ മാധവന്‍നായര്‍,ജില്ലയിലെ ആദ്യത്തെ ബിരുദധാരിയാണ് 35 വര്‍ഷം പഞ്ചായത്തിലെ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിസ്വാര്‍ത്ഥനും സേവന തത്പരനും അങ്ങേയറ്റം മനുഷ്യ സ്നേഹിയുമാണ്.രാഷ്ട്രീയത്തിലെ സന്മാര്‍ഗ്ഗതയില്‍അദ്ദേഹത്തിന്‍റെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് ശ്രദ്ധേയമാണ്.വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍കൊണ്ട് അദ്ദേഹം തന്‍റെ സേവനം അവസാനിപ്പിച്ച് ഇപ്പോള്‍സ്വസ്ഥ ജീവിതം നയിക്കുകയാണ്.അദ്ദേഹം എനിക്ക് സ്നേഹത്തോടെ തന്ന ഓവര്‍കോട്ട് എനിക്ക് വയനാട്ടില്‍നിന്ന് കിട്ടിയ അമൂല്യ ഉപഹാരമെന്ന നിലയില്‍ ഞാന്‍ സൂക്ഷിക്കുന്നു.
കുറച്ച് കാലം ഞാന്‍ ഭാര്യ സമേതനായി വെള്ളമുണ്ടയില്‍താമസിച്ചിരുന്നു.ചെറുകര എന്ന മനോഹര ഗ്രാമത്തിലെ ഗംഗാധരേട്ടന്‍റെ വീട്ടിലാണ് താമസിച്ചത്.പ്രശസ്ത സാഹിത്യകാരന്‍മാരുടെ കഥകളില്‍മാത്രം വായിച്ചിട്ടുള്ള ഒരു ഉദാത്തമായ ഗ്രാമീണ പശ്ചാത്തലമാണ് അവിടെ കാണാന്‍കഴിഞ്ഞത്.കുടുംബത്തിലേക്ക് ഒരു അടുത്ത ബന്ധു വന്നതു പോലുള്ള ഒരു ആതിഥ്യമര്യാദയാണ് ചെറുകരഗ്രാമത്തില്‍നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്.പരസ്പരം കണ്ടാല്‍ വിശേഷങ്ങള്‍ആരായുക നല്ല വിശേഷങ്ങള്‍ ഗ്രാമ വാസികള്‍ക്കിടയില്‍കൈമാറുക കല്യാണം,മരണം മുതലായ സന്ദര്‍ഭങ്ങളില്‍ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക.ആതിഥ്യമര്യാദ എന്നിവ അന്യം നിന്നു പോകുന്ന ഇന്നത്തെ നഗര വത്കരണ കാലഘട്ടത്തില്‍ ചെറുകരയിലെ അനുഭവം തികച്ചും നവ്യമായിരുന്നു.സ്ഥലത്തെ അന്യനാട്ടിലെ ഒരുദ്യോഗസ്ഥന്‍എന്നതിലുപരി സഹോദര തുല്യമായ സ്നേഹം എനിക്ക് ഗംഗാധരേട്ടന്‍റെ കുടുംബത്തില്‍നിന്നും ചെറുകര ഗ്രാമത്തില്‍നിന്നും കിട്ടിയിട്ടുണ്ട്.ഒരു നാടിന്‍റെ സാസംസ്കാരിക പശ്ചാത്തലത്തിലേക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.ഇടതു പക്ഷ ചിന്താഗതിക്കാര്‍ കുടുതലുള്ള ഈ ഗ്രാമത്തിലെ റിനയന്‍സ് ലൈബ്രറി കേരളത്തിലെ ഏറ്റവും പഴയതും സുസംസ്കൃതമായ ഒരു ഗ്രാമത്തിന് ഒരു ലൈബ്രറിയുടെ പങ്കാളിത്തം വിളിച്ചോതുന്നതുമാണ്.
വളരെ യാദൃശ്ചികമായിട്ടാണെങ്കിലും ഒരു വര്‍ഷക്കാലം വയനാടിന്‍റെ പ്രത്യേകതകള്‍അനുഭവിച്ചറിയുന്നതിനും ജനങ്ങളുമായി ഇടപഴകിയും വേറിട്ട അനുഭവങ്ങളുമായി ഏറെ ജീവിതാനുഭങ്ങളും സിസ്വാര്‍ത്ഥമായ സൌഹൃദങ്ങളും കൈമുതലാക്കി ഞാന്‍ ആഗസ്റ്റ് മാസത്തില്‍ ചുരമിറങ്ങിയപ്പോള്‍ചിത്രം സിനിമയില്‍ മോഹന്‍ലാല്‍പറഞ്ഞ ഡയലോഗ് എന്‍രെ മനസ്സിലും ഓടിയെത്തി ഓര്‍ക്കുവാനും താലോലിക്കുവാനും കുറേയേറെ കാര്യങ്ങള്‍ സമ്മാനിച്ച വയനാടിന് ഒരായിരം നന്ദി.
വെയിലിനും തണലിനും,നീട്ടിയ കൈക്കുമ്പിളില്‍ജലം പകര്‍ന്നു തന്ന സഹോദര സ്നേഹത്തിനും കനിവിനും,ചതിക്കുണ്ടിനും,നിലാകുളിരിനും,കണ്ണു നീരിനും,വഴിയിലെ കൂര്‍ത്ത നോവിനും,ചുവന്ന കണ്ണുകള്‍ക്കും,പ്രാക്കിനും,കിളിപാട്ടിനും,ഉയിരുറങ്ങാത്തൊരലിവിനും ഒരായിരം നന്ദി.

No comments:

Post a Comment