അയാള്‍ നടക്കുകയാണ്.എങ്ങോട്ടെന്നില്ല .കാലുകള്‍ക്ക് ബലം കിട്ടുന്നില്ല .പി എസ് സി റാങ്ക് ലിസ്റ്റ് വന്നിട്ട് രണ്ടു ദിവസമായി.പ്രതീക്ഷയില്ല.ഇരുനൂറിലധികം നിയമനം നടന്നാല്‍ മാത്രമേ ചെറിയ സാധ്യത ഉള്ളൂ കഴിവതും ആള്‍ക്കാരില്‍ നിന്ന് അകന്ന് അയാള്‍ യാത്ര തുടര്‍ന്നു.കണാരന്‍ മാഷുടെ മകന് ജോലി ശരിയാകാത്തതിന്ന് ആള്‍ക്കാര്‍ക്ക് വലിയ വിഷമമാണെന്ന് വയ്പ്.എല്ലാവരുടെയും അഭിപ്രായം കേള്‍ക്കണം.അവിടെ അപേക്ഷിക്കാം ഇവിടെ അപേക്ഷിക്കാം അയാളോട് പറയാം ഇയാളോട് പറയാം ആ അമ്പലത്തില പോയാമതി. ഈ ജ്യോത്സ്യനെ കണ്ടാമതി.വയ്യ.കേട്ടു മടുത്തു.നീ നല്ലവനാ . നിനക്ക് നല്ലതെ വരൂ.നിന്റെ അച്ഛന്‍ നല്ലതേ ചെയ്തിട്ടുള്ളൂ.നീയും ആരെയും ദ്രോഹിച്ചിട്ടില്ല .സമാധാനിപ്പിക്കാന്‍ കുറേ പേര്‍. അയാള്‍ യാന്ത്രികമായി കടല്‍ക്കരയിലെത്തി. ആരും ഇല്ലാത്ത കോണിലേക്ക് അയാള്‍ നടന്നു. പാറയില്‍ തളര്‍ന്നിരുന്നു.ദൂരെ കുടുംബം പുലര്‍ത്താന്‍ സാഹസികമായി ആഴക്കടലിലേക്ക് പോകുന്നവര്‍.സൂര്യന്‍ കണ്ണിലേക്ക് കുത്തുന്നതുപോലെ പ്രകാശം പൊഴിക്കുന്നു.കഴുകന്‍ വട്ടമിട്ടു പറക്കുന്നു .തിരമാലകള്‍ കാളസര്‍പ്പം കണക്കെ ഓടിവന്നു കരയില്‍ തട്ടി വിഷം ചീറ്റുന്നു.വരണ്ട കാറ്റടിച്ച് അയാള്‍ക്ക് അസ്വസ്ഥത തോന്നി. അയാള്‍ ചുറ്റും നോക്കി.പുതുതായി വിവാഹിതരായ ദമ്പതികള്‍ വീഡിയോ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നു.സത്യജിത് റേ യെപ്പോലെ ക്യാമറാമേനും, പൃഥ്വീരാജും സംവൃതാ സുനിലും പോലെ ദമ്പതികളും ആവേശത്തോടെ അഭിനയിക്കുന്നു.തിരമാലകളോടൊത്ത് കളിക്കുന്ന കുട്ടികള്‍. കുട്ടികളുടെ കളി കാണുന്ന അച്ഛനമ്മമാര്‍.എല്ലാവരുംസന്തുഷ്ടരാണ് .ഒരു സുനാമി വന്ന് തന്നെ വിഴുങ്ങിയിരുന്നെങ്കില്‍.....അയാള്‍ ഓര്‍ത്തു.അയാള്‍ പാറപ്പുറത്ത് നീണ്ടുനിവര്‍ന്നു കിടന്നു.കണ്ണ് പൂട്ടിയടച്ചു .അയാള്‍ക്കു മുന്നില്‍ ഒരായിരം നക്ഷത്രങ്ങള്‍ വിരിഞ്ഞു.പക്ഷെ അതാ ആകാശത്തിലല്ല പാതാളത്തിലാണ്. കുട്ടിക്കാലത്ത് പനി വരുമ്പോള്‍ ആ പാതാളത്തിലേക്ക് വീഴുന്നതായി സ്വപ്നം കാണുമായിരുന്നു .ഞെട്ടി ഉണരുമ്പോള്‍ അമ്മ ബ്രെഡ്ഡും പാലും കൊണ്ടുവരും.അയാള്‍ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് വഴുതി വീണു.എന്തൊരു നല്ല കാലമായിരുന്നു.വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു.എല്ലാ സൌഭാഗ്യങ്ങളും..ഒന്നിനും ഒരു കുറവും ഇല്ല.നല്ല ഈശ്വരാധീനം ഉണ്ട്.എവിടെയോ ചുവടു പിഴച്ചു.ജോലി ഒരു സ്വപ്നമാണ് .അത് മാത്രമില്ല.പൂവുകളെ ആസ്വദിക്കാന്‍ കഴിയും പക്ഷികളോട് സല്ലപിക്കാന്‍ കഴിയും.നന്മയെ തിരിച്ചറിയാന്‍ കഴിയും. ആരെയും ദ്രോഹിച്ചിട്ടില്ല ആര്‍ക്കും ഉപദ്രവമില്ല. ഉപകാരമില്ലെങ്കിലും.ജീവിതം ഇനിയും ബാക്കി .അയാളോര്‍ത്തു ഇല്ലായ്മയെ ഓര്‍ക്കാതെ ഉള്ളതിനെ ഓര്‍ക്കുക.തൃപ്തിപ്പെടുക.ജീവിതം ഒരു സൌഭാഗ്യമാണെന്ന് കരുതുക ആരുടേയും ജീവിതം പൂര്‍ണമല്ല.പൂര്‍ണതയിലേക്ക് യാത്ര ചെയ്യുക.എത്തിപ്പെടാന്‍ പറ്റുന്നിടത്ത് എത്തുക.അയാളിലെ ഫിലോസഫി ഉണര്‍ന്നു. അയാള്‍ പെട്ടെന്ന് കണ്ണ് തുറന്നു.എണീറ്റിരുന്നു. ദമ്പതിമാരും കുട്ടികളും സ്ഥലം വിട്ടിരുന്നു. അങ്ങകലെ കണ്ട തോണി കരയ്ക്കടുത്തിരുന്നു.സൂര്യന്റെ തീവ്രത കുറഞ്ഞിരുന്നു.തിരമാലകള്‍ കൂട്ടത്തോടെ ഓടിവരുന്ന കുട്ടികളെയും,ഓട്ടത്തിനൊടുവില്‍ അവരുടെ പൊട്ടിച്ചിരിയുടെ പൂത്തിരികളായും അയാള്‍ക്ക് തോന്നി.ഒരു മന്ദമാരുതന്‍ അയാളെ തഴുകി ആകാശത്ത് സഞ്ചാരിപക്ഷികളുടെ കൂട്ടം മനോഹരമായ ചിത്രം വരയ്ക്കുന്നു.നേരം ഇരുട്ടി അമ്മ കാത്തിരിക്കുന്നുണ്ടാകും. അച്ഛന്‍ കുറുന്തോട്ടി പറിക്കാന്‍ പറഞ്ഞിരുന്നു. അയാള്‍ വേഗം എണീറ്റ് നടന്നു. അയാളുടെ കാലുകള്‍ വേഗം ചലിച്ചു. അയാള്‍ കൂടുതല്‍ ഉന്മേഷവാനായിരുന്നു.
No comments:
Post a Comment