''ഒരു കഷണം ചോക്ക് എന്ന പൊതുമുതല്‍ എന്ന ഏകാങ്ക നാടകം ആരംഭിക്കുന്നു.ചന്ദ്രാനനന്‍ മാസ്റ്ററുടെ ഘന ഗംഭീരമായ ശബ്ദം മൈക്കില്‍ മുഴങ്ങി.ഞാന്‍ കുട്ടി ജൂബ്ബയും മീശയും വച്ച് കൈയ്യില്‍ ഒരു ചൂരല്‍ വടിയുമായി പിന്നരങ്ങില്‍ നില്‍ക്കുന്നു.കര്‍ട്ടന്‍ ഉയരുന്നതോടൊപ്പം രണ്ടു കുട്ടികള്‍ ഒരു കഷണം ചോക്കിനു വേണ്ടി അടി കൂടുന്നു.മാഷായ ഞാന്‍ കടന്നു വരികയും ചോക്കെന്ന പൊതുമുതലിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.ഒരു കൊച്ചു കുട്ടി എന്ന നിലയില്‍ അവിടെ എന്റെ ഒരു ആഗ്രഹ സാഫല്യമായിരുന്നു.കോസ്മോ പോളിറ്റിന്‍ ക്ലബ്ബ് എന്ന മുള്ളേരിയയിലെ അദ്ധ്യാപകരുടെ കൂട്ടായ്മ ഒരുക്കിയ നാടകം കണ്ടതുമുതല്‍ ബാലകനായ എന്റെ ഉള്ളില്‍ ഉടലെടുത്ത ഒരു ആഗ്രഹമാണ് നാടകത്തില്‍ ഒരു വേഷം ചെയ്യുക എന്നത് .നാടകത്തിലും യക്ഷഗാനത്തിലും മറ്റും വേഷം ചെയ്യുന്നവരോട് എനിക്ക് ഒരു തരം ആരാധനയായിരുന്നു.ഉയര്‍ന്ന സ്കൂള്‍ കുട്ടികളുടെ സ്കൂള്‍ ഡെ ,യക്ഷഗാനം എന്നിവ കാണാന്‍ അച്ഛന്‍ എന്ന കൊണ്ടു പോകുമായിരുന്നു.രാത്രി ഒരു പോള കണ്ണടയ്ക്കാതെ പുലരും വരെ കലാപരിപടികള്‍ കാണാന്‍ എനിയ്ക്കിഷ്ടമായിരുന്നു.നാലാം ക്ലാസ്സ് വിദ്യര്‍ത്ഥിയായിരിക്കെ ബാലകലോത്സവത്തിന് മത്സരത്തിനായി ചന്ദ്രാനനന്‍ മാസ്റ്റര്‍ ബാലരമയില്‍ വന്ന ഒരു ലഘു നാടകം ഞങ്ങളെ പഠിപ്പിക്കുകയും പൊതുമുതലിന്റെ മൂല്യം കുട്ടികളില്‍ ബോദ്ധ്യമാകും വിധം തയ്യാറാക്കിയ സ്ക്രിപ്റ്റ് ഞങ്ങള്‍ ഹൃദിസ്ഥമാക്കുകയും ഉപജില്ലാതലത്തില്‍ അവതരിപ്പിക്കുകയും ചെയ്ത നാടകം അത്രയ്ക്ക് നിലവാരമൊന്നും പുലര്‍ത്തിയില്ലെങ്കിലും ഇന്ന് അതോര്‍ക്കുന്പോള്‍ പലതരം ചിന്തകള്‍ മനസ്സില്‍ ഓടിയെത്തുന്നു."മാണിക്യക്കല്ല് "എന്ന സിനിമയില്‍ പൃഥ്വീരാജ് കൈകാര്യം ചെയ്ത വിനയചന്ദ്രന്‍ മാസ്റ്ററുടെ കഥാപാത്രത്തോട് അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകനായ ചന്ദ്രാനനന്‍ മാസ്റ്ററെ ഉപമിച്ചു പോകുകയാണ്.അദ്ധ്യാപനത്തിന്റെ കാര്യത്തില്‍ മാഷ് യാതൊരു വിട്ടു വിഴ്ചയ്ക്കും തയ്യാറല്ലായിരുന്നു.അതുകൊണ്ടുതന്നെ സഹഅദ്ധ്യാപകര്‍ അദ്ദേഹത്തെ "പ്രാന്തന്‍" എന്ന് പിന്നില്‍ നിന്ന് വിളിച്ചിരുന്നു.കുട്ടികളെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന മാഷ് പഠനത്തില്‍ മാത്രമല്ല കുട്ടികളുടെ പല്ല് വരെ പറിച്ചു കൊടുത്തതുവരെ ഞാന്‍ ഓര്‍ക്കുന്നു.അത്രയ്ക്ക് പരിഷ്കാരം എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരു കൊച്ചു ഗ്രാമമായ മുള്ളേരിയയില്‍ മാനേജ്മെന്റ് സ്കൂള്‍ നന്നാക്കി മറു നാട്ടുകാരനായ മാഷിന് ഒന്നും നേടാനില്ല. ആരും തന്നെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല.ബാലകലോത്സവത്തിന് കുട്ടികളെ സജ്ജമാക്കുന്നതിന് മാഷ് എടുത്ത താത്പര്യം ഒരിക്കലും കുറച്ച് കാണാന്‍ കഴിയില്ല മോണോ ആക്ട് മുതല്‍ സംഘ നൃത്തം വരെയുള്ള ഇനങ്ങള്‍ മാഷ് സ്വന്തം താത്പര്യപ്രകാരം തയ്യാറാക്കി അവതരിപ്പിച്ചു.മോണോ ആക്ടിലെ പ്രമേയം ഒരു മദ്യപാനിയുടേതായതിനാല്‍ ആ ഇനം കൈകാര്യം ചെയ്യുന്നതില്‍നിന്ന് അമ്മ എന്നെ വിലക്കി. ഇതറിഞ്ഞ മാഷ് വീട്ടില്‍ വന്ന് അമ്മയുടെ സമ്മതം വാങ്ങുകയു മോണോ ആക്ട് അവതരിപ്പിച്ച് എനിക്ക് ഉപജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം വാങ്ങിത്തരികയും ചെയ്തു.മദ്യപന്‍ വാളുവയ്ക്കുന്നത് എന്നെ അഭിനയിച്ച് കാണിച്ചപ്പോള്‍ മറ്റേ ക്ലാസ്സില്‍നിന്ന് അദ്ധ്യാപകര്‍ പരിഹാസത്തോടെ നോക്കി ചിരിക്കുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.സ്കൂള്‍ അടയ്കുുന്പോള്‍ മാഷ് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ താമസസ്ഥലത്ത് കൊണ്ടുപോയി നെയ്യപ്പവും ചായയും വാങ്ങിത്തന്നു.യാദൃശ്ചികമായി അടുത്ത വര്‍ഷവും ഞങ്ങളുടെ ക്ലാസ്സ് മാഷായി മാഷ് തന്നെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത് ശര്‍ക്കര വരട്ടി.ചോക്ക് എന്ന പൊതുമുതല്‍ എന്ന പാഠം ഇന്നെന്റെ മനസ്സില്‍ ഏതോ കോണില്‍ തങ്ങി നില്‍ക്കുന്നുവെങ്കില്‍ ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ മറ്റെന്തു നേട്ടമാണ് അദ്ദേഹം നേടാനുള്ളത്.ഓഫീസിലെ പൊതുമുതലായാലും തെരുവു വിളക്കിലെ ബള്‍ബായാലും ട്രെയിനിലെ ടോയിലറ്റായാലും ഒരു പൊതു മുതല്‍ കാണുന്പോള്‍ അതിനോട് അനാദരവ് കാണിക്കാനോ അതു നശിപ്പിക്കാനോ ഉള്ള പ്രവണതയില്‍നിന്ന് ഒരു വ്യക്തിയെ പിന്തിരിപ്പിക്കണമെങ്കില്‍ ഇത്തരം മൂല്യ ബോധമുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയണം.പില്‍ക്കാലത്ത് നാടകങ്ങളില്‍ അഭിനയിക്കുന്നതിനും തരക്കേടില്ലാത്ത തരത്തില്‍ ആ രംഗത്ത് ശോഭിക്കാന്‍ കഴിയുകയും കുട്ടികള്‍ക്കായി അന്പതോളം നാടകങ്ങള്‍ പറഞ്ഞുകൊടുക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട് .എന്റെ ആ ബാച്ചിലുള്ള കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍തത്പരരായിരുന്നു എന്ന് നീരീക്ഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് .എന്റെ സഹോദരിയുടെ ബാച്ചിലെ 7 കുട്ടികള്‍ക്ക് എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് വാങ്ങിക്കൊടുത്തതും മാഷ് തന്നെയാണ്.ഒരു കുഗ്രാമത്തിലെ സ്കൂളില്‍ നിന്ന് സഹപ്രവര്‍കരുടെ നിസ്സഹകരണത്തനിടയിലും മാതൃകാപരമായി പ്രവര്‍ത്തിച്ച മാഷ് നിശ്ചയമായും മാണിക്യകല്ല് തന്നെ.
No comments:
Post a Comment