Sunday, May 19, 2013

അങ്ങനെ ഒരു അവധിക്കാലം



സ്കൂളടച്ചു.ഇനി രണ്ട് മാസം കുശാല്‍ ദിവസവും ഒരു പേജ് പകര്‍ത്തിയെഴുതാനുള്ള നിര്‍ദ്ദേശമുണ്ടെന്നല്ലാതെ അദ്ധ്യയനത്തിന് നീണ്ട അവധിതന്നെയാണ്.പുരാണ കഥകളടങ്ങുന്ന അമ്പിളി അമ്മാവന്‍ എന്ന മാസികയോടൊപ്പം ബാലരമയും ഏപ്രില്‍ ആദ്യവാരം തന്നെ വായിച്ചു തീര്‍ത്തു.ഇനിബാക്കിയുള്ളത് കളി തന്നെ കര്‍ണ്ണാടക അതിര്‍ത്തിയോടു ചേര്‍ന്ന അതിര്‍ത്തി ഗ്രാമം സംസ്കാരത്തിലും ഭാഷയിലുമുള്ള വൈജാത്യം എന്‍റെ സുഹൃത്തുക്കളുടെ കാര്യത്തിലുമുണ്ട്.മോഹനചന്ദ്രന്‍,വേണു ഗോപാലന്‍ സദാശിവന്‍,വൈകുന്നേരം പാലുമായി എത്തുന്ന പൂജാരി,ബാലഗോപാലന്‍.ഇവരൊക്കെ വീട്ടില്‍ വ്യത്യസ്ഥമായ ഭാഷകള്‍,കൈകാര്യം ചെയ്യുന്നവരാണ്.വേണു തുളുനാടിന്‍റെ രാജവംശത്തില്‍,ബല്ലാല്‍ സമുദായത്തിലെ തുളു മാതൃഭാഷയായിട്ടുള്ള കുട്ടിയാണ്.മോഹന ചന്ദ്രന്‍ കന്നട മാതൃഭാഷയായിട്ടുള്ള കുട്ടിയാണ്.സദാശിവന്‍ വീട്ടില്‍,മലയാളം സംസാരിക്കും പക്ഷെ സാധാരണ മലയാളിയ്ക്ക് മനസ്സിലാകുന്ന മലയാളമല്ല,ആ നാട്ടിലെമാത്രം മലയാളം.വ്യത്യസ്ഥ ഭാഷകളുള്ള നാടാണെങ്കിലും എല്ലാവരും എന്‍റെ വീട്ടില്‍,ഒന്നിക്കുമ്പോള്‍ മലയാള ഭാഷ സംസാരിക്കുന്നു.
ഞങ്ങള്‍ താമസിച്ചിരുന്ന വീട് നോക്കെത്താത്ത വിശാലമായ പറമ്പാണ്. മാവും പ്ലാവും പേരക്കയും.അതുകൊണ്ടുത്നനെ കളി യുടെ ഒരു ഭാഗം ഈ വക ഫലങ്ങള്‍ യഥേഷ്ടം തിന്നുക എന്നതുതന്നെയാണ്.ഞങ്ങളുടെ നേതാവ് സദാശിവനാണ് എന്‍റെ സഹപാഠിയാണെങ്കിലും വയസ്സില്‍,മൂപ്പ് വരും ഞങ്ങളുടെ വീട്ടിലേയ്ക്കുള്ള റേഷന്‍ വാങ്ങുന്നത് കിണറില്‍,നിന്ന് വെള്ലം കോരുന്നതും അത്തരത്തിലുള്ള മറ്റു പല ജോലികളും സദാശിവനാണ് ചെയ്തിരുന്നത്.ഞങ്ങള്‍ക്ക് വേണ്ടി മാങ്ങ പറിക്കുന്നതും കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത സാഹസികമായ എല്ലാ കാര്യങ്ങളും സദാശിവന്‍ നിര്‍വഹിക്കും.സദാശിവന് വീട്ടില്‍,അടയ്ക്കാതോട്ടമുണ്ട്.അച്ഛന്‍ അത് നോക്കി നടത്തും അമ്മയും ഏക സഹോദരിയം ബീഡി തെറക്കുന്നു സാമ്പത്തികമായി തരക്കേടില്ല.അച്ഛനെ സഹായിക്കാന്‍ തോട്ടത്തിലെത്തുന്ന സദാശിവന്‍ അടയ്ക്കാ തന്‍റെ കീശയില്‍,തിരുകി കയറ്റും ഇത് വിറ്റ് കിട്ടുന്ന കാശകൊണ്ട് സദാശിവന്‍ അടിപൊളിയായിട്ട് കഴിയും .
സദാശിവന്‍ സൈക്കിള്‍ വാടകയ്ക്കെടത്ത് അതില്‍,ചില കസര്‍ത്തുകള്‍ കാണിച്ച് ഞങ്ങളെ അദ്ഭുതപ്പെടത്തി എന്നെ സൈക്കിളിലിരുത്തി ഒരു തികഞ്ഞ അദ്ധ്യപകന്‍റെ പക്വതയോടെ എന്നെ സൈക്ലിംഗ് പരിശീലിപ്പിച്ചു.അധിക നേരം എടുക്കുന്നതിനു മുമ്പ് തന്നെ എന്‍റെ സീറ്റിനു പുറകിലുണ്ടായിരുന്ന സദ്ദുവിന്‍റെ കൈ ക്രമേണ അയഞ്ഞു.എന്നെ ത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍,സൈക്കിളില്‍ ,സഞ്ചരിക്കാന്‍ തുടങ്ങി.എങ്കിലും സദ്ദുവിന് ഭയമാണ്.ഞാന്‍ വീണുപോകുമോ എന്നും എന്‍റെ ചെറിയ വീഴ്ചകള്‍,പോലും കാര്യമായിട്ടെടുത്ത് എന്‍റെ മാതാപിതാക്കള്‍ ശകാരിക്കുമോ എന്നും.
മുണ്ടോള്‍ ജാത്രയ്ക്ക് സദ്ദുവിന്‍റെ നേതൃത്വത്തില്‍,പകല് ഞങ്ങള്‍ പോയി സദ്ദുവിന് എല്ലാം പരിചിതമാണ്.ജാത്രയിലെ സംതയില്‍ ഞങ്ങളെ കൂട്ടി സദ്ദു പലസാധനങ്ങളും വാങ്ങിത്തന്നു.മിഠായി കടല,ബുഗ്ഗ പീപ്പി ചെണ്ട ഇവയൊക്കെ ഞങ്ങള്‍,വാരിക്കൂട്ടി.എല്ലാം സദ്ദുവിന്‍റെ വക.ഞങ്ങള്‍ക്ക് ഇതൊക്കെ വാങ്ങിത്തരുന്നതില്‍ സദ്ദുവിന് സന്തോഷമെ ഉള്ളൂ.തിടമ്പ് നൃത്തം ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍,രണ്ടു കെയ്യും വിട്ട് തിടമ്പ് എടുത്ത് ഓടുന്നത് ഞങ്ങള്‍ ശ്വാസം പടിച്ച് നോക്കി നിന്നു.പൊരിവെയിലില്‍ തിടമ്പ് നൃത്തത്തോടൊപ്പം ചുററും കറങ്ങുന്ന പുരുഷന്‍മാരും ചുറ്റും ഉയര്‍ന്ന തലത്തില്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന സ്ത്രീകളും ജാത്രയിലെ ഒരു പ്രത്യകതയാണ്.ഇത് വിവാഹപ്രായമെത്തിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനുള്ള അവസരമാണെന്നും പലവിവാഹങ്ങളുടെയും തുടക്കം ജാത്രയില്‍ വെച്ചാണെന്നുമുള്ള വസ്തുത സദ്ദു ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.
യക്ഷഗാനത്തിന് അന്ന് വളരെ പ്രചാരമുണ്ടായിരുന്നു.പുരാണ കഥകളെ അടിസ്ഥാനമാക്കി പുലരുവോളം അരങ്ങേറുന്ന യക്ഷഗാനങ്ങള്‍ ജനങ്ങളുടെ പ്രമുഖ വിനോദോപാധിയായിരുന്നു.ടെന്‍റ് കെട്ടി ടിക്കറ്റ് വച്ച് കളിക്കുന്ന യക്ഷഗാനത്തിന് വീട്ടില്‍,വളരെ സമ്മര്‍ദ്ദം ചെലുത്തിയതിനുശേഷമാണ് എനിക്ക് കാണാന്‍ പോകാന്‍ അനുവാദം കിട്ടിയത്.താണ ക്ലാസ്സില്‍ ടിക്കറ്റെടുത്ത് നിലത്തിരുന്ന് യക്ഷഗാനം കാണാനിരുന്ന ഞങ്ങള്‍ കേളികൊട്ട് കഴിഞ്ഞപ്പോഴേയ്ക്കും പുറത്തിറങ്ങി.സദ്ദുവിന്‍റെ വക ഹോട്ടലില്‍ നിന്ന് കടലയും ചായയും.വീണ്ടും ടെന്‍റിനുള്ളില്‍,പ്രവേശിച്ച ഞങ്ങള്‍ പുലരുന്നതുവരെ യക്ഷഗാനം കണ്ടു.ഞാന്‍ അതിനിടയില്‍,എത്രയോതവണ ഉറങ്ങി ഉണര്‍ന്നെങ്കിലും സദ്ദു ഒരു പോള കണ്ണടയ്ക്കാതെ യക്ഷഗാനം മുഴുവനും കണ്ടു.അതിനുശേഷം വേഷമഴിക്കുന്ന വേഷധാരികളെ സദ്ദു എനിയ്ക്ക് കാണിച്ചു തന്നു.ബീഡി വലിക്കുന്ന ശിവനും മുണ്ടുടുത്ത ദേവേന്ദ്രനും എന്നില്‍ ചിരി ഉണര്‍ത്തി.
അടുത്ത ദിവസം വീട്ടില്‍ യക്ഷഗാനത്തിന്‍റെ ബാക്കിയായിരുന്നു.പ്ലാവിന്‍ ചുവട്ടില്‍ ലുങ്കി കൊണ്ട് കര്‍ട്ടന്‍ കെട്ടി  വാഴപ്പിണ്ടികൊണ്ട് ട്യൂബ് ലൈറ്റുകള്‍ ഉണ്ടാക്കി.ആര്‍ത്തട്ടഹസിക്കുന്ന രാക്ഷസനായി സദ്ദു അരങ്ങ് വാണു.ഞാനും ചില വേഷങ്ങള്‍ കെട്ടിയാടി.
ഗോട്ടികളിയില്‍ സദ്ദുവിന്‍റെ കഴിവ് അപാരമായിരുന്നു.അകലങ്ങളില്‍ നിന്ന് സദ്ദു ഗോലികള്‍ക്ക് മേല്‍,ഉന്നം വയ്ക്കും.എപ്പോഴും സദ്ദുവിന്‍റെ കീശയില്‍,ബഹുവര്‍ണ്ണങ്ങളായ ഗോലികള്‍,എപ്പോഴും ഉണ്ടായിരിക്കും.തന്‍റെ സുഹൃത്തുക്കളെ സദ്ദു സ്ഥിരമായി ഗോലികളിക്കാന്‍ വെല്ലുവിളിക്കും പരാജയ ഭീതികൊണ്ട് പലരും അതിന് മുതിരാറില്ല.തലേമ്മ എന്ന കളിയില്‍ സദ്ദു അഗ്രഗണ്യനാണ്.തലേമ്മ മുട്ടി ഡിബ്ബ് പൊത്തല്,കോട്ടിത്തലേമ്മ എന്നീ വിവിധരീതിയില്‍ ഒരു പ്രത്യക ലക്ഷ്യത്തില്‍ നിന്ന് പന്ത് തട്ടിയകറ്റി കളിക്കുന്ന കളിയാണിത്.പൊട്ടിയ ഓട്ടന്‍കഷണങ്ങള്‍,അടുക്കി വച്ച് എറിഞ്ഞിടുന്ന ഗോരി മറ്റൊരു കളിയാണ്.ഇതിലൊക്കെ ഭീകരം പള്ളി എന്ന കളിയാണ്.ചേര്‍ന്ന് നില്‍ക്കുന്ന രണ്ട് ജോഡികളെ ബലം പ്രയോഗിച്ച് കീഴടക്കുന്നതിന് സഹകളിക്കാര്‍ ശ്രമിക്കും പക്ഷെ അതിനിടയില്‍,ഈ ജോഡികള്‍,അടുത്തെത്തുന്നവരെ നിഷ്കരുണം മര്‍ദ്ദിക്കും.
സദ്ദുവിന് ഞങ്ങളുടെ വീട്ടിലെ ചോറുണ്ണന്‍ വലിയ ഇഷ്ടമാണ്.ചോറുണ്ണാന്‍ വിളിച്ചാല്‍ വളപ്പില്‍,ചെന്ന് നല്ല മാങ്ങ സദ്ദു സംഘടിപ്പി്ച്ചു തരും ചോറിന്‍റെ അവസാന ഭാഗം മാങ്ങാണ്ടിയില്‍,മുക്കി ആര്‍ത്തിയോടെ ഈമ്പിത്തിന്നുന്ന സദ്ദുവിനെ അമ്മ താടിക്ക് കൈകൊടുത്ത് നോക്കി നില്‍ക്കും.ഭക്ഷണം നന്നായി കഴിക്കാന്‍ വിമുഖത കാണിക്കുന്ന എന്നെ അത് കണ്ട് പഠിക്കാന്‍ നിര്‍ദ്ദേശിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടുപോകുമോ എന്ന് വിചാരിക്കുന്നതു കൊണ്ടാകണം അച്ഛന് സദ്ദുവിന്‍റെ കൂട്ട് വലിയ ഇഷ്ടമല്ല.എന്നാല്‍ അമ്മയ്ക്ക് ഈ കൂട്ടുകെട്ടില്‍ വിരോധമൊന്നുമുള്ളതായി തോന്നിയില്ല.അതുകൊണ്ട് തന്നെ അച്ഛന്‍ വീട്ടിലുള്ള ദിവസങ്ങലില്‍,സദ്ദു വീട്ടില്‍ വന്നിരുന്നില്ല.
ബാരംഗോള്‍ കൃഷ്ണ മണിയാണി ഒരു മുഴുവന്‍,സമയ മദ്യപാനിയാണ്.വഴിയില്‍ കണ്ടവരോടൊക്കെ അയാള്‍, പൈസ ചോദിക്കും ഒരു ദിവസം പാട്ടും പാടി അയാള്‍ നടന്നു നീങ്ങുകയാണ്.കഞ്ഞികാമല ചോറ് പിത്തം കള്ള് നല്ലത് പുള്ലറെ....ഏ സദ്ദു ഒര് റണ്ടുര്‍പ്യ നോക്കട്ട്.എന്‍റേലില്ല സദ്ദു മറുപടി പറഞ്ഞു.ഞാന്‍ നിന്‍റെ അപ്പന്‍റ ദോസ്തല്ലേറാ താറാ...അയാള്‍ കെഞ്ചി.സദ്ദു എന്‍റെ കൈപിടിച്ച് വേഗം ഓടി മറഞ്ഞു.അയാള് പൈസാ ചോയ്ക്ക്ന്നെ കുടിക്കാന്..സദ്ദു പറഞ്ഞു.അല്ലാതെ പണമില്ലാഞ്ഞിട്ടല്ല സദ്ദു പണം കൊടുക്കാത്തത്.
സദ്ദുവിനെ രണ്ട് തവണ പലരും കുറ്റപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.വളപ്പിലെ കശുവണ്ടി മോഷ്ടിക്കുന്നതായി ഉടമ ആരോപിക്കുകയും സദ്ദുവിനെ ശകാരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷെ പറങ്കിമാങ്ങ തിന്നാന്‍ വേണ്ടി എടുക്കുക മാത്രമെ സദ്ദു ചെയ്യാറുള്ളൂ.സ്വന്തം വീട്ടിലെ സാധനങ്ങള്‍,സദ്ദു ആരുമറിയാതെ എടുക്കുമെങ്കിലും വളപ്പിലെ സാധനങ്ങള്‍ സദ്ദു എടുത്തിരുന്നില്ല.അയപക്കത്തെ ടീച്ചറുടെ ജോലിക്കാരിയെ ലൈനടിക്കാന്‍,സ്ഥിരമായി അവിടെ വരാറുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് താമസിച്ചിരുന്ന ടീച്ചര്‍, പോലീസില്‍,പരാതി നല്‍കുകയുണ്ടായി.എന്നാല്‍ ആ വ്യക്തി ആരാണെന്നറിയാത്തതിനാല്‍ പരാതി നിലനിന്നില്ല.എന്നാല്‍ സദ്ദുവാണ് പോലീസില്‍ ആ വ്യക്തി അമ്പു മണിയാണിയുടെ മകനാണെന്ന് പറഞ്ഞത്.ഇതിനെത്തുടര്‍ന്ന് മണിയാണി സമൂഹം സദ്ദുവിനെ കവലയില്‍,തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തിരുന്നു.പോലീസ് പൂവാലനെ അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു.
സദ്ദുവിന് പോക്കറ്റ് മണിയുണ്ടായിരുന്നെങ്കിലും എപ്പോഴും ഒരേ ഷര്‍ട്ടും നിക്കറും മാത്രമായിരുന്നു.ഞാനിടുന്ന പുതിയ ഷര്‍ട്ട് കണ്ട് സദ്ദു പറയും പഷ്ട് ഇണ്ട്(good).
അമ്മാവന്‍റെ എഴുത്തുകള്‍,കൊണ്ടുവരുന്ന പോസ്റ്റ് മാനെ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു.പക്ഷെ സദ്ദുവില്‍ നിന്നാണ്.ആ പോസ്റ്റ്മാന് പറ്റിയ അമളിയെപറ്റി ഞങ്ങളറിയുന്നത്.ഇതൊക്കെ സദ്ദു എങ്ങനെ അറിയുന്നു എന്ന് അമ്മ അദ്ഭുതപ്പെട്ടു.
വളപ്പില്‍ മുളി അരിയാന്‍,എത്തുന്ന ജോലിക്കാര്‍ക്ക് സദ്ദു പ്രിയങ്കാരനായിരുന്നു.അവര്‍ക്കുവേണ്ട ലഘു ഭക്ഷണങ്ങളായി മാങ്ങയും പേരക്കയും മറ്റും സദ്ദുവും ഞാനും ചേര്‍ന്ന് എത്തിച്ചുകൊടുക്കും തായിക്ക്ന്നേന് ബെള്ലം(വെള്ളം) എത്തിച്ചുകൊടുക്കും.
അങ്ങനെയാണ് ആറാം ക്ലാസ്സിലെ റിസള്‍ട്ട് ആയത് .തീര്‍ച്ചയായും പാസാകുമെന്നതിനാല്‍ ഞാന്‍,റിസള്‍ട്ടറിയാന്‍,പോയില്ല.ഉച്ചയ്ക്ക് കളിക്കാന്‍,വന്ന സദ്ദുവിനോട് അമ്മ ചോദിച്ചു റിസള്‍ട്ടെന്തായി
ഞാന് പൈല്.
ഇനിയെന്താ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍,സദ്ദു ഭാവ വ്യത്യാസമില്ലാതെ പറഞ്ഞു.ഞാന് സുള്ള്യേല് മാമന്‍റാട പോന്ന്.ആട തോട്ടത്തില് പണിയിണ്ട്.ഞാന് ഉസ്കൂള് മതിയാക്കി.
പിന്നീട് അമ്മയൊന്നും ചോദിച്ചില്ല.ഞങ്ങള്‍ പതിവുപോലെ കളികളില്‍,മുഴുകി.
സദ്ദുവിന്‍റെ ആവശ്യപ്രകാരം ഞങ്ങള്‍,ഒരു ദിവസം സദ്ദുവിന്‍റെ വീട്ടിലെത്തി വീട്ടിലെല്ലാവര്‍ക്കും ഞങ്ങളെ പറ്റി നന്നായി അറിയാമായിരുന്നു.സദ്ദു എല്ലാം പറഞ്ഞിരുന്നു.തലമുടി രണ്ട് വശത്തും പിന്നിയിട്ട് റേഡിയോ കേട്ടു കൊണ്ട് കാതില്‍ ജിമിക്കിയുമണിഞ്ഞ് സഹോദരി ബീഡി കെട്ടുകയാണ്.എങ്ങും ബീഡിയിലയുടെ മണം.ദീര്‍ഘ ചതുരാകൃതിയിലുള്ല മാതൃകയില്‍ ഇല കത്രിക കൊണ്ട് മുറിക്കുകയും പിന്നീട് അത് തെറുത്ത് മഞ്ഞ നിറത്തിലുള്ല നൂല് കൊണ്ട് കെട്ടും.ഈ പ്രക്രിയയുടെ വേഗത അതിശയിപ്പിക്കുന്നതായിരുന്നു.എത്തിയ ഉടനെ ബെല്ലവും ബെള്ലവും.ശര്‍ക്കര കഷണവും അപ്പോള്‍,കോരിയ പച്ചവെള്ളവും.ശര്‍ക്കരയുടെ മധുരത്തോടൊപ്പം പച്ചവെള്ളത്തിന്‍റെ മധുരവുമായപ്പോള്‍ അത് തിരുമധുരമായി എനിയ്ക്ക് തോന്നി.അമ്മ പുറത്ത് ബീഡി കൊടുക്കാന്‍,പോയതാണ്.അച്ഛന്‍ തോട്ടത്തില്‍,എന്തോ ജോലിയിലാണ്.അച്ഛന്‍ തോട്ടത്തില്‍,നിന്ന് ബൊണ്ടവുമായി വന്നു.സദ്ദു ബൊണ്ടം വായില്‍ വച്ച് ഒരു തുള്ളി പോലും പുറത്ത് പോകാതെ കുടിച്ചു.എനിയ്ക്ക് ഇളനീര്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കേണ്ടിവന്നു.തിരിച്ചു വന്നപ്പോള്‍ കൈനിറയെ മാമ്പഴവുമായാണ് ഞാന്‍,മടങ്ങിയത്.
മെയ് മാസത്തില്‍ അവസാന ദിവസം തന്നെ മഴവന്നു.തകര്‍ത്തു മഴ ചെയ്യുമ്പോള്‍ സദ്ദു വീട്ടിലായിരുന്നു.കുടയില്ലാത്തതിനാല്‍ വൈകുന്നതുവരെ സദ്ദു വീട്ടിലുണ്ടായിരുന്നു.അടുത്ത ദിവസം സ്കൂള് തുറക്കും പക്ഷെ സദ്ദു ഉണ്ടാകുകയില്ല.മഴയായതിനാല്‍ വീട്ടില്‍,തന്നെ കിടക്കാമെന്ന് അമ്മയുടെ നിര്‍ദ്ദേശം സദ്ദു തള്ളി.അന്ന് സദ്ദു വളരെയധികം വികാരീധനനായി കാണപ്പെട്ടു.നാളെ രാവിലെ ഞാന്‍ സ്കൂളില്‍,പോകുമ്പോള്‍ സദ്ദു സുള്ല്യയിലേയ്ക്ക് യാത്ര തിരിക്കും.താന്‍ എപ്പോഴെങ്കിലുമൊക്കെ നാട്ടില്‍,വരുമെന്നും അപ്പോള്‍ കാണാമെന്നും സദ്ദു പറയുന്നുണ്ട്.അമ്മ സദ്ദുവിന്‍റെ കൈയ്യില്‍,പോക്കറ്റ് മണിയായി കുറച്ച് പൈസ കൊടുത്തു.എത്ര നിര്‍ബന്ധിച്ചിട്ടും സദ്ദു അത് സ്വീകരിച്ചില്ല.അമ്മ ഉണ്ടാക്കിയ ഭക്ഷണം മാത്രം ഒരിക്കലും സദ്ദു നിരസിച്ചിട്ടില്ല.ഇത് മനസ്സിലാക്കിയ അമ്മ കാപ്പിയും പലഹാരവും ഉണ്ടാക്കി.സദ്ദു അത് നല്ലവണ്ണം കഴിച്ചു.ഓടിന്‍റെ ഇടയിലൂടെ ആദ്യമഴ ചോരുന്നുണ്ട്.ഒരു കമ്പു കൊണ്ട് കുത്തി സദ്ദു അതിന് താത്കാലിക പരിഹാരമുണ്ടാക്കി.അപ്പോഴേക്കും പുറത്ത് ഇരുട്ട് പരന്നിരുന്നു.സദ്ദു അവസാനമായി യാത്ര പറഞ്ഞിറങ്ങി.പഴയ ഒരു കുട അമ്മ വച്ച് നീട്ടിയെങ്കിലും സദ്ദു അത് സ്വീകരിച്ചില്ല.കോരിച്ചൊരിയുന്ന മഴയില്‍ സദ്ദു നടന്നകന്നു.അന്ന് അവന്‍റെ കണ്ണ് നനഞ്ഞിട്ടുണ്ടാകും.എന്നാല്‍ മഴയത്തായതിനാല്‍ അത് ആരും ശ്രദ്ധിച്ചിരിക്കില്ല.
പിറ്റെ ദിവസം അച്ഛനോടൊപ്പം സ്കൂളിലേയ്ക്ക് പുത്തനുടുപ്പും ബാഗും കുടയുമായി ഞാന്‍ സ്കൂളിലേയ്ക്ക് പോകുമ്പോള്‍,ബസ് സ്റ്റോപ്പില്‍ സദ്ദു അല്‍പം മറഞ്ഞ് നില്‍ക്കുകയാണ്.അവന്‍ സുള്ല്യയിലേയ്ക്ക് ബസ് കയറാന്‍,നില്‍ക്കുകയാണ്.കൈയ്യില്‍ ഒര് പാക്ക് (സദാശിവന്‍റെ ഭാഷയില്‍,)അഥവാ സഞ്ചി.അച്ഛനെ പേടിച്ചായിരിക്കും അവന്‍ അടുത്തു വന്നില്ല.അടുത്ത വളവില്‍ തിരിഞ്ഞ് നോക്കിയപ്പോള്‍, സദ്ദു അവിടെത്തന്നെ എന്നെ നോക്കി നില്‍ക്കുയാണ്.
അങ്ങനെ ഒരു അവധിക്കാലം..........സദ്ദുവുമൊത്ത്......ഔപചാരിക വിദ്യാഭ്യാസവും അനൌപചാരിക വിദ്യാഭ്യാസവും തമ്മിലുള്ല അന്തരം എന്നെ ഓര്‍മ്മപ്പെടുത്തുന്നു.
സദ്ദു വളരെ ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹിതനായി മകളുടെ വിവാഹവും കഴിഞ്ഞു.മകളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.ചെറുമകനെയും കൊണ്ട് സ്കൂളില്‍,പോകുന്ന സദ്ദുവിനെ ഞാന്‍ വഴിയില്‍,വച്ച് കണ്ടു.കിട്ടിയ സമയത്തില്‍ സദ്ദു അമ്മയെപറ്റിയും എന്‍റെ കുടുംബത്തെയും പറ്റി ചോദിച്ചറിഞ്ഞു.ഭാഷ പരിഷ്കരിക്കാന്‍ സദ്ദു ശ്രമിക്കുന്നുണ്ട്.നല്ല മുണ്ടും ഷര്‍ട്ടും.സ്കൂളിലെ ബെല്ലടിക്കാറായെന്നും പറഞ്ഞ് സദ്ദു പെട്ടെന്ന് നടന്ന് നീങ്ങി.ഞാന്‍ ഓഫീസിലേയ്ക്കുള്ള ബസ്സിന് പുറകേ പാഞ്ഞു.

Thursday, May 16, 2013

എങ്കിലും ശ്രീ..........



   
എന്തു പറ്റി !!!? വാര്‍ത്ത  കേട്ടപ്പോള്‍,എന്നും നിന്‍റെ രസകരമായ  വാര്‍ത്തകള്‍,കേട്ടിട്ടുള്ള ഞങ്ങള്‍ക്ക് ഇത്  മറ്റൊരു രസകരമായ വാര്‍ത്തയായി മാത്രമെ തോന്നിയുള്ളൂ.പിന്നീട് കൂടുതല്‍ വാര്‍ത്തള്‍, കേട്ടപ്പോള്‍ ഒരു അവിശ്വസനീയത ഞെട്ടല്‍,നിനക്ക് അത് ചെയ്യാന്‍ കഴിയുമോ വിശ്വസിക്കാന്‍ പ്രയാസം.പക്ഷെ നിന്‍റെ  മൌനം ഞങ്ങളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. അസാദ്ധ്യമായ ഇന്ത്യന്‍ ടീമിലെ സ്ഥാനം സ്വപ്നം കണ്ടു ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക്, നിന്‍റെ നേട്ടം സ്വന്തം നേട്ടമായിക്കണ്ട് സന്തോഷിച്ചു.നിന്‍റെ ഭ്രാന്തമായ പോരാട്ട വീര്യം കണ്ട് പലരും നെറ്റി ചുളിച്ചെങ്കിലും അത് ടീം ഇന്ത്യയുടെ നേട്ടങ്ങളുടെ ഭാഗമായിരുന്നു എന്ന തിരിച്ചറിവ് നിന്നോട് ക്ഷമിക്കാന്‍,ഞങ്ങളെ സഹായിച്ചു.ടി-ട്വന്‍റി പ്രഥമ ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍, നീ ഹൈഡന്‍റെയും ഗില്ലിയുടെയും കുറ്റി തെറിപ്പിച്ചപ്പോള്‍,ഞങ്ങള്‍ അഭിമാനിച്ചു.സ്ലെഡ്ജിംഗിലൂടെ പല മത്സരങ്ങളിലും നമ്മെ തളര്‍ത്തി വിജയം പിടിച്ചുവാങ്ങിയ വിദേശ ടീമുകള്‍ നിന്‍റെ സ്ലെഡ്ജിംഗിനു മുന്നില്‍ചൂളുന്നതു കണ്ട് ഞങ്ങള്‍,ഒരു പകരം വീട്ടലിന്‍റെ സുഖം അനുഭവിച്ചു.കപില്‍ദേവിനുശേഷം മനോഹരമായ ഔട്ട് സ്വിംഗറുകള്‍,എറിയുന്ന ബൌളര്‍,എന്ന വിശേഷണം കമന്‍റിയേറ്റര്‍മാര്‍,നിനക്കു തന്നു.പന്ത് കൈയ്യിലെടുക്കുമ്പോഴും ബാറ്റേന്തുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും നീ ക്രിക്കറ്റിന് പകരുന്ന പോസിറ്റീവ് എനര്‍ജിയെ പറ്റി വിദഗ്ദ്ധര്‍,വിലയിരുത്തി. എന്തു പറ്റി ശ്രീ നിനക്ക്..........? പരിക്ക് നിന്നെഅലോസരപ്പെടുത്തിയോ......?,ഇന്ത്യന്‍ ടീമില്‍,ഇനി തിരിച്ചു വരാന്‍കഴിയില്ലെന്ന് നിനക്ക് തോന്നിയോ.....?. അതോ ഒരു നിമിഷത്തിലെ പ്രലോഫനത്തില്‍ നീ വീണു പോയോ.....? ഇതു വരെയുള്ള നിന്‍റെ നേട്ടങ്ങള്‍,തന്നെ മതിയായിരുന്നില്ലെ. !!! ഹന്‍സി ക്രോണ്യേ,മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ കഥകള്‍ ,നിനക്ക് പാഠമായില്ലല്ലോ.....! ഞങ്ങള്‍ കേട്ടതൊക്കെ മിഥ്യയായിരിക്കട്ടെ......കോടതിയില്‍ അന്തിമമായി തെളിയുന്നതുവരെ ഞങ്ങള്‍,അങ്ങനെത്തന്നെ ധരിച്ചു കൊള്ളാം.മകന്‍ നാടിന്‍റെ അഭിമാനമായിവളരുന്നതുകാണാന്‍,ആഗ്രഹിക്കുന്ന ഒരുമാതാപിതാക്കള്‍ക്കും ഇങ്ങനെയൊരുതിരിച്ചടി ഉണ്ടാകാതിരിക്കട്ടെ.കുറ്റം ചെയ്തിട്ടുട്ടെങ്കില്‍,തീര്‍ച്ചയായും ശിക്ഷ അനുഭവിക്കണം.ഏതായാലും ശ്രീ ഇനി വിഷമിച്ചിട്ടു കാര്യമില്ല.സത്യം പുറത്തു വരണം.വന്നിരിക്കും.തെറ്റുകള്‍,എന്നെങ്കിലും വെളിച്ചത്തുവരും അതുകൊണ്ട് തെറ്റു ചെയ്യാനുള്ള പ്രലോഫനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള പ്രേരണയ്ക്കുള്ള സന്ദേശം നിന്നിലൂടെ ലോകത്തിന് ലഭിക്കട്ടെ.കുറ്റപ്പെടുത്തും........ സാരമില്ല.ഒരു പക്ഷെ ക്രിക്കറ്റിലൂടെ ഒരുതിരിച്ചു വരവ് സാദ്ധ്യമല്ലായിരിക്കാം.പ്രായശ്ചിത്തം ഉണ്ടെങ്കില്‍ ഏതുതെറ്റും തിരുത്താനുള്ള അവസരം ഉണ്ടാകും ശ്രീ.....

Tuesday, May 14, 2013

ഉഷ്ണം ഉഷ്ണേന ശാന്തി



ഹൊ എന്തൊരു ചൂടാപ്പാ ഇത്....ജനങ്ങള്‍ വേനലിനെ പഴിക്കുകയാണ്.മഴ പെയ്തിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ്.ഭരണ കൂടത്തെ പഴിചാരാന്‍ കഴിയുമെങ്കില്‍,അത് ചെയ്യാമായിരുന്നു.ഏതായാലും ടാങ്കര്‍ ലോറിയില്‍,വെള്ളമെത്തിക്കാത്തതിന് ഭരണകൂടത്തെ പഴിക്കാം.ആവശ്യക്കാര്‍ക്കും അനാവശ്യക്കാര്‍ക്കും വെള്ളം പിടിക്കാം അളവുകുറഞ്ഞാല്‍ കിട്ടിയില്ലെങ്കില്‍,പ്രതികരണ ശേഷി ഉപയോഗിക്കാം.വാണിജ്യ സാമ്രാജ്യത്തിന്‍റെ കച്ചവട തന്ത്രങ്ങള്‍,പൊടിപൊടിക്കുന്നു.ഓസോണ്‍ പാളികളില്‍,വിള്ളലുണ്ടാക്കുന്ന വാതകം വമിക്കുന്ന എയര്‍ കണ്ടീഷണറുകള്‍, മദ്ധ്യ വര്‍ഗ്ഗത്തിലേയ്ക്കും അതിലും താഴെയും ഇറക്കണം.സുന്ദരികളുടെ ചര്‍മ്മത്തെ ചൂടില്‍,നിന്ന് സംരക്ഷിക്കേണ്ട ചുമതലയും അവര്‍ക്കുണ്ട്.ദാഹം അകറ്റാന്‍ പെപ്സിയ്ക്കും കൊക്കൊക്കോളയ്ക്കും മിറിണ്ടയ്ക്കും മാത്രമെ കഴിയൂ എന്ന മഹത്തായ സന്ദേശം അവര്‍ ക്രിക്കറ്റ് താരങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു കഴിഞ്ഞു.മനുഷ്യന്‍ ചൂടിനെ അകറ്റാനുള്ള വഴികള്‍,ആലോചിച്ചുകൊണ്ടിരിക്കുകയാണ്.സ്വയം ആത്മ വിചിന്തനത്തിന് വിധേയനാകാതെ ജാവജാലങ്ങളില്‍ ബുദ്ധിയും വിവേകവും ഈശ്വരന്‍ വാരിക്കോരി നല്‍കിയിട്ടുണ്ടെങ്കിലും അത് ലവലേശം പോലും ഉപയോഗിക്കുകയില്ലെന്ന അവന്‍റെ വാശി അവനെ നിലവിലെ സ്ഥിതിയിലെത്തിച്ചിരിക്കുന്നു.ലോകത്തിന്‍റെ പരിണാമ സിദ്ധാന്തം തന്നെ ജീവജാലങ്ങള്‍ പുതുയ പ്രതികൂല സാഹചര്യങ്ങളുമായി മല്ലിടുന്നതിന്‍റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്.മനുഷ്യന്‍ പ്രതികൂല സാഹചര്യങ്ങളില്‍,നിന്ന് ഒളിച്ചോടുകയല്ല വേണ്ടത് മറിച്ച് തന്‍റെ മനസ്സിനെയും ശരീരത്തെയും പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സജ്ജമാക്കുക എന്നതാണ്.ശരീരം വിയര്‍ക്കുന്നെങ്കില്‍,അസഹ്യമായ ചൂടാണെങ്കില്‍,ധാരാളം വെള്ളം കുടിക്കുക.അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍,ധരിക്കുക.ജനാലകളും വാതിലുകളും തുറന്നിടുക.ഫാനിന്‍റെ കാറ്റുകൊണ്ട് പുലരുന്നതുവരെ ചൂട് കാറ്റ് കൊണ്ട് ക്ഷീണിതനായി എഴുന്നേല്‍ക്കുന്നതിന് പകരം.ജനലുകളും വാതിലുകളും തുറന്നിട്ട് അല്‍പം വിയര്‍ത്തിട്ടാണെങ്കിലും ഉറങ്ങാന്‍,ശ്രമിക്കുക.കൊതുകുണ്ടെങ്കില്‍ നെറ്റ് ഉപയോഗിക്കൂ.മദ്ധ്യരാത്രി കഴിയുണ്പോള്‍ ഭൂമി ഒന്ന് തണുക്കുമ്പോള്‍,ജനലിലൂടെ തണുത്ത കാറ്റ് കടന്നുവരും രണ്ട് മണിയോടെ മുറിയാകെ തണുപ്പ് നിറയും ഗാഢനിദ്ര ഉറപ്പ്.മറിച്ച് ഫാനിന്‍റെ ചൂട് കാറ്റ് പുറമെനിന്നുള്ള തണുത്ത കാറ്റിനെ തടയും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഭയങ്കര ക്ഷീണമായിരിക്കും.പകല് ശരീരം വിയര്‍ത്തൊലിക്കുമ്പോള്‍, നിങ്ങളെകാത്ത് പുറത്ത് തണല്‍,മരമുണ്ട്.അവിടെ നിങ്ങള്‍ക്ക് ഒരു പക്ഷെ ഉറുമ്പിന്‍റെ കടിയേറ്റെന്നിരിക്കാം കാക്ക തലയില്‍ കാഷ്ടിച്ചെന്നിരിക്കാം മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീണെന്നിരിക്കാം ഇതൊന്നും പ്രകൃതിയുടെ എയര്‍കണ്ടീഷന്‍, സംവിധാനത്തിന്‍റെ ശീതള ച്ഛായയുടെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ല.ഉഷ്ണ കാലത്തിനുതകുന്ന ഭക്ഷണ ക്രമം സ്വീകരിക്കുക.നന്നായി വ്യായാമം ചെയ്യുക.വിയര്‍ക്കുന്നത് കൊണ്ട് വ്യായാമം ആവശ്യമില്ലെന്ന് വിചാരിക്കരുത് ഏത് പ്രതികൂല സാഹചര്യവുമായി ശരീരത്തെ പൊരുത്തപ്പെടുത്താന്‍ വ്യായാമങ്ങള്‍ക്കും പ്രത്യേകിച്ച് ശ്വസനവ്യായാമങ്ങള്‍ക്കു കഴിയും.അങ്ങനെ ക്രമേണ നമ്മുടെ ശരീരം ഉഷ്ണത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങും.ഓര്‍ക്കു...... പിന്തിരിഞ്ഞാല്‍,കൂടുതല്‍ വെല്ലുവിളിയുള്ള സാഹചര്യാമാണ് നമ്മെകാത്തിരിക്കുന്നത്.നമ്മുടെ ശരീരം ദുര്‍ബലപ്പെട്ടാല്‍,എങ്ങനെയാണ് ഭാവിയില്‍ പിടിച്ചു നിക്കുക.ഇപ്പോള്‍ത്തന്നെ ഫാനിനെ ജനങ്ങള്‍,വെറുത്തു കഴിഞ്ഞു ഇപ്പോള്‍ കൂളറിന്‍റെയും എയര്‍ കണ്ടീഷന്‍റെയും കാലമാണ്.വൈദ്യുതി ഉല്‍പാദനം കുറഞ്ഞുവരുന്ന സാഹചര്യം ഇപ്പോള്‍,നിലവിലുണ്ട്.നാമെന്തിന് ഇതിനെയൊക്കെ ആശ്രയിക്കണം കഴിയുന്നതും അതിജീവിക്കാന്‍ ശ്രമിക്കുക.
എന്‍ ശശിധരന്‍റെ ഉഷ്ണകാലം എന്ന നാടകം ഓര്‍മ്മവരുന്നുഉഷ്ണത്തെ അതിജീവിക്കുന്നതിനുള്ള വിശേഷാല്‍തൊപ്പിക്കു പുറകെ കുടുംബവും നാടും പോയപ്പോള്‍ കണാരേട്ടന്‍,മാത്രം അതിനു പുറകെ പോയില്ലഅവസാനം കൂടുതല്‍ കടുത്ത ഉഷ്ണകാലം വന്നപ്പോള്‍,തൊപ്പി ഉപകാരപ്രദമല്ലാതെ വന്നപ്പോള്‍ ജനങ്ങളുടെ പ്രതിരോധ ശേഷി ക്ഷയിച്ചിരുന്നുപക്ഷെ അപ്പോള്‍,കണേരേട്ടന്‍ മാത്രം കടുത്ത ഉഷ്ണത്തെ അതിജീവിക്കുന്നുഎഴുത്തുകാരന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നാടകത്തിന്‍റെ ആശയം എഴുത്തിന് സമൂഹത്തോടുള്ള പ്രതിബദ്ധതയിലേക്ക് വെളിച്ചം വീശുന്നു
ഈ ആശയം പിന്തിരിപ്പനായി മുദ്രകുത്തിയേക്കാം.ഓര്‍ക്കുക നമുക്ക് മഴവരുമ്പോഴുള്ള സന്തോഷം കേവലം ദിവസങ്ങള്‍ മാത്രമാണ്.അസുഖങ്ങളും വെള്ലപ്പൊക്കവുമാണ് നമ്മെകാത്തിരിക്കുന്നത്
പ്രകൃതി മാറ്റങ്ങള്‍ക്ക് വിധേയമാണ്ഈ മാറ്റങ്ങളെ മനുഷ്യന് അതിജീവിക്കാന്‍ കഴിയില്ല.മാറ്റങ്ങളുമായി പൊരുത്തപ്പെടാനാണ് ശ്രമിക്കേണ്ടത്ഇതിലും പ്രതികൂല സാഹചര്യങ്ങളില്‍,അതിജീവിനം നടത്തുന്ന മനുഷ്യരുണ്ടെന്ന ചിന്ത ഒരു പക്ഷെ നമുക്ക് ശക്തി പകര്‍ന്നേക്കാം.വരൂ ഉഷ്ണമാകട്ടെ ശൈത്യമാകട്ടെ സന്തോഷമാകട്ടെ ദൂഖമാകട്ടെ എല്ലാം ജീവിതത്തിന്‍റെ ഭാഗാമാണ്.അത് ജീവിതത്തിന്‍റെ ഭാഗമാകട്ടെ എല്ലാം ആസ്വാദ്യകരമാരിക്കട്ടെ.മരം വരമാണ് ജലം അമൃതാണ്.പ്രകൃതി മാതാവാണ്.പ്രകൃതിയെ മറന്നുകൊണ്ട് അതിനോട് മല്ലിടാതെ സമരസപ്പെടാന്‍ നമുക്ക് ശ്രമിക്കാം
വാല്‍നക്ഷത്രം-പറയനും എഴുതാനൂം എന്തെളുപ്പം..

Wednesday, March 13, 2013

മാര്‍ച്ചിലെ ജഗപൊഗ




മനുഷ്യന്‍റെ കര്‍മ്മരംഗം ത്വരിതഗതിയിലാക്കിക്കൊണ്ട് വീണ്ടും ഒരു മാര്‍ച്ച്.കുട്ടികളുടെ പരീക്ഷാ ചൂടും,രക്ഷിതാക്കളുടെ ആശങ്കയും,ഉദ്യോഗസ്ഥര്‍ക്ക് ലക്ഷ്യ പ്രാപ്തിയും.അതിനിടയില്‍ അന്തരീക്ഷവും ചൂടു പിടിക്കുന്നു.വേനല്‍ മഴയുടെ ലക്ഷണങ്ങള്‍,..വരള്‍ച്ചയുടെ സൂചനകള്‍,ഈ തിരക്കു പിടിച്ച കാലത്ത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍,കച്ചവട സ്ഥാപനങ്ങള്‍.ടാര്‍ജറ്റ് തികയ്ക്കാനെന്ന പേരില്‍ എത്തുന്ന  എല്‍ ഐ സി ഏജന്‍റുമാര്‍,ബജറ്റിന് മുന്നില്‍ നിര്‍ത്തി വിലക്കയറ്റ ഭീഷണികള്‍,വമ്പന്‍ ഓഫറുകള്‍,കരാറുകാരുടെ പണിതീര്‍ക്കാനുള്ള പരക്കം പാച്ചില്‍,തിളച്ചുമറിയുന്ന ടാര്‍,...പൊരിവെയിലത്തുരുകുന്ന റോഡ് പണിക്കാര്‍.ആകെ ക്കൂടി ജഗ പൊഗ.
കുട്ട്യോള്‍ക്ക് പരീക്ഷയാ............ഇപ്പഴേ ചൂട് തൊടങ്ങി.............ടാര്‍ജറ്റ് അച്ചീവാകുമോ.............ഫണ്ട് ലാപ്സാകുമോ.......ചോദ്യങ്ങളും ആശങ്കകളും പലത്.ബാക്കി മാസങ്ങളില്‍ അലസരും വിശ്രമ ജീവിതം മാത്രം ആഗ്രഹിക്കുന്നവരും നിര്‍ജ്ജീവരായി അറിയപ്പെടുന്നവരും മാര്‍ച്ച് മാസത്തില്‍,സജീവനെന്ന അപരനാമം സ്വീകരിക്കുന്നു.കര്‍മ്മാധിപന്‍,ഉച്ചസ്ഥായിയില്‍,യുദ്ധതിന്‍റെ ദേവതയുടെ പേരിലറിയപ്പെടുന്ന മാസമായതിനാലാകാം കാര്യങ്ങളെല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തിലാണ്.ദീര്‍ഘ നാളത്തെ ആസൂത്രണവും നിര്‍വഹണവും അവസാനം വന്നെത്തുന്നത് മാര്‍ച്ച് മാസത്തിലാണ്.സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് മാര്‍ച്ച് മാസത്തില്‍,
ജോലി ചെയ്യാന്‍ ഗുളികരൂപത്തില്‍, ഒരുമാസം എന്തൊരു സുഖം എന്തിന് മുഴുവന്‍ വര്‍ഷവും കിടന്ന് പണിയെടുക്കണം.ആകെക്കൂടി മുപ്പത്തിയൊന്നു ദിവസം.അതില്‍ അവധിയും കഴിച്ചാല്‍,ഏറിപ്പോയാല്‍ ഇരുപത്തിയഞ്ച് ദിവസം.മാര്‍ച്ച് 31 ന് ട്രഷറികള്‍,വൈകി കണ്‍പൂട്ടുന്നതോടെ എല്ലാം ശുഭം.വിഡ്ഢികളുടെ ദിവസമെന്ന പേരിലെങ്കിലും വരാന്‍ പോകുന്ന നിഷ്ക്രിയമായ ദിവസങ്ങളെ മുന്നില്‍,കണ്ട് വീണ്ടും ഒരു സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നു.വിഷുവും ഈസ്റ്ററും കൊണ്ട് ആരംഭിക്കാം.മറ്റൊരു മാര്‍ച്ച് വരുന്നതുവരെ നമുക്ക് അടിച്ച് പൊളിക്കാം.

Friday, March 1, 2013

എ ആര്‍ ആര്‍ മുള്ളേരിയ


മുള്ളേരിയയുടെ വികസന ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ശ്രീ എ രത്നാകര്‍ റാവു ഓര്‍മ്മയായി.മുള്ളേരിയ എന്ന കുഗ്രാമത്തിലേയ്ക്ക് കച്ചവട ആവശ്യത്തിലേയ്ക്കായി അര നൂറ്റാണ്ടു മുമ്പ് വന്നെത്തിയ ഒരു ഗൌഡ സാരസ്വത ബ്രാഹ്മണന്‍- എ ആര്‍ ആര്‍, ഇന്നത്തെ മുള്ളേരിയയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍, നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി.പല ചരക്ക് വ്യാപാരത്തില്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.ക്ഷേത്ര സംരക്ഷണ സമിതികള്‍,സ്കൂള്‍ ഭരണ സമിതി,വ്യാപാരി വ്യവസായി ഏകോപന സമിതി.ഭജനാ മന്ദിരങ്ങള്‍,പഞ്ചായത്ത് ഭരണ സമിതി,കലാ സാംസ്കാരിക സംഘടനകള്‍ എന്നിവയില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുകയും തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രസംഗത്തിന് തന്‍റേതായ ശൈലി ആവിഷ്കരിച്ച അദ്ദേഹത്തിന്‍റെ പ്രസംഗം വളരെ സരസമായിരുന്നു.കന്നട, മലയാളം തുളു എന്നീ ഭാഷകള്‍, അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത മലയാള പ്രസംഗങ്ങള്‍,കേട്ടിട്ടുള്ളവര്‍ അത് തീര്‍ച്ചയായും ഓര്‍മ്മയില്‍, സൂക്ഷിക്കുന്നുണ്ടാകും.വ്യാപാര രംഗത്ത് അദ്ദേഹം അഗ്ര ഗണ്യനായിരുന്നു.ആരേയും വശീകരിക്കാന്‍ കഴിയുന്ന സംസാര രീതി.വശ്യമായ പൊട്ടിച്ചിരി,ഉപഭോക്താവിന്‍റെ മനസ്സറിഞ്ഞു കൊണ്ടുള്ള പെരുമാറ്റം.കടയില്‍ പ്രവേശിക്കുന്ന വ്യക്തി ഏതു വിഭാഗത്തില്‍പെടുന്നയാളാണെങ്കിലും കടയില്‍, എത്രതന്നെ തിരക്കാണെങ്കിലും അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെടും.ഉപഭോക്താവിനെ പരമാവധി തൃപ്തിപെടുത്തി പറഞ്ഞയയ്ക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് ശ്ലാഘനീയം തന്നെ.”രമേശാ...സുരേശനികെ ഒംദു കിലോ ഒള്ളെ അക്കി കൊഡു.”(രമേശാ...സുരേഷിന് ഒരു കിലോ നല്ല അരി കൊടുക്ക്...) എന്ന് ഉച്ചത്തില്, വിളിച്ച് പറയുന്ന രത്നാകര്‍ റാവുവിന്‍റെ മുഖം മുള്ളേരിയയുടെ തന്നെ മുഖമായിരുന്നു.എം ബി എ വിദ്യര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കാവുന്ന അദ്ദേഹത്തിന്‍റെ വ്യാപാര മികവ് അദ്ദേഹത്തെ ആ രംഗത്ത് ഉന്നതങ്ങളില്‍ എത്തിച്ചു.ഭജനാ സംഘങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ഭജകരുടെ ഇടയിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പില്‍ക്കാലത്ത് രോഗ ഗ്രസ്ഥനായ അദ്ദേഹം കുറച്ചു കാലമായി ഉള്‍വലിഞ്ഞ നിലയിലായിരുന്നു.ഇന്ന് അദ്ദേഹത്തിന്‍റെ മക്കള്‍,മുള്ളേരിയയിലെ പ്രമുഖ വ്യാപാരികളായിരിക്കുന്നു.നാലു കുട്ടികളും എന്‍റെ ബാല്യ കാല സുഹൃത്തുക്കളായിരുന്നു.ആ സൌഹൃദം ഇന്നും നിലനിര്‍ത്തി പോരുന്നു.കണ്ടുമുട്ടുമ്പോഴൊക്കെ വിശേഷങ്ങള്‍ എല്ലാം ചോദിച്ചറിയുകയും വളരെയധികം സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന രത്നാകര്‍ റാവുവിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍,മനസ്സില്‍ മിന്നിമറഞ്ഞ ചില ഓര്‍മ്മകള്‍,ഇവിടെ കുറിക്കുകയാണ്. 

Sunday, February 24, 2013

SHOULD DHONI QUIT ?



This is the question raised among Indian Cricket Lovers of late. This is more so in Test format. Reason for this is the the set back the team had after the World Cup Success. India badly lost the away series against England and Australia and home series against England. There is no doubt that India had really bad time in Test Cricket. But should the Captain only be blamed for the failure of the team?
Before arriving at a decision it will be better to put light on some of the developments in the team.
First about the batsmen in the team. Batting has been the key to Indian success. Take the case of Tendulkar.The little master had very bad couple of years. He has never been in such bad patch during his career.Laxman was very upsetting during this term and he was forced to retire. Same was the case of Indian wall Rahul Dravid.Gautham Gambhir was dropped from the team for his poor show.Sehwag was not at all at his best.Virat too was not upto his expectations. How can a captain compensate for such an amazing failure? Then about bowling Indian front line bowlers Zaheer Khan and Harbajan has gone out of the team for poor form.Sreesanth was injured, so was the case of Ishant Sharma.Because of these unexpected set back Dhoni has to look for other options.
Of course he got Cheteswar Poojara & Ashwin but they are still fresh and could not make much impact. Further lucky captain turned unlucky in couple of crucial toss. You will be surprised to find that almost twelve players injured during England tour.
Captaincy has come under severe criticism. They have started to point at the batting techniques of Dhoni.Of course Dhoni is not a batsman with exceptional batting techniques .But he  is a utility player who has an incredible ability to adapt to different situations. I should say that unlike former Indian Captains captaincy has not affected his batting. He is still useful down the order with a good strike rate and a decent average around forty four.He is undoubtedly not the best wicket keeper in India. But he has improved his techniques and has been doing well behind the wicket.He is captain cool ,pressure cooker situations wont distract him. He has his own way of thinking ,most of the occasions he implement his plans successfully. He has always encouraged talented players. But his choice Rohit and Peyoosh yet to rise their standards upto the expectations of the captain.His body language is that of a leader,who will lead from the front.He is the fittest person in Indian team. His briefings in the press conference and ceremonies is devoid of any issues and he sounds loud and clear. You can point out him to any youngster as a roll model of a leader.Ofcourse he has not yet landed in any controversy outside the cricketing field.He hails from a state which do not have any cricketing heritage ,but he lifted himself to such a heights that even the different lobbies could not move a finger on him.
Yes let us arrive at a decision…………Dhoni should continue as a captain of One day side because India is still number one in the world.Ofcourse…….Virat can be given the charge of Twenty Twenty format. Yes what about test match ? Should Dhoni quit ? If yes then who is the substitute? Gambhir he is not at all in the team for his poor show. Then Virat…….. please don’t pluck the buds so early. Let Virat flourish as a great Indian batsman.It is still early.Let him blossom.Since there is not a substitute , and Indian test team is going through a period of rebuilding Dhoni should continue as Captain of the Indian test squad.

Wednesday, February 20, 2013

ഫേസ് ബുക്കിലെ പെണ്‍കുട്ടി.

തിരക്കൊഴിഞ്ഞ നേരം വെറുതെ ഫേസ് ബുക്കിലൂടെ കടന്നു പോയപ്പോള്‍,മനസ്സില്‍ കുടുങ്ങിക്കിടന്ന ഒരു പേരില്‍,കണ്ണ് തടഞ്ഞുനിന്നു.ബ്രായ്ക്കറ്റില്‍ മറ്റൊരു പേരും കൂടി.പ്രൊഫൈല്‍ ഫോട്ടോയില്‍,ക്ലിക്ക് ചെയ്തപ്പോള്‍ ആളെ തിരിച്ചറിഞ്ഞു.പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം കണ്ട ആ മുഖത്തോടൊപ്പം എന്‍റെ അരുമ ശിഷ്യയുടെ ഓര്‍മ്മകളും എന്നിലേയ്ക്ക് കടന്നു വന്നു.
കാസറഗോഡ് ചിന്മയാ മിഷന്‍ സ്കൂളില്‍,അദ്ധ്യാപകനായി ജോലി ചെയ്തു വരുന്ന കാലം.ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരുന്നെങ്കിലും ഞാന്‍,എവിടെയും എത്തിയില്ല എന്ന നിരാശ ക്രമേണ എന്നിലേയ്ക്ക് കടന്നു വരുന്ന കാലം.ഇന്‍റര്‍വ്യു കഴിഞ്ഞ് നിയമനം ലഭിച്ച് സ്കൂളില്‍ ചേര്‍ന്നപ്പോഴാണ് മനസ്സിലായത് എന്നെ ഒന്നും രണ്ടും ക്ലാസ്സില്‍ പഠിപ്പിക്കാനാണ് നിയോഗിച്ചിരിക്കുന്നത്.ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കാനുള്ള അറിവ് എനിക്ക് ഇല്ലാതെ പോയോ ? അതോ ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിക്കാനുള്ള പ്രത്യേക കഴിവ് എന്നില്‍,അധികൃതര്‍ കണ്ടെത്തിയോ ? തുച്ഛമായ ശംബളവും കൂടിയായപ്പോള്‍ ഞാന്‍ ആകെ നിരാശനായി.കിട്ടിയ ജോലി ഉപേക്ഷിക്കണ്ടല്ലോ എന്നു കരുതി ഞാന്‍,വെല്ലുവിളി ഏറ്റെടുക്കാന്‍തന്നെ തീരുമാനിച്ചു.അല്ലാ.......... ഞാന്‍ വിഷയത്തല്‍ നിന്ന് വ്യതിചലിച്ച് പോകുകയാണോ.ഒന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഒരു കുട്ടി എന്നോട് എന്തെന്നില്ലാത്ത അടുപ്പം കാണിക്കുന്നു.മുഖം കണ്ടാല്‍ “ള്‍,” എന്ന് ഉച്ചരിച്ച് നിര്‍ത്തിയതുപോലെ തോന്നും.കുട്ടി എന്നെ വിളിക്കുന്നത് “അംഗിള്‍” എന്നാണ്.സാമാന്യം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു.ബാത്ത് റൂമില്‍ പോകുന്നതിനും ഇതര ആവശ്യങ്ങള്‍ക്കും എന്നെ “അംഗിള്‍” എന്ന് സംബോധന ചെയ്താണ് കുട്ടി സംസാരിക്കുന്നത്.പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അത് സ്കൂളിലെ ക്ലാരടീച്ചറുടെ മകളാണ്.ക്ലാസ്സില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു മിടുക്കിയായി മോണിക്ക എന്ന ആ കുട്ടി തുടര്‍ന്നു.ഇടയ്ക്ക് ക്ലാരടീച്ചര്‍ എന്നോട് മോളുടെ വികൃതിത്തരങ്ങളെ പറ്റി പറയുകയും നല്ല അടി കൊടുക്കണമെന്നുമൊക്കെ പറയുമായിരിന്നു.ക്ലാര ടീച്ചര്‍ എല്ലാ അദ്ധ്യാപകരുമായി നല്ല സൌഹൃദം സ്ഥാപിച്ചിരുന്നു.ടീച്ചറുടെ ഊഷ്മളമായ പെരുമാറ്റം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.സ്കൂളില്‍ ഞങ്ങള്‍ പരസ്പരം സംബോധന ചെയ്തിരുന്നത് “ഹരി ഓം” എന്നായിരുന്നു.ഒരു തവണ ക്ലാര ടീച്ചര്‍ ആരോടോ “ഹായ് ഹരി ഓം” എന്ന് സംബോധന ചെയ്തത് സ്കൂള്‍ അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയില്‍,പെട്ടത് സ്റ്റാഫ് മീറ്റിംഗില്‍ പ്രത്യേക പരാമര്‍ശത്തിന് ഇടയാക്കുകയുണ്ടായി.ഇത് ആവര്‍ത്തികരുതെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. പിന്നീട് ടീച്ചറെ കാണുമ്പോള്‍ ഞങ്ങള്‍,ആരും കേള്‍ക്കാതെ “ഹായ് ഹരി ഓം”,”ഹലോ ഹരി ഓം” എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു.ടീച്ചറുടേത് ഒരു പ്രേമ വിവാഹമായിരുന്നു.ഭര്‍ത്താവ് ഒരു ഹാര്‍ട്ട് പേഷ്യന്‍റാണ്.ഇത് അറിഞ്ഞു കൊണ്ടു തന്നെയാണ് ടീച്ചര്‍,വിവാഹത്തിന് തയ്യാറായത്.സ്കൂളില്‍ ടീച്ചറെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ സഹായിക്കാന്‍,  സംസ്ഥാന സര്‍ക്കാര്‍,ജീവനക്കാരനായ ഭര്‍ത്താവ് സ്കൂളില്‍ വരുമായിരുന്നു.അവരുടെ ആ മാതൃകാപരമായ ബന്ധം ഞങ്ങള്‍ അങ്ങനെ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പുറത്തു വരുന്നത്.ക്ലാര ടീച്ചര്‍ക്ക് ..............ക്യാന്‍സര്‍,
കീമോ തെറാപ്പി ചെയ്യാനായി ടീച്ചര്‍ അവധിയിലാണ്.എന്നാല്‍ മോണിക്ക സ്ഥിരമായി സ്കൂളില്‍,വരുന്നുണ്ട് അവള്‍ക്ക് വീട്ടില്‍,ഒരു കുറവും ഉണ്ടാകുന്നില്ല.ഹോം വര്‍ക്ക് കൃത്യമായി ചെയ്യുന്നുണ്ട്.നന്നായി ഡ്രസ്സ് ചെയ്ത് വരുന്നുണ്ട്.ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ടീച്ചറെ കാണാന്‍,വനിതാ ടീച്ചര്‍മാര്‍,വീട്ടില്‍ പോയി ആദ്യ ദിവസം ഞാന്‍ പോയില്ല കാരണമെന്താണെന്ന് ഓര്‍മ്മയില്ല.പിറ്റെദിവസം ക്ലാസ്സ് റൂമില്‍,ടീച്ചര്‍മാര്‍,കൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയാണ്....ക്ലാര ടീച്ചറെ കാണാന്‍ വീട്ടിലെത്തിയ ടീച്ചര്‍മാര്‍,മോണിക്കയോട് ചോദിക്കുകയുണ്ടായി ഭാവിയില്‍വളര്‍ന്ന് ആരായിത്തീരണമെന്ന്.അതിന് കിട്ടിയ ഉത്തരം എന്നെ ഞെട്ടിച്ചു കളഞ്ഞു.മോണിക്ക പറഞ്ഞ ഉത്തരം എനിക്ക് വലുതായാല്‍ സുരേഷ് സാറാകണമെന്നാണ്.ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു എന്ന ഒരു അപകര്‍ഷതാ ബോധത്തോടെയാണെങ്കിലും ചെയ്യുന്ന ജോലിയില്‍,പരമാവധി ആത്മാര്‍ത്ഥത കാണിക്കണമെന്ന് വിചാരിച്ച് കുട്ടികളോടൊത്ത് എല്ലാം മറന്ന് അവരോടൊപ്പം നിന്ന് അവരോളം താണ്,കുരങ്ങനായും മുയലായും അവര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളായി അവരെ രസിപ്പിച്ച് ജോലി ചെയ്ത എനിക്ക് അതൊരു വലിയ ബഹുമതിയായി തോന്നി.അടുത്ത ദിവസം ടീച്ചറെ കാണാന്‍,മറ്റു പുരുഷ അദ്ധ്യാപകരോടൊപ്പം ഞാനും പോയി.ക്ലാരടീച്ചര്‍ തിരിച്ചറിയാന്‍,കഴിയാത്ത വിധം മാറിയിരിക്കുന്നു.ശോഷിച്ച് മുടികള്‍ കൊഴിഞ്ഞ് ടീച്ചര്‍ വല്ലാതായിരിക്കുന്നു.തലേ ദിവസത്തെ റിപ്പോര്‍ട്ട് ടീച്ചര്‍,എല്ലാവരോടും നല്ല ആത്മ വിശ്വസത്തോടെ സംസാരിക്കുന്നു എന്നായിരുന്നു.എന്നെ കണ്ടതോടെ ടീച്ചര്‍ പെട്ടെന്ന് ഒന്ന് വിതുമ്പി.കണ്ണീരൊഴുകാന്‍ തുടങ്ങി.എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.പിന്നീട് ടീച്ചറുടെ രോഗത്തിന്‍റെ പുരോഗതി ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്നു.നില മെച്ചപ്പെടുന്നതായി സൂചന ലഭിക്കുകയും ചെയ്തു .എന്നാല്‍ ഒരു ദിവസം അനിവാര്യമായത് സംഭവിച്ചു.രാവിലെ സ്കൂളിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.സ്കൂളിന് അവധി പ്രഖ്യാപിച്ചു.ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍,ടീച്ചറുടെ ഭര്‍ത്താവാണ് ഞങ്ങളെ അതിശയിപ്പിച്ചത്.അദ്ദേഹം എല്ലാം മുന്‍കൂട്ടി കണ്ടതുപോലെ സന്ദര്‍ശകരോട് നിര്‍വികരനായി കാര്യങ്ങള്‍,വിശദീകരിക്കുന്നു. അപ്പോഴാണ് ഒരു തൂണിന്‍റെ മറയത്ത് എന്നെ നോക്കി നാണത്തില്‍ കലര്‍ന്ന ചിരിയോടെ മോണിക്ക നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.തന്‍റെ പ്രിയപ്പെട്ട സാര്‍ വീട്ടില്‍,വന്നതിന്‍റെ സന്തോഷവും നാണവും ഒക്കെയാണ് അവള്‍ക്ക്.തനിക്ക് സംഭവിച്ചിരിക്കുന്ന കനത്ത നഷ്ടം മനസ്സിലാക്കാനുള്ള പ്രായം ആ കുഞ്ഞിനായിരുന്നില്ല.ആ രംഗം എന്‍റെ മനസ്സില്‍,ഇന്നും മായാതെ കിടക്കുകയാണ്.എനിക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞത് അടുത്ത് ചെന്ന് കുട്ടിയുടെ പുറത്ത് ഒന്ന് തലോടുക എന്നത് മാത്രമാണ്.
പിന്നീട് അതേ വര്‍ഷം ഞാന്‍,സര്‍ക്കാര്‍,ജോലി കിട്ടി സ്കൂള്‍ വിടുകയുണ്ടായി.നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി ആ പെണ്‍കുട്ടിയെ ഫേസ് ബുക്കിലൂടെ കണ്ടപ്പോള്‍,ആശയ വിനിമയം നടത്തിയില്ലെങ്കിലും അവള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം വിദേശത്താണെന്നും ഉദ്യോഗസ്ഥയാണെന്നും സന്തോഷവതിയാണെന്നും മനസ്സിലാക്കി.എന്‍റെ ഫ്രണ്ട് റിക്വസ്റ്റ് വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കുകയും ചെയ്തു.ഇത് എന്‍റെ അദ്ധ്യപകന്‍, എന്നനിലയില്‍ ജോലി ചെയ്ത ചുരുങ്ങിയ കാലയളവിലെ മറക്കാനാവാത്ത ഒരു ഏടാണ്.കുറച്ചു ദിവസമായി മനസ്സില്‍, കിടന്ന് കളിച്ചിരുന്ന ഈ വിഷയം രേഖപ്പെടുത്തുകയാണ്.
നല്ല അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധങ്ങള്‍,ഉണ്ടാകട്ടെ,നല്ല മാതൃകാദ്ധ്യാപകര്‍,അദ്ധ്യാപന രംഗത്തേയ്ക്ക് കടന്നു വരട്ടെ എന്നൊക്കെ ഞാന്‍, ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്.

Saturday, February 2, 2013

ആടു ജീവിതം




ബന്യമിന്‍റെ ആടു ജീവിതം....നജീബിന്‍റെ മരുഭൂമിയിലെ ദുരനുഭവങ്ങള്‍,വിവരിക്കുന്ന നോവല്‍ വായനാശീലമില്ലാത്തവരില്‍പോലും വായനയുടെ കുതൂഹലം സൃഷ്ടിക്കുന്നു.ജീവിക്കാന്‍ വഴിതേടി വിദേശത്തെത്തി മാനവും മര്യാദയും വെടിഞ്ഞ് എല്ലുമുറിയെ ........കുടുംബത്തിനുവേണ്ടി.....നാടിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കുന്നവരുടെ യഥാര്‍ത്ഥ ചിത്രം നോവലിസ്റ്റ് നമുക്കു മുമ്പില്‍ തുറന്നു കാട്ടുന്നു.ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്നു പോകുന്ന വ്യക്തികള്‍ക്കു മുന്നില്‍,നജീബ് പലതും കാണിച്ചു കൊടുക്കുകയാണ്.തളര്‍ച്ചയിലും പ്രത്യാശയുടെ ഒരു തിരി നാമ്പ് തെളിക്കാന്‍ നജീബ് എന്ന കഥാ പാത്രത്തിന് കഴിയുന്നു.സര്‍വ്വ ശക്തനായ അള്ളാഹുവിനെ വിളിച്ച് ...........അള്ളാഹുവിന്‍റെ കാരുണ്യത്തില്‍,ഉറച്ച് വിശ്വസിച്ച് മുന്നേറുന്ന നജീബിനു മുന്നില്‍,പല ദുരിതങ്ങളും ഉറഞ്ഞാടുന്നു.എന്നാല്‍ ഓരോ ഘട്ടത്തിലും നജീബിനു താങ്ങായി ഒരു ദൈവദുതനെ പോലെ പലരും എത്തിച്ചേരുന്നു.അതോടൊപ്പം പല യാദൃശ്ചികതകളും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍,സംഭവിക്കുന്നു.പൊരിവെയിലില്‍ തൊണ്ട നനയ്ക്കാന്‍,ഒരിറ്റുവെള്ളമില്ലാതെ മരുഭൂമിയിലൂടെ നടക്കുമ്പോള്‍,മുന്നില്‍ കാണുന്നത് അനന്തമായ മണലാരണ്യം മാത്രമാണെങ്കിലും മനുഷ്യന്‍റെ നഗ്ന നേത്രങ്ങള്‍ക്ക് രണ്ടര കിലോമീറ്റര്‍,ദൂരത്തേയ്ക്ക് മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്ന പരാമര്‍ശം നജീബിന് അതിനപ്പുറം ജീവജലം ലഭിക്കുമെന്ന പ്രത്യാശ ഉണര്‍വ്വ് പകരുന്നു.ശ്രീ എന്‍ ശശിധരന്‍റെ വാക്കുകള്‍ കടമെടുത്താല്‍, ജീവിതത്തിന്‍റെ സമസ്തതലങ്ങളിലുമുള്ള ആളുകള്‍ വായിച്ചിരിക്കേണ്ട പുസ്തകം എന്ന് അതിശയോക്തിയില്ലാതെ തന്നെ ആടു ജീവിതത്തെ വിശേഷിപ്പിക്കാം.

Friday, January 11, 2013

ഉത്തിഷ്ഠത...ജാഗ്രത...പ്രാപ്യവരാന്‍ നിബോധത.....


ദേശീയ യുവജന ദിനം മുമ്പെന്നത്തേക്കാളും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു.യുവജന ദിനമായി ആഘോഷിക്കാന്‍,ഇതിലും അനുയോജ്യമായ ദിനമില്ല.ഭാരതത്തിലെ യുവാക്കളെ ഇന്നത്തെ സാഹചര്യത്തില്‍,സ്വാധീനക്കാന്‍ കഴിയുന്ന ഒരു വ്യക്തി വേറെ ഇല്ല എന്നതു  തന്നെ കാരണം.ദിശാ ബോധമില്ലാതെ വഴിതെറ്റിയലയുന്ന യുവജവതയ്ക്ക് വിവേകാനന്ദനെ പരിചയപ്പെടാന്‍ അവസരമുണ്ടാകണം.നൂറ്റിയമ്പതാം ജയന്തിയായതിനാലാകാം നാടെങ്ങും പോസ്റ്ററുകളും ബനറുകളും.യുവജവ സംഘടനകള്‍ വിവേകാനന്ദ സ്വാമികളുടെ പടം തങ്ങളുടെ ബാനറില്‍ ഉള്‍പെടുത്തുന്നതില്‍,അപാകതകാണുന്നില്ല......നന്ന്.............കഴിഞ്ഞ കാലങ്ങളില്‍ ഈ മഹദ് വ്യക്തിയ്ക്ക് നല്‍കേണ്ട പ്രാധാന്യം നാം നല്‍കിയിരുന്നോ...........ഇല്ല എന്നു തന്നെ പറയാം.പോസ്റ്റ് ഗ്രാജ്യുവേഷന്‍,വരെ നീണ്ട എന്‍റെ പഠനത്തില്‍ ഒരിക്കല്‍,പോലും സ്വാമികളുടെ പരാമര്‍ശം ഉണ്ടായിട്ടില്ല.അന്ന് ദീര്‍ഘവീക്ഷണത്തോടെ സ്വാമികള്‍, പറഞ്ഞതൊന്നും അസ്ഥാനത്തല്ല എന്ന് ഇന്നെങ്കിലും നാം തിരിച്ചറിയണം.
താടിയും മീശയും ഇല്ലാത്ത ഹിമാലയ സാനുക്കളില്‍ ഏകാഗ്രതയോടെ ലോകത്തില്‍ നിന്ന് മുഖം തിരിച്ച് തപസ്സിരിക്കുന്ന സന്യാസി വര്യന്മാരില്‍,നിന്ന് തികച്ചും വ്യത്യസ്ഥനായി.തലയെടുപ്പോടെ കണ്ണുകളില്‍,പ്രകാശവും വിരിഞ്ഞമാറിടവും മുഖത്ത് നിര്‍ഭയത്വവുമായി തന്‍റെ ചുരുങ്ങിയ പുരുഷായുസ്സില്‍, സനാതന ഹിന്ദു ധര്‍മ്മത്തിന്‍റെ ശരിയായ മുഖം ലോക ജനതയ്ക്ക് മുമ്പാകെ തുറന്ന് കാട്ടി ലോകത്തെത്തന്നെ തന്നിലേയ്ക്കാകര്‍ഷിച്ച് സാര്‍വ്വ ലൌകികതയുടെ സന്ദേശം പരത്തിയ സ്വാമിയുടെ സാന്നിദ്ധ്യമാണ് ഇന്ന് നമ്മുടെ ആവശ്യമെങ്കിലും ഇന്ത്യന്‍,യുവത്വത്തിന് ആവേശം പകരാന്‍അദ്ദേഹത്തിന്‍റെ 150) ജയന്തി യ്ക്ക് കഴിയട്ടെ.അപാരമായ ഊര്‍ജ്ജ സ്രോതസ്സായ ഇന്ത്യന്‍,യുവത്വത്തിന് ദിശ കാണിക്കേണ്ട ഉത്തരവാദിത്വത്ത്വം നമുക്ക് നിറവേറ്റാന്‍,കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.ഇന്നത്തെ യുവാക്കള്‍ അരാഷ്ട്രീയ വാദികളായി മാറിയിരിക്കുന്നു.രാഷ്ട്രീയം അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍,സ്വീകരിക്കാത്തതാണ് അവരെ അരാഷ്ട്രീയതയിലേയ്ക്ക് തളളിവിടുന്നത്.രാഷ്ട്രീയത്തിന്‍റെ ഇന്നത്തെ അര്‍ത്ഥം ഒരു വിശദീകരണമില്ലാതെ തന്നെ എല്ലാവര്‍ക്കും അറിയാം ഈ രാഷ്ട്രീയത്തെയാണ് യുവാക്കള്‍ സ്വീകരിക്കാതിരിക്കുന്നത്.അണ്ണാ ഹസാരെയ്ക്ക് ഫേയ്സ് ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍,യുവത്വംത്തിന്‍റെ ഉള്‍തുടിപ്പ് നാം കണ്ടതാണ്.കക്ഷി രാഷ്ട്രീയ ഭേദമെന്യേ വിവിധ യുവജന സംഘടനകള്‍,ഈ അവസരത്തില്‍ സ്വാമിജിയെ സ്വീകാര്യനാക്കിയത് അത്യന്തം ആശാവഹമാണ്.ഇതു കൂടാതെ യുവാക്കള്‍ സംഘടിക്കട്ടെ.മുന്‍കാലങ്ങളിലെ മഹത്തായ പ്രസ്ഥാനങ്ങളും വ്യക്തികളും സാമൂഹ്യ സാസംസ്കാരിക സംഘടനകളിലൂടെ പിച്ച വച്ച് ഉയര്‍ന്ന് വന്ന യുവാക്കളിലൂടെത്തന്നെയായിരുന്നു.സ്വാര്‍ത്ഥതയും ലാഭേച്ഛയുമില്ലാതെ യുവാക്കളുടെ കൂട്ടായ്മയുണ്ടാകട്ടെ.സമൂഹത്തിന്‍റെ അടിസ്ഥാന പരമായ പ്രശ്നങ്ങളില്‍ അവര്‍,ഇടപെടട്ടെ.സ്വാമി വിവേകാന്ദന്‍റെ ജീവിതം അവര്‍ക്ക് ആവേശം പകരട്ടെ.അദ്ദേഹത്തിന്‍റെ ആകര്‍ഷകമായ വ്യക്തിത്വവും ആരെയും തന്നിലേയ്ക്ക് നിമിഷ നേരം കൊണ്ട് ആകര്‍ഷിക്കാന്‍,കഴിവുള്ള വാക്ചാതുരിയും സര്‍വ്വോപരി നല്ല ഉദ്ദേശലക്ഷ്യങ്ങള്‍,കൈവരിക്കുന്നതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന അദ്ദേഹത്തിന്‍റെ മഹത്തായ സന്ദേശവും അവര്‍,ഉള്‍കൊള്ളട്ടെ.
യുവാക്കള്‍ അവരുടെ ഉള്ളിലേയ്ക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്.അവരെ തൊട്ടുണര്‍ത്തുക മക്കളെ.....ഇനിയും ഉറങ്ങരുത് ഉറങ്ങുന്നത് ജഡത്വമാണ്....ജഡത്വം മരണമാണ്.മരിച്ച് ജീവിക്കുന്നതിലും ഭേദം ജീവിച്ച് മരിക്കുക എന്നതാണ്.ഈ സുദിനത്തില്‍ ഭാരതത്തിലെ എല്ലാ യുവാക്കള്‍ക്കും എന്‍റെ ഭാവുകങ്ങള്‍,
THE FUTURE OF OUR NATION IS NOW IN YOUR HAND

Saturday, January 5, 2013

നന്ദി.....സച്ചിന്‍..................-------------------


വായിലെ മുലപ്പാല്‍ മാഞ്ഞുപോകുന്നതിനുമുമ്പ് ഇന്ത്യന്‍,ക്രിക്കറ്റിലെ ലിറ്റില്‍ മാസ്റ്റര്‍- മാസ്റ്റര്‍,ബ്ലാസ്റ്റര്‍ ആയി മാറിയത് അതിവേഗമാണ്.ലോകോത്തര സ്പിന്നറായ അബ്ദുള്‍ ഖാദറെ തുടരെ നിലംതൊടീക്കാതെ തൂക്കി തന്‍റെ വരവറിയിച്ച സച്ചിന്‍,അന്നും ഇന്നും അമ്മമാരുടെ പ്രിയ പുത്രനായിരുന്നു.എത്ര കുട്ടികള്‍ക്കാണ് സച്ചിന്‍, എന്ന പേര് വീണത്.ഏകദിനത്തിലെ മിഡില്‍ ഓര്‍ഡര്‍,ബാറ്റ്സ്മാന്‍ ഓപണറുടെ റോളിലെത്തിയതോടെ ഇന്ത്യയുടെ ഭാഗധേയം തെളിഞ്ഞു.കപില്‍ ദേവിനുശേഷം ഇന്ത്യ കണ്ട ബാറ്റിംഗ് കൊടുംകാറ്റായി സച്ചിന്‍ മാറി.തന്‍റെ സ്വഭാവത്തിന് വിരുദ്ധമായി ബൌളര്‍മാരെ നിഷ്കരുണം ശിക്ഷിച്ചു.അച്ചന്‍റെ മരണാനന്തര ചടങ്ങില്‍,പങ്കെടുത്ത് തിരികെ വന്ന് കെനിയക്കെതിരെ നേടിയ സെഞ്ചുറി.ആസ്ട്രേലിയക്കെതിരെ ഷാര്‍ജയില്‍,തുടരെ നേടിയ സെഞ്ചുറികള്‍.ഷെയിന്‍ വോണിനെതിരെ കടന്നാക്രമണം.ലോക കപ്പിലെ അദ്ഭുതകരമായ പ്രകടനങ്ങള്‍.ഗാംഗുലി ,സേവാഗ് എന്നിവരുമായുള്ള ഓപണിംഗ് കൂട്ടുകെട്ട്.ഇടയ്ക്ക് ബൌളറുടെ വേഷം കെട്ട്.മാക്മില്ലനെ വട്ടം കറക്കി അവസാന ഓവറില്‍ വിജയതീരത്തെത്തിച്ച ബൌളിംഗ് വിസ്മയം.ലെഗ് സ്പിന്‍,ഓഫ് സ്പിന്‍,ഇടവിട്ട് വേഗത കൂട്ടിയെറിയുന്ന പന്തുകള്‍,.കരിയര്‍ ആശങ്കയിലാക്കിയ ടെന്നിസ് എല്‍ബോ രോഗം.രോഗത്തില്‍ നിന്ന് അസാധാരണമായ തിരിച്ചു വരവ്.എന്നാല്‍ തിരിച്ചുവന്നതോടെ ലോകം കാണ്ടത് പുതിയ സച്ചിനെയാണ്.തന്‍റെ പരിമിതികളെ മനസ്സിലാക്കി ബാറ്റിംഗില്‍,ചിലമാറ്റങ്ങളുമായി സച്ചിന്‍ വീണ്ടും.ഒടുവില്‍ ലോകകപ്പ് ജയം എന്നാല്‍ നൂറാം സെഞ്ചുറിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്.
കീര്‍ത്തിയും യശസ്സും സച്ചിനെ വഴിതെറ്റിച്ചില്ല.കവിയായ പിതാവിന്‍റെ അനുഗ്രഹമാകാം ക്രിക്കറ്റ് എന്ന ഇംഗ്ലീഷ് കാരന്‍റെ കളിയെ കാവ്യാത്മകമാക്കി.മാന്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയ മാന്യന്‍മാരുടെ കളിയിലെ വേറിട്ട മാന്യന്‍,ഒളിയമ്പുകള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി.
എന്നാല്‍ സച്ചിന്‍,സാധാരണ മനുഷ്യന്‍ മാത്രം.മഗ്രാത്ത്,അക്തര്‍,വാല്‍ഷ് എന്നിവര്‍ക്കു മുന്നില്‍,സച്ചിന്‍ പതറിയില്ലേ.അതെപലതവണ.അടിച്ച് മുന്നേറുന്ന സച്ചിന്‍റെ മുട്ട് തൊണ്ണൂറുകളില്‍,കൂട്ടിയിടിക്കുന്നു.ഓരോ സെഞ്ചുറി കഴിയുന്പോഴും ആത്മ നിര്‍വൃതി .....സര്‍വ്വ ശക്തനോട് നന്ദി പറയല്‍.ടീമിന്‍റെ ഭാരം താങ്ങാന്‍,കഴിയത്ത സച്ചിന്‍.....നായകനെന്ന നിലയില്‍ പരാജയം.ടീം സമ്മര്‍ദ്ദത്തിലാകുമ്പോള്‍,കളി കാണാതെ റൂമില്‍ പ്രാര്‍ത്ഥനാ നിരതനായിരിക്കുന്ന സച്ചിന്‍.ഒരു പച്ചയായ മനുഷ്യന്‍.
ക്രിക്കറ്റ്  എല്ലാമെല്ലാമാണ്.എങ്കിലും നല്ല പിതാവ് ,ഭര്‍ത്താവ്.ഒരു അനാവശ്യ വിവാദത്തിലും പെട്ടില്ല.പ്രാദേശികതയെ തള്ളി പറയാനും ദേശീയതെ ഉയര്‍ത്തി കാണിക്കാനും താക്കറെയുടെ പ്രഭാവം സച്ചിന് തടസ്സമായില്ല.എതിരാളികളുടെ ആദരവ്.സഹകളിക്കാരോട് ഈഗോ ഇല്ല.പുതുമുഖങ്ങളെ സഹായിക്കാന്‍ എന്നും തയ്യാര്‍,.
നന്ദി സച്ചിന്‍.............ഞങ്ങളെ താങ്കള്‍ രസിപ്പിച്ചു.ഞങ്ങള്‍ നന്നായി ആസ്വദിച്ചു.താങ്കള്‍ ഇന്ത്യന്‍, ജനതയ്ക്ക് മാതൃകയായി.ഒരു ഭാരതീയന്‍റെ യഥാര്‍ത്ഥ മുഖം താങ്കള്‍,ലോകജനതയ്ക്കു മുന്നില്‍ തുറന്നു കാട്ടി.     ഹേ സച്ചിന്‍......എല്ലാ ഭാവുകങ്ങളും.........ഈ ചില്ലറ കുറിപ്പുകളല്ലാതെ അങ്ങേയ്ക്ക് തരാന്‍ എന്‍റെ കൈയ്യില്‍,ഒന്നും ഇല്ല.