സ്കൂളടച്ചു.ഇനി
രണ്ട് മാസം കുശാല്‍ ദിവസവും ഒരു പേജ് പകര്‍ത്തിയെഴുതാനുള്ള നിര്‍ദ്ദേശമുണ്ടെന്നല്ലാതെ
അദ്ധ്യയനത്തിന് നീണ്ട അവധിതന്നെയാണ്.പുരാണ കഥകളടങ്ങുന്ന അമ്പിളി അമ്മാവന്‍ എന്ന
മാസികയോടൊപ്പം ബാലരമയും ഏപ്രില്‍ ആദ്യവാരം തന്നെ വായിച്ചു തീര്‍ത്തു.ഇനിബാക്കിയുള്ളത്
കളി തന്നെ കര്‍ണ്ണാടക അതിര്‍ത്തിയോടു ചേര്‍ന്ന അതിര്‍ത്തി ഗ്രാമം സംസ്കാരത്തിലും
ഭാഷയിലുമുള്ള വൈജാത്യം എന്‍റെ സുഹൃത്തുക്കളുടെ കാര്യത്തിലുമുണ്ട്.മോഹനചന്ദ്രന്‍,വേണു
ഗോപാലന്‍ സദാശിവന്‍,വൈകുന്നേരം പാലുമായി എത്തുന്ന പൂജാരി,ബാലഗോപാലന്‍.ഇവരൊക്കെ
വീട്ടില്‍ വ്യത്യസ്ഥമായ ഭാഷകള്‍,കൈകാര്യം ചെയ്യുന്നവരാണ്.വേണു തുളുനാടിന്‍റെ
രാജവംശത്തില്‍,ബല്ലാല്‍ സമുദായത്തിലെ തുളു മാതൃഭാഷയായിട്ടുള്ള കുട്ടിയാണ്.മോഹന
ചന്ദ്രന്‍ കന്നട മാതൃഭാഷയായിട്ടുള്ള കുട്ടിയാണ്.സദാശിവന്‍ വീട്ടില്‍,മലയാളം
സംസാരിക്കും പക്ഷെ സാധാരണ മലയാളിയ്ക്ക് മനസ്സിലാകുന്ന മലയാളമല്ല,ആ നാട്ടിലെമാത്രം
മലയാളം.വ്യത്യസ്ഥ ഭാഷകളുള്ള നാടാണെങ്കിലും എല്ലാവരും എന്‍റെ വീട്ടില്‍,ഒന്നിക്കുമ്പോള്‍
മലയാള ഭാഷ സംസാരിക്കുന്നു.
ഞങ്ങള്‍
താമസിച്ചിരുന്ന വീട് നോക്കെത്താത്ത വിശാലമായ പറമ്പാണ്. മാവും പ്ലാവും പേരക്കയും.അതുകൊണ്ടുത്നനെ
കളി യുടെ ഒരു ഭാഗം ഈ വക ഫലങ്ങള്‍ യഥേഷ്ടം തിന്നുക എന്നതുതന്നെയാണ്.ഞങ്ങളുടെ നേതാവ്
സദാശിവനാണ് എന്‍റെ സഹപാഠിയാണെങ്കിലും വയസ്സില്‍,മൂപ്പ് വരും ഞങ്ങളുടെ
വീട്ടിലേയ്ക്കുള്ള റേഷന്‍ വാങ്ങുന്നത് കിണറില്‍,നിന്ന് വെള്ലം കോരുന്നതും
അത്തരത്തിലുള്ള മറ്റു പല ജോലികളും സദാശിവനാണ് ചെയ്തിരുന്നത്.ഞങ്ങള്‍ക്ക് വേണ്ടി
മാങ്ങ പറിക്കുന്നതും കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത സാഹസികമായ എല്ലാ
കാര്യങ്ങളും സദാശിവന്‍ നിര്‍വഹിക്കും.സദാശിവന് വീട്ടില്‍,അടയ്ക്കാതോട്ടമുണ്ട്.അച്ഛന്‍
അത് നോക്കി നടത്തും അമ്മയും ഏക സഹോദരിയം ബീഡി തെറക്കുന്നു സാമ്പത്തികമായി തരക്കേടില്ല.അച്ഛനെ
സഹായിക്കാന്‍ തോട്ടത്തിലെത്തുന്ന സദാശിവന്‍ അടയ്ക്കാ തന്‍റെ കീശയില്‍,തിരുകി
കയറ്റും ഇത് വിറ്റ് കിട്ടുന്ന കാശകൊണ്ട് സദാശിവന്‍ അടിപൊളിയായിട്ട് കഴിയും .
സദാശിവന്‍
സൈക്കിള്‍ വാടകയ്ക്കെടത്ത് അതില്‍,ചില കസര്‍ത്തുകള്‍ കാണിച്ച് ഞങ്ങളെ അദ്ഭുതപ്പെടത്തി
എന്നെ സൈക്കിളിലിരുത്തി ഒരു തികഞ്ഞ അദ്ധ്യപകന്‍റെ പക്വതയോടെ എന്നെ സൈക്ലിംഗ്
പരിശീലിപ്പിച്ചു.അധിക നേരം എടുക്കുന്നതിനു മുമ്പ് തന്നെ എന്‍റെ സീറ്റിനു
പുറകിലുണ്ടായിരുന്ന സദ്ദുവിന്‍റെ കൈ ക്രമേണ അയഞ്ഞു.എന്നെ ത്തന്നെ
അദ്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍,സൈക്കിളില്‍ ,സഞ്ചരിക്കാന്‍ തുടങ്ങി.എങ്കിലും
സദ്ദുവിന് ഭയമാണ്.ഞാന്‍ വീണുപോകുമോ എന്നും എന്‍റെ ചെറിയ വീഴ്ചകള്‍,പോലും
കാര്യമായിട്ടെടുത്ത് എന്‍റെ മാതാപിതാക്കള്‍ ശകാരിക്കുമോ എന്നും.
മുണ്ടോള്‍
ജാത്രയ്ക്ക് സദ്ദുവിന്‍റെ നേതൃത്വത്തില്‍,പകല് ഞങ്ങള്‍ പോയി സദ്ദുവിന് എല്ലാം
പരിചിതമാണ്.ജാത്രയിലെ സംതയില്‍ ഞങ്ങളെ കൂട്ടി സദ്ദു പലസാധനങ്ങളും
വാങ്ങിത്തന്നു.മിഠായി കടല,ബുഗ്ഗ പീപ്പി ചെണ്ട ഇവയൊക്കെ ഞങ്ങള്‍,വാരിക്കൂട്ടി.എല്ലാം
സദ്ദുവിന്‍റെ വക.ഞങ്ങള്‍ക്ക് ഇതൊക്കെ വാങ്ങിത്തരുന്നതില്‍ സദ്ദുവിന് സന്തോഷമെ
ഉള്ളൂ.തിടമ്പ് നൃത്തം ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍,രണ്ടു കെയ്യും വിട്ട് തിടമ്പ്
എടുത്ത് ഓടുന്നത് ഞങ്ങള്‍ ശ്വാസം പടിച്ച് നോക്കി നിന്നു.പൊരിവെയിലില്‍ തിടമ്പ്
നൃത്തത്തോടൊപ്പം ചുററും കറങ്ങുന്ന പുരുഷന്‍മാരും ചുറ്റും ഉയര്‍ന്ന തലത്തില്‍
ഉടുത്തൊരുങ്ങി നില്‍ക്കുന്ന സ്ത്രീകളും ജാത്രയിലെ ഒരു പ്രത്യകതയാണ്.ഇത്
വിവാഹപ്രായമെത്തിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനുള്ള അവസരമാണെന്നും
പലവിവാഹങ്ങളുടെയും തുടക്കം ജാത്രയില്‍ വെച്ചാണെന്നുമുള്ള വസ്തുത സദ്ദു ഞങ്ങള്‍ക്ക്
പറഞ്ഞു തന്നു.
യക്ഷഗാനത്തിന് അന്ന് വളരെ പ്രചാരമുണ്ടായിരുന്നു.പുരാണ കഥകളെ അടിസ്ഥാനമാക്കി
പുലരുവോളം അരങ്ങേറുന്ന യക്ഷഗാനങ്ങള്‍ ജനങ്ങളുടെ പ്രമുഖ വിനോദോപാധിയായിരുന്നു.ടെന്‍റ്
കെട്ടി ടിക്കറ്റ് വച്ച് കളിക്കുന്ന യക്ഷഗാനത്തിന് വീട്ടില്‍,വളരെ സമ്മര്‍ദ്ദം
ചെലുത്തിയതിനുശേഷമാണ് എനിക്ക് കാണാന്‍ പോകാന്‍ അനുവാദം കിട്ടിയത്.താണ ക്ലാസ്സില്‍
ടിക്കറ്റെടുത്ത് നിലത്തിരുന്ന് യക്ഷഗാനം കാണാനിരുന്ന ഞങ്ങള്‍ കേളികൊട്ട്
കഴിഞ്ഞപ്പോഴേയ്ക്കും പുറത്തിറങ്ങി.സദ്ദുവിന്‍റെ വക ഹോട്ടലില്‍ നിന്ന് കടലയും
ചായയും.വീണ്ടും ടെന്‍റിനുള്ളില്‍,പ്രവേശിച്ച ഞങ്ങള്‍ പുലരുന്നതുവരെ യക്ഷഗാനം
കണ്ടു.ഞാന്‍ അതിനിടയില്‍,എത്രയോതവണ ഉറങ്ങി ഉണര്‍ന്നെങ്കിലും സദ്ദു ഒരു പോള
കണ്ണടയ്ക്കാതെ യക്ഷഗാനം മുഴുവനും കണ്ടു.അതിനുശേഷം വേഷമഴിക്കുന്ന വേഷധാരികളെ സദ്ദു
എനിയ്ക്ക് കാണിച്ചു തന്നു.ബീഡി വലിക്കുന്ന ശിവനും മുണ്ടുടുത്ത ദേവേന്ദ്രനും
എന്നില്‍ ചിരി ഉണര്‍ത്തി.
അടുത്ത ദിവസം വീട്ടില്‍ യക്ഷഗാനത്തിന്‍റെ ബാക്കിയായിരുന്നു.പ്ലാവിന്‍ ചുവട്ടില്‍
ലുങ്കി കൊണ്ട് കര്‍ട്ടന്‍ കെട്ടി
വാഴപ്പിണ്ടികൊണ്ട് ട്യൂബ് ലൈറ്റുകള്‍ ഉണ്ടാക്കി.ആര്‍ത്തട്ടഹസിക്കുന്ന
രാക്ഷസനായി സദ്ദു അരങ്ങ് വാണു.ഞാനും ചില വേഷങ്ങള്‍ കെട്ടിയാടി.
ഗോട്ടികളിയില്‍ സദ്ദുവിന്‍റെ കഴിവ് അപാരമായിരുന്നു.അകലങ്ങളില്‍ നിന്ന് സദ്ദു
ഗോലികള്‍ക്ക് മേല്‍,ഉന്നം വയ്ക്കും.എപ്പോഴും സദ്ദുവിന്‍റെ കീശയില്‍,ബഹുവര്‍ണ്ണങ്ങളായ
ഗോലികള്‍,എപ്പോഴും ഉണ്ടായിരിക്കും.തന്‍റെ സുഹൃത്തുക്കളെ സദ്ദു സ്ഥിരമായി
ഗോലികളിക്കാന്‍ വെല്ലുവിളിക്കും പരാജയ ഭീതികൊണ്ട് പലരും അതിന് മുതിരാറില്ല.തലേമ്മ
എന്ന കളിയില്‍ സദ്ദു അഗ്രഗണ്യനാണ്.തലേമ്മ മുട്ടി ഡിബ്ബ് പൊത്തല്,കോട്ടിത്തലേമ്മ
എന്നീ വിവിധരീതിയില്‍ ഒരു പ്രത്യക ലക്ഷ്യത്തില്‍ നിന്ന് പന്ത് തട്ടിയകറ്റി
കളിക്കുന്ന കളിയാണിത്.പൊട്ടിയ ഓട്ടന്‍കഷണങ്ങള്‍,അടുക്കി വച്ച് എറിഞ്ഞിടുന്ന ഗോരി
മറ്റൊരു കളിയാണ്.ഇതിലൊക്കെ ഭീകരം പള്ളി എന്ന കളിയാണ്.ചേര്‍ന്ന് നില്‍ക്കുന്ന രണ്ട്
ജോഡികളെ ബലം പ്രയോഗിച്ച് കീഴടക്കുന്നതിന് സഹകളിക്കാര്‍ ശ്രമിക്കും പക്ഷെ
അതിനിടയില്‍,ഈ ജോഡികള്‍,അടുത്തെത്തുന്നവരെ നിഷ്കരുണം മര്‍ദ്ദിക്കും.
സദ്ദുവിന് ഞങ്ങളുടെ വീട്ടിലെ ചോറുണ്ണന്‍ വലിയ ഇഷ്ടമാണ്.ചോറുണ്ണാന്‍ വിളിച്ചാല്‍
വളപ്പില്‍,ചെന്ന് നല്ല മാങ്ങ സദ്ദു സംഘടിപ്പി്ച്ചു തരും ചോറിന്‍റെ അവസാന ഭാഗം
മാങ്ങാണ്ടിയില്‍,മുക്കി ആര്‍ത്തിയോടെ ഈമ്പിത്തിന്നുന്ന സദ്ദുവിനെ അമ്മ താടിക്ക്
കൈകൊടുത്ത് നോക്കി നില്‍ക്കും.ഭക്ഷണം നന്നായി കഴിക്കാന്‍ വിമുഖത കാണിക്കുന്ന എന്നെ
അത് കണ്ട് പഠിക്കാന്‍ നിര്‍ദ്ദേശിക്കും.
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടുപോകുമോ എന്ന് വിചാരിക്കുന്നതു കൊണ്ടാകണം
അച്ഛന് സദ്ദുവിന്‍റെ കൂട്ട് വലിയ ഇഷ്ടമല്ല.എന്നാല്‍
അമ്മയ്ക്ക് ഈ കൂട്ടുകെട്ടില്‍ വിരോധമൊന്നുമുള്ളതായി തോന്നിയില്ല.അതുകൊണ്ട് തന്നെ
അച്ഛന്‍ വീട്ടിലുള്ള ദിവസങ്ങലില്‍,സദ്ദു വീട്ടില്‍ വന്നിരുന്നില്ല.
ബാരംഗോള്‍ കൃഷ്ണ മണിയാണി ഒരു മുഴുവന്‍,സമയ മദ്യപാനിയാണ്.വഴിയില്‍
കണ്ടവരോടൊക്കെ അയാള്‍, പൈസ ചോദിക്കും ഒരു ദിവസം പാട്ടും പാടി അയാള്‍ നടന്നു
നീങ്ങുകയാണ്.കഞ്ഞികാമല ചോറ് പിത്തം കള്ള് നല്ലത് പുള്ലറെ....ഏ സദ്ദു ഒര് റണ്ടുര്‍പ്യ
നോക്കട്ട്.എന്‍റേലില്ല സദ്ദു മറുപടി പറഞ്ഞു.ഞാന്‍ നിന്‍റെ അപ്പന്‍റ ദോസ്തല്ലേറാ
താറാ...അയാള്‍ കെഞ്ചി.സദ്ദു എന്‍റെ കൈപിടിച്ച് വേഗം ഓടി മറഞ്ഞു.അയാള് പൈസാ
ചോയ്ക്ക്ന്നെ കുടിക്കാന്..സദ്ദു പറഞ്ഞു.അല്ലാതെ പണമില്ലാഞ്ഞിട്ടല്ല സദ്ദു പണം
കൊടുക്കാത്തത്.
സദ്ദുവിനെ രണ്ട് തവണ പലരും കുറ്റപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.വളപ്പിലെ
കശുവണ്ടി മോഷ്ടിക്കുന്നതായി ഉടമ ആരോപിക്കുകയും സദ്ദുവിനെ ശകാരിക്കുന്നതും ഞാന്‍
കണ്ടിട്ടുണ്ട്.പക്ഷെ പറങ്കിമാങ്ങ തിന്നാന്‍ വേണ്ടി എടുക്കുക മാത്രമെ സദ്ദു
ചെയ്യാറുള്ളൂ.സ്വന്തം വീട്ടിലെ സാധനങ്ങള്‍,സദ്ദു ആരുമറിയാതെ എടുക്കുമെങ്കിലും
വളപ്പിലെ സാധനങ്ങള്‍ സദ്ദു എടുത്തിരുന്നില്ല.അയപക്കത്തെ ടീച്ചറുടെ ജോലിക്കാരിയെ
ലൈനടിക്കാന്‍,സ്ഥിരമായി അവിടെ വരാറുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച്
താമസിച്ചിരുന്ന ടീച്ചര്‍, പോലീസില്‍,പരാതി നല്‍കുകയുണ്ടായി.എന്നാല്‍ ആ വ്യക്തി
ആരാണെന്നറിയാത്തതിനാല്‍ പരാതി നിലനിന്നില്ല.എന്നാല്‍ സദ്ദുവാണ് പോലീസില്‍ ആ
വ്യക്തി അമ്പു മണിയാണിയുടെ മകനാണെന്ന് പറഞ്ഞത്.ഇതിനെത്തുടര്‍ന്ന് മണിയാണി സമൂഹം
സദ്ദുവിനെ കവലയില്‍,തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തിരുന്നു.പോലീസ് പൂവാലനെ അറസ്റ്റ്
ചെയ്ത് കേസെടുക്കുകയും ചെയ്തു.
സദ്ദുവിന് പോക്കറ്റ് മണിയുണ്ടായിരുന്നെങ്കിലും എപ്പോഴും ഒരേ ഷര്‍ട്ടും
നിക്കറും മാത്രമായിരുന്നു.ഞാനിടുന്ന പുതിയ ഷര്‍ട്ട് കണ്ട് സദ്ദു പറയും പഷ്ട്
ഇണ്ട്(good).
അമ്മാവന്‍റെ എഴുത്തുകള്‍,കൊണ്ടുവരുന്ന പോസ്റ്റ് മാനെ ഞങ്ങള്‍ക്ക് വലിയ
ഇഷ്ടമായിരുന്നു.പക്ഷെ സദ്ദുവില്‍ നിന്നാണ്.ആ പോസ്റ്റ്മാന് പറ്റിയ അമളിയെപറ്റി
ഞങ്ങളറിയുന്നത്.ഇതൊക്കെ സദ്ദു എങ്ങനെ അറിയുന്നു എന്ന് അമ്മ അദ്ഭുതപ്പെട്ടു.
വളപ്പില്‍ മുളി അരിയാന്‍,എത്തുന്ന ജോലിക്കാര്‍ക്ക് സദ്ദു
പ്രിയങ്കാരനായിരുന്നു.അവര്‍ക്കുവേണ്ട ലഘു ഭക്ഷണങ്ങളായി മാങ്ങയും പേരക്കയും മറ്റും
സദ്ദുവും ഞാനും ചേര്‍ന്ന് എത്തിച്ചുകൊടുക്കും തായിക്ക്ന്നേന് ബെള്ലം(വെള്ളം) എത്തിച്ചുകൊടുക്കും.
അങ്ങനെയാണ് ആറാം ക്ലാസ്സിലെ റിസള്‍ട്ട് ആയത് .തീര്‍ച്ചയായും പാസാകുമെന്നതിനാല്‍
ഞാന്‍,റിസള്‍ട്ടറിയാന്‍,പോയില്ല.ഉച്ചയ്ക്ക് കളിക്കാന്‍,വന്ന സദ്ദുവിനോട് അമ്മ
ചോദിച്ചു റിസള്‍ട്ടെന്തായി
ഞാന് പൈല്.
ഇനിയെന്താ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചപ്പോള്‍,സദ്ദു ഭാവ
വ്യത്യാസമില്ലാതെ പറഞ്ഞു.ഞാന് സുള്ള്യേല് മാമന്‍റാട പോന്ന്.ആട തോട്ടത്തില്
പണിയിണ്ട്.ഞാന് ഉസ്കൂള് മതിയാക്കി.
പിന്നീട് അമ്മയൊന്നും ചോദിച്ചില്ല.ഞങ്ങള്‍ പതിവുപോലെ കളികളില്‍,മുഴുകി.
സദ്ദുവിന്‍റെ ആവശ്യപ്രകാരം ഞങ്ങള്‍,ഒരു ദിവസം സദ്ദുവിന്‍റെ
വീട്ടിലെത്തി വീട്ടിലെല്ലാവര്‍ക്കും ഞങ്ങളെ പറ്റി നന്നായി അറിയാമായിരുന്നു.സദ്ദു
എല്ലാം പറഞ്ഞിരുന്നു.തലമുടി രണ്ട് വശത്തും പിന്നിയിട്ട് റേഡിയോ കേട്ടു കൊണ്ട്
കാതില്‍ ജിമിക്കിയുമണിഞ്ഞ് സഹോദരി ബീഡി കെട്ടുകയാണ്.എങ്ങും ബീഡിയിലയുടെ മണം.ദീര്‍ഘ
ചതുരാകൃതിയിലുള്ല മാതൃകയില്‍ ഇല കത്രിക കൊണ്ട് മുറിക്കുകയും പിന്നീട് അത് തെറുത്ത്
മഞ്ഞ നിറത്തിലുള്ല നൂല് കൊണ്ട് കെട്ടും.ഈ പ്രക്രിയയുടെ വേഗത
അതിശയിപ്പിക്കുന്നതായിരുന്നു.എത്തിയ ഉടനെ ബെല്ലവും ബെള്ലവും.ശര്‍ക്കര കഷണവും
അപ്പോള്‍,കോരിയ പച്ചവെള്ളവും.ശര്‍ക്കരയുടെ മധുരത്തോടൊപ്പം പച്ചവെള്ളത്തിന്‍റെ
മധുരവുമായപ്പോള്‍ അത് തിരുമധുരമായി എനിയ്ക്ക് തോന്നി.അമ്മ പുറത്ത് ബീഡി കൊടുക്കാന്‍,പോയതാണ്.അച്ഛന്‍
തോട്ടത്തില്‍,എന്തോ ജോലിയിലാണ്.അച്ഛന്‍ തോട്ടത്തില്‍,നിന്ന് ബൊണ്ടവുമായി
വന്നു.സദ്ദു ബൊണ്ടം വായില്‍ വച്ച് ഒരു തുള്ളി പോലും പുറത്ത് പോകാതെ കുടിച്ചു.എനിയ്ക്ക്
ഇളനീര്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കേണ്ടിവന്നു.തിരിച്ചു വന്നപ്പോള്‍ കൈനിറയെ
മാമ്പഴവുമായാണ് ഞാന്‍,മടങ്ങിയത്.
മെയ് മാസത്തില്‍ അവസാന ദിവസം തന്നെ മഴവന്നു.തകര്‍ത്തു മഴ
ചെയ്യുമ്പോള്‍ സദ്ദു വീട്ടിലായിരുന്നു.കുടയില്ലാത്തതിനാല്‍ വൈകുന്നതുവരെ സദ്ദു
വീട്ടിലുണ്ടായിരുന്നു.അടുത്ത ദിവസം സ്കൂള് തുറക്കും പക്ഷെ സദ്ദു
ഉണ്ടാകുകയില്ല.മഴയായതിനാല്‍ വീട്ടില്‍,തന്നെ കിടക്കാമെന്ന് അമ്മയുടെ നിര്‍ദ്ദേശം
സദ്ദു തള്ളി.അന്ന് സദ്ദു വളരെയധികം വികാരീധനനായി കാണപ്പെട്ടു.നാളെ രാവിലെ ഞാന്‍
സ്കൂളില്‍,പോകുമ്പോള്‍ സദ്ദു സുള്ല്യയിലേയ്ക്ക് യാത്ര തിരിക്കും.താന്‍
എപ്പോഴെങ്കിലുമൊക്കെ നാട്ടില്‍,വരുമെന്നും അപ്പോള്‍ കാണാമെന്നും സദ്ദു
പറയുന്നുണ്ട്.അമ്മ സദ്ദുവിന്‍റെ കൈയ്യില്‍,പോക്കറ്റ് മണിയായി കുറച്ച് പൈസ
കൊടുത്തു.എത്ര നിര്‍ബന്ധിച്ചിട്ടും സദ്ദു അത് സ്വീകരിച്ചില്ല.അമ്മ ഉണ്ടാക്കിയ
ഭക്ഷണം മാത്രം ഒരിക്കലും സദ്ദു നിരസിച്ചിട്ടില്ല.ഇത് മനസ്സിലാക്കിയ അമ്മ കാപ്പിയും
പലഹാരവും ഉണ്ടാക്കി.സദ്ദു അത് നല്ലവണ്ണം കഴിച്ചു.ഓടിന്‍റെ ഇടയിലൂടെ ആദ്യമഴ
ചോരുന്നുണ്ട്.ഒരു കമ്പു കൊണ്ട് കുത്തി സദ്ദു അതിന് താത്കാലിക
പരിഹാരമുണ്ടാക്കി.അപ്പോഴേക്കും പുറത്ത് ഇരുട്ട് പരന്നിരുന്നു.സദ്ദു അവസാനമായി
യാത്ര പറഞ്ഞിറങ്ങി.പഴയ ഒരു കുട അമ്മ വച്ച് നീട്ടിയെങ്കിലും സദ്ദു അത്
സ്വീകരിച്ചില്ല.കോരിച്ചൊരിയുന്ന മഴയില്‍ സദ്ദു നടന്നകന്നു.അന്ന് അവന്‍റെ കണ്ണ്
നനഞ്ഞിട്ടുണ്ടാകും.എന്നാല്‍ മഴയത്തായതിനാല്‍ അത് ആരും ശ്രദ്ധിച്ചിരിക്കില്ല.
പിറ്റെ ദിവസം അച്ഛനോടൊപ്പം സ്കൂളിലേയ്ക്ക് പുത്തനുടുപ്പും
ബാഗും കുടയുമായി ഞാന്‍ സ്കൂളിലേയ്ക്ക് പോകുമ്പോള്‍,ബസ് സ്റ്റോപ്പില്‍ സദ്ദു അല്‍പം
മറഞ്ഞ് നില്‍ക്കുകയാണ്.അവന്‍ സുള്ല്യയിലേയ്ക്ക് ബസ് കയറാന്‍,നില്‍ക്കുകയാണ്.കൈയ്യില്‍
ഒര് പാക്ക് (സദാശിവന്‍റെ ഭാഷയില്‍,)അഥവാ സഞ്ചി.അച്ഛനെ പേടിച്ചായിരിക്കും അവന്‍
അടുത്തു വന്നില്ല.അടുത്ത വളവില്‍ തിരിഞ്ഞ് നോക്കിയപ്പോള്‍, സദ്ദു അവിടെത്തന്നെ
എന്നെ നോക്കി നില്‍ക്കുയാണ്.
അങ്ങനെ ഒരു അവധിക്കാലം..........സദ്ദുവുമൊത്ത്......ഔപചാരിക
വിദ്യാഭ്യാസവും അനൌപചാരിക വിദ്യാഭ്യാസവും തമ്മിലുള്ല അന്തരം എന്നെ ഓര്‍മ്മപ്പെടുത്തുന്നു.
സദ്ദു വളരെ ചെറിയ പ്രായത്തില്‍ത്തന്നെ വിവാഹിതനായി മകളുടെ
വിവാഹവും കഴിഞ്ഞു.മകളുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.ചെറുമകനെയും കൊണ്ട് സ്കൂളില്‍,പോകുന്ന
സദ്ദുവിനെ ഞാന്‍ വഴിയില്‍,വച്ച് കണ്ടു.കിട്ടിയ സമയത്തില്‍ സദ്ദു അമ്മയെപറ്റിയും
എന്‍റെ കുടുംബത്തെയും പറ്റി ചോദിച്ചറിഞ്ഞു.ഭാഷ പരിഷ്കരിക്കാന്‍ സദ്ദു
ശ്രമിക്കുന്നുണ്ട്.നല്ല മുണ്ടും ഷര്‍ട്ടും.സ്കൂളിലെ ബെല്ലടിക്കാറായെന്നും പറഞ്ഞ്
സദ്ദു പെട്ടെന്ന് നടന്ന് നീങ്ങി.ഞാന്‍ ഓഫീസിലേയ്ക്കുള്ള ബസ്സിന് പുറകേ പാഞ്ഞു.
No comments:
Post a Comment